പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നാളെ മുതല്‍. വെള്ളിയാഴ്ച വരെയാണ് സമ്മേളനം. ഇന്ത്യയെ ഭാരത് എന്നാക്കുന്ന ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതിപക്ഷം കരുതുന്നത്. തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്നതു സംബന്ധിച്ച സുപ്രീം കോടതി വിധിയെ മറികടക്കാനുള്ള ബില്ലാണ് പാര്‍ലമെന്റില്‍ എത്തുന്ന പ്രധാന ബില്‍. അഡ്വക്കറ്റ്‌സ് ബില്‍, മാധ്യമങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ബില്‍ എന്നിവ ലോക്‌സഭയിലും പോസ്‌റ്റോഫീസ് ബില്‍ രാജ്യസഭയിലും പാസാക്കും.
പുതിയ നിപ കേസുകള്‍ ഇല്ല. ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പതു വയസുകാരനെ വെന്റിലേറ്ററില്‍നിന്നു താത്ക്കാലികമായി മാറ്റിു. ഓക്‌സിജന്‍ നല്‍കുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള 1233 പേരും നിരീക്ഷണത്തിലാണ്. 23 പേരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എ.സി. ബസ് സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആര്‍ടിസി നാളെ ജനത സര്‍വ്വീസുകള്‍ ആരംഭിക്കും. തിരുവനന്തപുരത്തെ ഓഫീസുകളില്‍ എത്താന്‍ സൗകര്യപ്പെടുന്ന വിധത്തിലാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങില്‍നിന്നു രാവിലെ 7.15 ന് സര്‍വ്വീസ് ആരംഭിച്ച് 9.30 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വ്വീസ്.
എട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ കുട്ടിയാണെന്നും അവനെ തിരിച്ചുവേണമെന്നും നിപ ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഒമ്പതു വയസുകാരന്റെ അമ്മ. മന്ത്രി വീണ ജോര്‍ജിനോടു ഫോണില്‍ സംസാരിക്കവേയാണ് ഇങ്ങനെ പറഞഞത്. അമ്മ വിഷമിക്കേണ്ട, മകനെ കരുതലോടെ നോക്കി മിടുക്കനാക്കി തിരിച്ചുതരുമെന്നു മന്ത്രി മറുപടി നല്‍കി.
പിഎം വിശ്വകര്‍മ്മ പദ്ധതിയുടെ ഗുണം ഏറ്റവും ലഭിക്കുന്ന സംസ്ഥാനമായിട്ടും കേരളത്തിലെ മന്ത്രിമാരും ജനപ്രതിനിധികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതി ബഹിഷ്‌കരിച്ചത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്ന 18 വിഭാഗം തൊഴിലാളികളും കേരളത്തിലുണ്ട്. 13,000 കോടി രൂപയുടെ ഈ പദ്ധതിയാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്തനംതിട്ട പന്തളം പൂഴിക്കാട് വീട്ടമ്മയെ കടിച്ച വളര്‍ത്തു നായക്കു പേവിഷ ബാധ. വെള്ളിയാഴ്ച രാവിലെ പാല്‍ വിതരണത്തിന് പോയ പൂഴിക്കാട് സ്വദേശി ശ്രീകലക്കാണ് നായയുടെ കടിയേറ്റത്. നായ സമീപ പ്രദേശത്തുള്ള നിരവധി തെരുവു നായ്ക്കളെയും കടിച്ചിരുന്നു.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കര്‍മപദ്ധതികളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അവസാനിച്ചു. ഹൈദരാബാദില്‍ ചേര്‍ന്ന യോഗം ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളും ചര്‍ച്ച ചെയ്തു. ഇന്ത്യ സഖ്യത്തിന്റെ കെട്ടുറപ്പ് ഊട്ടിയുറപ്പിക്കണമെന്നും നേതൃത്വം നിര്‍ദേശം നല്‍കി.
സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു തുടക്കമിട്ടത് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ആണെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. രണ്ടായിരം വര്‍ഷം നീണ്ട ജാതി വിവേചന ചൂഷണത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. വിവേചനം നില്‍നില്‍ക്കുന്നിടത്തോളം സംവരണം തുടരണമെന്നും അദ്ദേഹം പറഞ്ഞെന്നു പവന്‍ ഖേര ചൂണ്ടിക്കാട്ടി.
ഒമ്പതു സംസ്ഥാനങ്ങളില്‍ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. പൂനെ ആസ്ഥാനമായുള്ള ഐസിഎംആറിന്റെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ ബന്ധുവായ പ്രതിക്കു വധശിക്ഷ. ഹരിയാനയിലെ കോടതിയാണ് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചത്.
ബംഗളൂരുവിലെ വിവിധയിടങ്ങളിലായി നടന്ന റെയ്ഡില്‍ 7.83 കോടി രൂപയുടെ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. മെഫെഡ്രോണ്‍ ലഹരിമരുന്ന് അടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. നാലു മലയാളികളും മൂന്നു വിദേശികളും ഉള്‍പ്പെടെ 14 പേരെയാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
സൈനിക സഹകരണം വര്‍ധിപ്പിക്കമെന്നു റഷ്യയും ഉത്തര കൊറിയയും. ഉത്തര കൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യയുടെ പ്രതിരോധ മന്ത്രി സെര്‍ഗെയ് ഷൈഗുവും ചര്‍ച്ച നടത്തി. കിം ജോങ് ഉന്‍ റഷ്യയിലെ രണ്ട് പോര്‍ വിമാന ഫാക്ടറികള്‍ സന്ദര്‍ശിച്ചു. റഷ്യയുടെ ആണവ ശേഷിയുള്ള തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങളും ഹൈപ്പര്‍ സോണിക് വിമാനങ്ങളും യുദ്ധക്കപ്പലുകളും നേരില്‍ക്കണ്ടു. ‘പുതിയ പ്രതാപകാലം’ എന്നാണ് പുതിയ നീക്കത്തെ ഉത്തര കൊറിയ വിശേഷിപ്പിച്ചത്.
പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ടുലയെ പൊലീസ് ഓഫീസര്‍ പരിഹസിച്ച സംഭവത്തില്‍ സിയാറ്റില്‍ മേയര്‍ മാപ്പ് പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്നും അനുശോചനം അറിയിക്കുന്നുവെന്നും സിയാറ്റില്‍ മേയര്‍ ബ്രൂസ് ഹാരേല്‍ പറഞ്ഞു.