കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയി. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാണാതായത്. മൂത്ത മകന് ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴാണ് സംഭവം. ഓയൂര്‍ കാറ്റാടിമുക്കില്‍ വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറില്‍ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു.
നവകേരള സദസിലും ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്. ഗതാഗത മന്ത്രിയുടെ ഓഫീസില്‍ ലഭിച്ച ഭീഷണിക്കത്ത് ഡിജിപിക്കു കൈമാറി. കന്‍ോണ്‍മെന്റ് പൊലീസ് കേസെടുത്തു.
പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പറഞ്ഞത് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറത്ത് നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു സര്‍ക്കാരായതുകൊണ്ടാണ് അങ്ങനെ പറയാന്‍ കഴിഞ്ഞത്. തങ്ങള്‍ മത നിരപേക്ഷമാണെന്ന് അവകാശപ്പെട്ടാല്‍ മാത്രം മതനിരപേക്ഷമാകില്ല. അതിന് ഉരകല്ലുണ്ട്. വര്‍ഗീയതയോട് സന്ധി ചെയ്യില്ലെന്നതാണ് ആ ഉരകല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന് മാടമ്പിയെപോലെ പെരുമാറുന്നുവെന്നും താനാണ് കോണ്‍ഗ്രസിന്റെ എല്ലാമെന്ന ധാരണയാണ് അദ്ദേഹത്തിനെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കെപിസിസി പ്രസിഡന്റിനെ പോലും സതീശന് അപ്രസക്തനാക്കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കെ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് നവകേരള സദസില്‍ ആവശ്യപ്പെട്ട പാണക്കാട് കുടുംബാംഗം ഹസീബ് തങ്ങളോട് ‘കെ റെയില്‍ പോലൊരു മികച്ച പദ്ധതി നടപ്പിലാക്കാതിരിക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഹസീബ് തങ്ങള്‍ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപെടുത്തിയത്. മുഖ്യമന്ത്രിയുടെ മറുപടി ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും ഹസീബ് തങ്ങള്‍ പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന പരിപാടിയെ ബഹിഷ്കരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന ആമുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചത്.
നവകേരള സദസിന് വേദിയാകുന്ന എറണാകുളം പെരുമ്പാവൂര്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മതിലും സ്റ്റേഡും കൊടിമരവും പൊളിക്കണമെന്ന് സംഘാടക സമിതി. സംഘാടക സമിതി ചെയര്മാന് ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്കു നല്കിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പിന്നീട് അവയെല്ലാം നിര്‍മിച്ചുതരാമെന്ന വാഗ്ദാനവും കത്തിലുണ്ട്.
തിരൂരില്‍ നവകേരള സദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡു ചെയ്തു. മലപ്പുറം ഡിസിസി അംഗം എപി മൊയ്തീനെയാണ് മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയി സസ്പെന്‍ഡു ചെയ്തത്.
കുസാറ്റ് ദുരന്തത്തിനു പിറകേ സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹുവിനെ മാറ്റി. രജിസ്ട്രാക്കു പ്രിന്‍സിപ്പല്‍ നല്കിയ കത്ത് പുറത്തായതിനു പിറകേയാണ് നടപടി.
കുസാറ്റില്‍ തിക്കിലും തിരക്കിലുംപ്പെട്ട് നാലു പേര് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. സുരക്ഷാ വീഴ്ച അടക്കം പരിശോധിച്ച് വിശദീകരണം നല്കാന് ആലുവ റൂറല്‍ എസ്.പിക്കും കൊച്ചി സര്‍വകലാശാലാ രജിസ്ട്രാര്‍ക്കും മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്കി.
തൃശൂരില്‍ 30 വര്‍ഷമായി ക്ലിനിക് നടത്തിയിരുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍. ബംഗാള്‍ സ്വദേശി ദിലീപ് കുമാര്‍ സിക്താര്‍ ആണ് പിടിയിലായത്. ഇയാളുടെ ക്ലിനിക്കില്‍ നിന്ന് മരുന്നുകളും ഉപകരമണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കോഴിക്കോട് വളയത്ത് ബീഹാര്‍ സ്വദേശി മാലികിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. ബീഹാര്‍ സ്വദേശി ബച്ചന് ഋഷിയെയാണ് വടകര സെഷന്‍സ് കോടതി ശിക്ഷിച്ചത്. അര ലക്ഷംരൂപ പിഴത്തുക കൊല്ലപ്പെട്ട മാലികിന്റെ ഭാര്യക്ക് നല്‍കണം. 2022 മെയ് 21 നാണ് വളയം – കല്ലാച്ചി റോഡ് പണിക്കെത്തിയ തൊഴിലാളി മാലിക് കൊല്ലപ്പെട്ടത്.
അര കിലോയോളമുള്ള കല്ല് മൂത്രസഞ്ചിയില്‍നിന്നു നീക്കം ചെയ്തു. ഓച്ചിറ സ്വദേശി അബ്ദുല്‍ റഹ്മാന് കുഞ്ഞ് എന്ന 65 കാരന്റെ മൂത്ര സഞ്ചിയില്‍ നിന്നാണ് 15 സെന്റീമീറ്റര്‍ വലിപ്പമുള്ള രണ്ട് കല്ലുകളാണ് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ യൂറോളജി വിഭാഗം നീക്കം ചെയ്തത്.
പാലിന്റെയും മാംസത്തിന്റെയും ഉല്പാദനത്തില് രാജ്യത്ത് ഉത്തര്‍പ്രദേശിന് ഒന്നാം സ്ഥാനം. ആകെ പാല് ഉല്‍പ്പാദനത്തില്‍ 15.72 ശതമാനവും ഉത്തര്‍പ്രദേശില്‍നിന്നാണ്. മൊത്തം മാംസ ഉല്പാദനത്തിലെ 12.20 ശതമാനവും യുപിയില്‍നിന്നാണ്. 2022-23 ല്‍ രാജ്യത്തെ മൊത്തം പാല് ഉല്‍പ്പാദനം 2305.8 ലക്ഷം ടണ്ണാണ്. 2മാംസ ഉല്‍പ്പാദനം 97.7 ലക്ഷം ടണ്ണാണ്.
കര്‍ണാടകയില്‍ തൊള്ളായിരത്തോളം ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ പിടിയിലായി. ഡോ. ചന്ദന്‍ ബല്ലാല്‍ എന്നയാളും സഹായിയും ലാബ് ടെക്നീഷ്യനുമായ നിസാറുമാണ് പിടിയിലായത്. മൂന്നു വര്‍ഷത്തിനിടെയാണ് ഇവര്‍ ഇത്രയേറെ അബോര്ഷന് നടത്തിയത്.
സാമൂഹിക മാധ്യമ ആപ്പില്‍ പങ്കുവച്ച ചൈനീസ് സ്ത്രീയുടെ വില്പത്രം കോടതി റദ്ദാക്കി. സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട വില്‍പ്പത്രം നിലനില്‍ക്കില്ലന്ന് കോടതി വിധിക്കുകയായിരുന്നു. സ്ത്രീയുടെ മരണത്തിന് പിന്നാലെ വില്‍പ്പത്രത്തിന്റെ ഉള്ളടക്കത്തെ ചൊല്ലി മക്കളും മുത്തശ്ശിയും തമ്മില്‍ തര്‍ക്കമുണ്ടായതോടെയാണ് കേസ് കോടതിയിലെത്തിയത്.