കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകള്‍ വെള്ളത്തിലാകും. ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ച് 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച കാനഡ മൂന്നു കോണ്‍സുലേറ്റുകളിലെ വിസ സര്‍വ്വീസ് നിര്‍ത്തിവച്ചതാണു കാരണം. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സര്‍വ്വീസ് ഇന്ത്യ നേരത്തെ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കാനഡ ഇന്ത്യയില്‍ നിന്നുള്ള വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് തുടരുകയായിരുന്നു. ബംഗളൂരു, മുംബൈ, ചണ്ഡിഗഢ് എന്നീ മൂന്നു കോണ്‍സുലേറ്റുകളിലെ വിസ സര്‍വീസുകളാണു നിര്‍ത്തിവച്ചത്.
ഷോളയാര്‍ ചുങ്കത്ത് വിനോദ യാത്രാ സംഘത്തിലെ അഞ്ചു യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ കെണറ്റിക്കടവില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മരിച്ചത്. അഞ്ചു ബൈക്കുകളിലായി പത്തു പേരാണ് ഷോളയാറിലെത്തിയത്. പുഴയിലിറങ്ങിയ അഞ്ചു പേര്‍ ഒഴുക്കില്‍ പെടുകയായിരുന്നു.
ജെഡിഎസ് ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തന്റെ സമ്മതത്തോടെയാണെന്ന ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രസ്താവന വാസ്തവ വിരുദ്ധവും അസംബന്ധവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ദേവഗൗഡ അസത്യം പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന പ്രഖ്യാപനത്തിന് മുഖ്യമന്ത്രിയുടെയും സംസ്ഥാനത്തെ ജനതാദള്‍ എസ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും അനുമതിയുണ്ടെന്ന എച്ച്.ഡി. ദേവഗൗഡയുടെ പ്രസ്താവന രാഷ്ടീയ അസംബന്ധമാണെന്ന് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം.എല്‍.എ. മുഖ്യമന്ത്രിയുമായി ദേവഗൗഡ ആശയവിനിയം നടത്തിയിട്ട് വര്‍ഷങ്ങളായെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യത. അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി. ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത. 23 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് (20633/20634) ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്തരവ് വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് പുറത്തുവിട്ടത്.
നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അച്യുതാനന്ദന്റെ വീട്ടിലെത്തി. വൈകുന്നേരം നാലോടെയാണ് പിണറായി വിഎസിന്റെ വീട്ടിലെത്തിയത്.
കത്വ ഫണ്ട് പിരിവില്‍ യൂത്ത് ലീഗ് നേതാക്കള്‍ തട്ടിപ്പു നടത്തിയെന്ന പരാതി കളളമെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കുന്ദമംഗലം ഇന്‍സ്‌പെക്ടര്‍ യൂസഫ് നടത്തറമ്മലിനെയാണ് എഡിജിപി സസ്‌പെന്‍ഡ് ചെയ്തത്.
ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ മര്‍ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ത്രീ 24 വര്‍ഷത്തിനുശേഷം പിടിയില്‍. ചെറിയനാട് കടയ്ക്കാട് മുറി കവലക്കല്‍ വടക്കത്തില്‍ സലീന (50) ആണ് തിരുവനന്തപുരത്ത് പിടിയിലായത്. പ്രതിയും ഭര്‍ത്താവും ചേര്‍ന്ന് ആദ്യ ഭാര്യയെ മര്‍ദിച്ചതിനു 1999 ല്‍ വെണ്‍മണി പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിരുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് ബര്‍ത്തില്‍ ഇറങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയ കേന്ദ്ര നടപടി പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ആരോപിച്ചു.
ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്രയുടെ ഹര്‍ജി പരിഗണിക്കവേ ഡല്‍ഹി ഹൈക്കോടതിയില്‍ മൊയിത്രയുടെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ കേസില്‍നിന്ന് ഒഴിവായി. മൊയിത്രയ്‌ക്കെതിരായ പരാതി ശരിവച്ച് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി നല്കിയ സത്യവാങ്മൂലം കോടതിയും ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയും തെളിവായി സ്വീകരിക്കും.
രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പാത പദ്ധതിയായ നമോ ഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇതു ചരിത്ര ദിനമാണെന്നും ഡല്‍ഹിയിലും യുപിയിലും ഹരിയാനയിലും രാജസ്ഥാനിലും നമോ ട്രെയിന്‍ വരുമെന്നും മോദി പറഞ്ഞു. ട്രെയിനില്‍ മോദി യാത്രയും ചെയ്തു. 82 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി- മീററ്റ് പദ്ധതിയുടെ പണിപൂര്‍ത്തിയായ 17 കിലോമീറ്ററാണ് ഉദ്ഘാടനം ചെയ്തത്.
കടബാധ്യത തീര്‍ക്കാന്‍ 30,000 കോടി രൂപ അദാനി ഗ്രൂപ്പ് വായ്പയെടുക്കുന്നു. അംബുജ സിമന്റ്‌സിനെ ഏറ്റെടുത്തതിനെത്തുടര്‍ന്നുണ്ടായ വന്‍ സാമ്പത്തിക ബാധ്യത പരിഹരിക്കാനാണ് അദാനിയുടെ നീക്കം. ഏതാനും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചേര്‍ന്നാണ് പുനര്‍ വായ്പ നല്‍കുക.
യുഎഇയില്‍ മൂന്നു മാസത്തെ സന്ദര്‍ശക വിസകള്‍ നിര്‍ത്തിവെച്ചു. ഇനി 30 മുതല്‍ 60 വരെ ദിവസത്തെ വിസയിലാകും യുഎഇയില്‍ പ്രവേശിക്കാനാകുക. എന്നാല്‍ ദുബൈയില്‍ താമസിക്കുന്നവരുടെ ബന്ധുക്കളായ സന്ദര്‍ശകര്‍ക്ക് 90 ദിവസത്തെ വിസ നല്‍കും.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പങ്കാളി ആന്‍ഡ്രിയ ജിയാംബ്രൂണോയില്‍നിന്നു വേര്‍പിരിഞ്ഞു. മാധ്യമപ്രവര്‍ത്തകനായ ജിയാംബ്രൂണോ ടെലിവിഷനില്‍ സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതും ലൈംഗിക പരാമര്‍ശം നടത്തിയതും വിവാദമായിരുന്നു.10 വര്‍ഷം നീണ്ട ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്.