night news hd 25

 

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇസെഡ് പ്ലസ് സുരക്ഷ. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് സിആര്‍പിഎഫ് സേനാംഗങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെ രാജ്ഭവനിലെത്തി സുരക്ഷാ ചുമതല ഏറ്റെടുത്തു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെത്തുടര്‍ന്ന് ഗവര്‍ണര്‍ രണ്ടു മണിക്കൂര്‍ റോഡരികില്‍ കുത്തിയിരിപ്പു സമരം നടത്തിയെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു സുരക്ഷാ ചുമതല കേന്ദ്ര സേന ഏറ്റെടുത്തത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തെന്നു വ്യക്തമാക്കുന്ന എഫ്‌ഐആര്‍ ഹാജരാക്കിയശേഷമാണ് റോഡരികിലെ സമരം അവസാനിപ്പിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷയായ ഇസെഡ് പ്ലസ് സുരക്ഷ കേരളത്തില്‍ നിലവില്‍ മുഖ്യമന്ത്രിക്കു മാത്രമായിരുന്നു. ഗവര്‍ണര്‍ക്കുകൂടി ഇസെഡ് പ്ലസ് സുരക്ഷയായി.

സുരക്ഷ വര്‍ധിപ്പിക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷ വര്‍ധിപ്പിച്ചത്. കേരളാ പൊലീസ് മികച്ച സേനയാണ്. എന്നാല്‍ പോലീസിനെ മുഖ്യമന്ത്രി വഴിതെറ്റിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഇങ്ങനെ പ്രതിഷേധമുണ്ടാകാന്‍ പൊലീസ് അനുവദിക്കുമോ. നിലമേലില്‍ 22 പേര്‍ ബാനറുമായി എത്തിയെന്നാണ് പൊലീസ് എഫ്‌ഐആര്‍. 100 പൊലീസുകാര്‍ അവിടെ ഉണ്ടായിട്ടും അവരെ തടഞ്ഞില്ല. ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ ഇന്നലെ രാത്രിയോടെ ഡല്‍ഹിക്കു പോയി.

ഗവര്‍ണറുടെ സുരക്ഷക്കെത്തിയ സിആര്‍പിഎഫിന് കേസെടുക്കാനാകുമോയെന്നും ഗവര്‍ണ്ണര്‍ ആഗ്രഹിക്കുന്ന രീതിയില്‍ സിആര്‍പിഎഫിന് പ്രവര്‍ത്തിക്കാനാകുമോയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കരിങ്കൊടി കാണിക്കുന്നവരെ പൊലീസ് എന്തു ചെയ്യുന്നുവെന്ന് ഇറങ്ങി നോക്കുന്ന ശീലം ആര്‍ക്കെങ്കിലും ഉണ്ടോ. പൊലീസിന്റെ ജോലി പൊലീസ് ചെയ്യും. എഫ്‌ഐആറിനുവേണ്ടി സമരം ഇരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ. നിയമങ്ങളാണ് വലുത്. അധികാരം നിയമത്തിന് മുകളിലല്ല. എന്തെങ്കിലും ആരോഗ്യപ്രശ്‌നമുണ്ടോ എന്നു സ്വയം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തത് ജാമ്യം ലഭിക്കാത്ത 124 ാംവകുപ്പനുസരിച്ച്. ഭരണത്തലവനെ അവഹേളിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണു കേസ്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

ഗവര്‍ണര്‍ക്കെതിരേ വീണ്ടും കരിങ്കൊടി പ്രതിഷേധം. തൈക്കാട് ഗസ്റ്റ് ഹൗസിനു സമീപം വിവരാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കടുക്കാന്‍ ഗവര്‍ണര്‍ എത്തുന്നതിന് മുന്‍പ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഭാരവുമായാണ് പ്രതിഷേധിക്കാനെത്തിയത്. നിലമേലില്‍ റോഡിലിരുന്ന് ക്ഷീണിച്ച ഗവര്‍ണര്‍ക്കെന്ന പേരിലാണ് സംഭാര പാക്കറ്റുകള്‍ കൊണ്ടുവന്നത്. ഇവരെ വിരട്ടിയോടിച്ച പൊലീസ് രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

കേന്ദ്ര സേനയെ ഇറക്കി അടിച്ചമര്‍ത്തിയാലും സമരം മുന്നോട്ടുപോകുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ. ഗവര്‍ണര്‍ എല്ലാ സാദ്ധ്യതകളും ഉപയോഗിക്കട്ടെ. തന്റെ കാര്‍ ആക്രമിച്ചെന്ന് ഗവര്‍ണര്‍ നുണ പറയുന്നു. കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ 124 ചുമത്തിയതു ശരിയായ നടപടിയല്ലെന്നും ആര്‍ഷോ.

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ രാഷ്ട്രീയ നാടകമാണെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയാല്‍ കേസുകളും കരുതല്‍ തടങ്കലും മര്‍ദനവുംകൊണ്ട് നേരിടുന്ന പൊലീസ് ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിക്കുന്നവരെ സംരക്ഷിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച സമരം സമ്മേളനമാക്കി മാറ്റിയവരാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും വിഡി സതീശന്‍ പരിഹസിച്ചു.

നിലമേലില്‍ റോഡരികില്‍ കുത്തിയിരിപ്പു സമരം നടത്തിയ ഗവര്‍ണറുടെ നടപടി കേരളത്തിന് അപമാനമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്തോ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ലക്കും ലഗാനും ഇല്ലാതെ ഏതെങ്കിലും ഗവര്‍ണര്‍ ഇതുപോലെ അഴിഞ്ഞാടിയിട്ടുണ്ടോ എന്നും ചോദിച്ചു.

കേന്ദ്ര നയങ്ങള്‍ നവകേരള സൃഷ്ടിക്കു തടസമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സാമ്പത്തിക പ്രതിസന്ധി കേരളത്തെ വരിഞ്ഞ് മുറുക്കുമ്പോള്‍ പ്രതിപക്ഷം കേന്ദത്തിനു കൂട്ടുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ചു. ഈ വര്‍ഷം ആറായിരം കോടി രൂപയാണു കുറച്ചത്. ജനസംഖ്യക്ക് ആനുപാതികമായി നികുതി വിഭജിച്ചത് ദോഷം ചെയ്തു. ലൈഫ് വീടുകള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ പേരിടണണെന്ന നിര്‍ദേശം നടപ്പാക്കാത്തതിനാല്‍ ആ ഇനത്തിലുള്ള പണവും കേന്ദ്രം തന്നിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 22 ന് ഉപതെരഞ്ഞെടുപ്പ്. വിജ്ഞാപനം തിങ്കളാഴ്ച പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രിക ഫെബ്രുവരി അഞ്ചുവരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ഫെബ്രുവരി ആറിനാണ്. പത്രിക ഫെബ്രുവരി എട്ടുവരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍ ഫെബ്രുവരി 23 ന് രാവിലെ പത്തിനു നടത്തും.

റിപ്പബ്ലിക് ദിനത്തിലെ നാടകത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച പരാമര്‍ശങ്ങളുണ്ടായതു സംബന്ധിച്ച് വിശദീകരണവുമായി ഹൈക്കോടതി. നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് നാടകം നടന്നത്. ദേശീയ ഐക്യസന്ദേശമുള്ള നാടകം അവതരിപ്പിക്കാനാണ് അനുമതി നല്‍കിയത്. അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ച രണ്ടു ജീവനക്കാരെ സസ്‌പെന്‍ഡു ചെയ്‌തെന്നും ഹൈക്കോടതി അറിയിച്ചു.

കാസര്‍കോട് കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാസ് മരിച്ച സംഭവത്തില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്കു കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. കുമ്പള എസ്‌ഐ ആയിരുന്ന എസ്ആര്‍ രജിത്ത്, സിപിഒമാരായ ടി. ദീപു, പി. രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് കേസ്.

തൊടുപുഴയില്‍ അധ്യപകന്‍ പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ പ്രതി സവാദിനെ ഫെബ്രുവരി 16 വരെ റിമാന്‍ഡ് ചെയ്തു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും വീണ്ടും കസ്റ്റഡിയില്‍ വേണമെന്നും
എന്‍ഐഎ അറിയിച്ചു.

പോക്സോ കേസില്‍ യുവതിക്ക് കഠിന തടവും പിഴയും. അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്ക് 13 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരത്തെ പ്രസിദ്ധമായ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി മദ്യപിച്ച് മര്‍ദ്ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് വിധി.

മെച്ചപ്പെട്ട ചികിത്സയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൂമ്പാറ്റ എന്ന പേരില്‍ പാര്‍ക്ക് തുറന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കളിക്കാനുള്ള ഉപകരണങ്ങള്‍ക്കൊപ്പം കമ്പ്യൂട്ടര്‍ ഗെയിം കോര്‍ണറുമുണ്ട്. പുതിയ ഒപി രജിസ്‌ട്രേഷന്‍ കൗണ്ടര്‍, ലേബര്‍ റും സമുച്ചയം രണ്ടാമത്തെ മെഡിക്കല്‍ ഐസിയു, സ്‌പെഷ്യാലിറ്റി ഒ പി വിഭാഗം, ബേണ്‍സ് യൂണിറ്റ് എന്നിവയുമുണ്ട്.

ഇടുക്കി നെടുങ്കണ്ടം കാരിത്തോട്ടില്‍ യുവാവ് കുത്തേറ്റ് മരിച്ചു. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീണ്‍ (37) ആണ് മരിച്ചത്.

തന്റെ അച്ഛന്‍ രജനീകാന്ത് സംഘിയല്ലെന്ന് മകളം സംവിധായികയുമായ ഐശ്വര്യ. ലാല്‍സലാം എന്ന സിനിമയുടെ ലോഞ്ചിംഗിനിടെയാണ് ഈ പ്രതികരണം. സാമൂഹ്യ മാധ്യമങ്ങള്‍ രജനീകാന്തിനെ സംഘിയായി വിശേഷിപ്പിക്കുന്നതു ശരിയല്ലെന്ന് നിറകണ്ണുകളോടെയാണ് ഐശ്വര്യ പറഞ്ഞത്. സ്‌പോര്‍ട്‌സ് ഡ്രാമയായ ലാല്‍സലാം ഫെബ്രുവരി ഒമ്പതിനു റിലീസ് ചെയ്യുമെന്നും ഐശ്വര്യ പറഞ്ഞു.

ഗള്‍ഫ് ഓഫ് ഏദനില്‍ ചരക്കു കപ്പിലില്‍ മിസൈല്‍ ആക്രമണം. ഇന്ത്യന്‍ നാവിക സേന കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ബ്രിട്ടീഷ് എണ്ണക്കപ്പലായ മര്‍ലിന്‍ ലൂണ്ടയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഈ കപ്പലിലെ ജീവനക്കാരില്‍ 22 പേരും ഇന്ത്യക്കാരാണ്. മിസൈല്‍ നശീകരണ ശേഷിയുള്ള പടക്കപ്പല്‍ ഐഎന്‍എസ് വിശാഖപട്ടണവുമായാണ് നാവിക സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *