പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തൃശൂരില്‍ രണ്ടു ലക്ഷം വനിതകള്‍ പങ്കെടുക്കുന്ന ബിജെപി മഹിളാ സമ്മേളനത്തില്‍ പ്രസംഗിക്കും. വൈകുന്നേരം 4.15 ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സിഎംഎസ് സ്‌കൂളിനു മുന്നില്‍ ഒരുക്കിയ വേദിയിലാണ് സമ്മേളനം. രണ്ടര മണിക്കൂറോളം അദ്ദേഹം തൃശൂരിലുണ്ടാകും. കൊച്ചിയില്‍നിന്ന് ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂര്‍ ഹെലിപ്പാഡില്‍ പ്രധാനമന്ത്രി മൂന്നു മണിയോടെ എത്തും. തുടര്‍ന്നു റോഡ് മാര്‍ഗം തൃശൂരിലേക്കു പോകും. 3.30 നു സ്വരാജ് റൗണ്ടില്‍ എത്തുന്നതു മുതല്‍ നായ്ക്കനാലിലെ സമ്മേളന വേദിയിലേക്കുള്ള ഒരു കിലോമീറ്ററാണ് റോഡ് ഷോ. തുടര്‍ന്നു 4.15 നാണു പൊതുസമ്മേളനം. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് തൃശൂരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകുന്നേരം നാലിന് തൃശൂരില്‍ പ്രസംഗിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ നഗരത്തില്‍ ഇന്നലെ വൈകുന്നേരം മുതലേ പോലീസ് ഗതാഗതം തടഞ്ഞു. ഒരു മുന്നറിയിപ്പും നല്‍കാതെ വൈകുന്നേരം നാലു മണിയോടെ പല പ്രധാന റോഡുകളും അടച്ചു. വടക്കു കിഴക്കു ഭാഗത്തെ റോഡുകളില്‍നിന്ന് സ്വരാജ് റൗണ്ടിലേക്കുള്ള ഗതാഗതമാണു നിരോധിച്ചത്. ഇതോടെ കാറും ബൈക്കും ഓട്ടോയും അടക്കമുള്ള വാഹനങ്ങള്‍ മറ്റു റോഡുകളില്‍ തിക്കിത്തിരക്കി. ഇതോടെ തൃശൂര്‍ നഗരം പുര്‍ണമായും ഗതാഗതക്കുരുക്കിലായി. ബസ് അടക്കമുള്ള പൊതുഗതാഗതത്തെ ആശ്രയിക്കുന്ന നൂറുകണക്കിനു യാത്രക്കാര്‍ കിലോമീറ്ററുകളോളം നടക്കേണ്ടിവന്നു. ഇന്നു രാവിലെ മുതല്‍ രാത്രി ഏഴുവരെ തൃശൂരില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സ്വരാജ് റൌണ്ടിലും തേക്കിന്‍കാട് മൈതാനിയിലും സമീപ റോഡുകളിലും വാഹന പാര്‍ക്കിംഗ് നിരോധിച്ചു. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളെ സ്വരാജ് റൗണ്ടില്‍ പ്രവേശിപ്പിക്കില്ല. റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് പോകുന്നവരും വിവിധ പരീക്ഷ കേന്ദ്രങ്ങളിലേക്കു പോകുന്നവരും നഗരത്തിലെ ഗതാഗത നിയന്ത്രണവും ഗതാഗതക്കുരുക്കും പ്രതീക്ഷിച്ചുവേണം യാത്ര ക്രമീകരിക്കാന്‍. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരുന്നവരുടേതുള്‍പ്പെടെ എല്ലാ വാഹനങ്ങളും പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളില്‍ മാത്രമേ പാര്‍ക്ക് ചെയ്യാവൂ.
ഇടുക്കി വെളളിയാമറ്റത്ത് 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടി കര്‍ഷകര്‍ക്കും കുടുംബത്തിനും പിന്തുണയുമായി മന്ത്രിമാരും വ്യവസായികളും സാംസ്‌കാരിക നായകരും. പത്തു പശുക്കളെ വാങ്ങാന്‍ ലുലു ഗ്രൂപ്പ് അഞ്ചു ലക്ഷം രൂപ കുടംബത്തിന് കൈമാറി. നടന്മാരായ ജയറാം അഞ്ചു ലക്ഷം രൂപയും മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃത്ഥിരാജ് രണ്ടു ലക്ഷം രൂപയും നല്‍കി. മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും അഞ്ചു പശുക്കളെ വാഗ്ദാനം ചെയ്തു. രണ്ടു പശുക്കളെ നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രഖ്യാപിച്ചിട്ടുണ്ട്. വിഐപികളെല്ലാം കാണാനെത്തിയതോടെ കുട്ടികര്‍ഷകരായ മാത്യുവും ജോര്‍ജുകുട്ടിയും കുടുംബാംഗങ്ങളും താരങ്ങളായി മാറി.
അടുത്ത വര്‍ഷം കേരളപ്പിറവിയോടെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ കൊച്ചിയിലെ പരിപാടികളുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നവകേരള സദസിനെതിരേ മുതിര്‍ന്ന നേതാക്കളിറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. എന്നാല്‍ ആരേയും കണ്ടില്ല.
ബസ് യാത്രക്കിടെ അഞ്ചാറ് ചെറുപ്പക്കാര്‍ പട്ടികയുമായി ഓടിവന്നതു മാത്രമാണുണ്ടായത്. പിണറായി പരിഹസിച്ചു.
കുന്നത്തുനാട് നവകേരള സദസില്‍ മുഖ്യമന്ത്രിക്കെതിരെ ട്രാന്‍സ്ജന്റേഴ്‌സ് കരിങ്കൊടി കാണിച്ചു. കോലഞ്ചേരിയില്‍ പരിപാടി കഴിഞ്ഞ് ബസില്‍ മടങ്ങുമ്പോഴാണ് ബസിനു മുന്നിലെത്തി കരിങ്കൊടി കാണിച്ചത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരേ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്.
എരുമേലിയില്‍നിന്നു കാണാതായ ജസ്‌നയെ കണ്ടെത്താനുള്ള അന്വേഷണം സിബിഐ അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ജെസ്‌ന തിരോധാനം സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ തുടര്‍ അന്വേഷണം നടത്താമെന്നാണ് സിബിഐ അറിയിച്ചത്.
തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, ചാലക്കുടി ലോക്‌സഭാ മണ്ഡലങ്ങള്‍ക്കു കീഴിലുള്ള ദേശീയപാത അടിപ്പാതകള്‍ നിര്‍മിക്കാനുള്ള 544 കോടി രൂപയുടെ പദ്ധതി ജനുവരി അഞ്ചിന് കാസര്‍ഗോഡ് നടക്കുന്ന സംസ്ഥാനത്തെ വിവിധ ദേശീയപാത പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ നടക്കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഉദ്ഘാടനം ചെയ്യുക. തൃശ്ശൂര്‍ മണ്ഡലത്തിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ, ആമ്പല്ലൂര്‍ അടിപ്പാതകളും ആലത്തൂര്‍ മണ്ഡലത്തിലെ ആലത്തൂര്‍, കുഴല്‍മന്ദം അടിപ്പാതകളും, ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര, കൊരട്ടി, മുരിങ്ങൂര്‍, പേരാമ്പ്ര അടിപ്പാതകളും പാലക്കാട് മണ്ഡലത്തിലെ കാഴിച്ചപ്പറമ്പ് അടിപ്പാതയുമാണു നിര്‍മിക്കുക.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരു തടവുകാരന് തലയ്ക്കു പരിക്കേറ്റു. മോഷണക്കേസ് പ്രതി നൗഫലിനാണു പരിക്ക്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാപ്പ തടവുകാരന്‍ അശ്വിന്‍ ആക്രമിച്ചെന്നാണ് പരാതി.
താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 68 ലക്ഷം രൂപ കൊള്ളയടിച്ച സംഘത്തിലെ ഒരാള്‍ കൂടി പിടിയിലായി. തൃശൂര്‍ മാള കുറ്റിപുഴക്കാരന്‍ വീട്ടില്‍ സിജില്‍( 29) ആണ് പിടിയിലായത്.
മലപ്പുറം പാണ്ടിക്കാട് കരിങ്കാളി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരുക്ക്. മേലാറ്റൂര്‍ സ്വദേശി കരിമ്പനകുന്നത്ത് വേലായുധന്‍(62) ആണ് പരുക്കേറ്റത്.
ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള സുരക്ഷ സംവിധാനമായ ‘കവച്’ എത്രത്തോളം ഫലപ്രദമായി നടപ്പാക്കിയെന്ന് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഒഡീഷയിലെ ബാലസോറില്‍ നടന്ന ട്രെയിന്‍ അപകടത്തിനു പിറകേ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.
ബിഹാറിലെ ജാതി സര്‍വേയ്ക്ക് ഇടക്കാല സ്റ്റേയില്ലെന്നു സുപ്രീം കോടതി. ജാതി സര്‍വേയുമായി മുന്നോട്ട് പോകുന്നതില്‍ ബിഹാര്‍ സര്‍ക്കാരിന് അനുമതി നല്‍കി. എന്നാല്‍ സര്‍വേയിലെ സമ്പൂര്‍ണ ഫലം പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നു കോടതി ചോദിച്ചു. ഹര്‍ജി ഫെബ്രുവരിയില്‍ വീണ്ടും പരിഗണിക്കും.
ഹൈദരാബാദില്‍ പതിനേഴുകാരിയെ അഞ്ചു ദിവസം കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പത്തുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഡിസംബര്‍ 22ന് ആണ് കേസിന് ആസ്പദമായ സംഭവം. ആണ്‍സുഹൃത്തിനൊപ്പം ബീച്ചിലേക്ക് പോയ 17 കാരിയെ ഹോട്ടല്‍മുറിയിലും ആര്‍.കെ. ബീച്ചിന് സമീപത്തും കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് കേസ.
ജപ്പാനിലെ ഹാനഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ യാത്രാവിമാനം കോസ്റ്റ്ഗാര്‍ഡ് വിമാനവുമായി കൂട്ടിയിടിച്ച് കത്തിയമര്‍ന്നു. അപകടത്തില്‍ കോസ്റ്റ്ഗാര്‍ഡ് വിമാനത്തിലെ അഞ്ചു പേര്‍ മരിച്ചു. ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 379 പേരെയും അത്ഭുതകരമായി രക്ഷപ്പെടുത്തി. ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നുമായി എത്തിയ കോസ്റ്റ്ഗാര്‍ഡിന്റെ വിമാനവുമായാണ് എയര്‍ ബസ് എ 350 വിമാനം റണ്‍വേയില്‍ കൂട്ടിയിടിച്ചത്.
pic.twitter.com/BygfKxZBgh
ഇസ്രയേലിലെ നിര്‍മ്മാണ പദ്ധതികളിലേക്കു ഇന്ത്യന്‍ തൊഴിലാളകിളെ റിക്രൂട്ടു ചെയ്യുന്നു. പലസ്തീന്‍ തൊഴിലാളികളെ ഒഴിവാക്കിയാണ് ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ളവരെ റിക്രൂട്ട് ചെയ്യുന്നത്. നേരത്തെ കൃഷിക്കായി ഇന്ത്യയില്‍നിന്ന് നിരവധി പേരെ റിക്രൂട്ടു ചെയ്തിരുന്നു. 10,000 പേരെയെങ്കിലും റിക്രൂട്ട് ചെയ്യുമെന്നാണ് സൂചന.