ബ്രിജ് ഭൂഷണെതിരേ സമരം നയിക്കുന്ന ഗുസ്തിതാരങ്ങള്‍ രാജ്യാന്തര മല്‍സരങ്ങളില്‍ നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാന്‍ ഹരിദ്വാറില്‍. ഒളിംബിക്സ് മെഡല്‍ നേടിയ സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും അടങ്ങുന്ന സംഘമാണ് മെഡലുകള്‍ നെഞ്ചോടു ചേര്‍ത്തു പൊട്ടിക്കരഞ്ഞത്. താരങ്ങള്‍ക്കു പിന്തുണയുമായി ആയിരങ്ങളാണ് ഹരിദ്വാറില്‍ എത്തിയത്. മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതു തടയാന്‍ ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്ത് അടക്കമുള്ളവര്‍ ഹരിദ്വാറില്‍ എത്തിയിട്ടുണ്ട്.
ഇന്റര്‍നെറ്റ് കണക്ഷന് കൊടുത്ത് പാവപ്പെട്ടവരെ സ്വാധീനിക്കാന്‍ പിണറായി വിജയനു സാധിക്കില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്. എ.ഐ ക്യാമറയില്‍ തീവെട്ടിക്കൊള്ളയാണ് നടന്നതെങ്കില്‍ കെ ഫോണ്‍ പദ്ധതി 1500 കോടിയുടെ അഴിമതി നടത്താന്‍ വേണ്ടി മാത്രം പടച്ചുണ്ടാക്കിയതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
കണ്ണൂര്‍ വിസി നിയമനത്തില്‍ സ്വജനപക്ഷപാതമുണ്ടെന്ന ഗവര്‍ണറുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയാണു തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
പുല്‍പ്പള്ളിയില്‍ ജീവനൊടുക്കിയ രാജേന്ദ്രന് ജപ്തി നോട്ടീസ് അയച്ചിട്ടില്ലെന്ന് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി. 2016 ല്‍ അധികാരത്തിലിരുന്ന ഭരണ സമിതിക്കെതിരെ വായ്പാ തിരിമറിക്കു രാജേന്ദ്രന് പരാതി നല്‍കിയത്. വിജിലന്‍സ് കേസെടുത്ത് ഭരണ സമിതി അംഗങ്ങള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. എട്ടു കോടി 30 ലക്ഷം രൂപ തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങിയെന്നും ബാങ്ക് ഭരണ സമിതി പറയുന്നു.
അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ആവശ്യമായ ചികിത്സ നല്‍കണം, തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം, കേരളത്തിലെ ഉള്‍വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
തന്നെ സംസ്ഥാന സെക്രട്ടറിയാക്കാതിരിക്കാന്‍ സംസ്ഥാനത്തെ ചിലെ നേതാക്കള്‍ അട്ടിമറി നടത്തിയെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്. കനല്‍വഴികള്‍ എന്ന ആത്മകഥയുടെ പ്രകാശന ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായപരിധി കടമ്പയാക്കിയാണ് കാനം പക്ഷം ദിവാകരനെ വെട്ടിയത്. യൂണിവേഴ്സിറ്റി കോളേജിലെ പഠനകാലത്ത് ഒരു കന്യാസ്ത്രീയോട് തോന്നിയ കടുത്ത പ്രണയത്തെ കുറിച്ചടക്കം വെളിപ്പെടുത്താത്ത പല വിവരങ്ങളും ആത്മകഥയിലുണ്ട്.
കെഎംഎസ്സിഎല് ഗോഡൗണുകളിലെ തുടര്‍ച്ചയായ തീപ്പിടുത്തങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പത്തു ദിവസത്തിനുള്ളില്‍ മൂന്നു ഗോഡൗണുകളാണു കത്തിയത്. തീകെടുത്തുന്നതിനിടെ ഒരു ഫയര്മാന് മരിച്ചു, കോടികളുടെ നഷ്ടമുണ്ടായി. സ്റ്റോക്കുള്ള ബ്ലീച്ചിംഗ് പൗഡറുകള്‍ ആശുപത്രികളിലെ സ്റ്റോറുകളില്‍നിന്ന് മറ്റൊരിടത്തേക്കു മാറ്റാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി.
അടുത്ത അഞ്ചു ദിവസം കാറ്റോടു കൂടിയ മഴക്കു സാധ്യത. ഇടിമിന്നലും ഉണ്ടാകും. നാളെയും മറ്റന്നാളും ഇടുക്കി ജില്ലയിലും രണ്ടാം തിയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലെര്‍ട്ട്.
ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പല്ലെന്നും തനിക്കു കൊലപാതകത്തില്‍ പങ്കില്ലെന്നും പ്രതി ഫര്‍ഹാന. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയാണ്. കൊലപാതകം നടക്കുമ്പോള്‍ താന്‍ മുറിയിലുണ്ടായിരുന്നു. താന്‍ സാക്ഷി മാത്രമാണെന്നാണ് ഫര്‍ഹാനയുടെ മറുപടി.
എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ സിപിഒ ഷൈന്‍ ജിത്ത് ജീവനൊടുക്കി. വൈക്കം സ്വദേശിയായ ഇയാള്‍
കുടുംബവുമൊത്ത് വൈക്കം നാനാടത്ത് താമസിച്ചു വരികയായിരുന്നു. മെഡിക്കല്‍ ലീവ് കഴിഞ്ഞ് ജോലിക്ക് പ്രവേശിക്കാനിരിക്കേയാണ് ജീവനൊടുക്കിയത്.
നടന് ഹരീഷ് പേങ്ങന് അന്തരിച്ചു. 49 വയസായിരുന്നു. ഗുരുതര കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ജിദ്ദയിലും നാട്ടിലും ബിസിനസുകാരനായ മലപ്പുറം കാളികാവ് അഞ്ചച്ചവിടി സ്വദേശി ഹംസ കണ്ടപ്പന്‍ എന്ന സീക്കോ ഹംസ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച. 66 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
തനിക്കു വായിക്കാന്‍ അറിയുമോയെന്ന ഡോക്ടറുടെ അധിക്ഷേപത്തിന് മറുപടി പറഞ്ഞെങ്കില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുടുക്കി ജയിലില്‍ കിടക്കേണ്ടി വരുമായിരുന്നെന്നു മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പ്രഫസറായ ഡോ. മുഹമ്മദ് ഇര്‍ഷാദ്. അംഗപരിമിതര്‍ക്കുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി കൊല്ലം ആര് എം ഓ ഓഫീസില്‍ എത്തിയപ്പോഴാണ് ഇര്‍ഷാദിന് ദുരനുഭവമുണ്ടായത്. നൂറു ശതമാനം ശാരീരിക വൈകല്യമുള്ളവര്‍ക്കാണ് റെയില്‍വെ ആനുകൂല്യമെന്നായിരുന്നു ഡോക്ടറുടെ വാദം. നൂറു ശതമാനം അംഗപരിമിതര്‍ എങ്ങനെ യാത്ര ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ അതു താന്‍ റയില്‍വേയോട് ചോദിക്കൂവെന്നാണു ഡോക്ടറുടെ മറുപടി. ഇര്‍ഷാദ് സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
തൃശൂര്‍ അരിമ്പൂരില്‍ ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാലുകാരന് മുങ്ങിമരിച്ചു. മനക്കൊടി ഏലോത്ത് ശങ്കരയ്ക്കല്‍ വീട്ടില്‍ പ്രതീഷ് – മായ ദമ്പതികളുടെ മകന് അക്ഷയ് ആണ് മരിച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ 64 ലക്ഷം രൂപ വരുന്ന 1048 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്തിനെ അറസ്റ്റു ചെയ്തു.
ഡല്‍ഹി സര്‍ക്കാരിനെതിരായ കേന്ദ്രസര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു പിന്തുണണെയന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പിന്തുണ തേടി കേജരിവാള്‍ സിപിഎം ആസ്ഥാനത്ത് എത്തി കേജരിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ നയിക്കുന്ന ശിവസേനയിലെ 22 എംഎല്‍എമാരും ഒമ്പത് എംപിമാരും പാര്‍ട്ടി വിടുമെന്ന് ഉദ്ധവ് താക്കറെ പക്ഷ ശിവസേനയുടെ മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയല്‍. ബിജെപിയുടെ രണ്ടാനമ്മ പെരുമാറ്റത്തില്‍ ശ്വാസമുട്ടുന്ന എംപിമാരും എംഎല്‍എമാരും രാജിവയ്ക്കുമെന്നാണ് ഉദ്ധവ് പക്ഷം അവകാശപ്പെടുന്നത്.
കര്‍ണാടകത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 31 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി ക്ഷാമബത്ത വര്‍ധിപ്പിച്ചു. ശമ്പളവും പെന്‍ഷനും വര്‍ധിക്കും. ബിജെപി സര്‍ക്കാര്‍ ഫെബ്രുവരി 28-ന് ഇടക്കാല ആശ്വാസമായി 17 ശതമാനം ശമ്പള വര്‍ദ്ധന നടപ്പാക്കിയിരുന്നു. ഏഴാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് അനുസരിച്ചാണ് ഇപ്പോള്‍ 35 ശതമാനം വരെ ക്ഷാമബത്ത വര്‍ധിപ്പിച്ചത്.
സുഹൃത്ത് കുത്തിക്കൊന്ന പതിനാറുകാരിയുടെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ പത്തു ലക്ഷം രൂപ നല്‍കും. പ്രതിയായ സാഹിലിനെ കുടുക്കിയത് ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണെന്നു പോലീസ്.