പിണറായി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത്. ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പരാതികള്‍ ഏപ്രില്‍ ഒന്നു മുതല്‍ 10 വരെ പ്രവൃത്തി ദിവസങ്ങളില്‍ സ്വീകരിക്കും. ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലും പരാതി നല്‍കാം. എട്ടു ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുകയാണെന്ന് ആക്ഷേപമുള്ളപ്പോഴാണ് അദാലത്തുകള്‍ നടത്തുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നടത്തിനിരിക്കുന്ന അദാലത്തുകളില്‍ എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കും. ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍, റവന്യൂ റിക്കവറി- വായ്പ തിരിച്ചടവിനുള്ള ഇളവുകള്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍, പ്രകൃതി ദുരന്ത നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, പരിസ്ഥിതി മലിനീകരണം, തെരുവുനായ, അപകടകരങ്ങളായ മരങ്ങള്‍, തെരുവുവിളക്കുകള്‍, അതിര്‍ത്തി തര്‍ക്കം, വയോജന സംരക്ഷണം, കെട്ടിട നിര്‍മ്മാണം, കൃഷിനാശം, ഭക്ഷ്യസുരക്ഷ, ആശുപത്രികള്‍, ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍, മല്‍സ്യതൊഴിലാളി പ്രശ്‌നങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് അദാലത്ത്.
കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം. കായിക വകുപ്പ് തയാറാക്കിയ നയത്തിലെ പരീക്ഷാ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങള്‍ കായിക വകുപ്പു കൈയടക്കാനുള്ള നീക്കം അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസ മന്ത്ര. സിലബസ് തയ്യാറാക്കല്‍ വിട്ടുകൊടുത്താലും പരീക്ഷാ നടത്തിപ്പ് വിട്ടുകൊടുക്കില്ലെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്. തര്‍ക്കംമൂലം വിഷയം മാറ്റിവച്ചു. കായിക പഠനം നിര്‍ബന്ധമാക്കിക്കൊണ്ടാണ് പുതിയ നയം രൂപീകരിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷക്കു നാളെ തുടക്കം. രാവിലെ ഒമ്പതരയ്ക്കാണു പരീക്ഷ. നാലു ലക്ഷത്തി പത്തൊമ്പതിനായിരം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. 29 നു പരീക്ഷ അവസാനിക്കും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ വെള്ളിയാഴ്ച ആരംഭിക്കും.
ബ്രഹ്‌മപുരം തീപിടിത്തത്തെത്തുടര്‍ന്ന് വിഷപ്പുക അടങ്ങാത്തതിനാല്‍ കൊച്ചി കോര്‍പറേഷനിലും തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകള്‍, വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കു മാറ്റമില്ല.
ബ്രഹ്‌മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗത്തില്‍ തീരുമാനം. ബ്രഹ്‌മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കുന്നുണ്ട്.
ജൈവമാലിന്യം കഴിവതും ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കാനാണു തീരുമാനം.
മാലിന്യമില്ലാത്ത അന്തരീക്ഷം മനുഷ്യരുടെ അവകാശമെന്ന് ഹൈക്കോടതി. ബ്രഹ്‌മപുരം അടക്കമുള്ള സംസ്ഥാനത്തെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജൂണ്‍ ആറിനകം മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കാനുള്ള കര്‍മപദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. കോടതി ഉത്തരവനുസരിച്ച് എറണാകുളം ജില്ലാ കളക്ടര്‍ രേണുരാജ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരായിരുന്നു. മാലിന്യ സംസ്‌കരണത്തിന് കൃത്യമായ സംവിധാനം ഉണ്ടാകണമെന്നും കോടതി പറഞ്ഞു.
കെപിസിസി ഭാരവാഹിയോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വിമര്‍ശനം വര്‍ക്കിംഗ് പ്രസിഡന്റായ താന്‍ പോലും ഒന്നും അറിയുന്നില്ല. കെപിസിസി ഭാരവാഹികളുടെ പട്ടികയില്‍ പുതുതായി 60 പേരെ കൂട്ടിച്ചേര്‍ത്തത് കൂടിയാലോചന ഇല്ലാതെയാണെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്‍ തറ കൊള്ള നടത്തുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എന്നിട്ടും തല ഉയര്‍ത്തി പിടിച്ച് മുഖ്യമന്ത്രി നടക്കുന്നു. ഇടതു പക്ഷത്തുനിന്ന് പോലും അഭിപ്രായ ഭിന്നതകളുണ്ട്. തദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇതിന്റെ തെളിവാണ്. സിപിഎമ്മിന്റെ രാഷ്ട്രീയവത്കരണമാണ് വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതതെന്നും സുധാകരന്‍ പറഞ്ഞു.
തിരുവനന്തപുരം ബിഎസ്എന്‍എല്‍ എന്‍ജിനീയേഴ്‌സ് സഹകരണ സംഘത്തില്‍നിന്ന് 200 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി സൊസൈറ്റി പ്രസിഡന്റ് ഗോപിനാഥന്‍ നായരെ ക്രൈംബ്രാഞ്ച് പിടികൂടി. ഒളിവിലായിരുന്ന ഗോപിനാഥന്‍ നായരെ കൊട്ടാരക്കരയില്‍നിന്നാണ് പിടികൂടിയത്. സംഘം സെക്രട്ടറി പ്രദീപിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
കൊച്ചി മേയറുടെ ഓഫീസിനു മുന്നില്‍ മാലിന്യവുമായെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. അതേസമയം ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയയെ കോണണ്‍ഗ്രസ് പ്രവര്‍ത്തകരും ഉപരോധിച്ചു.
കോഴിക്കോട് കൊയിലാണ്ടിയില്‍ യുവാവിനെ ട്രെയിനില്‍നിന്നു തള്ളിയിട്ടു കൊന്ന സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. ആന്ധ്ര സ്വദേശി റഫീഖ്(23) ആണ് മരിച്ചത്. തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായിരുന്നു റഫീഖ്. പ്രതി തമിഴ്‌നാട് സ്വദേശി സോനമുത്തുവിനെ അറസ്റ്റു ചെയ്തിരുന്നു.
പത്തനംതിട്ട അടൂരില്‍ 72 കാരനായ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ചു. അടൂര്‍ പന്നിവിഴ സ്വദേശി നാരായണന്‍കുട്ടി ആണ് ആത്മഹത്യ ചെയ്തത്. കേസില്‍ നിരപരാധിയാണെന്ന് നാരായണന്‍കുട്ടി ആത്മഹത്യാ കുറിപ്പ് എഴുതിവച്ചാണ് ആത്മഹത്യ ചെയ്തത്. 2019 ലായിരുന്നു ലൈംഗിക പീഡക്കേസില്‍ കുടുങ്ങിയത്.
പുനലൂരില്‍ കല്ലടയാറ്റില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചു. പിറവന്തൂര്‍ സ്വദേശിനി രമ്യ രാജ്, അഞ്ചു വയസുള്ള മകള്‍ ശരണ്യ, മൂന്നു വയസുള്ള മകന്‍ സൗരഭ് എന്നിവരാണ് മരിച്ചത്.
ഷുഹൈബ് വധക്കേസില്‍ ജാമ്യം റദ്ദാക്കണമെന്ന പോലീസിന്റെ ഹര്‍ജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയില്‍. വാദം കേള്‍ക്കാനായി കേസ് ഈ മാസം 15 ലേക്കു മാറ്റി.
ചേര്‍പ്പ് സ്വദേശി ബസ് ഡ്രൈവര്‍ സഹറിനെ സദാചാരസംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ വനിതാ സുഹൃത്തിന്റെ മൊഴിയെടുത്തു. ഇവര്‍ക്ക് കൗണ്‍സിലിംഗ് ആവശ്യമെങ്കില്‍ നല്‍കുമെന്ന് റൂറല്‍ എസ്പി ഐശ്വര്യാ ഡോങ്‌റേ പറഞ്ഞു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആരേയും അറസ്റ്റു ചെയ്തിട്ടില്ല.
കേരളത്തില്‍ കൊലപാതകം നടത്തി വിദേശത്തേക്ക് മുങ്ങിയ മലയാളി സൗദി അറേബ്യയില്‍ പിടിയിലായി. വയനാട് വൈത്തിരി ജങ്കിള്‍ പാര്‍ക്ക് റിസോര്‍ട്ട് ഉടമയായിരുന്ന കോഴിക്കോട് ചേവായൂര്‍ വൃന്ദാവന്‍ കോളനിയിലെ അബ്ദുല്‍ കരീമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയാണ് 17 വര്‍ഷത്തിനു ശേഷം് സൗദി പൊലീസിന്റെ പിടിയിലായത്.
മദ്യലഹരിയില്‍ അമ്മയെ മകന്‍ കഴുത്ത ഞെരിച്ചു കൊന്നു. ആലപ്പുഴ കുറത്തികാട് ഭരണിക്കാവ് സ്വദേശി രമ (55) ആണ് മരിച്ചത്. മകന്‍ നിധിനെ കസ്റ്റഡിയിലെടുത്തു.
ആറ്റിങ്ങല്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറി എം എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി മരിച്ചു. ആറ്റിങ്ങല്‍ സ്വദേശിനി ശ്രേഷ്ഠയാണ് മരിച്ചത്. 12 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ രണ്ടു കോളേജ് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്.
മദ്യനയക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ആംആദ്മിപാര്‍ട്ടി. അക്രമാസക്തരായ ക്രിമിനലുകളെ പാര്‍പ്പിച്ചിരിക്കുന്ന തീഹാറിലെ ഒന്നാം നമ്പര്‍ ജയിലിലാണ് സിസോദിയയെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
ആരാധന മൂത്ത് ഷാരൂഖ് ഖാനെ കാണാന്‍ മുംബൈ ബാന്ദ്രയിലെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള വീടിന്റെ കൂറ്റന്‍ മതില്‍ ചാടിക്കടന്ന് ആരും കാണാതെ മൂന്നാംനിലയിലെ മേയ്ക്കപ്പ് മുറിയില്‍ ഒളിച്ചിരുന്ന രണ്ടു യുവാക്കള്‍ പിടിയില്‍. ബറൂച്ച് സ്വദേശികളായ സാഹില്‍ സലിം ഖാന്‍,റാം സരഫ് കുഷ് വാഹ എന്നിവരെയാണ് ഷാരൂഖിന്റെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്.
യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാനെതിരെ വിമര്‍ശനവുമായി ഇന്ത്യ. സ്ത്രീകള്‍, സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പാക് വിദേശകാര്യ മന്ത്രി ജമ്മു-കാഷ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു. കാഷ്മീര്‍ ഇന്ത്യയുടെ വികാരമാണ്. അവിടെ പാക്കിസ്ഥാനാണു പ്രശ്‌നങ്ങലുണ്ടാക്കുന്നത്. ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് ശക്തമായ മറുപടി നല്‍കി.
കൊളംബിയയില്‍ സ്‌കൂളില്‍ ഓജോബോര്‍ഡ് കളിച്ചു തളര്‍ന്നു വീണ 28 പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗലേരസ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ വിദ്യാര്‍ത്ഥിനികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആകാംക്ഷയും പരിഭ്രാന്തിയും വര്‍ദ്ധിച്ചാണു കുട്ടികള്‍ തളര്‍ന്നു വീണത്.