ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി ഒരു മാസം നീളുന്ന പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഏപ്രില്‍ 30 വരെ രാജ്യവ്യാപക സമരം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇന്നു രാത്രി ചെങ്കോട്ടയില്‍ ദീപം കൊളുത്തി പ്രതിഷേധിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തിലുണ്ടാകും. അദാനി വിഷയത്തില്‍ പ്രധാനമന്ത്രിക്ക് യൂത്ത് കോണ്‍ഗ്രസ്, എന്‍ എസ് യു പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കത്തയക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയ പരിധി ജൂണ്‍ 30 വരെ നീട്ടി. ഫീസ് ആയിരം രൂപതന്നെയാണ്.
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന അരി വിതരണം നാളെ മുതല്‍. സംസ്ഥാനതല ഉദ്ഘാടനം നാളെ മൂന്നരയ്ക്ക് ബീമാപ്പള്ളി യുപി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള 28 ലവക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് അഞ്ചു കിലോ അരി വിതരണം ചെയ്യുന്നത്.
തൃപ്പൂണിത്തുറയില്‍ പൊലീസ് കസ്റ്റഡിയില്‍ ഇരുമ്പനം സ്വദേശി മനോഹരന്‍ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ മനോഹരന്റെ കുടുംബം. കസ്റ്റഡി കൊലപാതകത്തെ ഹൃദ്രോഗ മരണമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി കുടുംബം ആരോപിച്ചു. ലീഗല്‍ സെല്‍ രൂപീകരിച്ച് കുടുംബത്തിന് നിയമ പോരാട്ടത്തിന് പിന്തുണ നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്കു പിന്തുണയെന്നു സിപിഎം പറയുന്നതില്‍ ആത്മാര്‍ത്ഥത ഇല്ലെന്ന് മുസ്ലിം ലീഗ്. അതുകൊണ്ടാണ് പ്രതിഷേധങ്ങളെ തല്ലിച്ചതയ്ക്കുന്നത്. രാഹുല്‍ ഗാന്ധിക്കായി ലീഗ് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയില്‍ ആരംഭിച്ചു. 10 ലക്ഷം പേര്‍ രാഹുലിന്റെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ ആക്കും. ഏപ്രില്‍ മൂന്നിന് വിമാനത്താവളങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധിക്കുമെന്നും മുസ്ലിം ലീഗ്.
സിപിഎം വനിതാ നേതാക്കള്‍ക്കെതിരേ അപകീര്‍ത്തിപരവും സ്ത്രീത്വത്തെ അവഹേളിക്കുന്നതുമായ പ്രസ്താവന നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായര്‍ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കി. സുരേന്ദ്രനെതിരേ സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോട് തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
കോണ്‍ഗ്രസിനെ അപഹസിച്ച് അനില്‍ ആന്റണി. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസിന്റെ പരാമര്‍ശം നാണംകെട്ടവരുടേതെന്ന് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. വിഷയം സംബന്ധിച്ച ചാനല്‍ ചര്‍ച്ചയില്‍ സ്മൃതി ഇറാനിയെ പിന്തുണച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചുമാണ് അനില്‍ സംസാരിച്ചത്.
ജഡ്ജിക്കെതിരേ പീഡന പരാതിയുമായി അഭിഭാഷക. ചേംബറിലേക്കു വിളിച്ചുവരുത്തി കടന്നു പിടിച്ചെന്ന് അഭിഭാഷക പരാതിപ്പെട്ടതോടെ ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജി കെ. അനില്‍കുമാറിനെ സ്ഥലംമാറ്റി. പാലാ എംഎസിടിയിലേക്കാണു മാറ്റിയത്.
തൃശൂരിലെ മാത്രമല്ല, കേരളത്തിലെത്തന്നെ ഒരു സായ് കേന്ദ്രവും അടച്ചുപൂട്ടില്ലെന്ന് കേന്ദ്ര കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ ലോകസഭയെ അറിയിച്ചു. ടിഎന്‍ പ്രതാപന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. രാജ്യത്ത് 189 സായ് കേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ ആകെ 48 കോച്ചുമാരാണുള്ളത്. മന്ത്രി പറഞ്ഞു.
മുക്കുപണ്ടം പകരം വച്ച് അമ്മൂമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ച ചെറുമകന്‍ അറസ്റ്റില്‍. പള്ളിപ്പാട് തെക്കേക്കര കാവലാശേരി വീട്ടില്‍ പൊന്നമ്മയുടെ കഴുത്തില്‍ കിടന്ന മുക്കാല്‍ പവന്‍ മാലയും കാല്‍ പവന്‍ തൂക്കം വരുന്ന ലോക്കറ്റും ഉള്‍പ്പെടുന്ന സ്വര്‍ണമാലയാണ് മോഷ്ടിച്ചത്. പൊന്നമ്മയുടെ കൊച്ചുമകനായ പള്ളിപ്പാട് തെക്കേക്കര ശ്രുതി ഭവനത്തില്‍ സുധീഷ് (26) പിടിയിലായി.
ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചേശ്വരത്തിനടുത്ത് ഹൊസങ്കടിയിലുണ്ടായ അപകടത്തില്‍ കുമ്പള മഹാത്മാ കോളേജ് വിദ്യാര്‍ത്ഥിയായ ആദില്‍ (22) ആണ് മരിച്ചത്.
മനുഷ്യജീവനു ഭീഷണിയായ കീടനാശിനികളും രാസവസ്തുക്കളും നിരോധിക്കുന്നതില്‍ അലംഭാവം കാണിച്ച കേന്ദ്ര സര്‍ക്കാരിനോടു സുപ്രീംകോടതി വിശദീകരണം തേടി. രണ്ടു സമിതികള്‍ 27 കീടനാശിനികള്‍ നിരോധിക്കാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ മൂന്നെണ്ണം മാത്രമാണു നിരോധിച്ചത്.
യുക്രെയിനില്‍നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷ എഴുതാമെന്നു സുപ്രീം കോടതി. അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ആനുകൂല്യം.
എംപിയെന്ന നിലയില്‍ താമസിക്കാന്‍ അനുവദിച്ച തുഗ്ലക്ക് ലയിനിലെ വസതിയിലെ നല്ല ഓര്‍മകള്‍ക്കു നാലു തവണ വിജയിപ്പിച്ച ജനങ്ങളോടു കടപ്പാടും നന്ദിയുമെന്ന് രാഹുല്‍ഗാന്ധി. വീട് ഒരു മാസത്തിനകം ഒഴിയണമെന്ന ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നോട്ടീസിനു നല്‍കിയ മറുപടിയിലാണ് ഈ വിവരം. വീട് ഒഴിയുമെന്നും രാഹുല്‍ മറുപടിയില്‍ പറഞ്ഞു.
പെറ്റി കേസുകളില്‍ പിടിക്കപ്പെട്ട പ്രതികളുടെ പല്ലുകള്‍ കട്ടിംഗ് പ്ലെയര്‍ ഉപയോഗിക്കു പറിക്കുകയും അടിച്ചു ജനനേന്ദ്രിയം തകര്‍ക്കുകയും ചെയ്ത അംബാസമുദ്രം, വിക്രമസിംഗപുരം പൊലീസ് സ്റ്റേഷനുകളിലെ എഎസ്പി ബല്‍വീര്‍ സിംഗിനെ ചുമതലകളില്‍നിന്നു നീക്കി. ഇയാളുടെ മൃഗീയ നടപടികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണു നടപടി.
ഒരു കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയെന്ന് കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 28 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതിയെ വിട്ടയ്ക്കണമെന്നു സുപ്രീം കോടതി. കുറ്റകൃത്യം നടന്ന സമയത്ത് പ്രതി നാരായണ്‍ ചേതന്‍ റാം ചൗധരിക്കു പ്രായപൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. 1994 ല്‍ പൂനെയിലായിരുന്നു മോഷണ ശ്രമത്തിനിടെ അഞ്ചു സ്ത്രീകളേയും രണ്ടു കുട്ടികളേയും കൊലപ്പെടുത്തിയത്.
ഖലിസ്ഥാന്‍ വാദി നേതാവ് അമൃത്പാല്‍ സിംഗ് കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ എത്തിയെന്നു റിപ്പോര്‍ട്ട്. മൃത്പാലിന്റെയും സഹായിയുടെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഫേസ്ബുക്ക് ലൈവിനിടെ ഭാര്യയുടെ വെടിയേറ്റ് ഭര്‍ത്താവ് മരിച്ചു. സംഭവത്തില്‍ കഡേജ മിഷേല്‍ ബ്രൗണ്‍ എന്ന 25 കാരിയെ അറസ്റ്റ് ചെയ്തു. യുഎസിലെ മിസിസിപ്പിയിലെ ലോന്‍ഡെസ് കൗണ്ടിയില്‍ ഭര്‍ത്താവ് ജെറമി റോക്ക് ബ്രൗണ്‍ ആണു മരിച്ചത്. ഭര്‍ത്താവ് പുറത്തുപോകാന്‍ ശ്രമിച്ചപ്പോള്‍ മിഷേല്‍ തടയാന്‍ ശ്രമിച്ചു. ഇതോടെ തര്‍ക്കവും വെടിവയ്പും നടന്നു.
വാള്‍ട്ട് ഡിസ്‌നി 7,000 ജീവനക്കാരെ പിരിച്ചുവിടുന്നു. 45,000 കോടി രൂപയുടെ ചെലവ് ചുരുക്കാനാണു നീക്കം.
കോംഗോ റിപ്പബ്‌ളിക്കിലെ സൗത്ത് കിവു മേഖലയില്‍ കനത്ത മഴയില്‍ സ്വര്‍ണ ഖനി തകര്‍ന്നു. ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. രക്ഷാദൗത്യത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍.