ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയത് വലിയ നേട്ടമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരില്‍ 32000 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ജമ്മുവില്‍ നിർമാണം പൂർത്തിയായ എയിംസ്, ഐ.ഐ.എം, ഐ.ഐ.ടി ക്യാമ്പസുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
യുവാക്കൾ നാടിന്‍റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്‍റെ ഉത്തരവാദിത്തമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കൾക്ക് ഏറ്റവും വലിയ കരുതൽ സർക്കാരിൽ നിന്നുണ്ടാകും. നവകേരള സദസിന്‍റെ തുടർച്ചയായി സംസ്ഥാനത്തെ യുവജനങ്ങളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടിപി വധക്കേസിലെ മാസ്റ്റര്‍ ബ്രെയിൻ പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല ആരോപിച്ചു. കൃത്യം നടപ്പാക്കിയതില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരിട്ട് പങ്കുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐഒക്ക് കൂടുതൽ രേഖകൾ കൈമാറിയെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കരിമണൽ ഖനനനവുമായി ബന്ധപ്പെട്ട് നടന്ന ദുരൂഹ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കൈമാറിയത്.
വൈകിയെങ്കിലും വനംമന്ത്രി വന്നത് നല്ലകാര്യമെന്ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം. മന്ത്രിതല സമിതിയുടെ തീരുമാനങ്ങളിൽ പൂർണ തൃപ്തിയില്ലെന്നും കാര്യങ്ങൾ മന്ത്രി നന്നായി ഏകോപിപ്പിച്ചെങ്കിൽ പ്രശ്നം ഉണ്ടാവില്ലായിരുന്നു എന്നും ബിഷപ് പറഞ്ഞു. പ്രതിഷേധക്കാർക്കെതിരെ അനാവശ്യമായി എടുത്ത കേസുകൾ ഒഴിവാക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ 23 തദ്ദേശവാര്‍ഡുകളില്‍ 22ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്.
എറണാകുളം കളക്ടറേറ്റിൽ വൈകുന്നേരമായിട്ടും വൈദ്യുതിയെത്തിയില്ല. ഒരു തൊഴിൽ ദിനം മുഴുവൻ കളക്ടറേറ്റിലെ 30ഓളം ഓഫീസുകളില്‍ വൈദ്യുതി പ്രതിസന്ധി നീണ്ടു. ഓഫീസ് സമയം കഴിഞ്ഞതോടെ നാളെ എങ്കിലും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോയെന്നാണ് ജീവനക്കാര്‍ ഉറ്റുനോക്കുന്നത്. ബിൽ അടയ്ക്കാത്തതിനെ തുടർന്ന് 30 ഓഫീസുകളിലെ വൈദ്യുതിയാണ് രാവിലെ കെഎസ്ഇബി വിച്ഛേദിച്ചത്.
മാതൃഭൂമി ക ഫെസ്റ്റിവൽ വേദിയിൽ ദേശാഭിമാനിക്കെതിരെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന വക്കീല്‍ നോട്ടീസ് തള്ളി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ‘ദേശാഭിമാനി ആരംഭിച്ചത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബ്രിട്ടീഷുകാരിൽ നിന്ന് കിട്ടിയ പണം കൊണ്ടാണ്’ എന്ന പ്രസ്താവന ഒരാഴ്ചയ്ക്കകം പിൻവലിച്ച് നിരുപാധികം മാപ്പ് പറയാത്ത പക്ഷം നിയമ നടപടി സ്വീകരിക്കും എന്നായിരുന്നു വക്കീൽ നോട്ടീസ്.
സുപ്രീംകോടതിയെ സമീപിച്ചതോടെ കേരളത്തെ കേന്ദ്രം ഭീഷണിപ്പെടുത്തുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കേസ് പിൻവലിച്ചില്ലെങ്കിൽ തരാനുളളത് തരില്ലെന്നാണ് കേന്ദ്രത്തിന്റെ ഭീഷണി. കേന്ദ്രം ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.
പോളിസി കാലയളവിൽ ചരിഞ്ഞ ആനയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ചുവെന്ന പരാതിയിൽ 4,50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. പാലാ പ്ലാശ്ശനാൽ സ്വദേശി ബെന്നി ആന്റണിയുടെ പരാതിയിലാണ് ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് കമ്മിഷൻ ഉത്തരവിട്ടത്.
ബിജു പ്രഭാകര്‍ ഐ.എ.എസ് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് പടിയിറങ്ങി. മൂന്ന് വര്‍ഷവും എട്ട് മാസത്തെയും സേവനത്തിന് ശേഷം കെഎസ്ആര്‍ടിസി സിഎംഡി പദവിയില്‍ നിന്നും, രണ്ടര വര്‍ഷമായി ചുമതല വഹിച്ചിരുന്ന ഗതാഗത സെക്രട്ടറി പദവിയില്‍ നിന്നുമാണ് ബിജു പ്രഭാകര്‍ ചുമതല ഒഴിഞ്ഞത്.മന്ത്രി കെ.ബി ഗണേഷ് കുമാറിനെ സന്ദര്‍ശിച്ച് കെഎസ്ആര്‍ടിസിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ പിന്തുണയും ആശംസകളും ബിജു പ്രഭാകര്‍ അറിയിച്ചു.
വയനാട്ടില്‍ വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരാണ് കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷ്, തോല്‍പ്പെട്ടി സ്വദേശി ലക്ഷ്മണന്‍, വെളളമുണ്ട പുളിഞ്ഞാല്‍ സ്വദേശി തങ്കച്ചന്‍ എന്നിവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയത്.
സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിലും മറാത്ത സമുദായത്തിന് 10 ശതമാനം സംവരണം നൽകുന്ന കരട് ബില്ലിന് മഹാരാഷ്ട്ര മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി. ബിൽ അംഗീകാരത്തിനായി അടുത്ത ദിവസം നിയമസഭയിൽ അവതരിപ്പിക്കും. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ മറാത്ത സമുദായത്തിന് സംവരണത്തിന് അർഹതയുണ്ടെന്ന് കരട് ബില്ലിൽ പറയുന്നു.
ചണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. മേയർ തെരഞ്ഞെടുപ്പ് ഫലം സുപ്രീംകോടതി റദ്ദാക്കി. എഎപി -കോൺഗ്രസ് സഖ്യം വിജയിച്ചതായും എഎപിയുടെ കുൽദീപ് കുമാർ മേയർ ആകുമെന്നും സുപ്രീംകോടതി പ്രഖ്യാപിച്ചു. ബാലറ്റ് അസാധുവാക്കാൻ വരണാധികാരി ശ്രമിച്ചുവെന്ന് കണ്ടെത്തിയ സുപ്രീംകോടതി, കോടതിയെ തെറ്റിധരിക്കാൻ കളളം പറഞ്ഞ ബിജെപി നേതാവായ വരണാധികാരി അനിൽ മസിക്കെതിരെ നടപടിക്കും നിർദ്ദേശിച്ചു.