കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസില്‍ ചര്‍ച്ചയ്ക്കുള്ള തീയതി പിന്നീട് അറിയിക്കുമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ടു ബഹളം തുടര്‍ന്നതിനാല്‍ ഇരു സഭകളിലും നടപടികള്‍ തടസപ്പെട്ടു. കോണ്‍ഗ്രസിന്റെ ഗൗരവ് ഗൊഗോയി ബിആര്‍എസിന്റെ നമോ നാഗേശ്വര്‍ റാവു എന്നിവരാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. ഗൗരവ് ഗൊഗോയ് പ്രമേയം അവതരിപ്പിക്കും.
കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് ഒരു വന്ദേഭാരത് എക്‌സ്പ്രസ് കൂടി കിട്ടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയതായി കെ സുരേന്ദ്രന്‍ അറിയിച്ചു.
കേന്ദ്രസര്‍ക്കാരില്‍നിന്നു പണം കിട്ടാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് സര്‍ക്കാര്‍ ഇങ്ങനെ അറിയിച്ചത്. ഇതേസമയം, സര്‍ക്കാര്‍ അനുവദിച്ച 30 കോടി തുക ലഭിച്ചാല്‍ ഉടനെ അവശേഷിക്കുന്ന ശമ്പളം നല്‍കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. ശമ്പളവും പെന്‍ഷനും നല്‍കാന്‍ കെഎസ്ആര്‍ടിസിയുടെ 130 കോടി രൂപയുടെ അപേക്ഷ പരിഗണനയിലുണ്ടെന്ന് സര്‍ക്കാരും അറിയിച്ചു.
റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്സഭയില്‍ ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ നല്‍കിയ മറുപടിയിലാണ് നിലപാട് വ്യക്തമാക്കിയത്. റബ്ബര്‍ ഇറക്കുമതി തീരുവ 20 ശതമാനത്തില്‍നിന്ന് 30 ശതമാനമാക്കി വര്‍ധിപ്പിച്ച് കര്‍ഷകരെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറായ സംഭവത്തില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കും. കേസെടുത്തത് വന്‍ വിവാദമാവുകയും പൊതുജനം പരിഹാസവുമായി രംഗത്തുവരികയും ചെയ്തതോടെ കേസു വേണ്ടെന്ന് മുഖ്യമന്ത്രിതന്നെ നിര്‍ദേശിച്ചിരുന്നു.
പ്ലസ് വണ്ണിന് താത്കാലിക 97 അധിക ബാച്ചുകള്‍ അനുവദിച്ചതുകൊണ്ടു പ്രയോജനമില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ശാശ്വത പരിഹാരമാണ് വേണ്ടത്. 97 ബാച്ചു വന്നാലും ഇരുപതിനായിരം വിദ്യാര്‍ത്ഥികള്‍ക്കു സീറ്റു കിട്ടില്ല. ലീഗ് സമരം തുടരുമെന്നും സലാം പറഞ്ഞു.
തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്സിംഗ് കോളജുകളില്‍ എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് കോഴ്സ് ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഓരോ നഴ്സിംഗ് കോളേജിനും എട്ടു വീതം സീറ്റുകളാണ് അനുവദിച്ചത്.
പണം വാങ്ങി പോക്‌സോ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന പരാതിയില്‍ സിപിഎം നേതാവും തിരുവമ്പാടി മുന്‍ എംഎല്‍എയുമായ ജോര്‍ജ്ജ് എം തോമസിനെതിരെ പൊലീസ് അന്വേഷണം. കോഴിക്കോട് തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. സിപിഎം ജോര്‍ജ് എം തോമസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് കോഴിക്കോട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി താത്കാലികമായി സ്റ്റേ ചെയ്തു. സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പുകളെല്ലാം സ്റ്റേ ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ ഭരണഘടന അനുസരിച്ചല്ല തെരഞ്ഞെടുപ്പു നടത്തുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോഴിക്കോട് കിണാശേരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഷഹബാസാണ് കോടതിയെ സമീപിച്ചത്.
ബഹുസ്വരത അപകടത്തിലായാല്‍ ദേശീയത തന്നെ അപകടത്തിലാകുമെന്നും ഒറ്റക്കെട്ടായി ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കണമെന്നും മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഏകീകൃത സിവില്‍ കോഡിനെതിരേ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ മതനേതാക്കളും സിപിഎം അടക്കമുള്ള രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും പങ്കെടുത്തു. സിപിഎമ്മിനെ പ്രതിനിധീകരിച്ച് ജില്ലാ കമ്മിറ്റിയംഗം കെടി കുഞ്ഞിക്കണ്ണനും കോണ്‍ഗ്രസ് പ്രതിനിധിയായി വിടി ബല്‍റാമുമാണ് പങ്കെടുത്തത്.
പത്തനംതിട്ട മണ്ണാറമലയിലെ വീട്ടില്‍നിന്ന് 100 കിലോയിലേറെ കഞ്ചാവ് പോലീസ് പിടികൂടി. മൂന്നുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. സലിം, ജോയല്‍, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലായിട്ടുള്ളത്.
കാലടി പോലീസ് സ്‌റ്റേഷനില്‍നിന്ന് രണ്ടു കെഎസ് യു പ്രവര്‍ത്തകരെ ലോക്കപ്പില്‍നിന്ന് രണ്ട് എംഎല്‍എമാര്‍ മോചിപ്പിച്ചു കൊണ്ടുപോയതിന് രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്.ഐ സതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ ബേസില്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കെ.എസ്.യു പ്രവര്‍ത്തകരെ മോചിപ്പിച്ചതിന് എംഎല്‍എമാരായ സനീഷ് കുമാര്‍, റോജി എം ജോണ്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
വ്യാപാര സ്ഥാപനത്തിനു ലൈസന്‍സ് അനുവദിക്കാന്‍ രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് സ്‌പെഷ്യല്‍ ഗ്രേഡ് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന പി.ഡി. സുരേഷിനെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
ബിജെപി പിന്തുണയോടെ പഞ്ചായത്ത് അധ്യക്ഷയും ഉപാധ്യക്ഷനുമായി ജയിച്ച കോണ്‍ഗ്രസ് അംഗങ്ങളോട് രാജിവയ്ക്കണമെന്ന് കൊല്ലം ഡിസിസി. ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസിന്റെ ഷീബ ചെല്ലപ്പന്‍, സുജാതന്‍ അമ്പലക്കര എന്നിവരോടാണ് രാജിവക്കാന്‍ ആവശ്യപ്പെട്ടത്.
ജിഎസ്ടി വകുപ്പ് രണ്ടു മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയില്‍ 9,300 ത്തിലധികം വ്യാജ രജിസ്‌ട്രേഷനുകള്‍ കണ്ടെത്തി. 11,000 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയെന്നു ധനമന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
ജ്ഞാന്‍വാപി പള്ളിയിലെ പുരാവസ്തു സര്‍വേക്കുള്ള ഇടക്കാല സ്റ്റേ അലഹബാദ് ഹൈക്കോടതി നീട്ടി. സുപ്രീംകോടതി അനുവദിച്ച സമയപരിധി കഴിഞ്ഞതിനാലാണ് നടപടി. കേസില്‍ നാളെ മൂന്നരയ്ക്ക് ഹൈക്കോടതിയില്‍ വാദം തുടരും.
ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിവയ്ക്കൂവെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ്. മൂന്നു മാസമായി തുടരുന്ന കലാപത്തെ മുഖ്യമന്ത്രി പക്ഷപാതപരമായാണു കൈകാര്യം ചെയ്തതെന്നും രാജിവയ്ക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു.
മോദി സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ 2019 ലെ ബജറ്റ് സമ്മേളനത്തിടെ മോദി നടത്തിയ പ്രസംഗത്തില്‍ പ്രവചിച്ചിരുന്നെന്ന് ബിജെപി നേതാക്കളുടെ പ്രചാരണം. 2018 ലെ അവിശ്വാസ പ്രമേയത്തെക്കുറിച്ചു സംസാരിക്കവേയാണ് 2023 ല്‍ വീണ്ടും അവിശ്വാസം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നു പറഞ്ഞത്.
എയര്‍ ഇന്ത്യയുടെ ഐക്കണിക് ചിഹ്നമായ ‘മഹാരാജ’ യെ തഴയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ എയര്‍ ഇന്ത്യയെ സ്വന്തമാക്കിയ ടാറ്റ ഗ്രൂപ്പ് എയര്‍ലൈന്‍ ലോഞ്ചുകള്‍ക്കും പ്രീമിയം ക്ലാസുകള്‍ക്കുമായി മഹാരാജ ചിത്രം ഉപയോഗിക്കും. 1946 മുതല്‍ ഉപയോഗിക്കുന്ന ‘മഹാരാജ’ ലോഗോ ഇനി ഒരു ലോഗോ ആയി ഉപയോഗിക്കില്ല.
ഗോ ഫസ്റ്റ് ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകള്‍ ആരംഭിക്കുന്നു. അടുത്ത ആഴ്ച ഷെഡ്യൂള്‍ ചെയ്ത ഫ്‌ളൈറ്റുകള്‍ ആരംഭിക്കുമെന്നും ഗോ ഫ്‌ളൈറ്റ് വൃത്തങ്ങള്‍ അറിയിച്ചു.
യമുനാ നദിയില്‍ നിന്നും ഡോള്‍ഫിനെ പിടിച്ച് പാകം ചെയ്തു കഴിച്ച ഉത്തര്‍ പ്രദേശിലെ നാല് മത്സ്യത്തൊഴിലാളികള്‍ പിടിയില്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.