night news hd 19

 

പ്രതികളെ ആശുപത്രികളില്‍ കൊണ്ടുപോകുന്നതിനു പ്രോട്ടോകോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയാറാക്കണമെന്ന് ഹൈക്കോടതി. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നതു പോലെതന്നെയാണ് ഡോക്ടര്‍മാര്‍ക്കു മുന്നില്‍ പ്രതികളെ കൊണ്ടുവരുന്നതെന്ന് പറയാനാവില്ല. പ്രതികളെ എങ്ങനെയാണു ഹാജരാക്കേണ്ടതെന്ന വ്യവസ്ഥകളടങ്ങിയ മാനദണ്ഡം ഉടനേ തയാറാക്കി നടപ്പാക്കണം. എന്നാല്‍ രണ്ടാഴ്ച സമയം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതിനകം എന്തെങ്കിലും സംഭവിച്ചാല്‍ ആര്‍ക്കാണ് ഉത്തരവാദിത്തമെന്ന് കോടതി ചോദിച്ചു.

ജൂണ്‍ ഏഴു മുതല്‍ അനിശ്ചിതകാല ബസ് സമരം. വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് യാത്രാ നിരക്കിന്റെ പുതിയാക്കി വര്‍ദ്ധിപ്പിക്കുക, കണ്‍സഷന് പ്രായപരിധി നിശ്ചയിക്കുക, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കുക, പെര്‍മിറ്റ് നിലനിര്‍ത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പന്ത്രണ്ട് ബസുടമ സംഘടനകളുടെ ഏകോപന സമിതിയാണ് കൊച്ചിയില്‍ സമര പ്രഖ്യാപനം നടത്തിയത്. നാളെ സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കും.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ പാലാക്കാരി ഗഹനാ നവ്യ ജെയിംസ് ആറാം റാങ്ക് നേടി. മലയാളിയായ വി.എം. ആര്യ 36-ാം റാങ്കു കരസ്ഥമാക്കി. ഇഷിത കിഷോറിനാണ് ഒന്നാം റാങ്ക്. 933 പേരുടെ റാങ്ക് പട്ടികയില്‍ ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. സിവില്‍ സര്‍വീസ് പാസായ 933 പേരുടെ പട്ടികയാണ് യുപിഎസ്സി പ്രഖ്യാപിച്ചത്.

വീല്‍ ചെയറിലിരുന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 913 ാം റാങ്കു നേടി വയനാട്ടുകാരി ഷെറിന്‍ ഷഹാന. കമ്പളക്കാട് തേനൂട്ടിക്കല്ലിങ്ങല്‍ പരേതനായ ഉസ്മാന്റേയും ആമിനയുടേയും മകളാണ് ഈ ഇരുപത്തഞ്ചുകാരി. രണ്ടു വര്‍ഷംമുമ്പ് വീടിന്റെ ടെറസില്‍നിന്നു വീണു പരിക്കേറ്റതിനാലാണു വീല്‍ ചെയറിലാകേണ്ടി വന്നത്.

ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കു പുറമേ, അധിക്ഷേപം, അസഭ്യം പറയല്‍ എന്നിവ നിയമത്തിന്റെ പരിധിയില്‍ വരും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തിന് ഏഴു വര്‍ഷംവരെ തടവുശിക്ഷയാണ് പുതിയ നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഏഴു വര്‍ഷം പ്രചാരത്തിലുള്ള കറന്‍സി പിന്‍വലിച്ചത് കറന്‍സി ശക്തമല്ലെന്ന സന്ദേശമാണു നല്‍കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള സമ്പദ് ഘടനയുടെ അവിഭാജ്യ ഘടകമാണ് വ്യാപാര സമൂഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഗ്നിശമന മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അഗ്നിശമന സേനാ വിഭാഗത്തിന്റെ എന്‍ഒസി ഇല്ലാത്തതുമായ കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രം കത്തി നശിച്ചിരിക്കേ, കോര്‍പറേഷന്റെ എല്ലാ മരുന്നു സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ്, ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷാ ഓഡിറ്റ് നടത്തുക. ആശുപത്രികളില്‍ അഗ്നിശമന സേനയുടെ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

അരിക്കൊമ്പന് അരി വാങ്ങാനെന്ന പേരില്‍ പണപ്പിരിവു നടത്തുന്ന വാട്ട്‌സാപ്പ് കൂട്ടായ്മകളെക്കുറിച്ച് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികള്‍ക്കും അരി വാങ്ങി നല്‍കാനെന്നും പറഞ്ഞാണ് പണപ്പിരിവ്. പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമന ഡിജിപിയ്ക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം.

അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യത. ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും 26 നും 27 നും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഞ്ഞ അലര്‍ട്ട്.

ഡോ വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിനെ മാനസിക നില പരിശോധിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദീപിന് സുരക്ഷ നല്‍കണമെന്ന് കോടതി പൊലീസിനു നിര്‍ദ്ദേശം നല്‍കി. ഒരാഴ്ചയെങ്കിലും കിടത്തി പരിശോധിച്ചാലേ സന്ദീപിന്റെ മാനസികാരോഗ്യം വിലയിരുത്താനാവൂവെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വന്ദേ ഭാരത് എക്‌സ്പ്രസിനുനേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നും ട്രെയിനിനെ ലക്ഷ്യംവച്ചല്ല എറിഞ്ഞതെന്നുമാണ് പ്രതിയുടെ മൊഴി. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ യുവാവിനെ അറസ്റ്റുചെയ്തു. കുണ്ടമന്‍കടവില്‍ വാടകയ്ക്കു താമസിക്കുന്ന അക്ഷയ് ആണ് അറസ്റ്റിലായത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശുചിമുറിയില്‍ യുവാവ് തൂങ്ങിമരിച്ചു. കുടപ്പനക്കുന്ന് വിശ്വഭാരതി തെക്കേവീട്ടില്‍ കണ്ണന്‍ (35)ആണു മരിച്ചത്. ഇയാള്‍ രോഗിയോ കൂട്ടിരിപ്പുകാരനോ അല്ലെന്നു പോലീസ്.

മണിപ്പൂര്‍ ശാന്തമാകുന്നു. മെയ്തെയ് വിഭാഗം ന്യൂനപക്ഷമായ മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചു. ന്യൂ ചെക്കോണ്‍ മേഖലയില്‍ കടകള്‍ അടപ്പിച്ച് ഹര്‍ത്താലിനു ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണം. മറുവിഭാഗം ആളൊഴിഞ്ഞ വീടുകളും പള്ളിയും തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു.

ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയില്‍ എട്ടു ലക്ഷം രൂപയുടെ രണ്ടായിരത്തിന്റെ നോട്ടുകള്‍. ഹിമാചല്‍ പ്രദേശിലെ കംഗ്ര ജില്ലയിലെ മാ ജ്വാല ദേവി ക്ഷേത്രത്തിനു മുന്നിലെ കാണിക്ക വഞ്ചിയിലാണ് രണ്ടായിരത്തിന്റെ 400 നോട്ടുകള്‍ ആരോ നിക്ഷേപിച്ചത്.

നമീബിയയില്‍നിന്നു കൊണ്ടുവന്ന ചീറ്റ പ്രസവിച്ച നാലു കുഞ്ഞുങ്ങളില്‍ ഒരെണ്ണം ചത്തു. ജ്വാല എന്ന ചീറ്റയുടെ കുഞ്ഞാണ് ചത്തത്. നിര്‍ജലീകരണംമൂലമാണു ചത്തതെന്നാണു പ്രാഥമിക വിലയിരുത്തല്‍.

അപാര്‍ട്ടുമെന്റില്‍ ഐപിഎസ് ഓഫീസറുടെ കാറില്‍ ഇടിക്കുകയും ചവിട്ടുകയും ചെയ്തതിന് ടോളിവുഡ് താരം ഡിംപിള്‍ ഹയാതിക്കും പ്രതിശ്രുത വരന്‍ വിക്ടര്‍ ഡേവിഡിനുമെതിരെ ക്രിമിനല്‍ കേസ്. ജൂബിലി ഹില്‍സ് പൊലീസാണ് കേസെടുത്തത്. പാര്‍ക്കിംഗ് സ്ഥലത്ത് ഐപിഎസ് ഓഫീസര്‍ രാഹുലിന്റെ കാറില്‍ നടിയുടെ പ്രതിശ്രുതവരന്റെ വാഹനം അബദ്ധത്തില്‍ ഇടിച്ചു. ഐപിഎസ് ഓഫീസറുടെ ഡ്രൈവര്‍ ചേതന്‍ കുമാറുമായി തര്‍ക്കമായി. പ്രകോപിതയായ ഡിംപിള്‍ ഹയാതി കാറില്‍ ചവിട്ടി. ഡ്രൈവറുടെ പരാതിയിലാണു കേസ്.

‘അമുല്‍’ തമിഴ്നാട്ടില്‍ പാല്‍ സംഭരിക്കുന്നു. ധര്‍മ്മപുരി, വെല്ലൂര്‍, കൃഷ്ണഗിരി, തിരുവണ്ണാമലൈ, റാണിപേട്ട്, കാഞ്ചീപുരം ജില്ലകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലാണു പാല്‍ സംഭരണം. തമിഴ്നാട് ക്ഷീര സഹകരണ സംഘമായ ‘ആവിന്‍’ വാഗ്ദാനം ചെയ്തതിനേക്കാള്‍ ലിറ്ററിന് ഒന്നോ രണ്ടോ രൂപ അധികം നല്‍കുമെന്ന് അമുല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്‌ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലാണ് മോദി ഇങ്ങനെ പറഞ്ഞത്. മോദിയെ ‘ദി ബോസ്’ എന്ന് വിശേഷിപ്പിച്ചാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് സംസാരിച്ചത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *