അരി കയറ്റുമതി നിരോധിച്ചു. വിലക്കയറ്റം തടയാനും ലഭ്യത ഉറപ്പാക്കാനുമാണു കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചത്. പേമാരിമൂലം ആയിരക്കണക്കിന് ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി നശിച്ചിരിക്കേ, വിളവെടുപ്പു കുറയുമെന്നു മുന്നില്‍കണ്ടാണ് നിരോധനംെ. ബസ്മതി അരി കയറ്റുമതി ചെയ്യാന്‍ തടസമില്ല. ആഗോള അരി വിപണിയുടെ 40 ശതമാനം ഇന്ത്യയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം 554 ലക്ഷം ടണ്‍ അരി ഇന്ത്യ കയറ്റിയയച്ചിരുന്നു. 140 ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ അരി കയറ്റിയയച്ചിരുന്നു.
സംസ്ഥാനത്ത് അഴിമതിക്കേസുകളുടെ അന്വേഷണത്തിന് മൂന്നു മാസം മുതല്‍ 12 മാസം വരെ സമയപരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അന്വേഷണങ്ങള്‍ നീണ്ടുപോകാതിരിക്കാന്‍ ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശ അംഗീകരിച്ചാണ് ഉത്തരവ്. വിജിലന്‍സ് നടത്തുന്ന പ്രാഥമിക അന്വേഷണം മുതല്‍ കേസ് ഫയല്‍ ചെയ്തുള്ള അന്വേഷണം വരെ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് സമയപരിധി നിശ്ചയിച്ചത്.
കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. വിദ്യാര്‍ത്ഥികളില്‍നിന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനു പരാതി ലഭിച്ചിരുന്നു. കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
അധികാരത്തിനുവേണ്ടി വിദ്വേഷം പ്രചരിപ്പിച്ച് മണിപ്പൂരില്‍ ക്രൈസ്തവരെ ആക്രമിച്ച് കലാപഭൂമിയാക്കുന്ന സംഘപരിവാര്‍ അജണ്ടയെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മണിപ്പൂരില്‍നിന്ന് അനുദിനം സ്‌തോഭജനകമായ വാര്‍ത്തകളാണ് വരുന്നത്. രണ്ടുമാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ കാണാന്‍ കഴിയൂ. അദ്ദേഹം പറഞ്ഞു.
മണിപ്പൂര്‍ കലാപത്തില്‍ പ്രതിഷേധവുമായി എല്‍ഡിഎഫ് 27 ന് സേവ് മണിപ്പൂര്‍ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. എല്ലാ നിയോജകമണ്ഡലങ്ങളിലും രാവിലെ പത്തു മുതല്‍ ഉച്ചയ്ക്കു രണ്ടുവരെ ആയിരത്തിലേറെ പേരെ പങ്കെടുപ്പിച്ച് പ്രതിഷേധിക്കും.
ക്രിമിനല്‍ കേസിലെ പ്രതിയെ രക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ പോലീസ് എസ്‌ഐ അടക്കം രണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അഞ്ചുവര്‍ഷം തടവും പിഴയും ശിക്ഷ. ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസര്‍ ആയിരുന്ന പ്രഭാകരന്‍ നായര്‍, കോതമംഗലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആയിരുന്ന മുഹമ്മദ് അഷ്‌റഫിന്‍ എന്നിവരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
കൈക്കൂലി കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് അഞ്ചുവര്‍ഷം തടവും പിഴയും ശിക്ഷ. ചതുരംഗപ്പാറ വില്ലേജ് ഓഫീസ് ആയിരുന്ന പ്രഭാകരന്‍ നായര്‍ കൈക്കൂലി വാങ്ങിയ കേസിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ശിക്ഷ. 2009 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 65,000 പിഴയും അടയ്ക്കണം. വസ്തു സംബന്ധമായ രേഖകള്‍ ശരിയാക്കാന്‍ മുഹമ്മദ് ഷാബിന്‍ എന്നയാളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണു കേസ്.
കണ്ണൂര്‍ മൊകേരിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പണം തിരിമറി നടത്തിയ സംഭവത്തില്‍ ക്ലര്‍ക്ക് പി. തപസ്യയെ ഡിഎംഓ സസ്‌പെന്‍ഡ് ചെയ്തു. മൂന്നു ലക്ഷത്തിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തി.
ഡിവിഷന്‍ നിലനിര്‍ത്താനും അധ്യാപക തസ്തിക നഷ്ടമാകാതിരിക്കാനും 21 വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ നേടിയതായി വ്യാജ രേഖയുണ്ടാക്കിയെന്ന കേസില്‍ മുന്‍ പ്രിന്‍സിപ്പലിന് ഏഴു വര്‍ഷം തടവു ശിക്ഷ. കൊല്ലം ജോണ്‍ എഫ് കെന്നഡി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ എസ്. രമാകുമാരിയെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.
40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് സ്വകാര്യ ബസുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളില്‍ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസുകളില്‍ 45 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്കു മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്.
ഇനിയുള്ള രാഷ്ട്രീയക്കാര്‍ ഉമ്മന്‍ ചാണ്ടിയാകാനാണ് ശ്രമിക്കേണ്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ മകന്‍ കൃഷ്ണകുമാര്‍. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ ആദരാജ്ഞലി അര്‍പ്പിക്കാനെത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പുതുപ്പള്ളിയില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ പരാമര്‍ശം നടത്തിയെന്ന കേസില്‍ പോലീസ് സിനിമാനടന്‍ വിനായകന്റെ മൊഴിയെടുത്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണു മൊഴിയെടുത്തത്. വിനായകന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഇതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചതിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കുകയാണെന്ന് വിനായകന്‍ പറഞ്ഞു.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഎം നേതാവ് പി. ജയരാജന്‍ സിബിഐക്ക് കത്തയച്ചു. കെ.സുധാകരന്‍ പൊലീസിനെ വിരട്ടിയാണ് കേസില്‍ എഫ്‌ഐആര്‍ ഇട്ടതെന്ന ബിആര്‍എം ഷെഫിറിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ആവശ്യം.
ഒന്നര മാസംകൊണ്ട് 5,516 ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 29.05 ലക്ഷം രൂപ പിഴയായി ഈടാക്കി. ഈ കാലയളവില്‍ 3029 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും 18,079 സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷനും നല്‍കിയിട്ടുണ്ട്.
ആലപ്പുഴ തായങ്കരയില്‍ കാര്‍ കത്തി മരിച്ചത് ഉടമ എടത്വാ മാമ്മൂട്ടില്‍ ജയിംസ്‌കുട്ടി ജോര്‍ജ് (49) ആണെന്നു സ്ഥിരീകരിച്ചു. മദ്യപിച്ചു വീട്ടില്‍ വഴക്കുണ്ടാക്കി ഇറങ്ങിപ്പോകാറുള്ള ഇയാള്‍ വീടിന്റെ ആധാരവും മക്കളുടെ സര്‍ട്ടിഫിക്കറ്റുകളും കത്തിക്കുമെന്നു ഭീഷണിപ്പെടുത്താറുണ്ട്. ഈ രേഖകളെല്ലാം കാറിലിട്ട് പെട്രോള്‍ ഒഴിച്ചു കത്തിച്ചു.
സ്‌കൂളിനു മുന്നിലെ റോഡ് മുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടാണെന്നും പോലീസിനെ നിയോഗിച്ചു സഹായിക്കണമെന്നും ആവശ്യപ്പെട്ടുള്ള കത്തില്‍ നടപടിയെടുത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കോഴിക്കോട് വട്ടോളി ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ നാലാം ക്ലാസ് ബി യില്‍ പഠിക്കുന്ന ആര്‍. ശിവാനി അയച്ച കത്തനുസരിച്ച് സ്‌കൂളിനു മുന്നില്‍ പോലീസിനെ ഡ്യൂട്ടിക്കു നിയോഗിച്ചു.
താമരശേരി രൂപതയിലെ വൈദികന്‍ തോമസ് പുതിയപറമ്പിലിനെ സസ്‌പെന്‍ഷന്‍. സഭാ നേതൃത്വത്തെ വിമര്‍ശിച്ചതിനും ചുമതലകള്‍ ഏറ്റെടുക്കാത്തതിനുമാണ് ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ നടപടിയെടുത്തത്.
പൊന്നാനിയില്‍ ഭാര്യ സുലൈഖയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഭര്‍ത്താവ് തിരൂര്‍ പടിഞ്ഞാറെ കരയിലെ യൂനുസ് കോയക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
മുന്‍ എംപി വിവേകാനന്ദ റെഡ്ഡി കൊലക്കേസില്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ സഹോദരി വൈ എസ് ശര്‍മിള രഹസ്യ മൊഴി നല്‍കി. ബന്ധുവും കടപ്പ എംപിയുമായ അവിനാശ് റെഡ്ഡിക്കും അച്ഛന്‍ ഭാസ്‌കര്‍ റെഡ്ഡിക്കുമെതിരെയാണ് ശര്‍മിളയുടെ മൊഴി. രഹസ്യ സാക്ഷി മൊഴിയുണ്ടെന്ന് നേരത്തേ സിബിഐ കോടതിയില്‍ പറഞ്ഞിരുന്നു. ഈ രഹസ്യ സാക്ഷി മൊഴി ശര്‍മിളയുടേതെന്നാണ് കോടതിയില്‍ സിബിഐ നല്‍കിയ അന്തിമ കുറ്റപത്രത്തില്‍ പറയുന്നത്.
റെയില്‍ സുരക്ഷയ്ക്ക് അഞ്ചു വര്‍ഷം കേന്ദ്രം ചെലവഴിച്ചത് ലക്ഷം കോടി രൂപ. 2017 – 18 മുതല്‍ 2021 – 22 വരെയുള്ള കണക്കാണിതെന്ന് രാജ്യസഭയിലെ ചോദ്യത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രേഖാമൂലം മറുപടി നല്‍കി. ലെവല്‍ ക്രോസിംഗ്, റോഡ് ഓവര്‍ ബ്രിഡ്ജ്, റോഡ് അണ്ടര്‍ ബ്രിഡ്ജുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 2001-02 ല്‍ റെയില്‍വേ സുരക്ഷാ ഫണ്ട് രൂപീകരിച്ചെന്നും മന്ത്രി പറഞ്ഞു.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയ്ക്കു ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് രാജസ്ഥാന്‍. ജയ്പൂര്‍ ഗ്രേറ്റര്‍ മുനിസിപ്പല്‍ കോര്‍പറേഷനാണ് ആദ്യമായി ഇത്തരത്തിലൊരു ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.