സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ടു ചെയ്യണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. വാര്‍ഡുകളില്‍ രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കാവൂ, അത്യാഹിത വിഭാഗത്തിലുള്ള രോഗിക്കൊപ്പം രണ്ടു പേരെവരെ അനുവദിക്കാം എന്നീ നിര്‍ദേശങ്ങളുമുണ്ട്. സിസിടിവി ക്യാമറ, പൊലീസ് ഔട്ട് പോസ്റ്റ്, അലാറം സംവിധാനം എന്നിവ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാ കൈയാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ നീക്കം. ഭരണപക്ഷ എംഎല്‍എമാരുടെ ആക്രമണത്തില്‍ തങ്ങള്‍ക്കാണു പരിക്കേറ്റതെന്നും പരാതിപ്പെട്ടിട്ടും പോലീസ് കേസെടുത്തില്ലെന്നും ആരോപിച്ച് സിപിഐ നേതാക്കളായ ബിജി മോളും ഗീതാ ഗോപിയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. അക്കാര്യങ്ങളില്‍കൂടി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഈ മാസം 29 ന് പരിഗണിക്കും.
എസ്എന്‍ കോളജ് ജൂബിലി ഫണ്ട് തിരിമറി കേസില്‍ വെള്ളാപ്പള്ളി നടേശനെതിരേ തുടരന്വേഷണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശന്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രം നിലനില്‍ക്കുന്നതിനിടെ തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതിയുടെ ഉത്തരവ് നിയമപരമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വെള്ളാപ്പള്ളി സുപ്രീംകോടതിയെ സമീപിച്ചത്.
സര്‍ക്കാരിന്റെ വാര്‍ഷിക ദിനമായ മെയ് 20 കേരളത്തിന് ദുരന്ത ദിനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ജനങ്ങളെ പരമാവധി കൊള്ളയടിക്കുകയും അഴിമതി വാഴ്ച നടത്തുകയും ചെയ്യുന്ന സര്‍ക്കാര്‍ നൂറുകോടിയോളം രൂപ മുടക്കി നടത്തുന്ന വാര്‍ഷികാഘോഷം ജനദ്രോഹമാണെന്ന് സുധാകരന്‍ പറഞ്ഞു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അസഭ്യം പറഞ്ഞതിന് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അറസ്റ്റിലായി. ആലപ്പുഴ സ്വദേശി അനില്‍ കുമാറാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ പിടിയിലായത്.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യുയുസി ആള്‍മാറാട്ട സംഭവം പരിശോധിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇങ്ങനെയാണോ ജനാധിപത്യത്തെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ യുയുസി സ്ഥാനത്തിനായി ആള്‍മാറാട്ടം നടത്തിയതിനു മന്ത്രി ശിവന്‍കുട്ടി അടക്കമുള്ളവര്‍ക്കെതിരേ കെഎസ്യു വിജിലന്‍സില്‍ പരാതി നല്‍കി. ജി. സ്റ്റീഫന്‍ എംഎല്‍എ, കോളേജ് പ്രിന്‍സിപ്പള്‍ ജി.ഐ ഷൈജു, എസ്എഫ്‌ഐക്കാരന്‍ വിശാഖ് എന്നിവര്‍ക്കെതിരേയാണ് പരാതി.
കാട്ടാക്കട കോളജിലെ ആള്‍മാറാട്ടം നടത്തിയ എസ്എഫ്‌ഐക്കാരന്‍ വിശാഖിനെ സിപിഎം വിശാഖിനെ പ്ലാവൂര്‍ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശപ്രകാരമാണ് നടപടി.
പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തില്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളെ പൊലീസ് കേസിലും പ്രതികളാക്കി. തമിഴ്‌നാട് സ്വദേശി നാരായണന്‍ അടക്കം ഒന്‍പതു പേര്‍ക്കെതിരെയാണ് മൂഴിയാര്‍ പൊലീസ് കേസെടുത്തത്.
പോക്കറ്റിലിട്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശിയും 76 വയസുകാരനുമായ ഏലിയാസിന്റെ പോക്കറ്റിലെ ആയിരം രൂപയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ചായ കടയില്‍ ചായ കുടിക്കുമ്പോഴാണ് ഐ ടെല്‍ കമ്പനിയുടെ ഫോണ്‍ പൊട്ടിത്തെറിച്ചത്.
കോട്ടയം ഈരാറ്റുപേട്ടയില്‍ കനത്ത മഴയിലും കാറ്റിലും വന്‍ നാശം. മരങ്ങള്‍ ഒടിഞ്ഞുവീണ് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഈരാറ്റുപേട്ട -പാലാ റോഡില്‍ കാറിനും സ്‌കൂട്ടറിനും മുകളിലേക്കും മരം വീണു. ആളപായമില്ല.
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ചൊവ്വാഴ്ച കേരളത്തില്‍. തിരുവനന്തപുരത്തെ പരിപാടികള്‍ക്കു പുറമേ, കണ്ണൂര്‍ പാനൂരിലെ തന്റെ അധ്യാപികയെ അദ്ദേഹം സന്ദര്‍ശിക്കും. സൈനിക് സ്‌കൂളില്‍നിന്നു വിരമിച്ചശേഷം സഹോദരന്റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന രത്‌ന നായരെ കാണാനാണ് എത്തുന്നത്. രാജസ്ഥാനിലെ ചിറ്റോര്‍ഗ്ര സൈനിക് സ്‌കൂളില്‍ അധ്യാപികയായിരിക്കുമ്പോഴാണ് ജഗദീപ് ധന്‍കറെ രത്‌ന നായര്‍ പഠിപ്പിച്ചത്. കണ്ണൂര്‍ ചെണ്ടയാട് നവോദയാ സ്‌കൂളിലെ പ്രിന്‍സിപ്പലായാണ് വിരമിച്ചത്. പശ്ചിമ ബംഗാളില്‍ ഗവര്‍ണറായപ്പോഴും ഉപരാഷ്ട്രപതിയായി ചുമതലയേറ്റപ്പോഴും ക്ഷണിച്ചിരുന്നെങ്കിലും അനാരോഗ്യംമൂലം പോകാന്‍ കഴിഞ്ഞിരുന്നില്ല.
അട്ടപ്പാടിയില്‍ വീണ്ടും ഗര്‍ഭസ്ഥ ശിശു മരിച്ചു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയിലാണ് നീതു – നിഷാദ് ദമ്പതികളുടെ കുഞ്ഞിനെ നഷ്ടമായത്. അട്ടപ്പാടിയിലെ കടുക്മണ്ണ ഊര് നിവാസികളാണ് നീതുവും നിഷാദും.
കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജുവിനെ നീക്കംചെയ്തതിനു പിറകേ കേന്ദ്ര നിയമ സഹമന്ത്രി എസ്.പി സിംഗ് ബാദേലിനും വകുപ്പു മാറ്റം. ഇദ്ദേഹത്തെ ആരോഗ്യ സഹമന്ത്രിയാക്കി. കിരണ്‍ റിജ്ജുവിനെ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിലേക്കാണ് മാറ്റിയത്. സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന് നിയമ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നല്‍കി. സുപ്രീം കോടതിയുമായി നിരന്തര ഏറ്റുമുട്ടി പ്രതിച്ഛായ മോശമാക്കിയതാണ് റിജ്ജുവിനെ മാറ്റാന്‍ കാരണമെന്നാണ് സൂചന.
ദ കേരള സ്റ്റോറി എന്ന സിനിമയ്ക്കു പശ്ചിമ ബംഗാള്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിന് സുപ്രീം കോടതി സ്റ്റേ. സിനിമ ഇഷ്ടമല്ലെങ്കില്‍ കാണരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സിനിമയുടെ പൊതു പ്രദര്‍ശനത്തെ മാത്രമാണ് നിരോധിച്ചതെന്നും ഒടിടിയില്‍ കാണുന്നതു തടഞ്ഞിട്ടില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
ബീഹാറില്‍ ജാതി സെന്‍സസിന് പാറ്റ്‌ന ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കം ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹര്‍ജിയില്‍ വാദം തുടരട്ടെയെന്ന് സുപ്രീം കോടതി നിലപാടെടുത്തു. ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബീഹാര്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സെന്‍സസ് അല്ല, സര്‍വ്വെ മാത്രമാണെന്നും ബിഹാര്‍ സര്‍ക്കാര്‍ വാദിച്ചു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള സമ്പൂര്‍ണ ഹീബ്രു ബൈബിള്‍ ലേലത്തില്‍ വിറ്റത് 381 ലക്ഷം ഡോളറിന്. അതായത് 314 കോടി രൂപയ്ക്ക്. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ഈ ബൈബിള്‍ ഇതുവരെ ലേലത്തില്‍ വിറ്റ ഏറ്റവും അമൂല്യമായ കയ്യെഴുത്തുപ്രതിയാണ്. മുന്‍ യുഎസ് നയതന്ത്രജ്ഞന്‍ ആയ ആല്‍ഫ്രഡ് മോസസ് അമേരിക്കന്‍ പ്രസ്ഥാനത്തിനു വേണ്ടിയാണ് ബൈബിള്‍ വാങ്ങിയത്. അത് ഇസ്രായേലിലെ ടെല്‍ അവീവിലുള്ള എ എന്‍ യു മ്യൂസിയം ഓഫ് ജൂയിഷ് പീപ്പിളിന് സമ്മാനിക്കും.