night news hd 5
കേരളാ മന്ത്രിസഭാ പുനഃസംഘടനക്ക് ഇടതുമുന്നണിയുടെ അംഗീകാരം. കേരളാ കോൺഗ്രസ് (ബി) എംഎൽഎ ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്. നവകേരള സദസ്സിന് ശേഷം ഡിസംബർ അവസാനം മാറ്റമുണ്ടാകുമെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ അറിയിച്ചു.
മന്ത്രിസഭാ പുനഃസംഘടന നവകേരള സദസിന് ശേഷം മാത്രമേ നടക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഇതോടെ മന്ത്രിസഭാ പുനഃസംഘടനയുടെ കൃത്യമായ തീയ്യതി അറിയിക്കണമെന്ന് കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടു. ഡിസംബർ അവസാനത്തോടെ മന്ത്രിസഭാ പുനഃസംഘടന നടപ്പാക്കാനാണ് തീരുമാനം.
വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പൽ ഷെൻ ഹുവ 29ന്റെ ബർത്തിങ് വൈകുന്നു. ഇമിഗ്രേഷൻ ക്ലിയറൻസ് നടപടികൾ പൂർത്തിയാകാത്തതാണ് കാരണം. നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി കപ്പൽ ബർത്തിലേക്ക് എത്തിക്കുമെന്ന് വിഴിഞ്ഞം തുറമുഖ അധികൃതർ വ്യക്തമാക്കി.
കേന്ദ്രം കേരളത്തോട് അവഗണന കാട്ടുകയാണെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. തിരുവനന്തപുരത്ത് മുന്നണി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിന്റെ കേരളവിരുദ്ധ സമീപനത്തിനെതിരെ ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സമരം നടത്തും. ജനുവരിയിലാണ് പ്രതിഷേധ സമരം. മുഴുവൻ എൽഎഡിഎഫ് എംഎൽഎമാരും എംപിമാരും ഈ പ്രക്ഷോഭത്തിൽ പങ്കെടുക്കുമെന്ന് ഇ പി ജയരാജൻ.
സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി. ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിലാണ് മാറ്റം. വിവിധ ജില്ലകളിൽ പൊലീസ് മേധാവികൾ മാറി. പൊലീസ് സേനയിൽ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് സൂപ്രണ്ടിന്റെ പുതിയ തസ്തിക ഒരു വർഷത്തേക്ക് രൂപീകരിക്കുകയും ചെയ്തു.
സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ എൽഡിഎഫ് യോഗത്തിൽ തീരുമാനം. അരി മുതൽ മുളകുവരെ സബ്സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് കൂടുക. തീരുമാനം എടുക്കാൻ ഭക്ഷ്യ മന്ത്രിയെ എൽഡിഎഫ് യോഗം ചുമതലപ്പെടുത്തി. 7 വർഷത്തിന് ശേഷമാണ് സബ്സിഡി സാധനങ്ങളുടെ വില കൂട്ടുന്നത്. വില കൂട്ടണം എന്നായിരുന്നു സപ്ലൈക്കോ ആവശ്യം.
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരളാ കോൺഗ്രസ് എമ്മിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ അധിക സീറ്റിന് അർഹതയുണ്ടെന്ന് ജോസ് കെ മാണി. എൽഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ  തുടങ്ങിയിട്ടില്ലെന്നും ഉചിതമായ സമയത്ത് ഇക്കാര്യം മുന്നണിയെ അറിയിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ഈ മാസം 18ന് മുന്‍പ് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്.
സംസ്ഥാനത്ത് താൻ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതിയെ വിശുദ്ധ പശുവെന്ന് വിശേഷിപ്പിച്ച അദ്ദേഹം കോടതിയുടെ നിരീക്ഷണങ്ങളെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്ന് പറഞ്ഞു. കേരളത്തെ കുറിച്ച് സുപ്രീം കോടതി ഒന്നും പറഞ്ഞിട്ടില്ല. സുപ്രീം കോടതി നിർദ്ദേശം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രണത്തില്‍ നിന്ന് തലയൂരി കേന്ദ്ര സർക്കാർ. വിമാനക്കൂലി നിയന്ത്രണാധികാരം സർക്കാരില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. എയർ കോര്‍പ്പറേഷൻ നിയമം പിൻവലിച്ചതോടെ സർക്കാരിന് വില നിശ്ചയിക്കാനുള്ള അധികാരം നഷ്ടമായി എന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.
കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പിൽ റീകൗണ്ടിങ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്ന് കേരള ഹൈക്കോടതി. ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളെയും സഹകരണ സംഘങ്ങളെയും പിഴിയാൻ സർക്കാർ. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് ക്വാട്ട നിശ്ചയിച്ച് പണം നൽകാൻ ഉത്തരവിറക്കി. സാമ്പത്തിക പ്രതിസന്ധിയിലായ തദ്ദേശസ്ഥാപനങ്ങളെ കൂടുതൽ കടക്കെണിയിലാക്കുന്നതാണ് സ‍ർക്കാ‍ർ തീരുമാനം.
വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നവകേരള സദസിന് വേണ്ടി സർക്കാർ സഹകരണ- തദ്ദേശ ഭരണ സ്ഥാപനങ്ങളെ പിഴിയുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇപ്പോൾ തന്നെ ഞെരുക്കത്തിലായ തദ്ദേശ സ്ഥാപനങ്ങളെ വലിയ തകർച്ചയിലേക്ക് തള്ളിവിടുന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ആലപ്പുഴ നൂറനാട് മണ്ണെടുപ്പിനെതിരെ പ്രതിഷേധിച്ച 60 പേർ അറസ്റ്റിൽ. ഇവരെ ചെങ്ങന്നൂർ, നൂറനാട്, വെൺമണി എന്നീ സ്റ്റേഷനുകളിലേക്ക് മാറ്റി. അതിനിടെ, മാവേലിക്കര എംഎല്‍എ അരുൺ കുമാറിനെ പൊലീസ് മർദിച്ചതായി പരാതി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ധരിക്കുന്ന വസ്ത്രം ചൂണ്ടിക്കാട്ടി വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി ലക്ഷങ്ങള്‍ വിലയുള്ള സ്യൂട്ടുകൾ ധരിക്കുമ്പോള്‍  വെള്ള ടീ ഷർട്ട് മാത്രമാണ് താൻ ഉപയോഗിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി ഒരിക്കല്‍ ധരിച്ച വസ്ത്രം പിന്നീട് ധരിക്കുന്നത് കണ്ടിട്ടുണ്ടോ എന്നും രാഹുല്‍ ചോദിച്ചു.
രാജ്യത്ത് ഹിന്ദു മതത്തിനെ സംരക്ഷിക്കുന്നതിന് മാർഗരേഖ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *