നായാട്ട് ആരംഭിച്ചു, സഖാക്കളേ; പക്ഷേ ആ അജ്ഞാതന്‍ ആരെന്ന് സ്വപ്‌ന സുരേഷ്. സ്വര്‍ണക്കടത്തു കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ 30 കോടി രൂപ വാഗ്ദാനവുമായി ചര്‍ച്ചയ്‌ക്കെത്തിയെന്ന് ആരോപിച്ച വിജേഷ് പിള്ളയ്‌ക്കെതിരേ കര്‍ണാടക പോലീസ് കേസെടുത്ത് നടപടികള്‍ ആരംഭിച്ചെന്നു സ്വപ്‌ന സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപെടുത്തി. വിജേഷ് താമസിച്ച ഹോട്ടലില്‍ തന്നെ വിളിച്ചുവരുത്തി തെളിവെടുപ്പു നടത്തി. വിജേഷിനൊപ്പം മറ്റൊരാളും താമസിച്ചിരുന്നതായി ഹോട്ടലില്‍നിന്നു വ്യക്തമായി. ആരായിരിക്കും ആ അജ്ഞാതന്‍ എന്നു ചോദിച്ചുകൊണ്ട് ഉദ്വേഗജനകമായാണ് സ്വപ്ന പോസ്റ്റിട്ടത്. പോസ്റ്റിന്റെ തലക്കെട്ടിലെ ‘വേട്ട തുടങ്ങി’ എന്ന വാക്കു പിന്നീടു മാറ്റി ‘നടപടി തുടങ്ങി’ എന്നു തിരുത്തിയിരുന്നു.
ഈ മാസം 17 ന് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ പണിമുടക്കും. എംഐഎയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണു പണിമുടക്ക്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ചയായിട്ടും പ്രതികളെ അറസ്റ്റു ചെയ്തില്ലെന്ന് ആരോപിച്ചാണ് സമരം. രണ്ടു പേര്‍ പോലീസില്‍ കീഴടങ്ങിയിരുന്നു.
ബ്രഹ്‌മപുരത്ത് വിഷപ്പുക ശ്വസിച്ച് 899 പേര്‍ ചികിത്സ തേടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവരില്‍ 17 പേര്‍ക്കു കിടത്തി ചികിത്സ വേണ്ടിവന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ അടക്കം നിരവധി പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തലവേദന, തൊണ്ട വേദന, കണ്ണുനീറ്റല്‍ എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ജയിലില്‍നിന്ന് ആശുപത്രിയിലേക്കു മാറ്റി. ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് എം ശിവശങ്കറിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റിയത്. സ്വര്‍ണക്കടത്തു കേസിലെ കള്ളപ്പണകേസില്‍ റിമാന്‍ഡിലായി ജയിലിലായിരുന്ന ശിവശങ്കര്‍ ഏതാനും ദിവസമായി സുഖമില്ലെന്നു പരാതിപ്പെട്ടിരുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 50 പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൂന്നു വര്‍ഷത്തിനിടെ 50 പാലങ്ങളുടെ പണി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിത്. എന്നാല്‍ രണ്ടു വര്‍ഷത്തിനകം അത്രയും പദ്ധതികള്‍ പൂര്‍ത്തീകരിച്ചെന്ന് മന്ത്രി പറഞ്ഞു.
തൊടുപുഴ തൊടുപുഴ ന്യൂമന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യ പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പരിതോഷികം നല്‍കുമെന്ന് എന്‍ഐഎ. സംഭവം നടന്ന 2010 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. കേസില്‍ 11 പ്രതികളാണുള്ളത്.
ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം കേരളത്തിലെ ഭരണ സംവിധാനത്തിന്റെ പരാജയമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. കരാറിന് പിന്നില്‍ വലിയ അഴിമതിയാണ്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചി മുനമ്പത്ത് വിനോദ സഞ്ചാരികളെ ശല്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. ചേര്‍ത്തല കുട്ടോത്തുവെളി വീട്ടില്‍ മനു (22), പയ്യന്നൂര്‍ ചെറുപുഴ വെട്ടുവേലില്‍ വീട്ടില്‍ സെന്‍ജോ (31) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റു ചെയ്തത്.
മണ്ണാര്‍ക്കാട് കല്ലടിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടയിലേക്ക് ഇടിച്ചു കയറി ബൈക്കു യാത്രക്കാരന്‍ മരിച്ചു. കിഴക്കേച്ചോല സ്വദേശി അശ്വിന്‍ (18) ആണു മരിച്ചത്.
പാലക്കാട് മേലെ പട്ടാമ്പിയില്‍ ലോറിക്കടിയിലേക്കു ചാടി മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. കൊപ്പം പുലാശ്ശേരി സ്വദേശി സുകുമാരന്‍ ആണ് മരിച്ചത്.
മധ്യപ്രദേശില്‍ ഇന്ദിരാ ഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം. സെക്യൂരിറ്റി ജീവനക്കാരാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്.
കേന്ദ്ര സാഹിത്യ അക്കാദമിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച മാധവ് കൗശിക്ക് ജയിച്ചു. സംഘപരിവാര്‍ അനുകൂല സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചാണ് വിജയം. വൈസ് പ്രസിഡന്റായി മത്സരിച്ച സി. രാധാകൃഷ്ണന്‍ ഒരു വോട്ടിനു തോറ്റു. സംഘപരിവാര്‍ സ്ഥാനാര്‍ത്ഥി കുമുദ് ശര്‍മ്മയാണ് ജയിച്ചത്.
കീഴ്ക്കോടതി ജഡ്ജിയുടെ ആഭരണങ്ങളെക്കുറിച്ച് മോശമായി പരാമര്‍ശിക്കുകയും ബ്രഹ്‌മാസുരനെന്ന് വിളിക്കുകയും ചെയ്തതിന് അഭിഭാഷകനായ ഉത്പല്‍ ഗോസ്വാമിയെ ഗോഹട്ടി ഹൈക്കോടതി ശിക്ഷിച്ചു. സ്വമേധയാ കേസെടുത്ത കോടതി പതിനായിരം രൂപ പിഴയാണു ശിക്ഷിച്ചത്.
ബിജെപി നേതാവും ഹരിയാന ആരോഗ്യവകുപ്പ് മന്ത്രിയുമായ അനില്‍ വിജിന്റെ ഓഫീസ് ഒരു സംഘം സ്ത്രീകള്‍ തകര്‍ത്തു. കാണാന്‍ സമയം അനുവദിച്ചതനുസരിച്ച് മണിക്കൂറുകളോളം കാത്തിരുന്നിട്ടും മന്ത്രിയെ കാണാനാകാതെ പ്രകോപിതരായാണ് സ്ത്രീകള്‍ ഓഫീസില്‍ അതിക്രമം നടത്തിയത്.
കുട്ടിക്കാലത്ത് അച്ഛന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. ദേശീയ വനിത കമ്മീഷന്‍ അംഗവും നടിയുമായ ഖുശ്ബുവിന്റെ വെളിപ്പെടുത്തലിന് പിറകേയാണ് സ്വാതിയുടെ വെളിപ്പെടുത്തല്‍. ‘അദ്ദേഹം എന്നെ മര്‍ദിക്കാറുണ്ടായിരുന്നു, പേടിച്ച് ഞാന്‍ കട്ടിലിനടിയില്‍ ഒളിക്കാറുണ്ടായിരുന്നു’- സ്വാതി പറഞ്ഞു.