ബിജെപി നേതാവും എംപിയുമായ ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക പീഡന പരാതികളില്‍ നടപടി ഉണ്ടാകുമെന്ന് സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് ഠാക്കൂര്‍ ഗുസ്തി താരങ്ങള്‍ക്ക് ഉറപ്പു നല്‍കി. ഗുസ്തി താരങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഈ മാസം 15 നകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി. ഇതോടെ താരങ്ങള്‍ സമരം താല്‍കാലികമായി നിര്‍ത്തിവച്ചു. താരങ്ങള്‍ക്കെതിരായ കേസുകളും പിന്‍വലിക്കും.
സ്‌കൂളുകളുടെ പ്രവൃത്തി ദിവസം 210 ആയി വര്‍ധിപ്പിച്ച വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം തിരുത്തി 205 ദിവസമാക്കി. മധ്യവേനലവധി ഏപ്രില്‍ ആറു മുതലാകുമെന്ന പ്രഖ്യാപനവും തിരുത്തി. നിലവിലെ മാര്‍ച്ച് 31 ന് തന്നെ മധ്യവേനലവധി ആരംഭിക്കും. ഭരണാനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ അടക്കം എതിര്‍ത്തതോടെയാണ് സര്‍ക്കാരിന്റെ പിന്മാറ്റം.
ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും സെര്‍വെര്‍ തകരാര്‍മൂലം പിഴ ഈടാക്കാനുള്ള നടപടികളിലേക്കു കടക്കാനായില്ല. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍ പരിവാഹന്‍ സൈറ്റിലേക്ക് കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയാത്തതാണു തടസം. നിയമലംഘകര്‍ക്ക് ഇതുമൂലം നോട്ടീസ് അയക്കാന്‍ സാധിച്ചിട്ടില്ല.
അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയിലാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റ് വീശുന്നത്.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് എതിരായ നിലപാട് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ തിരുത്തി. ആര്‍ഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നെന്ന മുന്‍ നിലപാടാണ് തിരുത്തിയത്. റീ അഡ്മിഷന്‍ എടുത്തതിനാലാണ് 2021 ബാച്ചിനൊപ്പം ഫലം വന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. പ്രിന്‍സിപ്പാള്‍ കള്ളമാണു പറഞ്ഞതെന്നും താന്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ രേഖകള്‍ പുറത്തു വിടണമെന്നും ആര്‍ഷോ പ്രതികരിച്ചിരുന്നു. ഇതിനു പിറകേയാണ് പ്രിന്‍സിപ്പല്‍ മുന്‍ വാദങ്ങള്‍ തിരുത്തിയത്.
മഹാരാജാസ് കോളേജില്‍ എഴുതാത്ത പരീക്ഷ താന്‍ ജയിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗൂഢാലോചന നടന്നെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. 2020 അഡ്മിഷനില്‍ ഉള്ള തന്നെ 2021 ലെ കുട്ടികളുടെ ഒപ്പം പരീക്ഷ എഴുതിയതായി പ്രചരിപ്പിച്ചെന്നും മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ വാക്കു മാറ്റി മാറ്റി പറയുന്നുവെന്നും ആര്‍ഷോ പറഞ്ഞു. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പ്രതിഷേധിച്ച് എറണാകുളം മഹാരാജാസ് കോളേജിലേക്ക് കെഎസ്‌യു പ്രകടനത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് തള്ളി മാറ്റി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പടെ പൊലീസ് അറസ്റ്റു ചെയ്തു.
എസ് എഫ് ഐ നേതാക്കള്‍ പ്രതികളായ കേസുകള്‍ പോലീസ് അന്വേഷിക്കുകയോ പ്രതികളെ അറസ്റ്റു ചെയ്യുകയോ ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ‘മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി അധ്യാപക ജോലിക്കു ശ്രമിച്ച പ്രതിയെ അറസ്റ്റു ചെയ്യണം. സംവരണം അട്ടിമറിച്ച് പിഎച്ച്ഡിക്ക് ഇതേ വിദ്യാര്‍ത്ഥിനിക്ക് അവസരം നല്‍കി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസാക്കിയ സംഭവത്തില്‍ കേസെടുത്തിട്ടുപോലുമില്ല. സതീശന്‍ ചൂണ്ടിക്കാട്ടി.
നാല്‍പതു ക്രിമിനല്‍ കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയെ സിപിഎം സംരക്ഷിക്കുന്നതിന്റെ ദുരന്തമാണ് ഇപ്പോള്‍ മഹാരാജാസ് കോളേജും മറ്റു കാമ്പസുകളും നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തെറ്റായ നിലപാട് സ്വീകരിച്ച ഒരാളയെും പിന്തുണയ്ക്കില്ലെന്നു പ്രഖ്യാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഈ തെറ്റിനെ തലയിലേറ്റി വച്ചിരിക്കുകയാണ്. സുധാകരന്‍ പറഞ്ഞു.
മഹാരാജാസ് കോളേജ് വ്യാജരേഖാ കേസില്‍ കുറ്റാരോപിതയായ കെ. വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്തു നിന്ന് ബിച്ചു എക്‌സ്മലയില്‍ പിന്മാറി. വിദ്യ കെ നിയമപരമായി നിരപരാധിത്വം തെളിയിരുന്നതുവരെ മാറിനില്‍ക്കുകയാണെന്ന് ബിച്ചു എക്‌സ്മല കാലടി സര്‍വകലാശാലയെ അറിയിച്ചു.
കൊടുവള്ളിയില്‍ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്.
തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 20 സെന്റി മീറ്റര്‍കൂടി ഉയര്‍ത്തി. ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകള്‍ നേരത്തെ 10 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു.
സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രനെ അറസ്റ്റു ചെയ്തു. യുഎന്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിലാണ് നടപടി.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നീതി കിട്ടുമെന്ന് ആത്മഹത്യ ചെയ്ത അമല്‍ ജ്യോതി കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനി ശ്രദ്ധയുടെ അച്ഛന്‍ സതീശന്‍. മകള്‍ മരിച്ചതിന്റെ കാരണമറിയണം. അതിനായി നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും സതീശന്‍ പറഞ്ഞു.
ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളം മുന്നിലെത്തിയത്.
പൊലീസ് കസ്റ്റഡിയില്‍നിന്ന് പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട ജില്ലയിലെ സീതത്തോടാണ് സംഭവം. മീന്‍കുഴി സ്വദേശി ജിതിനാണ് സീതത്തോട് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഓടിപ്പോയത്.
നെയ്യാറ്റിന്‍കര തിരുപുറം പുത്തന്‍ കടയില്‍ തട്ടുകട നടത്തുന്ന രാജന്റെ മകള്‍ രാഖിമോളെ (30) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട കേസില്‍ മൂന്നു പ്രതികളും കുറ്റക്കാരെന്ന് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി. അമ്പൂരി തട്ടാമുക്ക് അശ്വതി ഭവനില്‍ അഖില്‍ (24), അഖിലിന്റെ സഹോദരന്‍ രാഹുല്‍ (27), ഇവരുടെ സുഹൃത്ത് അമ്പൂരി തട്ടാന്‍മുക്ക് ആദര്‍ശ് നായര്‍ (23) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി പത്തു ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് അല്‍ത്താഫ്, പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 1797 ഗ്രാം സ്വര്‍ണം പിടികൂടി.
മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവാവിനു പിറകെ ആന ഓടി. തമിഴ്‌നാട് സ്വദേശിയായ യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വിനോദ സഞ്ചാരികള്‍ ബഹളംവച്ചതോടെ ആന പിന്തിരിയുകയായിരുന്നു. യുവാവിനെ വാഹനം സഹിതം കസ്റ്റഡിയിലെടുത്ത വനം വകുപ്പ് നാലായിരം രൂപ പിഴയ
പ്പിച്ചാണ് വിട്ടയച്ചത്.
മലപ്പുറം എടവണ്ണപ്പാറയില്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ പോയ സ്വകാര്യ ബസിനെ രക്ഷിതാവ് തടഞ്ഞു. ഡ്രൈവറെ മര്‍ദിച്ചെന്ന് ആരോപിച്ചു എടവണ്ണപ്പാറ- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി.
ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കാതെ യാത്ര തീയതിയില്‍ മാറ്റം വരുത്താവുന്ന സൗകര്യവുമായി ഐആര്‍സിടിസി. തീയതിയില്‍ മാറ്റം വരുത്തുന്നതിന് അധിക പണം നല്‍കേണ്ടതില്ല. 48 മണിക്കൂര്‍ മുമ്പ് റിസര്‍വേഷന്‍ കൗണ്ടറില്‍ സ്ഥിരീകരിച്ച ടിക്കറ്റ് സറണ്ടര്‍ ചെയ്താല്‍ തീയതി മാറ്റാം. ഉയര്‍ന്ന ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള അവസരവുമുണ്ട്.
ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതായി വ്യാജമായി അവകാശപ്പെട്ട് നഷ്ടപരിഹാര തുക സ്വന്തമാക്കാന്‍ ശ്രമിച്ച സ്ത്രീക്കെതിരേ കേസ്. കട്ടക്ക് ജില്ലയിലെ മണിബണ്ട സ്വദേശിനിയായ ഗീതാഞ്ജലി ദത്തയാണ് ഭര്‍ത്താവ് ബിജയ് ദത്ത മരിച്ചതായി കാണിച്ച് നഷ്ടപരിഹാര തുക നേടിയെടുക്കാന്‍ ശ്രമിച്ചത്. തട്ടിപ്പു പൊളിഞ്ഞതോടെ ഗീതാഞ്ജലിയെ താക്കീത് നല്‍കി പൊലീസ് വിട്ടയച്ചു. ഭര്‍ത്താവായ ബിജയ് ദത്ത മണിബണ്ട ഭാര്യക്കെതിരേ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ കേസെടുത്തു. യുവതി ഒളിവിലാണ്.
കര്‍ണാടകത്തില്‍ ഏറ്റവും പുതിയ സാമ്പത്തിക- ജാതി സര്‍വേ കണക്കുകള്‍ പുറത്തുവിടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. . പിന്നാക്ക വിഭാഗങ്ങളുടെ കൂട്ടായ്മയായ ശോഷിത വര്‍ഗകള മഹാ ഒക്കൂട്ടയുടെ പ്രതിനിധികള്‍ക്കാണ് സിദ്ധരാമയ്യ ഉറപ്പ് നല്‍കിയത്.
ഒഡീഷയില്‍ ട്രെയിനിന് അടിയില്‍പ്പെട്ട് നാല് പേര്‍ മരിച്ചു. ജജ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഗുഡ്‌സ് ട്രെയിനിന് അടിയില്‍ കിടന്ന് ഉറങ്ങിയവരാണ് മരിച്ചത്.
ഗുജറാത്തിലെ ജാംനഗറിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഗൗരവ് ഗാന്ധി (41) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പെതിനാറായിരത്തിലേറെ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ വിദഗ്ധനാണ് മരിച്ചത്.