ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യത്ത് രണ്ടു നിയമങ്ങള്‍ എങ്ങനെ സാധ്യമാകും. മുത്തലാഖിനെ പിന്തുണക്കുന്നവര്‍ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണ്. ഭരണഘടന തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ വികസനത്തില്‍നിന്ന് അകറ്റി നിര്‍ത്തുകയാണെന്നും മോദി വിമര്‍ശിച്ചു.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 5,944 അധ്യാപകര്‍ ഉള്‍പെടെ 6,043 പേരെ നിയമിക്കുന്നു. 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം 6,043 അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കി. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തിലാക്കിക്കൊണ്ടു തസ്തിക സൃഷ്ടിക്കുക. സര്‍ക്കാര്‍ മേഖലയിലെ 1114 സ്‌കൂളുകളിലായി 3101 അധിക തസ്തികകളും എയ്ഡഡ് മേഖലയിലെ 1212 സ്‌കൂളുകളിലായി 2942 അധിക തസ്തികകളും ഉള്‍പ്പെടും. 99 തസ്തികകള്‍ അനധ്യാപക വിഭാഗത്തിലാണ്. പ്രതിവര്‍ഷം 59 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുമെന്നാണു കണക്കാക്കുന്നത്. ഇതേസമയം, എയ്ഡഡ് മേഖലയില്‍ കുറവു വന്ന 2996 തസ്തികകളിലെ അധ്യാപകരെ കെ.ഇ.ആറിലെ വ്യവസ്ഥകള്‍ പ്രകാരം പുനര്‍വിന്യസിക്കും. സര്‍ക്കാര്‍ മേഖലയില്‍ 1638 അധ്യാപകരെ ക്രമീകരിക്കുകയും ചെയ്യും.
ശോഭ ഡെവലപ്പേഴ്സിനു വേണ്ടി കൊച്ചിയില്‍ ഭൂമി വാങ്ങിക്കൂട്ടാന്‍ ഇടനിലക്കാരനും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനുമയ ഫാരിസ് അബൂബക്കര്‍ കോടികളുടെ ഇടപാടുകള്‍ നടത്തിയെന്നും 552 കോടി രൂപ വിദേശത്തേക്കു കടത്തിയെന്നും ആരോപണം. തണ്ണീര്‍ത്തടങ്ങള്‍ അടക്കം 1500 ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടിയെന്ന് ‘ലീഡ്’ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ പിണറായി വിജയനു പങ്കുണ്ടെന്നും വാര്‍ത്തയുടെ രണ്ടാംഭാഗം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും എഡിറ്റര്‍ സന്ധ്യ രവിശങ്കര്‍ പറഞ്ഞു.
കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ ആരോപണമുന്നയിച്ച മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയെന്നു പരാതിയുമായി വീട്ടമ്മ. കണ്ണോത്തുംചാല്‍ സ്വദേശിയായ സത്യവതിയാണു പരാതി നല്‍കിയത്. മകള്‍ക്ക് അധ്യാപക ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണു പരാതി.
ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന കൃഷി വകുപ്പിന്റെ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഓണത്തിന് വിഷരഹിതമായ പച്ചക്കറികള്‍ വീട്ടുവളപ്പില്‍ തയ്യാറാക്കണം. പച്ചക്കറി ഉല്‍പാദനത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പച്ചക്കറി വിത്ത് പാക്കറ്റുകള്‍, തൈകള്‍, ദീര്‍ഘകാല പച്ചക്കറി തൈകള്‍ എന്നിവ കൃഷി ഭവന്‍ വഴി സൗജന്യമായി നല്‍കുന്ന പദ്ധതിയാണിത്.
തൃശൂര്‍ കൊടകരയില്‍ മുക്കുപണ്ടം പണയപ്പെടുത്തി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മുന്‍ ഡിവൈഎസ്പി അറസ്റ്റില്‍. ചാലക്കുടി സ്വദേശിയായ മുന്‍ ഡിവൈഎസ്പി കെ.എസ്. വിജയനാണ് അറസ്റ്റിലായത്. സഹകരണ ബാങ്കിലാണ് ഇയാള്‍ മുക്കുപണ്ടം പണയംവച്ച് പണമെടുത്തത്.
വ്യാജരേഖ ഹാജരാക്കി താത്കാലിക അധ്യാപക ജോലി നേടിയ സംഭവത്തില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യക്ക് ഇടക്കാല ജാമ്യം. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിദ്യയെ കസ്റ്റഡിയില്‍ വേണമെന്ന് നീലേശ്വരം പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടില്ല.
കായംകുളത്തെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസ്, അബിന്‍ സി രാജു എന്നിവരുമായി പൊലീസ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച എറണാകുളത്തെ ഓറിയോണ്‍ ഏജന്‍സിയിലേക്കു തെളിവെടുപ്പിന് എത്തി. പക്ഷേ സ്ഥാപനം പണ്ടേ പൂട്ടിപ്പോയതിനാല്‍ തെളിവെടുപ്പു പ്രഹസനമായി. ഓറിയോണ്‍ എന്ന സ്ഥാപനത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതെന്നാണ് ഇവര്‍ പൊലീസിനു നല്‍കിയ മൊഴി.
സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ബക്രീദ് അവധി ജൂണ്‍ 29 നാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി. ജൂണ്‍ 28 നിയന്ത്രിത അവധിയായിരിക്കുമെന്നും വ്യക്തമാക്കി.
അഴീക്കല്‍ കടല്‍ത്തീരത്ത് രാസവസ്തുക്കള്‍ നിറച്ച 160 പാക്കറ്റുകള്‍ അടിഞ്ഞു. പായ്ക്കറ്റുകളില്‍ വെളുത്ത പൊടിയുണ്ട്. ഏഴര കിലോയോളം തൂക്കം വരും. സാമ്പിള്‍ പരിശോധനക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
കണ്ണൂരിലെ മുഴപ്പിലങ്ങാട് തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരിച്ച നിഹാല്‍ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
തിരുവനന്തപുരം: കല്ലിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. അഴിമതിയുടെ കേന്ദ്രമായി ബിജെപി ഭരിക്കുന്ന കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് മാറി എന്നാരോപിച്ച് എല്‍ഡിഎഫ് നല്‍കിയ അവിശ്വാസപ്രമേയ നോട്ടീസ് പിന്തുണച്ച് കോണ്‍ഗ്രസ് അംഗവും ബിജെപി അംഗവും വോട്ട് ചെയ്തതു. ഒടുവില്‍ കല്ലിയൂര്‍ പഞ്ചായത്ത് ഭരണത്തിനെതിരെ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായി. ഒന്‍പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്.
പഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണയ്‌ക്കെതിരെയും വൈസ് പ്രസിഡന്റ് വി. സരിതയ്ക്ക് എതിരെയും എല്‍ഡിഎഫ് അംഗം എം സോമശേഖരന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് ബിജെപി അംഗം സുധര്‍മ്മയും കോണ്‍ഗ്രസ് അംഗം ശാന്തിമതിയും വോട്ടുചെയ്തതോടെയാണ് പ്രമേയം പാസായത്.
തോട്ടിയുമായി ജീപ്പ് ഓടിച്ചതിനു പിഴയിടീപ്പിച്ച കല്‍പ്പറ്റയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. കെട്ടിടത്തിന്റെ വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നതിനാലാണ് ഫ്യൂസ് ഊരിയത്. പിറകേ അടിയന്തിര ഫണ്ടില്‍നിന്ന് പണമെടുത്ത് എംവിഡി ബില്ലടച്ചു. ഇതോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.
കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. ബസ് ഉടമയായ രാജ്‌മോഹന്റെ ഉടമസ്ഥതയിലുള്ള നാലു ബസുകളിലെയും തൊഴിലാളികളുടെ ജോലി റൊട്ടേഷന്‍ വ്യവസ്ഥയില്‍ പുനക്രമീകരിക്കും. അതു വഴി എല്ലാ തൊഴിലാളികള്‍ക്കും തുല്യവേതനം ഉറപ്പാക്കും.
നടന്‍ ടി എസ് രാജു മരിച്ചെന്ന് വ്യാജ പുറത്തുവിട്ടതിന് സിനിമ നടന്‍ അജു വര്‍ഗീസ് മാപ്പു പറഞ്ഞെന്ന് രാജു. താന്‍ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് രാജു വെളിപ്പെടുത്തിയതിനു പിറകേയാണ് അജു വര്‍ഗീസ് തന്നെ ബന്ധപ്പെട്ടതെന്നും രാജു പറഞ്ഞു.
പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ നാലു പേരെ മലപ്പുറം പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം മറ്റത്തൂര്‍ തൊടുകുത്തുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ (32), ആലത്തൂര്‍പടി സ്വദേശി ഷംസുദ്ദീന്‍ (37), പുല്‍പറ്റ സ്വദേശി ഉണ്ണികൃഷ്ണന്‍ (46), നറുകര സ്വദേശി രാജീവ് (48) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കുട്ടിക്കു ലഹരിവസ്തുക്കള്‍ നല്‍കിയെന്നും വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ എടുപ്പിച്ചെന്നും പരാതിയുണ്ട്.
തിരുവനന്തപുരം മുട്ടപ്പലത്തെ വീട് കൊള്ളയടിച്ചെന്ന കേസില്‍ കുപ്രസിദ്ധ ഗുണ്ട പിടിയില്‍. പ്ലാവില പുത്തന്‍ വീട്ടില്‍ മിന്നല്‍ ഫൈസല്‍ എന്ന ഫൈസല്‍ (41) ആണ് പിടിയിലായത്.
റിസര്‍വ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവര്‍ണറായി സ്വാമിനാഥന്‍ ജാനകിരാമനെ നിയമിച്ചു. എസ്ബിഐ മാനേജിംഗ് ഡയറക്ടറായിരുന്നു സ്വാമിനാഥന്‍ ജാനകിരാമന്‍. മഹേഷ് കുമാര്‍ ജെയിന്‍ വിരമിക്കുന്ന ഒഴിവിലാണു നിയമനം. സ്വാമിനാഥന്‍ ജാനകിരാമനു പുറമേ, മൈക്കല്‍ ദേബബ്രത, എം രാജേശ്വര റാവു, ടി റാബി ശങ്കര്‍ എന്നിവരാണ് മറ്റ് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു കന്നട താരം സൂരജ് കുമാര്‍ എന്ന ധ്രുവന്റെ കാല്‍ മുറിച്ചു മാറ്റി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. സൂരജ് കുമാര്‍ സഞ്ചരിച്ച ബൈക്ക് ട്രിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദ്യമായി നായകനായ ‘രഥം’ എന്ന സിനിമ റിലീസ് ചെയ്യാനിരിക്കേയാണ് സൂരജ് കുമാര്‍ വാഹനാപകടത്തില്‍ പെട്ടത്.
കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കി. സിലിഗുരിക്കു സമീപമുള്ള സെവോക്ക് എയര്‍ബേസിലിലാണ് കോപ്ടര്‍ ഇറക്കിയത്. ലാന്‍ഡിങ്ങിനിടെ മമതക്ക് നിസാര പരിക്കേറ്റു.
വിരമിക്കുന്നതിനു തലേന്ന് 65 കേസുകളില്‍ വിധി പറഞ്ഞു റിക്കാര്‍ഡിട്ട് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസിറ്റീസ് മുക്ത ഗുപ്ത. കൊലപാതകം, ബലാല്‍സംഗം, ദയാഹര്‍ജി തുടങ്ങിയ കേസുകളാണു തീര്‍പ്പാക്കിയത്.
കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച് യുകെയില്‍ അറസ്റ്റിലായ ആറു പേരില്‍ ഇന്ത്യന്‍ വംശജയും. ലണ്ടനിലും ബര്‍മിംഗ്ഹാമിലും മയക്കുമരുന്ന് വിതരണം ചെയ്ത സംഘത്തിലെ സറീന ദുഗ്ഗലിനെ ഏഴു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു.