സ്വകാര്യ കോച്ചിംഗ് സെന്റുകള്‍ക്കു നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. കോച്ചിംഗ് സെന്ററുകളില്‍ 16 വയസിനു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കരുത്. തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കരുത്. അധ്യാപകര്‍ ബിരുദധാരികലെങ്കിലും ആയിരിക്കണം. അദ്ധ്യാപകരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ചേര്‍ക്കണം. ന്യായമായ ഫീസേ വാങ്ങാവൂ. ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയാല്‍ ബാക്കി തുക തിരികെ നല്‍കണം. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ 25000 മുതല്‍ ഒരു ലക്ഷം വരെ പിഴ ഈടാക്കണം. കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തണം.
കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും സമരം പ്രഖ്യാപിക്കുകയും ചെയ്ത മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ വിനീത വിധേയനായത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരത്തിന്റെ വികാരം പറയേണ്ട മുഖ്യമന്ത്രി കേന്ദ്രത്തിനു നന്ദി പറയുന്ന കാഴ്ചയാണ് നാം കണ്ടത്. എന്നിട്ടാണ് കേന്ദ്രത്തിനെതിരെ പ്രതിപക്ഷത്തെ സമരത്തിനു കൂട്ടുവിളിച്ചതതെന്നും ചെന്നിത്തല പരിഹസിച്ചു.
കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ നടത്തുന്ന സമരത്തില്‍ സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിന് യുഡിഎഫില്‍ പൂര്‍ണ പിന്തുണയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേന്ദ്ര സര്‍ക്കാര്‍ വെല്ലുവിളിക്കുകയാണ്. തിരിച്ചടി ജനങ്ങള്‍ക്കാണ്. സമരത്തില്‍നിന്നും വിട്ടുനില്‍ക്കുന്ന പ്രതിപക്ഷം ജനങ്ങളോടൊപ്പം നില്‍ക്കില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ഐടി മേഖലയില്‍ പ്രഗത്ഭയായ ഒരു പെണ്‍കുട്ടിയെ ജീവിക്കാന്‍ സമ്മതിക്കില്ലേയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വീണ വിജയന്റെ കമ്പനിക്കെതിരായ റിപ്പോര്‍ട്ടുകള്‍ വെറും പൊള്ളയാണ്. ഒരു സ്ത്രീത്വത്തെയാണ് വേട്ടയാടുന്നത്. ജയരാജന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെറുവിരലനക്കാത്തത് എന്തെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഇടപാടുകള്‍ക്കു താന്‍ ഇടനിലക്കാരനെന്ന വി.ഡി സതീശന്റെ വിമര്‍ശനത്തിനു ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു വി. മുരളീധരന്‍. സതീശന്‍ – പിണറായി അന്തര്‍ധാര കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കു മാത്രമല്ല, കോണ്‍ഗ്രസുകാര്‍ക്കും അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.
മന്ത്രിയായാല്‍ യജമാനനായെന്നു കരുതരുതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വോട്ടു ചെയ്ത് അധികാരത്തിലെത്തിച്ച ജനങ്ങളാണ് യഥാര്‍ത്ഥ യജമാനന്മാര്‍. മന്ത്രി പറഞ്ഞു. പാലക്കാട് കെഎസ്ഇബിയുടെ മീറ്റര്‍ ടെസ്റ്റിംഗ് ലബോറട്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്തെ ഇലക്ട്രിക് സിറ്റി ബസ് സര്‍വീസ് വിവാദമായിരിക്കേ ഇലക്ട്രിക് ബസുകളുടെ പ്രവര്‍ത്തനച്ചെലവും ലാഭവും സംബന്ധിച്ച റിപ്പോര്‍ട്ടുതേടി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി എംഡിയോടാണു റിപ്പോര്‍ട്ടു തേടിയത്. ഗണേഷ്‌കുമാര്‍ ഇലക്ട്രിക് ബസിനെ വിമര്‍ശിച്ചതു ശരിയല്ലെന്നും ഇലക്ട്രിക് ബസുകള്‍ ഏര്‍പ്പെടുത്തിയത് കൂട്ടായ തീരുമാനമാണെന്നും വികെ പ്രശാന്ത് എംഎല്‍എ പ്രതികരിച്ചിരുന്നു.
ഇലക്ട്രിക് ബസ് വിഷയത്തില്‍ മന്ത്രി മാത്രമല്ലല്ലോ, മന്ത്രിസഭയുണ്ടല്ലോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സിപിഎം സംസ്ഥാന സെക്രട്ടറി നിലപാടു പരസ്യമാക്കിയതോടെ മന്ത്രി ഗണേഷ്‌കുമാറിനു പിന്‍വാങ്ങേണ്ട അവസ്ഥയായി.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചെന്നു ഫോട്ടോ സഹിതം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കന്ന പ്രചാരണം വ്യാജമാണെന്ന് ആരോപിച്ച് പോലീസ് കേസെടുത്തു. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് പേജിലൂടെ പോലീസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ ഈ മാസം 27 വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
പട്ടയം ആവശ്യപ്പെട്ട് തൊടുപുഴ താലൂക്ക് ഓഫീസിനു മുന്നില്‍ സമരം ചെയ്യുന്ന അമ്മിണിക്ക് പട്ടയം നല്‍കാന്‍ ഈ മാസം 25 ന് പ്രത്യേക ഹിയറിംഗ് നടത്തുമെന്ന് തഹസില്‍ദാര്‍. വയോധികയുടെ നഷ്ടപെട്ട സ്ഥലവും പ്രദേശത്തെ റവന്യു തരിശും കണ്ടെത്താന്‍ അയല്‍വാസികളുടെ ഭൂമി അളക്കും. പത്തു സെന്റിന് പട്ടയം കിട്ടിയാലെ സമരം അവസാനിപ്പിക്കുവെന്നാണ് അമ്മിണിയുടെ നിലപാട്.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ തിങ്കളാഴ്ച പ്രാണ പ്രതിഷ്ഠ നടത്താനുള്ള ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രം പുറത്ത്. അഞ്ചു വയസുള്ള ശ്രീരാമന്റെ 51 ഇഞ്ച് ഉയരമുള്ള രാംലല്ല വിഗ്രഹത്തിന്റെ കൈയില്‍ സ്വര്‍ണനിര്‍മിതമായ അമ്പും വില്ലുമുണ്ട്. കൃഷ്ണശിലയിലാണു വിഗ്രഹം കൊത്തിയൊരുക്കിയിരിക്കുന്നത്. ഇപ്പോള്‍ ആരാധിക്കുന്ന വിഗ്രഹം പുതിയ വിഗ്രഹത്തിനു താഴെ ഉല്‍സവമൂര്‍ത്തിയായി പ്രതിഷ്ഠിക്കും.
രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠയ്ക്ക് 121 ആചാര്യന്മാര്‍. ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിനാണ് മേല്‍നോട്ട ചുമതല. കാശിയില്‍ നിന്നുള്ള ലക്ഷ്മീകാന്ത് ദീക്ഷിതാണ് പ്രധാന ആചാര്യന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. 150 ലധികം പാരമ്പര്യങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍, 50ലധികം ആദിവാസി, ഗോത്ര വിഭാഗ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു പഴയ വിഗ്രഹം മാറ്റിയത് ഉചിതമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. മൂന്നു ശങ്കരാചാര്യന്‍മാര്‍ നിര്‍ദ്ദേശിച്ച കൗസല്യയുടെ മടിയിലിരിക്കുന്ന രാമന്റെ രൂപത്തിലുള്ള വിഗ്രഹം സ്ഥാപിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു നീക്കത്തിനെതിരേ എഐസിസി അധ്യക്ഷന്‍ രാജ്യസഭ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എതിര്‍പ്പ് അറിയിച്ച് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഉന്നതതല സമിതിക്കു കത്തു നല്‍കി. ഭരണഘടനയേയും പാര്‍ലമെന്ററി ജനാധിപത്യത്തെയും അട്ടിമറിക്കുന്ന നീക്കത്തില്‍നിന്നു പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായുള്ള ഉന്നതതല സമതിയെ പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.