മണിപ്പൂര്‍ കത്തിയെരിയുന്നു. കലാപങ്ങളില്‍ അനേകം പേര്‍ കൊല്ലപ്പെട്ടെന്നാണു വിവരം. കണ്ടാലുടന്‍ വെടിയുമായാണ് സൈന്യത്തിന്റെ മുന്നേറ്റം. ആരാധനാലയങ്ങളും വീടുകളും അടക്കമുള്ളവ ഇരുവിഭാഗത്തുമുള്ള അക്രമികള്‍ കത്തിച്ചു. കൊല്ലപ്പെട്ടവരുടേയും നാശനഷ്ടങ്ങളുടേയും വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. കലാപബാധിത മേഖലകളിലെ പന്തീരായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. ഭൂരിപക്ഷ സമുദായത്തിന് പട്ടികവര്‍ഗ പദവിയും സംവരണവും ഏര്‍പ്പെടുത്തിയ ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ ഗോത്രവര്‍ഗ വിഭാഗങ്ങളുടെ പ്രതിഷേധമാണ് കലാപമായി മാറിയത്. എട്ടു ജില്ലകളില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും തുടരുന്നു. ബിജെപി സര്‍ക്കാരിന്റെ വര്‍ഗീയ കലാപമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മണിപ്പൂരിലെ മലയാളി വിദ്യാര്‍ത്ഥികളെ ഡല്‍ഹി വഴി നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി.
ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം ഇന്നു 11 ന്. ലോകരാഷ്ട്രങ്ങളിലെ നേതാക്കള്‍ അടക്കം 2,800 അതിഥികളുടെ സാന്നിധ്യത്തിലാണ് കിരീടധാരണം. 70 വര്‍ഷത്തിനുശേഷമാണു ബ്രിട്ടനില്‍ കിരീടധാരണ ചടങ്ങുകള്‍ നടക്കുന്നത്. (ലോകം കാത്തിരിക്കുന്ന കിരീടധാരണം … https://youtu.be/_IPh_NE-O-CQo )
കേരളം സുന്ദരമാണ്, എന്നാല്‍ അവിടത്തെ ഭീകര ഗൂഡാലോചനയാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമ തുറന്നു കാട്ടുന്നതെന്ന വിവാദ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകത്തിലെ ബെല്ലാരിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തെ കോണ്‍ഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
എഐ ക്യാമറ, കെ ഫോണ്‍ തുടങ്ങിയ എല്ലാ ഇടപാടുകളിലും ഉപകരാറുകള്‍ പ്രസാഡിയോക്കു നല്‍കിയത് എങ്ങനെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നോക്കിനില്‍ക്കുന്ന പ്രസാഡിയോക്ക് 60 ശതമാനം നോക്കുകൂലി. പണം മുടക്കുന്ന കമ്പനിക്ക് 40 ശതമാനം ലാഭം. ഇത് എവിടുത്തെ ഏര്‍പ്പാടാണ്? ഉപകരാര്‍ ആര്‍ക്കാണെന്ന് സര്‍ക്കാര്‍ അറിയേണ്ടേ? വ്യവസായ മന്ത്രി രേഖകള്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കാമറ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവും പ്രസാഡിയോയും തമ്മിലുള്ള ബന്ധത്തിന് തെളിവെന്തെന്ന് വ്യവസായ മന്ത്രി പി. രാജീവ്. പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ മുള്ളിയാല്‍ തെറിച്ച ബന്ധം മാത്രമാണുള്ളത്. മന്ത്രി പറഞ്ഞു.
എഐ ക്യാമറ ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ബന്ധു പ്രകാശ് ബാബുവിനെതിരേയും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം വേണം. കോടികളുടെ അഴിമതി നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണു പുറത്തുവന്നിരിക്കുന്നത്. തെളിവു ഹാജരാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ശോഭ സുരേന്ദ്രന്‍.
എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അഴിമതിയില്‍ അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുള്ളതു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ ബന്ധുവുമായിട്ടുള്ള ബന്ധം പുറത്തുവന്നിരിക്കേല്‍ കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന് ഉറപ്പിക്കാമെന്നും സുരേന്ദ്രന്‍.
റിയാദിലെ ഖാലിദിയ്യയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തില്‍ രണ്ടു മലയാളികള്‍ അടക്കം ആറ് പ്രവാസികള്‍ മരിച്ചു. വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍ അബ്ദുല്‍ ഹക്കീം (31), മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കവുങ്ങല്‍ത്തൊടി വീട്ടില്‍ ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികള്‍.
തൃശൂര്‍ പുതുക്കാട് ജംഗ്ഷനിലെ സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കു പിറകില്‍ ടോറസ് ഇടിച്ച് എട്ടു വാഹനങ്ങള്‍ തകര്‍ന്നു. നാലു കാറുകളും ഒരു ടെംബോയും രണ്ട് സ്‌കൂട്ടറുകളുമാണ് ഇടിയേറ്റ് തകര്‍ന്നത്. പെരുമ്പാവൂരില്‍ നിന്ന് പൊള്ളാച്ചിക്ക് പോകുകയായിരുന്ന ടോറസിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ട്.
വന്ദേഭാരത് ട്രെയിന്‍ ആറു ദിവസംകൊണ്ട് ടിക്കറ്റ് വില്‍പനയിലൂടെ നേടിയത് രണ്ടേമുക്കാല്‍ കോടി രൂപ. ഇതിനകം 27,000 പേര്‍ ട്രെയിനില്‍ യാത്ര ചെയ്തു. മേയ് 14 വരെയുള്ള ടിക്കറ്റുകളെല്ലാം ബുക്കു ചെയ്തു കഴിഞ്ഞു. എക്‌സിക്യൂട്ടീവ് ക്ലാസിനാണു കൂടുതല്‍ ഡിമാന്‍ഡ്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് ചെയര്‍കാറില്‍ 1,520 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസില്‍ 2,815 രൂപയുമാണ് നിരക്ക്. ഭക്ഷണം അടക്കമാണ് ഈ തുക.
ഭാര്യ കൈവശപ്പെടുത്തിയ പെന്‍ഡ്രൈവ് ആവശ്യപ്പെട്ട് മര്‍ദിച്ചെന്ന കേസില്‍ പ്രതികളായ ഭര്‍ത്താവിന്റേയും രണ്ടു സഹോദരങ്ങളുടേയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. നാദാപുരം ചാലപ്പുറം സ്വദേശികളായ കുന്നോത്ത് ജാഫറിന്റേയും സഹോദരങ്ങളുടേയും ജാമ്യപേക്ഷയാണ് കോഴിക്കോട് സെഷന്‍സ് കോടതി തള്ളിയത്. വടകര കീഴല്‍ സ്വദേശി റുബീനയെ മര്‍ദിച്ചെന്നാണു കേസ്.
സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആര്‍ പ്രദീപ് സിപിഎം ഇലന്തൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ തൂങ്ങി മരിച്ചു. സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഏരിയ കമ്മിറ്റി യോഗത്തിന് എത്താതിരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
പത്തനംതിട്ട മലയാലപ്പുഴയില്‍ മന്ത്രവാദ കേന്ദ്രത്തില്‍ മൂന്നുപേരെ പൂട്ടിയിട്ട സംഭവത്തില്‍ പ്രതികളായ രണ്ടു പേര്‍ കീഴടങ്ങി. പ്രതികളായ ശോഭന, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് കീഴടങ്ങിയത്.
മലമ്പുഴ ഡാം പരിസരത്തെ ജനവാസ മേഖലയില്‍ പുതിയ ഭീഷണിയായി ടസ്‌ക്കര്‍ പതിനാലാമന്‍. പാലക്കാട് ടസ്‌ക്കര്‍ പതിനാലാമന്‍ എന്ന പി ടി 14 മദപ്പാടോടെയാണ് എത്തിയതെന്നാണ് വിവരം.
കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ അരിക്കൊമ്പന്റെ വിളയാട്ടം. ഇരവങ്കലാര്‍ എസ്റ്റേറ്റിലെ ലയത്തിലെ വീട് തകര്‍ത്ത് അരി തിന്നത് അരിക്കൊമ്പനെന്ന് സംശയം. കറുപ്പുസ്വാമി എന്ന തൊഴിലാളിയുടെ ലയമാണ് തകര്‍ത്തത്.
ജമ്മു കാഷ്മീരിലെ രജൗരി സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. അഞ്ച് ഇന്ത്യന്‍ സൈനികര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്നു വ്യക്തമല്ല.
എന്‍സിപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച ശരത് പവാര്‍ രാജി പിന്‍വലിച്ചു. പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ നിയോഗിച്ച പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി സമ്മര്‍ദം ചെലുത്തിയതോടെയാണ് രാജി പിന്‍വലിച്ചത്. മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും പാര്‍ലമെന്റു തെരഞ്ഞെടുപ്പു വരെയെങ്കിലും തുടരണമെന്ന് പവാറിനോട് ആവശ്യപ്പെട്ടിരുന്നു.
ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയര്‍വെയ്‌സ് ഓഫീസുകളിലും സിബിഐ റെയ്ഡ്. കാനറാ ബാങ്കില്‍നിന്നെടുത്ത വായ്പ വകമാറ്റി ചെലവാക്കി തിരിച്ചടവു മുടക്കിയതു സംബന്ധിച്ച പരാതിയിലാണ് അന്വേഷണം. നരേഷ് ഗോയല്‍, ഭാര്യ അനിത ഗോയല്‍, കമ്പനി മുന്‍ ഡയറക്ടര്‍ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികളിലാണു റെയ്ഡ് ചെയ്തത്.
യുക്രെയിന്റെ പതാക തട്ടിപ്പറിച്ചെടുത്ത റഷ്യന്‍ നയതന്ത്ര പ്രതിനിധിയെ യുക്രെയിന്റെ നയതന്ത്ര പ്രതിനിധിയുടെ വക അടി. അന്താരാഷ്ട്ര വേദിയിലെ ഡിപ്ലോമാറ്റിക് അടി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ നടന്ന ബ്ലാക്ക് സീ ഇക്കോണമിക് കമ്മ്യൂണിറ്റിയുടെ കോണ്‍ഫറന്‍സിലാണ് അടിപൊട്ടിയത്. സമ്മേളന വേദിയിലുണ്ടായിരുന്ന യുക്രെയ്ന്‍ എം പി ഒലക്‌സാണ്ടര്‍ മാരിക്കോവ്‌സ്‌ക്കിയുടെ കയ്യില്‍നിന്നും യുക്രെയിനിന്റെ ദേശീയ പതാക റഷ്യന്‍ പ്രതിനിധി തട്ടിപ്പറിച്ചു. യുക്രെയ്ന്‍ എം പി പിറകേയെത്തി അടികൊടുത്ത് പതാക തിരിച്ചു വാങ്ങി. സമ്മേളനത്തിനെത്തിയ മറ്റു പ്രതിനിധികളാണ് ഇരുവരെയും പിടിച്ചു മാറ്റിയത്.