ബല്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗ കേസില്‍ ജയിലില്‍നിന്നു മോചിപ്പിക്കണമെന്ന് അപേക്ഷ നല്‍കാത്ത പ്രതിയെപോലും ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചെന്ന് സുപ്രീം കോടതി. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 11 പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ നിരീക്ഷണം. പ്രതികളെയെല്ലാം രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലില്‍ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസില്‍ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രി, മുന്‍ മന്ത്രിസഭയിലെ 18 അംഗങ്ങള്‍ എന്നിവര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. ഹൈക്കോടതി ചട്ടം അനുസരിച്ച് മുഖ്യമന്ത്രിക്ക് പ്രത്യേക കത്ത് വഴിയാണ് നോട്ടീസ് കൈമാറുക.
കണ്ണൂര്‍ ജില്ലയ്ക്കു സ്വര്‍ണക്കപ്പ്. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ 952 പോയിന്റുമായാണ് കണ്ണൂര്‍ ജില്ല മൂന്നു പോയിന്റു കുറവുള്ള കോഴിക്കോടിനെ പിന്തള്ളി ഓവറോള്‍ ചാമ്പ്യന്മാരായത്. സ്വര്‍ണക്കപ്പ് കണ്ണൂരിലേക്ക് എത്തുന്നത് 23 വര്‍ഷത്തിനു ശേഷമാണ്. 896 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്തും 938 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമെത്തി. 935 പോയിന്റുമായി തൃശൂര്‍ നാലാം സ്ഥാനത്തുണ്ട്.
അടുത്ത വര്‍ഷം കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനത്തെ ബാധിക്കരുതെന്ന് സമ്മാന വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായ നടന്‍ മമ്മൂട്ടി പറഞ്ഞു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.
കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ ശമ്പളം രണ്ടു ഗഡുക്കളായി വിതരണം ചെയ്യണമെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. എല്ലാ മാസവും ആദ്യ ഗഡു പത്താം തീയതിയ്ക്കു മുന്‍പും രണ്ടാം ഗഡു ഇരുപതാം തീയതിയ്ക്കു മുമ്പും നല്‍കണം. ശമ്പളം എല്ലാ മാസവം പത്തിനകം നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കെ.എസ്.ആര്‍.ടി.സി നല്‍കിയ അപ്പീലിലാണ് നടപടി.
ആലത്തൂരില്‍ കോടതി ഉത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് പൊലീസ് എസ്‌ഐ മോശമായി പെരുമാറിയ സംഭവത്തില്‍ ഹൈക്കോടതി സംസ്ഥാന പോലീസ് മേധാവിയോടു വിശദീകരണം തേടി. ജനുവരി 18 ന് സംസ്ഥാന പൊലീസ് മേധാവി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായി വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. പൊലീസിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് ആലത്തൂര്‍ വിഷയം കോടതി പരിഗണിച്ചത്. അപകടത്തില്‍ പൊലീസ് പിടികൂടിയ വാഹനം വിട്ടുകിട്ടാന്‍ കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകന്‍ അക്വിബ് സുഹൈലിനോടാണ് എസ്.ഐ റിനീഷുമായി തട്ടിക്കയറുകയും കേസെടുക്കുകയും ചെയ്തത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ഇടുക്കി തൊടുപുഴയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനം ചെയ്യും. ഭൂമി പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പുവക്കാത്തതിന്റെ പേരില്‍ എല്‍ഡിഎഫ് നാളെ ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയ കണ്ണൂര്‍ ജില്ലയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിനന്ദിച്ചു.
കര്‍ഷകരെ കരിച്ചുകളയുന്ന സൂര്യനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കുറ്റപ്പെടുത്തി. കര്‍ഷകര്‍ക്കു ആറു മാസമായി പെന്‍ഷന്‍ ഇല്ല. കാര്‍ഷികരംഗം ഇന്നു കര്‍ഷകരുടെ ശവപ്പറമ്പാണ്. 12 കര്‍ഷകരാണ് രണ്ടു മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത്. കണ്ണൂരില്‍ മാത്രം നാലു കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. സുധാകരന്‍ ചൂണ്ടിക്കാട്ടി.
രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 91 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്നും കര്‍ഷക ആത്മഹത്യക്ക് സര്‍ക്കാരാണ് ഉത്തരവാദിയെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്ത് പാത്തന്‍പാറ നൂലിട്ടാമലയില്‍ ഇടപ്പാറക്കല്‍ ജോസിനെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്നും സംസ്ഥാന സര്‍ക്കാരിന് ഒഴിയാനാകില്ല. അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ലോ അക്കാദമിയില്‍ എബിവിപി – എസ്എഫ്‌ഐ സംഘര്‍ഷം. വിദ്യാര്‍ത്ഥിയുടെ റാഗിംഗ് പരാതിയില്‍ തെളിവെടുക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി എസ്. അര്‍ജുനെ എസ്എഫ്‌ഐക്കാര്‍ റാഗ് ചെയ്തെന്നാണു പരാതി. അര്‍ജുന്റെ അമ്മ നിഷ പ്രവീണിനെയും എസ്എഫ്ആക്കാര്‍ മര്‍ദിച്ചെന്നും പരാതിയുണ്ട്.
സിനിമ നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായി നിയമിച്ചു. നടി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ. നടി കീര്‍ത്തി, രേവതി എന്നിവര്‍ മക്കളാണ്. പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്തി.
കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗം പുഷ്പയെ മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ബെള്ളൂരില്‍ ഒരു ക്വാര്‍ട്ടേഴ്‌സിനടുത്താണ് മൃതദേഹം കണ്ടത്. ഹൃദയസ്തംഭനം മൂലമാണു മരണമെന്നാണു നിഗമനം.
തമിഴ്‌നാട്ടില്‍ ബസ് സമരം. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് നടത്തുമെന്ന് സിഐടിയു അടക്കം ഇരുപത്തിലേറെ യൂണിയനുകള്‍ അറിയിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു.
കൂട്ടബലാല്‍സംഗ കേസിലെ 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നതിനു മുമ്പേ ബില്‍ക്കിസ് ബാനുവും കുടുംബവും പലായനം ചെയ്തു. ഗുജറാത്തിലെ രണ്‍ദിക്പൂര്‍ ഗ്രാമത്തില്‍നിന്ന് സുരക്ഷിതമായ അജ്ഞാത കേന്ദ്രത്തിലേക്കാണ് അവര്‍ മാറിത്താമസിച്ചത്. എവിടെപ്പോയെന്ന് അറിയില്ലെന്നു ബന്ധുക്കളും അയല്‍ക്കാരും പറഞ്ഞു.
രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പു നടന്ന കരണ്‍പൂരില്‍ ബിജെപി മന്ത്രിയായ സുരേന്ദര്‍പാല്‍ സിംങ് തോറ്റു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ രുപീന്ദര്‍ കുന്നറിനാണ് ജയം. നിയമസഭാ തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥി മരിച്ചതിനാല്‍ മാറ്റിവച്ച തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനു വിജയം.