ഓണ്‍ ലൈന്‍ മീഡിയയായ ന്യൂസ് ക്ലിക്കിന്റെ ഡല്‍ഹി ഓഫീസ് ഡല്‍ഹി പോലീസ് സീല്‍ ചെയ്തു. മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലെ റെയ്ഡിനു പിറകെയാണ് ഓഫീസ് അടച്ചപൂട്ടിയത്. ന്യൂസ് ക്ലിക്ക് സൈറ്റുമായി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും ജീവനക്കാരുടേയും വീടുകളിലും പൊലീസ് റെയ്ഡ് നടത്തി. നേരത്തെ ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവില്‍ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നല്‍കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിറകേ ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ ന്യൂസ് ക്ലിക്കിന്റെ എക്സ് ഹാന്‍ഡില്‍ സസ്പെന്‍ഡ് ചെയ്തു.
വധശ്രമക്കേസില്‍ പത്തുവര്‍ഷത്തെ തടവുശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്യാത്തതിനാല്‍ വിധി തിരിച്ചടിയായതോടെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം ത്രിശങ്കുവില്‍. മുഹമ്മദ് ഫൈസലിനെ അയോഗ്യനായി പ്രഖ്യാപിച്ചേക്കും. കുറ്റക്കാരനെന്നു കണ്ടെത്തിയ ശിക്ഷാവിധി കോടതി സ്റ്റേ ചെയ്തില്ല. ഈ സാഹചര്യത്തിലാണ് എംപി സ്ഥാനം ത്രിശങ്കുവിലാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. തിരുവനന്തപുരം ജില്ലയില്‍ നാളെയും മറ്റന്നാളും നടത്താനിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റി. ജെയില്‍ വകുപ്പ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയാണു മാറ്റിയത്. പുതിയ തിയ്യതി പിന്നീട് അറിയിക്കും.
സിപിഎം നേതാക്കള്‍ പ്രതികളായ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസും ബിജെപി നേതാക്കള്‍ പ്രതികളായ കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കുഴല്‍പ്പണക്കേസിലെ അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്കു പോയില്ല. കാരണം പണത്തിന്റെ സ്രോതസ്സ് കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ്. ഈ ബാങ്ക് കേന്ദ്രീകരിച്ചു വന്‍തോതില്‍ വായ്പാ തിരിമറി നടന്നിട്ടുണ്ടെന്നും സതീശ് കുമാറിന് പങ്കുണ്ടെന്നും അനില്‍ അക്കര ആരോപിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിക്കാത്തതിന്റെ സങ്കടം അദ്ദേഹത്തിന്റെ വിനോദിനി തുറന്നു പറഞ്ഞതിനു പിറകേ, അവരുടെ സഹോദരനെ ചീട്ടുകളി ചൂതാട്ടത്തിന് പിടികൂടിയതു യാദൃശ്ചികമാണോയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കോടിയേരിയുടെ വിലാപയാത്ര തിരുവനന്തപുരത്ത് എത്തിക്കാതെ അട്ടിമറിച്ചതാരാണെന്നും രാഹുല്‍ ചോദിച്ചു.
ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥര്‍ വഴിവിട്ട കാര്യങ്ങള്‍ ചെയ്താല്‍ ജനങ്ങളെ അണിനിരത്തി എതിര്‍ക്കുമെന്നു സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം എം മണി എം.എല്‍.എ. ജനങ്ങളെ കുടിയിറക്കാനല്ല ഉദ്യോഗസ്ഥര്‍ വരേണ്ടതെന്നും എം.എം മണി പറഞ്ഞു.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും പണം നഷ്ടമാകില്ലെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്. നിക്ഷേപകര്‍ക്ക് എത്രയും വേഗം പണം തിരികെ നല്‍കുമെന്ന് മന്ത്രി ആവര്‍ത്തിച്ചു.. അമ്പതിനായിരം രൂപ വരെയുള്ള നിക്ഷേപം പൂര്‍ണമായും കൊടുക്കും. ഉത്തരവാദികളില്‍നിന്ന് പണം തിരിച്ചു പിടിക്കുമെന്നും മന്ത്രി അറിയിച്ചു.
ഡല്‍ഹിയില്‍ ന്യൂസ് ക്ലിക്കിനെതിരെ നടന്ന റെയ്ഡ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മുന്നറിയിപ്പാണെന്ന് ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്. രാജഗോപാല്‍. മുമ്പും ന്യൂസ് ക്ലിക്കിനെ കേന്ദ്രം ലക്ഷ്യം വച്ചിട്ടുണ്ട്. കര്‍ഷക സമര സമയത്ത് മികച്ച രീതിയില്‍ മാധ്യമ പ്രവര്‍ത്തനം ചെയ്തിനുള്ള പ്രതികാരമാണ് മാധ്യമ വേട്ടയെന്നും ആര്. രാജഗോപാല്‍ തൃശൂരില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഐജി ലക്ഷ്മണിന് 10,000 രൂപ കോടതി പിഴ ചുമത്തി. ഹര്‍ജി സമര്‍പ്പിച്ച ശേഷം അഭിഭാഷകന് തന്റെ അനുമതിയില്ലാതെ വിവാദ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് ആരോപിച്ച് ഹര്‍ജി പിന്‍വലിക്കാന്‍ നേരത്തെ ലക്ഷ്മണ് അപേക്ഷിച്ചിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകള്ളു കുട്ടികളെ കായിക പരിശീലനത്തില്‍ പങ്കെടുക്കാന്‍ സ്കൂള്‍ പ്രധാന അധ്യാപകനോ കായിക അധ്യാപകനോ നിര്‍ബന്ധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്. ആര്‍ത്തവ സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പെണ്‍കുട്ടി പിടി പിരീയഡില്‍ വിശ്രമിച്ചതിന് അധ്യാപകന് ശാസിച്ചതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ആക്ടിങ് ചെയര്‍പേഴ്സണ്‍ കെ ബൈജുനാഥ് ഉത്തരവിട്ടു.
മുട്ടില്‍ മരം മുറിക്കേസില്‍ സമരവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. കര്‍ഷകര്‍ക്കെതിരേ പിഴ ശിക്ഷ ചുമത്തിയതിനെതിരേ സിപിഎം നാളെ വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്താനിരിക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടി.സിദ്ദീഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസിനു മുന്നില്‍ ഉപരോധ സമരം നടത്തി. കര്‍ഷകരില്‍ നിന്ന് പിഴ ഈടാക്കില്ലെന്ന ഉറപ്പ് ആവശ്യപ്പെട്ടായിരുന്നു ടി. സിദ്ദീഖ് എം.എല്‍.എയുടെ പ്രതിഷേധം.
ചീട്ടുകളി വലിയ കുറ്റമാണോയെന്ന ചോദ്യവുമായി ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. പുകവലിയും ലോട്ടറി കച്ചവടവും കുറ്റകരമല്ലാത്ത നാട്ടില്‍, സര്‍ക്കാര്‍ തന്നെ ലോട്ടറി ചൂതാട്ടം നടത്തുന്ന നാട്ടില്‍ ചീട്ടു കളി ഇത്രവലിയ കുറ്റമാണോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. തിരുവനന്തപുരം ക്ലബില്‍ ഒമ്പതുപേരെ ചീട്ടുകളിച്ചതിനു പിടിച്ചതിനെ വിമര്‍ശിച്ചാണ് പ്രതികരണം.
വയനാട് തൃശിലേരിയില്‍ മാനിനെ പിടികൂടി അറുത്ത കേസില്‍ ഓടിരക്ഷപ്പെട്ട വനംവകുപ്പു വാച്ചര്‍ അടക്കം രണ്ടുപേര്‍ കീഴടങ്ങി. താത്കാലിക വനംവാച്ചര്‍ ചന്ദ്രന്, കുറുക്കന്മൂല സ്വദേശി റെജി എന്നിവരാണ് തോല്‍പ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡനു മുന്നില്‍ കീഴടങ്ങിയത്. കേസില്‍ നാലുപേര്‍ അറസ്റ്റിലായി.
ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡില്‍ നിര്‍മ്മാണത്തിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് വീണ് തൊഴിലാളി മരിച്ചു. മാള പൊയ്യ സ്വദേശി പഴയില്ലത്ത് വിപിന്‍(46) ആണ് മരിച്ചത്.
ന്യൂസ് ക്ലിക്കിനെതിരെ നടക്കുന്ന അന്വേഷ പരിധിയില്‍ സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കൊണ്ടുവന്നേക്കും. ന്യൂസ് ക്ലിക്കിന് ഫണ്ട് നല്‍കിയെന്ന ആരോപണം നേരിടുന്ന വിദേശ വ്യവസായി നെവില്‍ റോയിയുടെ അടുപ്പക്കാരും കാരാട്ടിനും തമ്മിലുള്ള ഇമെയില്‍ സന്ദേശങ്ങള്‍ വിവാദമായിരുന്നു. വ്യക്തിപരമായ പരിചയത്തിന്റെ പേരിലുള്ള സന്ദേശങ്ങള്‍ മാത്രമെന്നാണ് കാരാട്ടിന്റെ പ്രതികരണം.
തെലങ്കാനയിലും ആന്ധ്ര പ്രദേശിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കവികളുടെയും അഭിഭാഷകരുടെയും വീടുകളിലടക്കം 62 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. പ്രഗതിശീല കാര്‍മിക സമഖ്യ എന്ന തൊഴിലാളി അവകാശ സംഘടനയുടെ നേതാവ് ചന്ദ്രനരസിംഹുലുവിനെ അറസ്റ്റു ചെയ്തു.
തെലുങ്കാനയില്‍ മകന് കെടിആറിനെ മുഖ്യമന്ത്രിയാക്കാന്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രിയായ അച്ഛന് കെസിആര്‍തന്നോട് ആവശ്യപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മകന് കെടിആറിനെ അനുഗ്രഹിക്കണമെന്നും കെസിആര്‍ അപേക്ഷിച്ചു. രാജഭരണമല്ലെന്നായിരുന്നു കെസിആറിനോടു മറുപടി നല്‍കിയതെന്നും മോദി പറഞ്ഞു. നിസാമാബാദിലെ പൊതുറാലിയിലാണ് മോദി ഇങ്ങനെ പ്രസംഗിച്ചത്.
ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങിയോടി. നാശനഷ്ടങ്ങളൊന്നും ഇല്ല.
പ്രമുഖ ബോളിവുഡ് നടി ശ്രീദേവി 2018 ല്‍ മരിച്ചത് എങ്ങനെയാണെന്നു വെളിപെടുത്തി ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂര്‍. ദുബൈയിലെ ഹോട്ടല്‍ മുറിയില്‍ ബാത്ത്ടബ്ബില്‍ മുങ്ങിമരിച്ച നിലയിലായിരുന്നു ശ്രീദേവി. ബോധരഹിതയായി ബാത്ത്ടബ്ബിലേക്ക് വീഴുകയും എഴുന്നേല്‍ക്കാനാകാഞ്ഞതിനാല്‍ മുങ്ങിമരിക്കുകയുമായിരുന്നു
ശരീരസൗന്ദര്യം സംരക്ഷിക്കാന്‍ ഉപ്പ് ഒഴിവാക്കിയും ഭക്ഷണം വര്‍ജിച്ചും ഡയറ്റ് പാലിച്ചിരുന്നു. ഇതുമൂലം ഇടയ്ക്കിടെ ശ്രീദേവിയുടെ രക്തസമ്മര്‍ദം കുറയുകയും ബോധരഹിതയായി വീഴുകയും ചെയ്യാറുണ്ട്. ബാത്ത് ടബില്‍ കുളിക്കുന്നതിനിടെ രക്ത സമ്മര്‍ദം കുറഞ്ഞതാണു മരണത്തിനു കാരണം. അദ്ദേഹം പറഞ്ഞു.