എന്‍ഫോഴ്‌സ്‌മെന്റിനെ പോലീസിനെക്കൊണ്ടു കുരുക്കിട്ടു പിടക്കാന്‍ പിണറായി സര്‍ക്കാര്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന് ആരോപിച്ചെന്ന പരാതിയില്‍ പോലീസ് കൊച്ചി ഇ ഡി ഓഫിസില്‍ പരിശോധന നടത്തി. മൊഴിയെടുക്കാന്‍ വിളിച്ചുവരുത്തിയ തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്‍ നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി. കള്ളമൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്നാണ് പരാതി. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തേക്കും. സ്വര്‍ണ്ണക്കടത്ത് കേസിലും സമാനമായ രീതിയില്‍ പൊലീസ് ഇഡി ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തിരുന്നു.
വനിതാ സംവരണ ബില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു ബാധകമാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍. ബില്‍ നടപ്പാക്കാന്‍ മണ്ഡല പുനര്‍നിര്‍ണയവും സെന്‍സസും പൂര്‍ത്തിയാക്കണം. സെന്‍സസും മണ്ഡല പുനര്‍നിര്‍ണയ നടപടികളും ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാകൂ. അമിത് ഷാ വ്യക്തമാക്കി. ബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്ന് അമിത് ഷാ പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും വിവിധ വിഭാഗം ജനങ്ങളുമായി സംവദിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണു പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടി തുടങ്ങും. ഓരോ മണ്ഡലത്തിലേയും എം.എല്‍.എമാര്‍ നേതൃത്വം വഹിക്കും. സെപ്റ്റംബര്‍ മാസത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ സംഘാടകസമിതി രൂപീകരിക്കും.
നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവിലായിരുന്ന പ്രതി കണ്ണൂര്‍ സ്വദേശി രതീഷിനെ എന്‍ഐഎ അറസ്റ്റു ചെയ്തു. ദുബൈയില്‍നിന്ന് മുംബൈ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.
പ്രതികളെ ആശുപത്രികളില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കണമെന്നു നിര്‍ദേശിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് തയാറാക്കിയ മാര്‍ഗരേഖ മന്ത്രിസഭ അംഗീകരിച്ചു. അക്രമാസക്തരായ വ്യക്തികളെ കൈവിലങ്ങുവച്ചാണ് ആരോഗ്യപ്രവര്‍ത്തകനു മുന്നില്‍ എത്തിക്കേണ്ടത്. പൊലീസ് ഉദ്യോഗസ്ഥര്‍ അനുഗമിക്കേണ്ടതാണ്. പരിശോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഈ ഉദ്യോഗസ്ഥര്‍ക്കായിരിക്കും.
നിപ പരിശോധന ഇനി ട്രൂനാറ്റ് സൗകര്യമുള്ള ലാബുകളിലും നടത്താം. കേരളം ഐസിഎംആറുമായി നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് അനുമതി. ട്രൂനാറ്റ് പരിശോധനയില്‍ ഫലം വ്യക്തമായാലും നിലവിലെ മാനദണ്ഡം അനുസരിച്ച് പൂനെയിലേക്ക് സാമ്പിള്‍ അയക്കുന്നത് തുടരും.
ദേവപൂജ കഴിയുന്നതുവരെ ആരേയും തൊടില്ലെങ്കില്‍ പൂജാരി ശ്രീകോവിലില്‍നിന്നു പുറത്തിറങ്ങിയത് എന്തിനെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. താന്‍ ആദ്യമായല്ല അമ്പലത്തില്‍ പോകുന്നതെന്നും മറ്റെവിടേയും കാണാത്തതാണ് അവിടെ കണ്ടതെന്നും മന്ത്രി പറഞ്ഞു.
മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് അനുമതി. ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ ഭൂമിയും കെട്ടിടവും വാങ്ങിയതിലെ ക്രമക്കേട് അന്വേഷിക്കാനാണ് വിജിലന്‍സിന് അനുമതി നല്‍കിയത്.
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും വിശദമായി നാളെ പ്രതികരിക്കാമെന്നും മാത്യു കുഴല്‍നാടന്‍.
25 കോടി രൂപയുടെ തിരുവോണം ബമ്പര്‍ കോയമ്പത്തൂര്‍ സ്വദേശിക്ക്. അന്നൂര്‍ സ്വദേശി നടരാജനാണ് ഒന്നാം സമ്മാനം. പാലക്കാട്ടെ ഏജന്റ് ഗുരുസ്വാമി ഇയാള്‍ക്കു വിറ്റ 10 ടിക്കറ്റുകളില്‍ ഒന്നിനാണ് 25 കോടി രൂപയുടെ ഭാഗ്യം ലഭിച്ചത്.
തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റിനെചൊല്ലി മദ്യപിച്ചു സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാളെ വെട്ടിക്കൊന്നു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസ് തിരുവോണം ലോട്ടറി ടിക്കറ്റ് അജിത്തിന്റെ കൈവശം സൂക്ഷിക്കാന്‍ കൊടുത്തിരുന്നു. ടിക്കറ്റ് തിരികേ ചോദിച്ചതോടെയാണ് തര്‍ക്കവും കൊലപാതകവും നടന്നത്.
കരിമണല്‍ കമ്പനിയില്‍നിന്നു മാസപ്പടി കൈപ്പറ്റിയ പട്ടികയിലെ പിവി എന്ന ചുരുക്കപ്പേര് താനല്ലെന്ന നട്ടാക്കുരുക്കാത്ത നുണ പറഞ്ഞ് മുഖ്യമന്ത്രി സ്വയം അപഹാസ്യനായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കരിമണല്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയില്‍ പിവി എന്നതു പിണറായി വിജയന്‍ എന്നാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സുധാകരന്‍ പറഞ്ഞു.
പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണി നാളെ തുറക്കും. രാവിലെ 10 ന് രണ്ട് ഷട്ടറുകള്‍ 50 സെന്റീ മീറ്റര്‍ വീതം തുറന്ന് 2.60 ക്യൂമെക്‌സ് വരെ കുണ്ടളയാറു വഴി മാട്ടുപ്പെട്ടി സംഭരണിയിലേക്ക് ഒഴുക്കി വിടും.
കൊച്ചി മറൈന്‍ ഡ്രൈവ് വാക്ക് വേയില്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ചു വരെ പ്രവേശനം നിരോധിക്കും. മറൈന്‍ ഡ്രൈവ് വൃത്തിയായും സുരക്ഷിതമായും സംരക്ഷിക്കാനാണ് നടപടിയെന്ന് കൊച്ചി മേയര്‍ അനില്‍ കുമാര്‍ അറിയിച്ചു. മറൈന്‍ ഡ്രൈവ് നടപ്പാതയിലെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കും.
മാനന്തവാടി ജീപ്പ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കണ്ണോത്തുമലയിലെ ജീപ്പ് അപകടത്തില്‍ തോട്ടം തൊഴിലാളികളായ ഒമ്പതു സ്ത്രീകളാണു മരിച്ചത്.
സിഗ്‌നല്‍ ലംഘിച്ച് മുന്നോട്ടെടുത്ത കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. അമ്പലപ്പുഴ പോസ്റ്റ് ഓഫീസിന് പടിഞ്ഞാറ് ഗീതാ വിഹാറില്‍ വിജയന്‍ പിള്ള (73)യാണ് മരിച്ചത്.
തിരുവനന്തപുരം വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു. സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മാന്‍ഡന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനമാണ് കത്തിയത്. ഡ്രൈവര്‍ കാറില്‍നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
പൈലറ്റുമാര്‍ കൂട്ടത്തോടെ രാജിവയ്ക്കുകയും അവധിയെടുക്കുകയും ചെയ്തതോടെ ആകാശ എയര്‍ലൈന്‍സ് പ്രതിസന്ധിയിലായി. നിരവധി ഫ്‌ളൈറ്റുകള്‍ വെട്ടിച്ചുരുക്കുകയാണെന്ന് കമ്പനി അറിയിച്ചു.
അടുത്ത ജനുവരി 26 നു റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് അതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചു. യുഎസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി അറിയിച്ചതാണ് ഇക്കാര്യം.
നരസിംഹറാവു കേസ് വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. നിയമസഭയിലോ ലോക്‌സഭയിലോ കോഴ വാങ്ങി വോട്ടു ചെയ്യുന്ന എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും നിയമ പരിരക്ഷയുണ്ടെന്ന വിധിയാണ് സുപ്രീം കോടതി 25 വര്‍ഷങ്ങള്‍ക്കുശേഷം പുനഃപരിശോധിക്കുന്നത്. നിലവിലെ പല എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും ഇതു തിരിച്ചടിയാകും.
കാനഡയിലെ ഇന്ത്യാക്കാരും പഠനാവശ്യത്തിന് പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. ഇന്ത്യയിലുള്ള കനേഡിയന്‍ പൗരന്മാര്‍ തിരിച്ചുവരുന്നതാണ് ഉചിതമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതിനു പിറകേയാണ് ഇന്ത്യ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇന്ത്യാവിരുദ്ധ കാര്യങ്ങള്‍ നടക്കുന്ന ഇടങ്ങളിലേക്ക് പോകരുത്. ഏതെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലെ ഗഞ്ചാരിയില്‍ അത്യാധുനിക സംവിധാനങ്ങളും കൈലാസത്തിന്റെ മാതൃകയിലുമുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. 30,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിനു 450 കോടിയാണ് മുടക്കുന്നത്. മേല്‍ക്കൂര ശിവനെ കിരീടമണിയിക്കുന്ന ചന്ദ്രക്കലയോട് സാമ്യമുള്ളതാകും. ഫ്ളഡ്ലൈറ്റ് തൂണുകള്‍ ത്രിശൂലത്തിന്റെ മാതൃകയിലാണ്. ഗ്യാലറി കാശിയുടെ ഘാട്ടുകളുടെ മാതൃകയില്‍ ഒരുക്കും.