പാക്കിസ്ഥാനില്‍ പാര്‍ട്ടി സമ്മേളനത്തിനിടെ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്കു പരിക്കേറ്റു. ബജൗറിയിലെ ഖാറിലാണു സംഭവം. ജം ഇയ്യത്ത് ഉലമ ഇ ഇസ്ലാം ഫസല്‍ പാര്‍ട്ടി സമ്മേളനത്തിനിടെയാണു സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരും.
വിദേശ കപ്പലുകള്‍ അടുപ്പിക്കുന്നതിനും എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭ്യമാക്കുന്നതിനും ബേപ്പൂര്‍ തുറമുഖത്തിന് ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഐഎസ്പിഎസ് കോഡ് ലഭ്യമായതോടെ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ന്നു.
പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നു മര്‍ദിച്ചു പറയിപ്പിച്ചതാണെന്ന് അഫ്‌സാന. കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമായിരുന്നു. വനിതാ പൊലീസ് ഉള്‍പ്പെടെ മര്‍ദ്ദിച്ചു. പലതവണ പെപ്പര്‍ സ്‌പ്രേ അടിച്ചു. തന്നേയും വാപ്പയേയും കെട്ടിത്തൂക്കുമെന്നു ഭീഷണിപ്പെടുത്തി. മര്‍ദ്ദനവും ഭീഷണിയും സഹിക്കാനാകാതെയാണ് ഭര്‍ത്താവിനെ കൊന്നെന്നു പറയണമെന്ന പോലീസിന്റെ ആവശ്യത്തിനു വഴങ്ങേണ്ടി വന്നത്. പൊലീസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. നൗഷാദിന് മാനസിക വൈകല്യമുണ്ടെന്നും അഫ്‌സാന ആരോപിച്ചു.
പൊലീസ് തലപ്പത്ത് മാറ്റം. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച ടികെ വിനോദ് കുമാറിനെ വിജിലന്‍സ് ഡയറക്ടറാക്കി. മനോജ് എബ്രഹാമാണ് ഇന്റലിജന്‍സ് എഡിജിപി. കെ. പത്മകുമാറിനെ ജയില്‍ മേധാവി സ്ഥാനത്തുനിന്നു ഫയര്‍ ഫോഴ്‌സ് മേധാവിയാക്കി. ബല്‍റാം കുമാര്‍ ഉപാധ്യായയെ ജയില്‍ മേധാവിയാക്കി. കൊച്ചി കമ്മീഷണര്‍ സേതുരാമന്‍ ഉത്തര മേഖല ഐജിയാകും. ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പൊലീസ് ആസ്ഥാന ചുമതല. എംആര്‍ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നല്‍കി. എ. അക്ബര്‍ കൊച്ചി കമ്മീഷണറാകും.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ ജയിലിലടച്ചതിനെതിരെ പ്രതിഷേധം ശക്തം. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ചുകൊന്നതിനെതിരെ പ്രതിഷേധിച്ചതിനു രജിസ്റ്റര്‍ ചെയ്ത കേസിലാണ് 95 കാരനായ ഗ്രോ വാസുവിനെ കോടതി റിമാന്‍ഡ് ചെയ്തത്. കുറ്റം ചെയ്യാത്ത താന്‍ സ്വന്തം ജാമ്യരേഖകളില്‍ ഒപ്പിടാന്‍ തയാറല്ലെന്ന നിലപാടെടുത്തതോടെയാണ് കുന്നമംഗലം കോടതി റിമാന്‍ഡു ചെയ്തത്.
ആലുവായില്‍ അഞ്ചുവയസുകാരിയെ ബലാത്സഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തെ കോടതി റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ഏഴുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി നാളെ പരിഗണിക്കും. കൊലപാതകം, ബലാത്സംഗം അടക്കം ഒന്‍പത് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്ന് ഡി ഐ ജി ശ്രീനിവാസ് വ്യക്തമാക്കി.
ഇടുക്കിയിലെ കേരള തമിഴ്‌നാട് അതിര്‍ത്തി മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വീണ്ടും കുഷ്ഠരോഗം. മുണ്ടിയെരുമയിലെ പട്ടം കോളനി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി.
പട്ടാമ്പി മുന്‍ നഗരസഭ ചെയര്‍മാനും ഡിസിസി വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ എസ് ബി എ തങ്ങള്‍ അന്തരിച്ചു. 61 വയസായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാളെ പട്ടാമ്പി ജുമാ മസ്ജിദ് ഖബ്ര്‍സ്ഥാനില്‍ കബറടക്കം.
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ പൊതുദര്‍ശനത്തിനും സംസ്‌കാര ചടങ്ങുകള്‍ക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ ജില്ലാ കളക്ടറോ എത്താത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. സര്‍ക്കാര്‍ ഔചിത്യപൂര്‍വം പ്രവര്‍ത്തിച്ചില്ലെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കുറ്റപ്പെടുത്തി.
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്‌കാര കര്‍മ്മം നടത്താന്‍ പൂജാരിമാര്‍ തയാറാകാതിരുന്നതിനാലാണു താന്‍ കര്‍മം ചെയ്തതെന്ന് ഓട്ടോ ഡ്രൈവര്‍. ഹിന്ദിക്കാരുടെ കുട്ടിയല്ലേയെന്നു പറഞ്ഞാണ് പൂജാരിമാര്‍ ഒഴിഞ്ഞുമാറിയത്. കുട്ടിയുടെ പിതാവിന്റെ ആവശ്യപ്രകാരമാണു പല പൂജാരിമാരേയും സമീപിച്ചത്. അനാഥരുടെ മൃതദേഹം സംസ്‌കരിക്കാന്‍ പോയ പരിചയമുള്ളതിനാലാണ് സംസ്‌കാര കര്‍മ്മങ്ങള്‍ ചെയ്തതെന്നും ഓട്ടോ ഡ്രൈവര്‍ രേവത് ബാബു പറഞ്ഞു.
പാലക്കാട് കൊപ്പത്ത് സംഘപരിവാര്‍ സംഘടനകളുടെ പ്രകടനത്തിലെ കൊലവിളി മുദ്രാവാക്യത്തിനെതിരേ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയിലാണ് കൊപ്പം പൊലീസ് കേസെടുത്തത്. ലീഗ് പ്രവര്‍ത്തകര്‍ക്കും സ്പീക്കര്‍ എ എന്‍ ഷംസീറിനും എതിരെയായിരുന്നു മുദ്രാവാക്യം മുഴക്കിയിരുന്നത്.
മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ ദയനീയാവസ്ഥയ്ക്കു പരിഹാരം വേണമെന്നും കലാപാന്തരീക്ഷം മാറ്റി ഐക്യവും സമാധാനവും വളര്‍ത്താനുള്ള നടപടികള്‍ വേണമെന്നും പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ നേതാക്കളായ എംപിമാര്‍. ഗവര്‍ണര്‍ അനസൂയക്കു നല്‍കിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 140 പേര്‍ മരിച്ചു. അഞ്ഞൂറിലേറെ പേര്‍ക്കു പരിക്കേറ്റു. അയ്യായിരത്തിലേറെ വീടുകള്‍ തീയിടുകയും തകര്‍ക്കുകയും ചെയ്തു. അറുപതിനായിരത്തിലേറം ആളുകള്‍ കുടിയൊഴിക്കപ്പെട്ടു. രണ്ടു സമൂദായങ്ങളിലുള്ളവരേയും സംരക്ഷിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും നേതാക്കള്‍ മാധ്യമങ്ങളോടു പറഞ്ഞു.