night news hd 9

 

‘ഷോ’ കാണിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ നാട്ടുകാരോടു ‘ഷോ’ കാണിക്കരുതെന്നു ഭീഷണിപ്പെടുത്തി മന്ത്രിമാര്‍. തിരുവനന്തപുരം ചിറയിന്‍കീഴ് മുതലപ്പൊഴിയില്‍ മല്‍സ്യബന്ധനത്തിനു പോയി ഒരു മല്‍സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കടലില്‍ കാണാതാകുകയും ചെയ്ത സംഭവത്തില്‍ ദുഖപ്രകടനവുമായി എത്തിയ മന്ത്രിമാരായ ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആന്റണി രാജു എന്നിവരെയാണു നാട്ടുകാര്‍ തടഞ്ഞത്. അപകടമേഖലയില്‍ സുരക്ഷാ സംവിധാനം ഒരുക്കാത്തതുമൂലമാണ് അപകടം ആവര്‍ത്തിക്കുന്നതെന്നു ചൂണ്ടിക്കാണിച്ചായിരുന്നു മന്ത്രിമാരെ തടഞ്ഞത്. പ്രതിഷേധംമൂലം മന്ത്രിമാര്‍ ക്ഷുഭിതരായി മടങ്ങിപ്പോയി.

മന്ത്രിമാരെ തടഞ്ഞത് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ യുജീന്‍ പേരേര നിര്‍ദേശിച്ചതനുസരിച്ചാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. നാട്ടുകാര്‍ അത് അനുസരിക്കാതെ സംയമനം പാലിച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായെന്നും മന്ത്രിമാര്‍ വാര്‍ത്താകുറിപ്പില്‍ അവകാശപ്പെട്ടു.

മത്സ്യത്തൊഴിലാളികളോടു കയര്‍ത്ത മന്ത്രിമാര്‍ സഖാക്കളെയും പോലീസിനേയും നിരത്തി നാടകം അവതരിപ്പിക്കാനാണു ശ്രമിച്ചതെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ യുജീന്‍ പേരേര. വിഴിഞ്ഞം സമരം ആസൂത്രിതമായി അട്ടിമറിച്ചവരാണ് ഇക്കൂട്ടര്‍. ഈ നാട് വെള്ളത്തില്‍ മുങ്ങി നിന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ വരെയാണ് കലാപാഹ്വാനം ചെയ്‌തെന്നു കള്ളക്കേസില്‍ കുടുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റു ചെയ്യുന്നതു സുപ്രീം കോടതി തടഞ്ഞു. കേസ് എസ്സി എസ്ടി അതിക്രമ നിരോധന നിയമം ലംഘിച്ചെന്നു കേരള പോലീസ് ചുമത്തിയ കുറ്റം നിലനില്‍ക്കില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന വാദം കോടതി ശരിവച്ചു. ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. കേസില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി.

ഏക സിവില്‍ കോഡിനെതിരേയും മണിപ്പൂര്‍ വിഷയത്തിലും 29 നു യുഡിഎഫ് എല്ലാ ജില്ലകളിലും ബഹുസ്വരതാ സംഗമം നടത്താന്‍ യുഡിഎഫ് തീരുമാനിച്ചു. വിലക്കയറ്റത്തിലും സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ച് റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റുവരെ സമരം നടത്തും. സെപ്റ്റംബര്‍ നാലു മുതല്‍ 11വരെ കാല്‍നട പ്രചാരണ ജാഥ നടത്തും. സെപ്റ്റംബര്‍ 12 നു സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും യുഡിഎഫ് തീരുമാനിച്ചു.

സിപിഎമ്മുമായി ചേര്‍ന്ന് ഒരു പരിപാടിയും നടത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാധ്യമ സ്ഥാപനങ്ങള്‍ക്കു ചെസ്റ്റ് നമ്പര്‍ കൊടുത്ത് പൂട്ടിക്കുമെന്നു ഭീഷണി മുഴക്കുന്ന പിവി അന്‍വര്‍ എംഎല്‍എയുടെ പിറകില്‍ ആരാണ്? അന്‍വര്‍ പറയുന്നതനുസരിച്ച് പോലീസ് വേട്ടയാടുന്നു. സൈബര്‍ ആക്രമണവും നടത്തുന്നു. സതീശന്‍ പറഞ്ഞു.

കാസര്‍കോടുനിന്നും തിരുവനന്തപുരത്തേക്കു പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് വഴിയില്‍ ഒന്നര മണിക്കൂര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. എന്‍ജിന്‍ തകരാറാണ് കാരണം. എസി ഇല്ലാതെ യാത്രക്കാര്‍ ദുരിതത്തിലായി.

ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കു ദോഹയില്‍ നിന്ന് കോഴിക്കോട്ടേക്കു പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. വിമാനം അനിശ്ചിതമായി വൈകിയതുമൂലം യാത്രക്കാര്‍ ദുരിതത്തിലായി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ലഭ്യമാകുന്ന കെ – സ്മാര്‍ട്ട് സംവിധാനം നവംബര്‍ ഒന്നിനു നടപ്പാക്കുമെന്ന് തദ്ദേശ സ്വയഭരണ മന്ത്രി എം ബി രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മഴക്കെടുതി മൂലം കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.

ഗോവയിലെ മദ്യ ഉല്‍പാദനത്തെക്കുറിച്ചു പഠിക്കാന്‍ എക്‌സൈസിനു സര്‍ക്കാര്‍ അനുമതി നല്‍കി. രണ്ട് ഉദ്യോഗസ്ഥരെ ഇതിനായി ഗോവയിലേക്ക് അയക്കും. ചെലവു കുറച്ച് മദ്യം ഉല്‍പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നതു പഠിക്കാനാണ് തീരുമാനം.

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്കു മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കൊച്ചി ഉദയംപേരൂരിലെ സംഘടനയുടെ ഹര്‍ജിയാണ് തള്ളിയത്.

പുനലൂരിലെ പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത കേസില്‍ സിപിഐക്കാരായ പ്രതികളെ കോടതി വെറുതെവിട്ടു. സിപിഐ, എഐവൈഎഫ് പ്രാദേശിക നേതാക്കളായ ഇമേഷ്, എം എസ് ഗിരീഷ്, സതീഷ്, അജികുമാര്‍, ബിനീഷ് എന്നിവരെയാണ് കൊല്ലം ജീല്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വിട്ടയച്ചത്.

പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധു മരിച്ചു. കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ സ്വദേശി ഷക്കീറിന്റെ(32) പരിക്ക് ഗുരുതമാണ്. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹം.

അര നൂറ്റാണ്ടിലേറെ തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത ആന ശങ്കരംകുളങ്ങര മണികണ്ഠന്‍ ചരിഞ്ഞു. പുങ്കുന്നം ശങ്കരം കുളങ്ങര ദേവീ ക്ഷേത്രത്തിന്റെ ആനയാണ്. 58 വര്‍ഷമായി തിരുവമ്പാടി വിഭാഗത്തിനുവേണ്ടി തൃശൂര്‍ പൂരത്തില്‍ പങ്കെടുത്തിട്ടുണ്ട്.

നേപ്പാള്‍ സ്വദേശിനി ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു. പഞ്ചംഗ് ജില്ലക്കാരിയായ സുനാദേവി ജാഗ്രി (35) ആണ് ഒറ്റപ്പാലം മായന്നൂരിനടുത്ത് ഒഴുക്കില്‍പെട്ടു മരിച്ചത്.

കോഴിക്കോട് പൂളക്കടവ്- മെഡിക്കല്‍ കോളജ് റോഡില്‍ കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ന്നുവീണു. ഇരിങ്ങാടന്‍പള്ളി സ്വദേശിനി സുജാതയുടെ നാലു മുറികളുള്ള ഇരുനില കെട്ടിടമാണു തകര്‍ന്നത്.

അമ്പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം നാളെ ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയകും. സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുക്കും. ഒഎന്‍ഡിസിക്കു കീഴില്‍ നികുതി ഏതു ഘട്ടത്തില്‍ ചുമത്തണമെന്നു ചര്‍ച്ച ചെയ്യും. തങ്ങളുടെ സേവനങ്ങള്‍ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാന്‍ സംരംഭകരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്ലാറ്റ്‌ഫോമാണ് ഒഎന്‍ഡിസി.

തെലങ്കാനയിലെ ‘നപുംസക നിയമം -1919’ ഹൈക്കോടതി റദ്ദാക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ഇല്ലാതാക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.

മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതിയായ പ്രവേഷ് ശുക്ലയുടെ പൊളിച്ചുനീക്കിയ വീട് പുനര്‍നിര്‍മിച്ചുകൊടുക്കുമെന്നു ബ്രാഹ്‌മണ സംഘടന. സര്‍ക്കാരാണു വീട് പൊളിച്ചത്. വീടു നിര്‍മിക്കാന്‍ ധനസമാഹരണം ആരംഭിച്ചു.

മെഡിക്കല്‍ വിദ്യാര്‍ത്ഥി വൃഷ്ണം മുറിച്ച് ആത്മഹത്യ ചെയ്തു. ഹൈദരാബാദില്‍ ദീക്ഷിത് റെഡ്ഢി (20) എന്ന വിദ്യാര്‍ത്ഥിയാണു മരിച്ചത്.

റഷ്യന്‍ സൈന്യത്തിനെതിരേ കൂലിപ്പട്ടാളത്തെ നയിച്ച വാഗ്നര്‍ ഗ്രൂപ്പു തലവന്‍ യെവ്ഗിനി പ്രിഗോഷിനുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ കൂടിക്കാഴ്ച നടത്തി. വാഗ്നര്‍ ഗ്രൂപ്പിലെ കമാന്‍ഡര്‍മാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *