കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത നാലു ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര ജീവനക്കാരും പെന്‍ഷന്‍കാരും ജൂലൈ മുതല്‍ ക്ഷാമബത്ത വര്‍ദ്ധനയ്ക്കായി കാത്തിരിക്കുകയാണ്.
അഴിമതി സര്‍ക്കാരിനെ ജനകീയ വിചാരണ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തിയ സെക്രട്ടേറിയേറ്റ് ഉപരോധ സമരത്തിലാണ് ഇങ്ങനെ പ്രസംഗിച്ചത്. രണ്ടുതവണ കേരളം ഭരിച്ചിട്ടും മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഭരണനേട്ടംപോലും ചൂണ്ടിക്കാണിക്കാന്‍ ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കുറ്റപ്പെടുത്തി. ഉപരോധസമരംമൂലം ജനം വലഞ്ഞു.
കരിപ്പൂര്‍ വിമാനത്താവള വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത 12.48 ഏക്കര്‍ ഭൂമി എയര്‍പോര്‍ട്ട് അതോറിറ്റിക്കു കൈമാറും. 76 ഭൂവുടമകള്‍ക്കായി 72 കോടി 85 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. 43.5 കോടി രൂപ കൈമാറിക്കഴിഞ്ഞു. ശേഷിക്കുന്ന 27 കോടി രൂപ രണ്ടു ദിവസത്തിനകം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
മണ്ണുത്തി ഇടപ്പള്ളി ദേശീയപാതാ നിര്‍മിച്ച കരാറു കമ്പനിയായ ജി.ഐ.പി.എലിന്റെ 125.21 കോടി രൂപയുടെ നിക്ഷേപം എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചു. പാലിയേക്കരയിയിലെ ഓഫീസില്‍ റെയ്ഡ് നടത്തിയതിനു പിറകേയാണ് അക്കൗണ്ടു മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും കത്തു നല്‍കിയത്. 2006 മുതല്‍ 2016 വരെയുള്ള റോഡ് നിര്‍മാണത്തില്‍ തട്ടിപ്പു നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ കൊലക്കേസില്‍ അഞ്ചു പ്രതികളും കുറ്റക്കാരെന്ന് കോടതി. രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നീ അഞ്ചു പേര്‍ക്കുള്ള ശിക്ഷ ഡല്‍ഹി സാകേത് കോടതി പിന്നീട് വിധിക്കും. കൊലപാതകം നടന്ന് 15 വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. 2008 ലാണ് ഇന്ത്യ ടുഡേയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥ് വെടിയേറ്റു മരിച്ചത്. രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ കവര്‍ച്ചാസംഘം കൊലപ്പെടുത്തുകയായിരുന്നു
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസിന്റെ ആദ്യ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഈ മാസം സമര്‍പ്പിക്കും. അറസ്റ്റിലായ മുഖ്യപ്രതി പി സതീഷ് കുമാര്‍ അടക്കമുളളവരുടെ ജാമ്യ നീക്കം തടയാനാണ് കുറ്റപത്രം വൈകാതെത്തന്നെ സമര്‍പ്പിക്കുന്നത്.
‘ഓപ്പറേഷന്‍ അജയ്’ പദ്ധതിയുടെ ഭാഗമായി ഇസ്രയേലില്‍നിന്ന് ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്തിയ അഞ്ചാം വിമാനത്തിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തിലെ 22 പേര്‍ കൂടി നോര്‍ക്ക റൂട്ട്‌സ് മുഖേന നാട്ടില്‍ തിരിച്ചെത്തി.
വയനാട്ടില്‍ കെട്ടിട നിര്‍മാണത്തിന് ഇനി കെഎല്‍ആര്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട. ചട്ടത്തില്‍ ഇളവ് വരുത്തി ജില്ലാ കളക്ടര്‍ രേണുരാജ് ഉത്തരവിറക്കി.
തലശ്ശേരി ഗവണ്മെന്റ് കോളജിന്റെ പേര് കോടിയേരി സ്മാരക കോളജെന്ന് പുനര്‍നാമകരണം ചെയ്തു. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരമായി ഉന്നതവിദ്യാഭ്യാസ വകുപ്പാണ് കോളജിന്റെ പേര് മാറ്റിയത്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഇടുക്കിയിലെ നാലു താലൂക്ക് ആശുപത്രികളില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പരിശോധന നടത്തി. സിപിഎം നേതാവ് എം എം മണി എംഎല്‍എയുടെ മണ്ഡലത്തിലെ നെടുങ്കണ്ടം താലൂക്ക് ആശുപത്രി പുറത്തു നിന്ന് സന്ദര്‍ശിച്ച് മടങ്ങി. മണിയെ മുന്‍കൂട്ടി അറിയിക്കാത്തതിനാല്‍ എം എം മണിയും മറ്റ് എല്‍ഡിഎഫ് നേതാക്കളും എത്തിയിരുന്നില്ല.
ഗാസയിലെ ആശുപത്രിക്കുനേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നൂറുകണക്കിനു പേര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. സാധാരണക്കാരെ കൊന്നൊടുക്കുന്നതു സമാധാനാന്തരീക്ഷം സൃഷ്ടിക്കാനാവില്ലെന്നും സിപിഎം.
മുംബൈ ഭീകരാക്രമണത്തില്‍ സാരമായി പരിക്കേറ്റ എന്‍എസ് ജി കമാന്‍ഡോ കണ്ണൂര്‍ അഴീക്കോട് സ്വദേശി പി വി മനേഷിന് വീട് നിര്‍മ്മിക്കാന്‍ സൗജന്യമായി ഭൂമി പതിച്ച് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പുഴാതി വില്ലേജില്‍ അഞ്ചു സെന്റ് ഭൂമി നല്‍കാനാണു മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
മലപ്പുറം പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ വൈദ്യുതാഘാതമേറ്റ് 13 കാരന്‍ മരിച്ചു. അസാം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്‌മത്തുള്ളയാണ് മരിച്ചത്. പോലീസ് കേസെടുത്തു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ആറു കിലോ സ്വര്‍ണം പിടികൂടി. ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ശ്രീലങ്കന്‍ പൗരന്‍മാരായ 10 സ്ത്രീകളും മൂന്നു പുരുഷന്‍മാരും ഒരു തമിഴ്‌നാട് സ്വദേശിയും പിടിയിലായത്.
പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും മുന്‍ധാരണയനുസരിച്ചു രാജിക്കു തയ്യാറാകാതിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസ് പുറത്താക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരക്കു സമീപം കാരോട് പഞ്ചായത്ത് പ്രസിഡന്റ് എം രാജേന്ദ്രന്‍ നായരെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്. രണ്ടര വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയാല്‍ രാജിവെക്കണമെന്നായിരുന്നു ധാരണ.
വിദ്യാഭ്യാസ രംഗത്ത് സഹകരിക്കുന്നതിനുള്ള ചര്‍ച്ചകളുമായി ഫിന്‍ലാന്‍ഡ് സംഘം കേരളത്തില്‍. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സംഘത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ചു.
സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ 68.39 കോടി രൂപയുടെ നബാര്‍ഡ് ധനസഹായം. നേമം ശാന്തിവിള താലൂക്ക് ആശുപത്രിക്ക് 22.24 കോടി, മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക്ക് ആശുപത്രിക്ക് 17.50 കോടി, ചാവക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് 10.80 കോടി, കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് 17.85 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
കോടതിയിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച ക്ലാര്‍ക്കിന് 23 വര്‍ഷം കഠിന തടവ്. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ മുന്‍ ബെഞ്ച് ക്ലര്‍ക്ക് മറ്റൂര്‍ സ്വദേശി മാര്‍ട്ടിനെയാണ് പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്.
പോക്‌സോ കേസ് പ്രതി കോടതി വളപ്പില്‍ കൈവിലങ്ങുകൊണ്ട് തലയ്ക്കിടിച്ച് സ്വയം പരിക്കേല്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശി അലക്‌സ് പാണ്ഡ്യനെതിരെ ആത്മഹത്യാശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണയ്ക്കുശേഷം പുറത്തിറങ്ങിയപ്പോഴാണ് സംഭവം.
കായംകുളത്തു സിപിഎം പ്രവര്‍ത്തകന്റെ ഹോട്ടല്‍ അടിച്ചു തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍. കരീലക്കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുന്‍ ബ്ലോക്ക് സെക്രട്ടറിയുമായ പ്രേംജിത്തിനെയാണു സസ്‌പെന്‍ഡ് ചെയ്തത്.
മലപ്പുറം നിലമ്പൂരില്‍ ട്രെയിനിന്‍െര എന്‍ജിന്‍ പാളം തെറ്റി. നിലമ്പൂരില്‍നിന്നു പാലക്കാട്ടേക്കു പോകുകയായിരുന്ന പാസഞ്ചറിന്റെ എന്‍ജിനാണ് പാളം തെറ്റിയത്. എന്ജിനില്‍ മറ്റു ബോഗിള്‍ ഘടിപ്പിച്ചിരുന്നില്ല.
വ്യാജവാര്‍ത്തകള്‍ തടയാന്‍ നടപടി വേണമെന്ന ആവശ്യവുമായി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളെ കേന്ദ്രസര്‍ക്കാര്‍ സമീപിച്ചു. യൂട്യൂബ്, എക്സ്, മെറ്റ, ഷെയര്‍ ചാറ്റ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളോടാണ് കേന്ദ്രസര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്. വീഡിയോകളുടെ മുകളിലായി ന്യൂസ് നോട്ട് വെരിഫൈഡ് എന്ന് രേഖപ്പെടുത്തണമെന്നു കേന്ദ്രം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രിക്കും അദാനിക്കുമെതിരേ ആരോപണം ഉന്നയിച്ച രാഹുല്‍ഗാന്ധിയുടെ ഡിഎന്‍എയില്‍പോലും അഴിമതിയാണെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ . നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജാമ്യത്തിലാണ്. നാഷനല്‍ ഹെറാള്‍ഡിനെക്കുറിച്ചോ റോബര്‍ട്ട് വധേരയുടെ അഴിമതിയെക്കുറിച്ചോ രാഹുല്‍ സംസാരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഘഗഡ് നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 53 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ചതോടെ ആകെ 83 മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി. ആകെ 90 മണ്ഡലങ്ങളാണ് ഛത്തീസ്ഗഡിലുള്ളത്.
ഐസിഐസിഐ ബാങ്കിന് ആര്‍ബിഐ 12.2കോടി രൂപയുടെ പിഴശിക്ഷ. വായ്പാ നിയമങ്ങള്‍ ലംഘിച്ചതിനും തട്ടിപ്പു റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതിനുമാണ് പിഴ.
ബാങ്ക് ഓഫ് ബറോഡയുടെ ഡിജിറ്റല്‍ ആപ്പ് ആയ ബോബ് വേള്‍ഡില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 60 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. 11 അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാര്‍ അടക്കമുള്ളവരാണ് സസ്‌പെന്‍ഷനിലായത്. വഡോദര റീജണിലുള്ളവരാണ് നടപടിക്കു വിധേയരായത്.
ആശുപത്രി ആക്രമണം ഇസ്രയേല്‍ നടത്തിയതാണെന്നു വിശ്വസിക്കുന്നില്ലെന്ന് അമേരിക്കല്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേലിനു പിന്തുണയുമായി ഇസ്രയേലില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചു. ഈജിപ്ത്, ജോര്‍ദാന്‍ ഭരണാധികാരികളെയും പലസ്തീന്‍ പ്രസിഡന്റിനേയും കാണാന്‍ ബൈഡന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ആശുപത്രി ആക്രമണത്തോടെ അറബ് നേതാക്കള്‍ കൂടിക്കാഴ്ച ഒഴിവാക്കാന്‍ തീരുമാനിച്ചു.
പശ്ചിമേഷ്യയില്‍ സമാധാനം വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശ്വാസികള്‍ സമാധാനത്തിന്റെ പക്ഷത്താകണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. ഈ മാസം 27 പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ഇതരമതവിശ്വാസികളെയും അദ്ദേഹം ക്ഷണിച്ചു.