നീറ്റ് ചോദ്യപേപ്പർ ചോർച്ച ഒറ്റപ്പെട്ട സംഭവമാണെന്നും, വ്യാപക ചോർച്ച ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയിൽ കേന്ദ്രവും എൻടിഎയും. പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ല. പരീക്ഷ ഫലം റദ്ദാക്കേണ്ടത് ഇല്ലെന്നും എൻടിഎ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാട്ന, ഗോധ്ര എന്നിവിടങ്ങളിൽ ഒതുങ്ങുന്ന ക്രമക്കേടുകൾ മാത്രമാണ് നടന്നത്.റാങ്ക് ലിസ്റ്റിലും മാർക്ക് നൽകിയതിലും അപാകതയില്ലെന്നും ഗ്രേസ് മാർക്ക് പ്രശ്നങ്ങൾ പരിഹരിച്ചെന്നും എൻടിഎ കോടതിയെ അറിയിച്ചു.
പകർച്ചവ്യാധികൾ സംസ്ഥാനത്ത് പരക്കെ വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഇന്നലെ 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കേരളം പുറത്ത് വിട്ട കണക്കനുസരിച്ച് 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 37 പേർക്ക് എച്ച് 1 എൻ 1 കേസുകളും സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകൾ. ഈ മാസം രണ്ട് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
തൃശ്ശൂരിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശി 7-ാം ക്ലാസ് വിദ്യാർത്ഥിക്കാണ് സ്ഥിരീകരിച്ചത്. ഇത് അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്ഥാപനത്തിൽ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേർക്കാണ് ഈ സ്ഥാപനത്തിൽ കോളറ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഏല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ല. ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കേരളീയം വീണ്ടും നടത്തുന്നത് ആഭാസമാണെന്ന് കെ.സുരേന്ദ്രന്‍ . നൂറുകണക്കിനാളുകളാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരണപ്പെട്ടത്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ്, ജൽജീവൻ മിഷൻ പോലും മുടങ്ങിക്കിടക്കുകയാണ്. കരാറുകാർക്ക് സംസ്ഥാന സർക്കാർ പണം നൽകുന്നില്ല. ആറുമാസം സർക്കാരിന്‍റെ പിടിപ്പുകേട് കാരണം എൻഎച്ച്എം ഫണ്ട് കേരളത്തിന് കിട്ടിയില്ല. ആരോഗ്യ മന്ത്രി പൂർണ പരാജയമാണ്.ക്ഷേമപെൻഷൻ കുടിശ്ശിക തീർക്കാൻ പണമില്ലാത്തവരാണ് കേരളീയം നടത്തുന്നത്.പിണറായിയുടെ കീശ വീർപ്പിക്കാനാണ് കേരളീയം പോലുള്ള ധൂർത്ത് നടത്തുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഔദ്യോഗിക ക്ഷണമില്ലാത്തതിനാൽ വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു. നോട്ടീസിൽ വിശിഷ്ട സാന്നിധ്യമായി തോമസ് ജെ നെറ്റോയുടെ പേര് ഉണ്ടെങ്കിലും ക്ഷണം ഇല്ലാതെയാണ് പേര് ചേർത്ത തെന്ന് ലത്തീൻ അതിരൂപത വ്യക്തമാക്കി. എന്നാൽ ഔദ്യോഗികമായി തന്നെ ക്ഷണിക്കുമെന്ന് വിഴിഞ്ഞം തുറമുഖം അധികൃതർ പറഞ്ഞു. ബിഷപ്പിനെ നേരിൽ കണ്ട് ക്ഷണിക്കാനും തീരുമാനമുണ്ടെന്നാണ് സൂചന.
തൃശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെ.ഡി പ്രതാപനെ ഈ മാസം 17 ന് നേരിട്ട് ഹാജരാക്കണമെന്ന് കോടതി. നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കളളപ്പണ ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നും ഇത് കണ്ടെത്താൻ കസ്റ്റഡിയിൽ വേണമെന്നുമാണ് ഇഡിയുടെ ആവശ്യം. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിൽ ഇഡി നൽകിയ കസ്റ്റഡി അപേക്ഷയിലാണ് പ്രൊഡക്ഷൻ വാറണ്ട്. ഹൈറിച്ച് മൾട്ടിലെവൽ മാർക്കറ്റിംഗ് ശൃംഖലയിൽ പങ്കാളികളായ നിക്ഷേപകരുടെയും, പ്രതാപന്‍റെ ഭാര്യ ശ്രീന തുടങ്ങിയവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
ഐഎസ്ആര്‍ഒ ചാരക്കേസ് സിഐ ആയിരുന്ന എസ് വിജയൻ കെട്ടിച്ചമച്ചതാണെന്ന് സിബിഐ. നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നും വ്യാജ രേഖകൾ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെ കെ ജോഷ്യയായിരുന്നുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. മുൻ എസ്പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, എസ് കെകെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മർദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഐഎസ്ആര്‍ഒ ചാരക്കേസ് സിഐ ആയിരുന്ന എസ് വിജയൻ കെട്ടിച്ചമച്ചതാണെന്ന് സിബിഐ. നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നും വ്യാജ രേഖകൾ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെ കെ ജോഷ്യയായിരുന്നുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. മുൻ എസ്പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, എസ് കെകെ ജോഷ്വാ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതികൾ. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മർദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഐഎസ്ആർഒ ചാരക്കേസിൽ സത്യം ഒരു നാൾ പുറത്തുവരുമെന്ന് ഉറപ്പായിരുന്നുവെന്ന് നമ്പി നാരായണൻ. താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സത്യം പുറത്ത് വന്നതില്‍ സന്തോഷമെന്നും നമ്പി നാരായണൻ പറഞ്ഞു. ചാരക്കേസിൻ്റെ കാലത്ത് എല്ലാ മാധ്യമങ്ങളും തനിക്കെതിരെ നിന്നു.ഞാന്‍ തെറ്റുക്കാരൻ അല്ലെന്ന് തെളിയിക്കേണ്ട ബാധ്യത എനിക്ക് ഉണ്ടായിരുന്നു. സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതോടെ തന്‍റെ ജോലി കഴിഞ്ഞെന്നും നമ്പി നാരായണന്‍ പറഞ്ഞു.
കുടുംബത്തിനുവേണ്ടി വീട്ടമ്മമാർ സഹിക്കുന്ന ത്യാഗങ്ങളെക്കുറിച്ച് ഇന്ത്യൻ പുരുഷന്മാർ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.ഭർത്താക്കന്മാർ ഭാര്യമാർക്ക് സാമ്പത്തിക സഹായം നൽകേണ്ടത് അത്യാവശ്യമാണെന്നും. സ്ത്രീകളുടെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ജോയിന്റ് ബാങ്ക് അക്കൗണ്ടുകൾ നിലനിർത്തണമെന്നും എ.ടി.എം ഉപയോഗിക്കാൻ നൽകുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
പത്തനംതിട്ടയിൽ സി.പി.എമ്മിൽ ചേർന്ന യുവാവിനെ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി. മയിലാടുംപാറ സ്വദേശി യദുകൃഷ്ണനാണ് പിടിയിലായത്. കാപ്പ കേസ് പ്രതിയായ ശരൺ ചന്ദ്രനൊപ്പം പാർട്ടിയിൽ ചേർന്ന ആളാണ് പിടിയിലായ യദുകൃഷ്ണ. സിപിഎമ്മിൽ ചേർന്ന കാപ്പ കേസ് പ്രതിയെ ആരോഗ്യമന്ത്രിയടക്കമുള്ളവർ അഭിവാദ്യം ചെയ്ത് സ്വീകരിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് അന്ന് ഇയാൾക്കൊപ്പം തന്നെ പാർട്ടിയിൽ എത്തിയ യദുകൃഷ്ണ ഇപ്പോൾ കഞ്ചാവ് കേസിൽ പിടിയിലായിരിക്കുന്നത്.
സിപിഎമ്മിൽ ചേർന്ന ആൾ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പാർട്ടി നേതൃത്വം. യദുകൃഷ്ണനെ കഞ്ചാവ് കേസിൽ എക്സൈസ് കുടുക്കിയതാണ്. യുവമോർച്ച.യുവമോർച്ചാ ബന്ധമുള്ള അസീസ് എന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിൽ. യദുവിന്റെ കൈയിൽ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ലെന്നും സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി വിശദീകരണം നൽകി.
ചാൻസിലർക്കെതിരെ കേസ് നടത്തുന്ന വിസിമാർ സ്വന്തം ചെലവിൽ കേസ് നടത്തണമെന്ന് ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഗവർണർക്ക് എതിരെ കേസ് നടത്താൻ ഉപയോഗിച്ച സർവ്വകലാശാല ഫണ്ട് തിരിച്ചടക്കണമെന്ന് ചൂണ്ടിക്കാട്ടി വിസിമാർക്ക് ഗവർണർ നോട്ടീസ് അയച്ചു. കേസ് നടത്താൻ 1.13 കോടിയാണ് വിസിമാർ ചെലവാക്കിയിരുന്നത്. ഈ തുക തിരികെ അടയ്ക്കാനാണ് ഗവർണർ നിർദ്ദേശം നൽകിയത്.
രാജ്യാന്തര അവയവക്കടത്ത് കേസിൽ പ്രതി സജിത് ശ്യാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ ജാമ്യത്തിൽ വിട്ടാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രതിക്കെതിരെ നിലനിൽക്കുന്നത് ഗുരുതരമായ ആരോപണമാണെന്നും കോടതി പറഞ്ഞു. അവയക്കടത്തിന് പിന്നിൽ വലിയ റാക്കറ്റുണ്ടെന്ന് അറിയിച്ച പൊലീസിന്റെ ആരോപണം ശരിയെങ്കിൽ വിഷയത്തിൽ ആഴത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് കോടതി വ്യക്തമാക്കി.
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വാഹനലൈസൻസുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. കണ്ണൂരിൽ ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ട് കിട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ മറ്റ് ആർടിഒ,സബ് ആർടിഒ പരിധികളിൽ ലൈസൻസ് ഉണ്ടോയെന്ന് പരിശോധിക്കും. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരി യാത്ര നടത്തിയിരുന്നു. വാഹനത്തിന്‍റെ രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെയുള്ള ഒൻപത് കുറ്റങ്ങളാണ് എംവിഡി ചുമുത്തിയിരിക്കുന്നത്.
ആരാണ് രാജ്യത്ത് മുസ്ലിം രാഷ്ട്ര വാദം ഉന്നയിക്കുന്നതെന്ന് പറയാനുള്ള ഉത്തരവാദിത്വം കെകെ ശൈലജ കാണിക്കണമെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ഹിന്ദു രാഷ്ട്ര വാദം ഉന്നയിക്കുന്നവരെ എതിര്‍ക്കുന്നതിനൊപ്പം മുസ്ലിം രാഷ്ട്ര വാദം ഉന്നയിക്കുന്നവരെയും എതിര്‍ക്കണമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെകെ ശൈലജയുടെ നിയമസഭയിലെ പ്രസ്താവനക്കെതിരെയാണ് സലാമിന്റെ വിമർശനം.
പിഎസ്‍സി അംഗത്വം ലഭിക്കുന്നതിന് കോഴയായി വാങ്ങിയ 20 ലക്ഷം രൂപ പ്രമോദ് കോട്ടൂളി തിരിച്ച് നൽകിയെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭർത്താവ് പറഞ്ഞു . പണം തിരികെ കിട്ടിയതിനാല്‍ പരാതി ഇല്ലെന്നും ഡോക്ടറുടെ ഭർത്താവ് പൊലീസിന് മൊഴി നൽകി. പൊലീസിന് ലഭിച്ച മൊഴിയുടെ കാര്യം മനസിലാക്കിയിട്ടാണ് സിപിഎം നേതൃത്വം പരാതി ഇല്ലെന്ന് അവകാശപ്പെട്ടത്. പിഎസ്‌സി അംഗത്വ നിയമനത്തിനുള്ള നീക്കമല്ല നടന്നതെന്നും ആയുഷ് വകുപ്പിലെ സ്ഥലം മാറ്റത്തിനുള്ള കോഴയായിരുന്നു ഇതെന്നുമാണ് പാർട്ടിക്കകത്തെ വിശദീകരണം. അന്തിമ നടപടി തീരുമാനിക്കാൻ ശനിയാഴ്ച ജില്ലാ കമ്മിറ്റി യോഗം ചേരും .
ഇന്ത്യയിലെ ആദ്യത്തെ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രാജ്യാന്തര കോണ്‍ക്ലേവ് ജൂലൈ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പി രാജീവ് . കെഎസ്ഐഡിസി ഐബിഎമ്മുമായി ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്റെ സ്വാധീനവും രണ്ടുദിവസത്തെ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ കൊങ്കൺ പാതയിൽ പലയിടങ്ങളിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ യാത്രാ ക്രമത്തിൽ മാറ്റം വരുത്തി. തിരുവനന്തപുരത്ത് നിന്ന് ലോക്മാന്യ തിലക് വരെ നേത്രാവതി എക്സ്പ്രസ് റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. ബുധനാഴ്ച പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.
വൈദ്യുതി അപകടങ്ങളുടെ മുഖ്യകാരണം അശ്രദ്ധ, അജ്ഞത, അലംഭാവം എന്നിവയാണെന്നും ഇത് മറികടക്കാന്‍ ബോധവത്ക്കരണം ഊര്‍ജ്ജിതമാക്കണമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ മുഖ്യ പങ്ക് വഹിക്കാനാകുമെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുതി അപകട രഹിത ഡിവിഷനുള്ള പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദുര്‍ഘട പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ചെന്ന് പ്രവൃത്തികളിലേര്‍പ്പെടുന്നതിലെ കാലതാമസം, ചെലവ്, ബുദ്ധിമുട്ട് എന്നിവ കുറച്ചുകൊണ്ട് ഫീഡര്‍ തകരാര്‍ ഇല്ലാത്ത ഭാഗങ്ങളില്‍ വൈദ്യുതി പെട്ടെന്ന് പുനസ്ഥാപിക്കാനുള്ള റിമോട്ട് ഓപ്പറേറ്റിംഗ് സപ്പോര്‍ട്ട് സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
പീരുമേട് നിയമസഭാ മണ്ഡലത്തിൽ വാഴൂർ സോമന്റെ തെരെഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയിൽ ഹർജി. യുഡിഎഫ് സ്ഥാനാർത്ഥി സിറിയക് തോമസ് ആണ് ഹർജി ഫയൽ നൽകിയത്. നാമനിർദേശ പത്രികയ്ക്ക് ഒപ്പം വാഴൂർ സോമൻ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പല വിവരങ്ങളും മറച്ചു വെച്ചു, ചില ഭാഗങ്ങൾ മനപൂർവം ഒഴിവാക്കി എന്നാണ് സിറിയക് തോമസിന്റെ ആരോപണം.
പാചകവാതക ഉപഭോക്താക്കള്‍ക്ക് മസ്റ്ററിങിന്റെ പേരില്‍ ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ കത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രിയുടെ ഉറപ്പ്. ആധാര്‍ മസ്റ്ററിങിന്റെ പേരില്‍ പാചകവാതക ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വി ഡി സതീശന്റെ കത്ത് പങ്കുവച്ചുകൊണ്ടാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തിൻ്റെ ഭാഗമായി ലഡാക്ക് അതിര്‍ത്തി മഞ്ഞുമലകളിലേക്ക് പോയ മൂന്ന് സൈനികരുടെ മൃതദേഹങ്ങൾ മാസങ്ങൾക്ക് ശേഷം ഇന്ത്യൻ സൈന്യം കണ്ടെത്തി. സൈനികരുടെ മൃതദേഹങ്ങൾ ഓപ്പറേഷൻ ആർ ടി ജി ദൗത്യത്തിലൂടെയാണ് കണ്ടെത്തിയത്. ഹവിൽദാർമാരായ രോഹിത് കുമാർ, താക്കൂർ ബഹദൂർ, നായിക് ഗൗതം എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.2023 ഒക്ടോബറിലാണ് 38 അംഗം സംഘം അപകടത്തിൽ പെട്ട് മൂന്ന് പേരെ കാണാതായത്. സൈനികരുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി കുടംബങ്ങൾക്ക് വിട്ടു നൽകി.
മുംബൈയിൽ ആഡംബരക്കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച കേസില്‍ മുഖ്യപ്രതിയായ മിഹിര്‍ ഷായുടെ പെൺസുഹൃത്തിനെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവരെ മിഹിർ 40 തവണ വിളിച്ചതായാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഓട്ടോറിക്ഷയിൽ പെണ്‍സുഹൃത്തിന്റെ വീട്ടിലെക്കുള്ള യാത്രക്കിടെയായിരുന്നു ഫോൺ കോളുകൾ.സംഭവത്തിന് ശേഷം മിഹിറും കൂടെയുണ്ടായിരുന്ന ഡ്രൈവറും സ്ഥലത്തുനിന്ന് കാറുമായി കടന്നുകളയുകയായിരുന്നു.
സിംബാബ് വെയേ തകര്‍ത്ത് ഇന്ത്യ. മൂന്നാം ടി20 യില്‍ 23 റണ്‍സിനാണ് ഇന്ത്യയുടെ ജയം.183 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സിംബാബ് വെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി ഡിയോണ്‍ മയേഴ്‌സ് .പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് അര്‍ധസെഞ്ചുറി നേടിയ ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും ഇന്നിങ്‌സുകളാണ് തുണയായത്. ബൗളിങ്ങില്‍ ഇന്ത്യയ്ക്കായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി.