ഏപ്രില്‍ 16 നു ലോക്‌സഭാ തെരഞ്ഞെടുപ്പു നടന്നേക്കും. തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ അയച്ച സര്‍ക്കുലറിലാണ് തീയതി സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ക്കുള്ള ആസൂത്രണത്തിനുള്ള റഫറന്‍സിനായാണ് ഏപ്രില്‍ 16 നു വോട്ടെടുപ്പു നടത്താമെന്നു നിര്‍ദേശിച്ചതെന്നാണു വിശദീകരണം.
സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ അഞ്ചു ശതമാനം വര്‍ധിപ്പിച്ച. നിലവിലുള്ള 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് തീരുവ കൂട്ടിയത്. ഇതില്‍ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനവും അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് സെസ് അഞ്ചു ശതമാനവുമാണ്. ജനുവരി 22 നു പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ സ്വര്‍ണം അടക്കമുള്ളവയ്ക്കു വില വര്‍ധിക്കും.
തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടിക പുതുക്കിയതില്‍ ക്രമക്കേടുണ്ടെന്നും സര്‍വകക്ഷി യോഗം വിളിക്കണമെന്നും കെപിസിസി. മിക്ക വാര്‍ഡുകളിലും ക്രമാതീതമായി കൂട്ടിചേര്‍ക്കലിനുള്ള അപേക്ഷകള്‍ വന്നിട്ടുണ്ട്. ഇതിന്റെ കാരണം കണ്ടെത്താന്‍ പരിശോധന ആവശ്യപ്പെട്ട് കെപിസിസി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ചു മാസമായി ക്ഷേമ പെന്‍ഷന്‍ കിട്ടാതെ ഭിന്നശേഷിക്കാരന്‍ ജീവനൊടുക്കി. കോഴിക്കോട് ചക്കിട്ടപാറ മുതുകാട്ടില്‍ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചന്‍ ആണ് മരിച്ചത്. വികലാംഗ പെന്‍ഷന്‍ മുടങ്ങിയതിനാല്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് കാണിച്ച് പാപ്പച്ചന്‍ പഞ്ചായത്ത് ഓഫീസില്‍ കത്തു നല്‍കിയിരുന്നു. കിടപ്പു രോഗിയായ മകള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.
കൊല്ലം പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. ഹെഡ് ക്വാര്‍ട്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഷീബ അന്വേഷിച്ച് രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണു നിര്‍ദേശം. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് അനീഷ്യയുടെ ആത്മഹത്യക്കു കാരണമെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു.
പരവൂരിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യക്കു കാരണക്കാരായ പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലം ജില്ലാ കളക്ടറെ ഉപരോധിച്ചു. കളക്ടറുടെ ഓഫീസിനു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു.
രാജ്യത്ത് ഏറ്റവും മികച്ച കായിക സംസ്‌കാരമുള്ള കേരളത്തെ വെല്‍നെസ് ആന്‍ഡ് ഫിറ്റ്‌നസ് ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഥമ അന്തര്‍ദേശിയ സ്പോര്‍ട്‌സ് സമ്മിറ്റ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കായിക മേഖലയ്ക്ക് നാലു ദിവസത്തെ ചര്‍ച്ചകള്‍ ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം തിരുവല്ലത്ത് ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഭര്‍ത്താവ് അടക്കം മൂന്നു പേര്‍ പിടിയില്‍. ഭര്‍ത്താവ് നൗഫല്‍, ഭര്‍ത്താവിന്റെ അച്ഛന്‍ സജിം, ഭര്‍തൃ മാതാവ് സുനിത എന്നിവരെയാണ് പിടികൂടിയത്. ഒളിവിലായിരുന്ന പ്രതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഷഹാനയെ ആശുപത്രിയിലും ഭര്‍തൃമാതാവ് മര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
ബിജെപിക്ക് ശ്രീരാമനെ വിട്ടുകൊടുക്കില്ലെന്നു ശശി തരൂര്‍ എംപി. ‘സിയാവര്‍ രാമചന്ദ്ര കീ ജയ്’ എന്നായിരുന്നു അയോധ്യ പ്രതിഷ്ഠ ദിനത്തില്‍ രാം ലല്ലയുടെ ചിത്രത്തിനൊപ്പം തരൂര്‍ കുറിച്ചത്. ട്വീറ്റ് തെറ്റായി വ്യാഖ്യാനിക്കരുതെന്നും ശശി തരൂര്‍.
എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ റെയ്ഡിന് എത്തുന്നതിനു തൊട്ടുമുമ്പ് ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗ് കമ്പനിയായ ഹൈറിച്ച് ഉടമകള്‍ മുങ്ങി. തൃശൂര്‍ ചേര്‍പ്പ് സ്വദേശികളായ എംഡി കെ.ഡി. പ്രതാപന്‍, ഭാര്യയും സിഇഒയുമായ ശ്രീന പ്രതാപന്‍, ഡ്രൈവര്‍ ശരണ്‍ എന്നിവരാണു മുങ്ങിയത്. രാവിലെ പത്തരയോടെ ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടില്‍ എത്തിയപ്പോഴേക്കും കടന്നു കളയുകയായിരുന്നു. ഉദ്യോഗസ്ഥര്‍ വൈകുന്നേരവും പരിശോധനകള്‍ തുടര്‍ന്നു. നൂറു കോടി രൂപ ഹവാല വഴി വിദേശത്തേക്കു കടത്തിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ മുന്‍ നേതാവുമായ എന്‍. ഭാസുരാംഗന്റെ ഒരു കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാടു നടന്നെന്ന കേസില്‍ ഭാസുരാംഗന്‍ ജാമ്യം കിട്ടാതെ ജയിലിലാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനത്തിന് കടമായി നല്‍കിയ 77.6 ലക്ഷം രൂപയെക്കുറിച്ചും അന്വേഷണം വേണമെന്ന് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന് പരാതി. കോട്ടയം ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജാണ് പരാതി നല്‍കിയത്.
കോഴിക്കോട് അത്തോളി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിലെ സംഘര്‍ഷത്തിന്റെ പേരില്‍ അത്തോളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ അടക്കം കോണ്‍ഗ്രസുകാരായ 10 പ്രതികളെ റിമാന്‍ഡു ചെയ്തു. ഡിസംബര്‍ 20 ന് കെപിസിസി സംസ്ഥാന വ്യാപകമായി നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ ഭാഗമായായിരുന്നു അത്തോളിയിലെ സമരം.
വ്യാജ വിസ കേസില്‍ മലപ്പുറം കുറ്റിപ്പുറം സ്വദേശി മുജീബ് ഡല്‍ഹിയില്‍ അറസ്റ്റില്‍. വ്യാജ വിസ നല്‍കുന്ന റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്. വ്യാജ ഷെങ്കന്‍ വിസയുമായി ഒരാളെ കഴിഞ്ഞ ദിവസം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുജീബിലേക്ക് പൊലീസ് എത്തിയത്.
ട്വന്റി 20 പാര്‍ട്ടി സമ്മേളനത്തില്‍ വൃത്തികെട്ട ജന്തുവെന്ന് അധിക്ഷേപിച്ചെന്ന് ആരോപിച്ച് ട്വന്റി20 ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബിനെതിരെ പി.വി ശ്രീനിജിന്‍ എംഎല്‍എ പരാതി നല്‍കി. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
വിദ്യാര്‍ത്ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളജ് നാളെ തുറക്കും. തിരിച്ചറിയല്‍ കാര്‍ഡുള്ള വിദ്യാര്‍ത്ഥികളെ മാത്രമേ അകത്തേക്കു പ്രവേശിപ്പിക്കൂ. പുറത്തുനിന്നുള്ളവരുടെ ഇടപെടലുകള്‍ തടയാനാണ് ഈ നടപടി.
തിരുവനന്തപുരം പാറശ്ശാലയില്‍ 12 കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ അരവിന്ദ് മോഹന്‍ (24) ആണ് പിടിയിലായത്.
വയനാട്ടിലെ തരുവണ കരിങ്ങാരിയിലെ നെല്‍പ്പാടത്തെ ജനവാസ മേഖലയില്‍ കുറ്റിക്കാട്ടില്‍ ഒളിച്ച കരടിയെ പടക്കം പൊട്ടിച്ച് പുറത്തു ചാടിച്ചു. തോട്ടത്തിലേക്കു പോയ കരടിയെ മയക്കുവെടി വച്ചു പിടികൂടാനാണ് തീരുമാനം.
തിരൂര്‍ മലയാളം സര്‍വകലാശാല യൂണിയനിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൂന്നു സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ചെയര്‍പേഴ്സന്‍, ജനറല്‍ സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ എസ്എഫ്‌ഐ വിജയി
ഒന്‍പത് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അമ്പലപ്പുഴ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. അമ്പലപ്പുഴ സ്വദേശികളായ ഹരികൃഷ്ണന്‍ – വന്ദന ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്.
അശ്ലീല ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ചെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. നാദാപുരം പാറക്കടവ് കേരള ബാങ്കിലെ ജീവനക്കാരന്‍ ദീപക് സുരേഷിനെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്.
ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ കേസെടുക്കാന്‍ ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ഡിജിപിക്കു നിര്‍ദേശം നല്‍കി. ഗോഹട്ടിയിലേക്കു പ്രവേശനം തടഞ്ഞ് പോലീസ് നിരത്തിയ ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറിച്ചിട്ടതിനാണ് കേസ്. ബാരിക്കേഡ് പൊളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തെളിവാണെന്ന് ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു.
ആസാമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്ക് മുഖ്യമന്ത്രി ഏര്‍പ്പെടുത്തിയ നിരോധവും നിയന്ത്രണങ്ങളും ബിജെപിയുടെ ആക്രമണങ്ങളും യാത്രയ്ക്കും തനിക്കും ഊര്‍ജമാണെന്ന് രാഹുല്‍ഗാന്ധി. ബിജെപി നടത്തിയ ഒരു പരിപാടികള്‍ക്കും ആസാമില്‍ നിയന്ത്രണം ഉണ്ടായിരുന്നില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ഹരിയാനയിലെ ഭിവാനിയില്‍ രാംലീല നാടകം കളിക്കുന്നതിനിടെ ഹനുമാന്റെ വേഷമിട്ട നടന്‍ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു. ഹരീഷ് മേത്ത എന്ന നടനാണ് കുഴഞ്ഞുവീണ് മരിച്ചത്. വൈദ്യുതി വകുപ്പില്‍ എഞ്ചിനീയറായി വിരമിച്ചയാളാണ് ഇദ്ദേഹം.
മഹാത്മാഗാന്ധിയെ ഇകഴ്ത്തി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി. 1942 നു ശേഷം ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ സമരം നടന്നിട്ടില്ലെന്നാണ് രവി പ്രസംഗിച്ചത്. നിസഹകരണ സമരം കാര്യമായ ചലനം ഉണ്ടാക്കിയില്ല. നേതാജി സുഭാഷ് ചന്ദ്രബോസ് കാരണമാണ് 1947 ല്‍ സ്വാതന്ത്ര്യം കിട്ടിയത്. നേതാജിയെ ബ്രിട്ടീഷുകാര്‍ ഭയന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അണ്ണാ സര്‍വകലാശാലയിലെ നേതാജി അനുസ്മരണ സമ്മേളനത്തിലാണ് അദ്ദേഹം ചരിത്രത്തെ വളച്ചൊടിച്ച് പ്രസംഗിച്ചത്.
വിവാഹിതയായി മാസങ്ങള്‍ക്കകം വിധവയായ യുവതിക്ക് 29 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയ വിധി പിന്‍വലിച്ച് ഡല്‍ഹി ഹൈക്കോടതി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ഫെബ്രുവരിയില്‍ വിവാഹിതയായ യുവതിയുടെ ഭര്‍ത്താവ് ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് മരിച്ചത്.