night news hd 25

 

‘മോദാനി’ ബന്ധം വെളിപ്പെട്ടതിനു ശേഷവും പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം അദാനിയുടെ കമ്പനിയില്‍ നിക്ഷേപിക്കുന്നതെന്തിനെന്ന് രാഹുല്‍ ഗാന്ധി. എല്‍ഐസിയിലെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെയും എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ടിലെയും ജനങ്ങളുടെ പണം അദാനിയുടെ കമ്പനിയിneCg നിക്ഷേപിച്ചത്. അദാനിയെക്കുറിച്ച് അന്വേഷണമില്ലെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലെന്നും പ്രധാനമന്ത്രിയോട് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു. എന്തിനാണ് ഇത്ര ഭയമെന്നും രാഹുല്‍ ചോ?ദിച്ചു.

കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് കത്തു നല്‍കി. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ ഉത്തരവ് സ്പീക്കറുടെ മുഖത്തേക്ക് ഇരുവരും കീറിയെറിഞ്ഞിരുന്നു. വൈകീട്ട് സഭ ചേര്‍ന്നപ്പോഴും ഇരുവരും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ കരാറുകാരന്‍ സന്തോഷ് ഈപ്പന് ജാമ്യം. സന്തോഷ് ഈപ്പന്‍ പത്തു തവണ ഇഡിക്കു മുന്നില്‍ ഹാജരായിരുന്നു. നിലവില്‍ ഏഴു ദിവസം ഇഡിയുടെ കസ്റ്റഡിയിലുണ്ടായിരുന്നു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ കുരിശുയുദ്ധമെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രന്‍. അഴിമതിക്കാരെ പൂജപ്പുര ജയിലില്‍ എത്തിക്കും വരെ വിശ്രമമില്ല.
സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അര നൂറ്റാണ്ട് മലയാളികളെ ചിരിപ്പിച്ച ഇന്നസെന്റിന് സഹൃദയകേരളത്തിന്റെ അന്ത്യാഞ്ജലി. കൊച്ചിയിലെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. അന്ത്യോപചരവുമായി സൂപ്പര്‍ താരങ്ങളെല്ലാം എത്തി. സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിതുമ്പിക്കരഞ്ഞു.

നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. പ്രേക്ഷകഹൃദയങ്ങളില്‍ നര്‍മം നിറച്ച ഇന്നസന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ പ്രതിഷേധിക്കുമ്പോള്‍ കേരള പൊലീസിന് ഇത്രയും ഹാലിളകുന്നത് എന്തിനാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിഷേധിക്കുന്നവരെ പൊലീസിനെക്കൊണ്ട് ആക്രമിപ്പിക്കുന്നത് സംസ്ഥാന ഭരണ നേതൃത്വമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നവരും തെരുവ് നായ്ക്കളെ പരിപാലിക്കുന്നവരും പരിസരവാസികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കരുതെന്ന വ്യവസ്ഥ പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നഗരസഭ തയ്യാറാക്കുന്ന ലൈസന്‍സ് നിയമാവലിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

കൊച്ചി കോര്‍പറേഷന്‍ ബജറ്റില്‍ ഖരമാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ക്ക് 220 കോടി രൂപ വകയിരുത്തി. ബ്രഹ്‌മപുരത്ത് വിപുലമായ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഡിവിഷന്‍ തലത്തിലുള്ള ബജറ്റ് വിഹിതം പൂര്‍ണ്ണമായി നിര്‍ത്തലാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡനത്തിനിരയായ യുവതിക്ക് അനുകൂലമായി മൊഴി നല്‍കിയ സീനിയര്‍ നഴ്‌സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സര്‍ജറി വിഭാഗം മേധാവി അധ്യക്ഷനായ സമിതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു പ്രിന്‍സിപ്പാള്‍ നിര്‍ദ്ദേശം നല്‍കി.

തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ധന സംബന്ധിച്ച് തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു. ഇതോടെ സമരത്തിനൊരുങ്ങി തൊഴിലാളി സംഘടനകള്‍. തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

കോഴിക്കോട് അഴിയൂരില്‍ അണ്ടിക്കമ്പനിക്കു സമീപം അടിക്കാടിന് തീപിടിച്ചു. കശുവണ്ടി വികസന കോര്‍പറേഷന്റെ ഭൂമിയിലെ ഒരേക്കറോളം കത്തിനശിച്ചു.

സിപിഎം കൂത്തുപറമ്പ് സൗത്ത് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എം മുരളീധരന്‍ ആത്മഹത്യ ചെയ്തു. സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതിന് പോലീസ് കേസെടുത്തിരുന്നു. സിപിഎമ്മില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു.

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. കേരളത്തില്‍ യുഡിഎഫും കോണ്‍ഗ്രസും ബിജെപിക്കൊപ്പം നിലകൊള്ളുകയാണ്. ജനം അര്‍ഹമായ മറുപടി നല്‍കുമെന്നും പിബി വിലയിരുത്തി.

ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിയോട് വീടൊഴിയാന്‍ ആവശ്യപ്പെട്ടു. ലോക്‌സഭ ഹൗസിംഗ് കമ്മിറ്റിയാണ് നോട്ടീസ് നല്‍കിയത്.

കുതിരപ്പന്തയത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസിന് കിട്ടിയത് കഴുതയെ ആണെന്നു രാഹുഗാന്ധിയെ പരിഹസിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. അയോഗ്യനാക്കപ്പെട്ട കോടതി നടപടിക്കെതിരെ രാഹുല്‍ ഗാന്ധി കോടതിയില്‍ പോരാടുകയാണ് വേണ്ടതെന്നും സവര്‍ക്കറെ പറയുകയല്ല വേണ്ടതെന്നും ഹര്‍ദീപ് സിംഗ് പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്കെതിരെ സവര്‍ക്കറുടെ പോരാട്ടത്തിന് സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ടെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍. സവര്‍ക്കറുടെ ജന്മശതാബ്ദിക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്ദിര ഗാന്ധി 1980 മെയ് 20ന് അയച്ച കത്ത് പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ജന്തര്‍മന്ദറില്‍ മാര്‍ച്ച് തടഞ്ഞു. ഷാഫി പറമ്പില്‍, ശ്രീനിവാസ് എന്നവരടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൂട്ടബലാല്‍സംഗവും കൂട്ടക്കുരുതിയും ചെയ്ത പ്രതികളെ വിട്ടയച്ചതിനെതിരേ ബില്‍ക്കിസ് ഭാനു നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് നല്‍കി. കേസിലെ പ്രതികള്‍ക്കും നോട്ടീസ് നല്‍കി. ജയില്‍ മോചനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കണമെന്നും ഉത്തരവിട്ടു.

ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത് പാല്‍ സിംഗ് നേപ്പാളിലേക്ക് കടന്നതായി സൂചന. രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ഇന്ത്യ നേപ്പാളിനോട് ആവശ്യപ്പെട്ടു. ദില്ലിയിലും ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലുമടക്കം തെരച്ചില്‍ തുടരുന്നുണ്ട്.

ആഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒന്ന് ചത്തു. നിര്‍ജലീകരണമാണ് കാരണം. കുനോ ദേശീയ ഉദ്യാനത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എത്തിച്ച ചീറ്റകളിലൊന്നാണ് ചത്തത്.

ശിവമോഗ്ഗയില്‍ യെദിയൂരപ്പയുടെ വീട്ടിലേക്കു മാര്‍ച്ചു നടത്തിയ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ വീട്ടിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരുടെ കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ബന്‍ജാര എസ്ടി വിഭാഗത്തിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

കോടികളുടെ അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക ബിജെപി എംഎല്‍എ മാഡല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍. വിരൂപാക്ഷപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. മകന്‍ മാഡല്‍ പ്രശാന്തിനെ കൈക്കൂലിപ്പണവുമായി ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു.

വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് റണ്‍വേയിലേക്ക് ഇറങ്ങിയ യാത്രക്കാരന്‍ പിടിയില്‍. ലോസാഞ്ചലസിലെ സീറ്റിലിലാണ് സംഭവം. ബോയിംഗ് 737 വിമാനം റണ്‍വേയിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ്
മസാച്യുസെറ്റ്സിലെ ലിയോമിന്‍സ്റ്ററില്‍ നിന്നുള്ള 33 കാരനെ അതിസാഹസത്തിനു മുതിര്‍ന്നത്. വിമാന ജീവനക്കാര്‍ പിടികൂടിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒണ്‍ലി ഫാന്‍സ് അക്കൗണ്ടില്‍ വിലസിയ ജഡ്ജിയെ അമേരിക്കയില്‍ പിരിച്ചുവിട്ടു. 33 വയസുള്ള ഗ്രിഗറി ലോക്കിനാണു ജോലി നഷ്ടമായത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *