മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ തോന്നുംപോലെ പിടിച്ചെടുക്കരുതെന്നു സുപ്രീംകോടതി. ഇതിനായി വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം തയ്യാറാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികള്‍ ഭരണകൂടമായി മാറുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ഫോണും ക്യംപൂട്ടറടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുക്കുന്ന പ്രവണ വര്‍ധിച്ചതിനെതിരേ മിഡിയ പ്രൊഫഷണല്‍സ് ഫൗണ്ടേഷന്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താസ്രോതസ് സംരക്ഷിക്കാനുള്ള അവകാശമുണ്ട്. സ്വകാര്യത മൗലിക അവകാശമാണെന്നും സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചു.
ഏഴു ദിവസമായി തിരുവനന്തപുരത്ത് നടത്തിയ കേരളീയം -2023 അടുത്ത വര്‍ഷങ്ങളിലും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പാരമ്പര്യവും പ്രൗഡിയും ലോകമെങ്ങും അറിയിക്കുന്ന പരിപാടിയാണിത്. കേരളീയം സമ്പൂര്‍ണ വിജയമായെന്നും പിണറായി അവകാശപ്പെട്ടു.
കേരളീയത്തിലെ ആദിമം പ്രദര്‍ശനം ഒരുക്കിയത് ആദിവാസി ഊരു മൂപ്പന്മാരുമായി ചര്‍ച്ച ചെയ്തശേഷമാണെന്ന് ഫോക്ക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍. ഒരുക്കിയതു കലാപ്രകടനമാണ്. വ്യാജപ്രചാരണങ്ങള്‍ ഏറ്റുപിടിച്ച് വിമര്‍ശിക്കരുതെന്നും ഫോക്ക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.
കേരളീയം സമാപന പരിപാടിയില്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ ഒ രാജഗോപാല്‍. ഒ രാജഗോപാലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങിലേക്ക് പ്രത്യേകം സ്വാഗതം ചെയ്തു. രാജഗോപാലിന്റെ ഇരിപ്പിടത്തിന് സമീപമെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഹസ്തദാനം നല്‍കി.
വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ അനുവദിക്കാത്തിന് കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസിനു മുന്നിലും പിന്നീട് റോഡില്‍ കിടന്നും സമരം ചെയ്ത പ്രവാസി സംരംഭകന്‍ ഷാജി മോന്‍ ജോര്‍ജ് സമരം അവസാനിപ്പിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമായതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
ഇഷ്ടമില്ലാത്ത വിഷയം സാമ്പത്തിക ശാസ്ത്രമായിരുന്നുവെന്നും പിന്നീട് അത് പഠിക്കാന്‍ പ്രേരിപ്പിച്ചത് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്ക് ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ‘വായനയിലെ ഉന്മാദങ്ങള്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലുവയില്‍ ദുരഭിമാനക്കൊലപാതകം. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് അച്ഛന്‍ വിഷം നല്‍കിയ 14 കാരി മരിച്ചു. കമ്പി വിടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച അച്ഛന്‍ കളനാശിനി ബലമായി വായിലേക്കൊഴിച്ചെന്നു കുട്ടി പോലീസിനു മൊഴി നല്‍കിയിരുന്നു. അച്ഛനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്നാര്‍ – കുമളി സംസ്ഥാനപാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെ രാത്രിയാത്ര നിരോധിച്ചു. വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറു വരെയാണ് ഗതാഗതം നിരോധിച്ചത്.
കല്‍പ്പറ്റ നടവയല്‍ സിഎം കോളജിലെ സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. എപി ഷരീഫ് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചെന്നു കേസ്. കെഎസ്യു പ്രവര്‍ത്തകരുടെ പരാതിയിലാണ് പനമരം പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം പഠിപ്പുമുടക്കിയ കെഎസ്യു പ്രവര്‍ത്തകരും പ്രിന്‍സിപ്പാളും തമ്മിലുണ്ടായ വാഗ്വാദം കൈയ്യാങ്കളിയില്‍ കലാശിച്ചിരുന്നു.
രാഹുല്‍ഗാന്ധിയുടെ രണ്ടാംഘട്ട ഭാരത് ജോഡോ യാത്ര അടുത്ത മാസം ആരംഭിച്ചേക്കും. ഡിസംബറിനും ഫെബ്രുവരിക്കും ഇടയില്‍# മാര്‍ച്ച് നടത്താനാണ് ആലോചന. കിഴക്കുനിന്ന് പടിഞ്ഞാറോട്ടായിരിക്കും യാത്ര.
രാജ്യത്തു കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോഴെല്ലാം നക്‌സലുകള്‍ ശക്തിപ്രാപിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചത്തീസ്ഗഡില്‍ ബിശ്രംപൂരില്‍ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി. കോണ്‍ഗ്രസ് അഴിമതിയിലും ലഹരിക്കടത്തിലുമാണ് അഭിരമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി മുസ്ലിം പെണ്‍കുട്ടിയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി. വിശാഖപട്ടണം സ്വദേശിയും രസതന്ത്രം ഗവേഷക വിദ്യാര്‍ഥിയുമായ ഷെയ്ക് ആയിഷയാണ് സ്ഥാനാര്‍ത്ഥി. എസ്എഫ്‌ഐ-എഎസ്എ-ടിഎസ്എഫ് സഖ്യത്തിനായി പിഎച്ച്ഡി വിദ്യാര്‍ത്ഥി മുഹമ്മദ് അതീഖ് അഹമ്മദും മത്സരിക്കും. വ്യാഴാഴ്ചയാണു തെരഞ്ഞെടുപ്പ്.
ഉത്തര്‍പ്രദേശിലെ നഗരമായ അലിഗഢിന്റെ പേര് ഹരിനഗര്‍ എന്നാക്കിമാറ്റാന്‍ അലിഗഢ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. ബിജെപിയുടെ മുനിസിപ്പല്‍ കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കണമെന്നു നിര്‍ദ്ദേശിച്ചത്. നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പേരുമാറ്റം സാധ്യമാകുമെന്ന് അലിഗഡ് മേയര്‍ പ്രശാന്ത് സിംഗാള്‍ പറഞ്ഞു.
ഡീപ്‌ഫേക്കുകള്‍ക്കെതിരെ സാമൂഹ്യമാധ്യമ പ്‌ളാറ്റ്‌ഫോമുകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഡീപ്‌ഫേക്കുകള്‍ തടയാന്‍ ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകള്‍ക്ക് ബാധ്യതയുണ്ടെന്നും പരാതി കിട്ടിയാല്‍ 36 മണിക്കൂറിനുള്ളില്‍ നീക്കണമെന്നും കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഇരയായവര്‍ക്ക് നിയമനടപടി സ്വീകരിക്കാന്‍ അവകാശമുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പൊതുമേഖലാ എണ്ണ കമ്പനികളുടെ ആകെ ലാഭം 27,295 കോടി രൂപ. ഉയര്‍ന്ന ക്രൂഡ് വില കാരണം കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഷ്ടം നേരിട്ട സ്ഥാനത്താണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ , ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ ലാഭം നേടിയത്.