ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.ഷാങ്ഹായി സഹകരണ ഉച്ചകോടിയിലെ പ്രസംഗത്തിൽ ആണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയത്. അടിസ്ഥാന സൗകര്യത്തിനും വ്യാപാരത്തിനും മറ്റു രാജ്യങ്ങളുടെ പ്രദേശം കൈയ്യേറിയുള്ള നിർമ്മാണ പ്രവർത്തനം പാടില്ല. ചൈനയും പാകിസ്ഥാനും പാക് അധീന കശ്മീരിലൂടെ വൺ ബെൽറ്റ് റോഡ് നിർമ്മിക്കുന്നതിനിടെയാണ് മോദിയുടെ മുന്നറിയിപ്പ്. ഭീകരവാദത്തോട് ഇരട്ടത്താപ്പ് പാടില്ല, ഭീകരർക്ക് സഹായം നൽകുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി ആവർത്തിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലേക്ക് .ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി ആണ് പ്രധാനമന്ത്രി  മോസ്കോവിലേക്ക് പോകുന്നത്.ഈ മാസം 8,9 തീയതികളിലാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ഓസ്ട്രിയയും പ്രധാനമന്ത്രി സന്ദർശിക്കും. യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷമുളള മോദിയുടെ ആദ്യ റഷ്യന്‍ യാത്ര കൂടിയാണിത്.

പ്രതിപക്ഷത്തോടുള്ള പ്രതികരണങ്ങൾ കരുതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യമാണ്. അതുകൊണ്ട് പ്രതികരണങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിയമസഭാ നടപടികളുടെ തുടര്‍ച്ചകൾ ചര്‍ച്ച ചെയ്യാൻ ചേർന്ന എൽഡിഎഫിന്‍റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ ഒരാവശ്യം മുന്നോട്ട് വച്ചത്. നിയമസഭയിൽ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു.ഈ സാഹചര്യത്തിലാണ്പ്രതിപക്ഷത്തെ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത വേണമെന്ന മുഖ്യമന്ത്രിയുടെ ഓര്‍മ്മപ്പെടുത്തൽ.

മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻഅഴുകിയ കോഴിയിറച്ചി വിളമ്പിയ റസ്റ്റോറന്റിന് 50,000 രൂപ പിഴയിട്ടു . വളാഞ്ചേരിയിലെ വാഴക്കാടൻ ജിഷാദ് നൽകിയ പരാതിയിൽ കോട്ടയ്ക്കലിലെ സാൻഗോസ് റസ്റ്റോറന്റിനെതിരെയാണ് കമ്മീഷന്റെ വിധി. വിളമ്പിയ കോഴിയിറച്ചി ചെറിയ കഷ്ണങ്ങളാക്കുമ്പോഴാണ് അതിനകത്ത് പുഴുവിനെ കണ്ടത്.ഉടനെ ഹോട്ടല്‍ അധികൃതരെ കാണിച്ച് ബോധ്യപ്പെടുത്തിയെങ്കിലും പരാതിക്കാരനോട് അപമര്യാദയായി പെരുമാറുകയാണുണ്ടായത്. തുടർന്ന് കോട്ടയ്ക്കൽ നഗരസഭയിലും ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസിലും പരാതി നൽകി.പിന്നീട് പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രി ഉള്‍പ്പെട്ട സംഘം കഴിഞ്ഞ വര്‍ഷം നടത്തിയ ക്യൂബ സന്ദര്‍ശന വേളയില്‍ ആരോഗ്യ മേഖലയിലും ആയുര്‍വേദ രംഗത്തും തുടങ്ങി വച്ച സഹകരണം ശക്തിപ്പെടുത്തും. റിപ്പബ്ലിക് ഓഫ് ക്യൂബയുടെ അംബാസഡര്‍ ഇന്‍ ചാര്‍ജ് അബെല്‍ അബെല്ല ഡെസ്‌പെയിന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ നിയമസഭാ ഓഫീസില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.

എസ്.എഫ്.ഐയുടെ അക്രമവാസനയെ പ്രോത്സാഹിപ്പിക്കുകയും മനുഷ്യക്കുരുതിക്ക് ആഹ്വാനവും ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് കെ.സുധാകരന്‍ എംപി. അക്രമത്തിന്റെ സന്തതികളാണ് എസ്.എഫ്.ഐക്കാരെന്ന് കേരളീയ സമൂഹത്തിന് ഉത്തമബോധ്യമുണ്ട്. പഠിപ്പിക്കുന്ന അധ്യാപകരുടെ മുഖത്ത് അടിക്കുകയും അപായപ്പെടുത്തുമെന്ന് വധഭീക്ഷണി മുഴക്കുകയും കാമ്പസുകളിലെ ഇടിമുറികളില്‍ സഹവിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന ഇടതുവിദ്യാര്‍ത്ഥി സംഘടനയെ ഇത്രകണ്ട് പ്രശംസിക്കാന്‍ ക്രിമിനല്‍ മനോനിലയുള്ള വ്യക്തിക്ക് മാത്രമെ സാധിക്കു എന്നും സുധാകരൻ പറഞ്ഞു.

മട്ടന്നൂർ പഴശിരാജ എൻഎസ്എസ് കോളേജിൽ  പ്രിൻസിപ്പാളും    കെഎസ് യു  പ്രവർത്തകരും  തമ്മിൽ വാക്കേറ്റം. പഴശിരാജ എൻഎസ്എസ് കോളേജിൽ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിധിയുണ്ട് . ഈ വിധിയെ മറികടന്ന് എസ്എഫ്ഐക്ക് വിദ്യാഭ്യാസ ബന്ദ് നടത്താൻ പ്രിൻസിപ്പാൾ അനുമതി നൽകിയെന്നാണ് കെഎസ് യു ആരോപണം. പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം, ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് പ്രിൻസിപ്പാളിന്റെ വിശദീകരണം.

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ മുതലപ്പൊഴി സന്ദർശനത്തിനിടെ, നടന്ന സംഘർഷത്തിൽ സ്ത്രീകൾക്കടക്കം പരിക്കേറ്റു. മന്ത്രിയെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മിലാണ് സംഘർഷം ഉണ്ടായത് .  കോണ്‍ഗ്രസിന്‍റെ സമരപന്തലിൽ കയറി പൊലീസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത് കൂടുതൽ പ്രതിഷേധത്തിനിടയാക്കി. കേന്ദ്ര ഫിഷറീസ് സഹമന്ത്രിയായ ജോർജ് കുര്യൻ രാവിലെയാണ് വി മുരളീധരനൊപ്പം മുതലപ്പൊഴിയിലെത്തിയത്.തങ്ങളെ ചർച്ചക്ക് വിളിച്ചില്ലെന്നാരോപിച്ച് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയത്.

ലോകസഭ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നും എല്‍ഡിഎഫും,  യുഡിഎഫും നടത്തുന്ന വിശകലനം അടുത്തകാലത്ത് അവസാനിക്കില്ലെന്ന്  കെ. സുരേന്ദ്രന്‍. ബിജെപി പാലക്കാട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് ശേഷവും അവര്‍ക്ക് തുടര്‍ച്ചയായി വിശകലനം നടത്തേണ്ടി വരും. കേരളത്തില്‍ സിപിഎം സമ്പൂര്‍ണ തകര്‍ച്ചയിലാണ്. യുഡിഎഫിന്‍റെ  സ്ഥിതിയും വ്യത്യസ്ഥമല്ല.കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അസ്തമയത്തിലേക്ക് നീങ്ങുമ്പോള്‍ ദേശീയ പ്രസ്ഥാനമായ ബിജെപി ഉദിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥർക്കും നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാർക്കും മുന്നറിയിപ്പുമായി മന്ത്രി ഗണേഷ് കുമാർ. മോട്ടോര്‍ വാഹന നിയമലംഘനങ്ങളുടെ പരിശോധന കര്‍ക്കശമാക്കാൻ ഒരുങ്ങുകയാണ്. ഇനി ജനങ്ങൾക്കും വീഡിയോ പകർത്തി അയച്ചു കൊടുത്ത് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാമെന്ന് മന്ത്രി പറഞ്ഞു.ഇത് ഏതാനും ആഴ്ചകൾക്കുള്ളിൽ നിലവിൽ വരും. പുതിയ ആപ്പിലൂടെ ബസുകളുടെ മത്സരയോട്ടത്തിന്റെ വീഡിയോയും, സൈഡ് തരാതെ മുന്നോട്ടുപോകുന്ന വാഹനങ്ങളുടെ വീഡിയോയും  അയച്ചുകൊടുത്താൽ എം വി ഡി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്ക്ശാരീരിക അസ്വസ്ഥതയും ശ്വാസതടസവും. കാഞ്ഞങ്ങാട് ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് 50 വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. ആദ്യം പ്രദേശത്ത്  ദുർഗന്ധം പടർന്നു. അത് ശ്വസിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ചില കുട്ടികൾക്ക് തലകറക്കവും  തലവേദനയും മറ്റ് ചിലർക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്. കാഞ്ഞങ്ങാട് ആശുപത്രിക്ക് സമീപം തന്നെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യത്തിലേക്ക് എത്തുന്നു. വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കണ്ടെയിനർ മദർഷിപ്പ് ഈ മാസം 12 ന് എത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വൻ സ്വീകരണമൊരുക്കാനാണ് സർക്കാരിന്‍റെ തീരുമാനം. ചടങ്ങിലേക്ക് നിരവധി പേർക്ക് ക്ഷണം ഉണ്ടായിരിക്കും . എല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയാണ് തുറമുഖം യാഥാർത്ഥ്യമാകുന്നതെന്ന് എം ഡി ദിവ്യ എസ് അയ്യർ പറഞ്ഞു.

കെപിസിസി അധ്യക്ഷനും കണ്ണൂർ എംപിയുമായ കെ.സുധാകരനെതിരെ കൂടോത്ര പ്രയോഗം നടന്നതായി ആരോപണം. കണ്ണൂരിലെ സുധാകരന്റെ വീട്ടിൽനിന്ന് കൂടോത്രത്തിനു സമാനമായ രൂപങ്ങളും തകിടുകളും കണ്ടെടുക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം ചർച്ചയായത്. ദൃശ്യങ്ങളിൽ കെ.സുധാകരനും കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും സംസാരിക്കുന്നതും കേൾക്കാം. ഒന്നര വർഷം മുൻപുള്ള വിഡിയോയെക്കുറിച്ച് അറിയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പ്രതികരിച്ചു.

തന്‍റെ വീട്ടില്‍ നിന്നും കൂടോത്രം വെച്ചത് കണ്ടെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവത്തില്‍ പ്രതികരണവുമായി കെ സുധാകരൻ. കൂടോത്രം ഇപ്പോള്‍ കണ്ടെടുത്തത് അല്ലെന്നും കുറച്ചുകാലം മുന്‍പുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ അപായപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

ആലപ്പുഴ മാന്നാറിലെ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് അനിൽകുമാറിനെ ഇസ്രയേലിൽ നിന്നും തിരികെയെത്തിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. ഇന്റർപോളിന് വിവരങ്ങൾ കൈമാറിയതായും പൊലീസ് അറിയിച്ചു. കേസിൽ നാല് പ്രതികളെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍, ഇവർ നാലുപേരും ചേർന്ന് പതിനഞ്ച് വർഷം മുൻപ് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ നിഗമനം.

എസ്എൻഡിപിക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും. എസ്എൻഡിപിയിൽ സംഘപരിവാർ നുഴഞ്ഞുകയറിയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎമ്മിന് ലഭിച്ചിരുന്ന എസ്എൻഡിപി വോട്ടുകളിൽ ചോർച്ചയുണ്ടായെന്നും, അത് തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അതോടൊപ്പം എസ്എൻഡിപി ശാഖാ യോഗങ്ങളിൽ സംഘപരിവാർ അനുകൂലികളെ തിരുകിക്കയറ്റുന്നുവെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായിരിക്കണം ഇനിയുള്ള 2 വർഷവും നടത്തേണ്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.കേരളത്തിലെ ഇടതുപക്ഷത്തിന്റെ ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണമെന്നും, ജനങ്ങൾ നമ്മളെ ഭരണം ഏൽപ്പിക്കുന്നതിലേക്ക് എത്തിക്കുന്ന രീതിയിൽ സ്ഥാനാർത്ഥികളെ പരുവപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം താൻ സിനിമയും ചെയ്യുമെന്നും സിനിമകളിൽ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ 5-8% തുക ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് കൊടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

പട്ടയമില്ലാത്ത ഭൂമിയിൽ തർക്കങ്ങൾ ഒന്നുമില്ലാതെ വർഷങ്ങളായി കൃഷിചെയ്യുന്ന ദീർഘകാലവിളകൾക്ക് നിബന്ധനകൾ പ്രകാരം പ്രകൃതിക്ഷോഭം കാരണമുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായതായി കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. സംസ്ഥാനത്തുണ്ടായ കടുത്ത ഉഷ്ണതരംഗവും വരൾച്ചയും കണക്കിലെടുത്ത് ഈ കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ കഴിയുംവിധം എയിംസ് പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാനുള്ള തീയതി ജൂലൈ 31 വരെ ദീർഘിപ്പിച്ചതായും മന്ത്രി പറഞ്ഞു.

ടി20 ലോകകപ്പ് വിജയത്തിനു ശേഷം ഡൽഹിയിൽ തിരിച്ചെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ അദ്ദേഹത്തെ സന്ദർശിച്ചു. ചാമ്പ്യൻസ് എന്നെഴുതിയ പ്രത്യേക വിജയ ജേഴ്സിയണിഞ്ഞാണ് ഇന്ത്യൻ സംഘം പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. ടീമിനെ അഭിനന്ദിച്ച മോദി ഈ കിരീട വിജയം തുടരണമെന്നും ആവശ്യപ്പെട്ടു. ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് റോജർ ബിന്നി എന്നിവരും ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം പ്രധാന മന്ത്രിയുടെ വസതിയിലുണ്ടായിരുന്നു.

ആയുർവേദത്തെക്കുറിച്ചും പ്രകൃതിദത്ത ഉൽപ്പന്നങ്ങളെക്കുറിച്ചും തെറ്റിധാരണ പരത്തികൊണ്ട് പതഞ്ജലിയുടെ പ്രശസ്തി നശിപ്പിക്കാനാണ് ആളുകൾ ശ്രമിക്കുന്നതെന്ന് ആയുർവേദ യോഗാ ഗുരു രാംദേവ്. ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്കെതിരായി, കോർപറേറ്റുകൾ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ബുദ്ധിജീവികൾ രാഷ്ട്രീയക്കാർ എന്നിവർ സംഘം ചേർന്ന് പ്രവർത്തിക്കുന്നതായാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ നിക്ഷേപക മൂല്യം കൂട്ടിച്ചേർക്കുക, വിതരണവും വിൽപ്പനയും വർദ്ധിപ്പിക്കുക, ഗവേഷണം, നവീകരണം, ഇ-കൊമേഴ്‌സ് എന്നിവയിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നും ബാബ രാംദേവ് വ്യക്തമാക്കി.

50-85 വയസ് പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. സ്ക്രീന്‍ഷോട്ട് സഹിതമാണ് സോഷ്യല്‍ മീഡിയ പ്രചാരണം. ഇത് തള്ളി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തെത്തി.

യാത്ര പുറപ്പെടേണ്ട ദിവസം രാവിലെ രണ്ട് തവണ വിമാന സമയം മാറ്റി എയർ ഇന്ത്യയുടെ . വിമാനം വൈകുമെന്ന് ആദ്യം അറിയിച്ച ശേഷം പിന്നീട് വന്ന മെസേജിലുള്ളതാവട്ടെ വിമാനം ഒന്നര മണിക്കൂറോളം നേരത്തെ പുറപ്പെടുമെന്നും. ഒടുവിൽ വിമാനത്തിൽ കയറാനാവാതെ വന്ന യാത്രക്കാരനാണ് വിവരം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതികരിച്ച എയർ ഇന്ത്യ വിമാനത്തിന്റെ സമയം മാറിയപ്പോൾ തന്നെ യാത്ര പുനഃക്രമീകരിക്കാനോ അല്ലെങ്കിൽ ടിക്കറ്റ് റദ്ദാക്കി മുഴുവൻ പണവും തിരികെ വാങ്ങാനുള്ള ഓപ്ഷൻ തന്നിരുന്നു എന്ന നിലപാടാണ് എടുത്തത്.

കിരോഡി ലാൽ മീണ രാജസ്ഥാൻ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. തനിക്ക് ചുമതലയുണ്ടായിരുന്ന ഏഴ് ലോക്‌സഭാ സീറ്റുകളിൽ ഏതെങ്കിലും ഒന്നിലെങ്കിലും തോൽവിയുണ്ടായാല്‍ രാജിവയ്ക്കുമെന്ന് ബിജെപി നേതാവ്കിരോഡി ലാൽ മീണ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു. ജന്മനാടായ ദൗസ ഉൾപ്പെടെയുള്ള സീറ്റുകൾ പാർട്ടിക്ക് നഷ്ടമായതോടെയാണ് 72 കാരനായ കിരോഡി ലാൽ രാജിവച്ചത്.

ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. റാഞ്ചിയിലെ രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ​ഗവർണർ സി പി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മൂന്നാം തവണയാണ് ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മുൻ മുഖ്യമന്ത്രിമാരായ ഷിബു സോറനും ചംപൈ സോറനും ചടങ്ങിൽ പങ്കെടുത്തു.

ബിഹാർ സാരണിലെ സിവാൻ ജില്ലയിലെ പാലo പൊളിഞ്ഞു വീണു.കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാമത്തെ പാലമാണ് സാരണിൽ പൊളിഞ്ഞു വീഴുന്നത്.ഇതോടെ15 ദിവസത്തിനിടയിൽ പത്താമത്തെ പാലമാണ് സംസ്ഥാനത്ത്  പൊളിയുന്നത്. പാലങ്ങൾ പൊളിയുന്നത് പതിവ് സംഭവമായതോടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു.

പാര്‍ലമെന്റില്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി എം.പി അനുരാഗ് ഠാക്കൂറിനുമെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ കോണ്‍ഗ്രസിന്റെ കത്ത്. മോദിയുടെയും ഠാക്കൂറിന്റെയും പ്രസ്താവനകള്‍ക്കുമേല്‍ ചട്ടം 115(1) പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോറാണ് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചിരിക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *