night news hd 14

 

കുറ്റകൃത്യ റിപ്പോര്‍ട്ടിംഗിന് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍ണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സംസ്ഥാന ഡി ജി പിമാരു0 ദേശീയ മനുഷ്യവകാശ കമ്മീഷനും മറ്റുകക്ഷികളും ഒരു മാസത്തിനകം സര്‍ക്കാരിനു നിര്‍ദേശങ്ങള്‍ നല്‍കണം. ഈ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകണം നിയന്ത്രണ ചട്ടങ്ങള്‍ക്കു രൂപം നല്‍കേണ്ടതെന്നും സുപ്രീം കോടതി. തോന്നുംപടിയുള്ള മാധ്യമവിചാരണ വിലക്കണമെന്നും കോടതി.

കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. പ്രളയത്തില്‍ പതിനായിരം പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷം ജനസംഖ്യയുള്ള ഡെര്‍ന പട്ടണത്തിനരികിലെ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണം. റോഡുകളും പാലങ്ങളുമെല്ലാം വെള്ളത്തില്‍ ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായിരിക്കുകയാണ്.

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലായ 702 പേര്‍ നിരീക്ഷണത്തില്‍. മൂന്നു പേരുടെ സമ്പര്‍ക്കത്തിലുള്ളവരാണ് ഇത്രയും പേര്‍. ആദ്യം മരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത്തെ ആളുടെ സമ്പര്‍ക്കപട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 50 പേരുമാണുള്ളത്.

മലപ്പുറം ജില്ലയിലും നിപ ജാഗ്രത. മഞ്ചേരിയില്‍ പനിയും അപസ്മാര ലക്ഷണവുമള്ള ഒരാള്‍ നിരീക്ഷണത്തിലാണ്. നിപ ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം തയ്യാറാക്കിയ നിവേദനത്തില്‍ യുഡിഎഫ് എംപിമാര്‍ ഒപ്പിടാത്തതിനെച്ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക്‌പോര്. കേന്ദ്രം സംസ്ഥാനത്തിനു പണം നല്‍കാതെ ഞെരുക്കുന്നതിനാലാണ് സാമ്പത്തിക പ്രതിസന്ധിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം, സത്യാവസ്ഥ പുറത്തറിയിക്കാന്‍ അവസരമൊരുക്കിയതിന് പ്രതിപക്ഷത്തിന് നന്ദിയെന്നായിരുന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാലന്റെ മറുപടി.

ലക്കും ലഗാനും ഇല്ലാതെ കടമെടുക്കുന്ന സര്‍ക്കാര്‍ വേറെയില്ലന്ന് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരന്റെ തലയില്‍ അധികഭാരം ചുമത്തുകയാണ്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് ചെന്നിത്തലയുടെ വിമര്‍ശനം.

പിണറായി സര്‍ക്കാര്‍ മനുഷ്യരെ കൊല്ലുന്നത് മുയലിനെ കൊല്ലുംപോലെയാണെന്നു ജയില്‍ മോചിതനായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു. ആ നീതി നിഷേധത്തോടുള്ള പോരാട്ടമായിരുന്നു 45 ദിവസത്തെ ജയില്‍വാസമെന്ന് അദ്ദേഹം പറഞ്ഞു. ജയിലിനു മുന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയാണ് ഗ്രോ വാസുവിനെ സ്വീകരിച്ചത്.

വിവാഹ മോചന കേസിനു തൊടുപുഴ കുടുംബ കോടതിയിലെത്തിയ യുവതിക്കും പിതാവിനുമെതിരെ ഭര്‍ത്താവിന്റെ കൈയേറ്റം. കൗണ്‍സില്‍ ഹാളിലാണ് മൂലമറ്റം സ്വദേശി ജുവലിനേയും പിതാവ് തോമസിനേയും ഭര്‍ത്താവ് അനൂപ് കൈയേറ്റം ചെയ്തത്. അനൂപ് ഫയല്‍ ചെയ്ത വിവാഹമോചന അപേക്ഷയില്‍ കൗണ്‍സിലിംഗിന് എത്തിയതായിരുന്നു ജുവലും പിതാവും. കൗണ്‍സിലിംഗില്‍ വിവാഹമോചനത്തിന് സമ്മതമല്ലെന്ന് ജുവല്‍ നിലപാടെടുത്തതോടെയാണ് മര്‍ദിച്ചത്.

പി.വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള പാര്‍ക്കിലെ കുട്ടികളുടെ പാര്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് ഹൈക്കോടതി. ഇക്കാര്യം ജില്ലാ കളക്ടര്‍ ഉറപ്പാക്കണമെന്നും വാട്ടര്‍ തീം പാര്‍ക്കിന്റെ ഭാഗമായ പൂള്‍ അടക്കം പ്രവത്തിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടിയിട്ടുണ്ട്. കുട്ടികളുടെ പാര്‍ക്ക് തുറക്കാന്‍ മാത്രമാണ് അനുമതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

സോളാര്‍ കേസില്‍ സി ബി ഐ ഫയല്‍ ചെയ്ത അന്തിമ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ കള്ളം പറഞ്ഞെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഇക്കഴിഞ്ഞ ജൂണ്‍ 19 ന് റിപ്പോര്‍ട്ട് സര്‍ക്കാരിനു കിട്ടിയതാണെന്ന് സുധാകരന്‍ പറഞ്ഞു.

പ്രണയം നിരസിച്ചതിന്റെ വൈരാഗ്യത്തോടെ യുവാവ് വെട്ടി പരിക്കേല്‍പിച്ചു ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരുന്പാവൂര്‍ രായമംഗലം സ്വദേശി അല്‍ക്ക അന്ന ബിനുവാണ് മരിച്ചത്. പെണ്‍കുട്ടിയ വെട്ടിയ പ്രതി ബേസില്‍ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു.

നിരോധിക്കപ്പെട്ട കോളാമ്പി മൈക്കുകള്‍ കൊല്ലം ജില്ലയിലെ ആരാധനാലയങ്ങളില്‍ ഉപയോഗിക്കുന്നതിനെതിരെ ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നടപടിയെടുത്ത ശേഷം കൊല്ലം ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നിര്‍ദേശിച്ചു.

വിയ്യൂര്‍ ജയിലിലെ ജയിലറെ ആക്രമിച്ച ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തു. കാപ്പ തടവില്‍ വിയ്യൂര്‍ ജയിലില്‍ കഴിയവേ ജയിലറെ മര്‍ദിച്ച കേസില്‍ ആണ് നടപടി. വധക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയായ ആകാശ് ആദ്യ കാപ്പ കാലാവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഇന്ന് മകന്റെ പേരിടല്‍ ചടങ്ങിനിടെ മുഴക്കുന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് ഒത്തുതീര്‍പ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചത് അംഗീകരിച്ചാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ്. സിനിമ കഥ പറയാന്‍ എത്തിയ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി.

വിനോദ സഞ്ചാരികളായ ദമ്പതികളെ ആക്രമിക്കുകയും വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മാട്ടുപ്പെട്ടി എസ്റ്റേറ്റില്‍ നെറ്റിമേട് സ്വദേശി പി ഗോകുല്‍ (21) നെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റു ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ കുമളി സ്വദേശി സലീം (54), ഭാര്യ അനീഷ (46) എന്നിവരെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നേര്യമംഗലം വനമേഖലയില്‍ വാളറ വെള്ളച്ചാട്ടത്തിനു സമീപം കാര്‍ കത്തിനശിച്ചു. അടിമാലിയില്‍നിന്നു കോതമംഗലത്തെ ചെറുവട്ടൂരിലേക്കു പോകുമ്പോള്‍ കാര്‍ അമിതമായി ചൂടാകുന്നതു കണ്ട് കാര്‍ നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയതിനു പിറകേ കത്തുകയായിരുന്നു ചെറുവട്ടൂര്‍ നിരപ്പേല്‍ നിസാമുദീന്റെ 2013 മോഡല്‍ ഫോര്‍ഡ് കാറാണ് കത്തിയത്.

തിരുവനന്തപുരം പാലോട് പെരിങ്ങമ്മല താന്നിമൂടില്‍ കെട്ടിടത്തിനു മുകളിലിരുന്നു കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ താഴേയ്ക്കു വീണ് യുവാവ് മരിച്ചു. ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരനായ താന്നിമൂട് സ്വദേശി സുഭാഷ് കുമാര്‍ (42) ആണ് മരിച്ചത്. കൂട്ടുകാരായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

ഉജ്ജ്വല സ്‌കീമില്‍ പുതിയ എല്‍പിജി കണക്ഷനുള്ള 1650 കോടി രൂപയുടെ സബ്സിഡി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 75 ലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കും. ഇതോടെ മൊത്തം പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയായി ഉയരും.

വായ്പാ തുക തിരിച്ചടച്ചശേഷം പണയവസ്തു ഉടനേ തിരിച്ചുനല്‍കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. തിരിച്ചുനല്‍കാതിരുന്നാല്‍ ഓരോ ദിവസത്തിനും 5,000 രൂപ നിരക്കില്‍ വായ്പക്കാരന് ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണ. സെന്‍ട്രല്‍ ബാങ്ക്, ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശവും നല്‍കി.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *