ആദ്യമായി കേസില്‍ ഉള്‍പ്പെട്ട് പത്തു വര്‍ഷം വരെ തടവുശിക്ഷ അനുഭിവിക്കുന്നവര്‍ക്ക് ഒറ്റതവണ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ശിക്ഷാ ഇളവ് ഇല്ലാതെ പകുതി തടവ് അനുഭവിച്ചവര്‍ക്ക് ഇളവ് നല്‍കാനുള്ള മാര്‍ഗ നിര്‍ദ്ദേശം അംഗീകരിച്ചു. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുനേരെയുള്ള അതിക്രമം, ലഹരി കേസുകള്‍ എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഇളവ് ലഭിക്കില്ല.
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി മെമ്പറായി വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥ ഡോ. ബി സന്ധ്യയെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വനത്തില്‍ തേനീച്ച, കടന്നല്‍ ആക്രമണത്തില്‍ മരിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം ധന സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വനത്തിനു പുറത്താണങ്കില്‍ രണ്ട് ലക്ഷം നല്‍കും. കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബാംഗങ്ങള്‍ക്ക് കൂടി അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്നു പൊലീസിനു പരിശീലനം നല്‍കണമെന്ന് ഹൈക്കോടതി. ആലത്തൂര്‍ പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകനും പൊലീസും തമ്മിലുണ്ടായ വാക്കേറ്റവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്ന് ഓണ്‍ലൈനായി ഹാജരായ ഡിജിപി പറഞ്ഞു. എസ്.ഐയെ താക്കീതോടെ സ്ഥലം മാറ്റി. വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. കുറ്റക്കാരനാണെങ്കില്‍ നടപിയെടുക്കുമെന്നും ഡിജിപി അറിയിച്ചു. എസ് ഐ റിനീഷിനെതിരെ സ്വീകരിച്ച നടപടി രേഖാമൂലം സമര്‍പ്പിക്കാന്‍ ഡി.ജി.പിയോടു കോടതി ആവശ്യപ്പെട്ടു.
എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി കിടന്നുറങ്ങിയത് നിലത്ത് യോഗ മാറ്റും ബെഡ്ഷീറ്റും വിരിച്ചാണെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാര്‍. കരിക്കിന്‍ വെള്ളവും പഴങ്ങളും മാത്രമാണു കഴിച്ചത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ഒരുക്കമായുള്ള വ്രതത്തിലായതിനാലാണ് പ്രധാനമന്ത്രി കിംഗ് സൈസ് ബെഡ് ഒഴിവാക്കി നിലത്തു കിടന്നതും ഭക്ഷണങ്ങള്‍ ഒഴിവാക്കിയതെന്നുമാണ് റിപ്പോര്‍ട്ട്. ഡ്രാഗണ്‍ ഫ്രൂട്ട്, ആപ്പിള്‍, ഏത്തപ്പഴം, മുന്തിരി, പേരയ്ക്ക, മാതളം, ഓറഞ്ച് എന്നീ പഴങ്ങളാണ് അദ്ദേഹത്തിന് നല്‍കിയത്. പ്രധാനമന്ത്രിക്കായി കേരള, നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കിയിരുന്നു.
കേരളത്തില്‍ ജൈവകൃഷിയോടു താല്‍പര്യമുള്ള ജയലക്ഷ്മിയെ പരിചയപ്പെടാനായതില്‍ സന്തോഷമുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയലക്ഷ്മി വളര്‍ത്തിയ ഒരു പേരത്തൈ രണ്ടു വര്‍ഷം മുമ്പ് സുഹൃത്തായ സുരേഷ് ഗോപി തനിക്കു തന്നെന്നും പ്രധാനമന്ത്രി എക്‌സ് പ്‌ളാറ്റ്‌ഫോമില്‍ മലയാളത്തില്‍ കുറിച്ചു. ജയലക്ഷ്മിയുടെ ഉദ്യമങ്ങള്‍ വിജയിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മോദി കുറിച്ചു. പത്തനാപുരം സ്വദേശിയാണു ജയലക്ഷ്മി.
ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനത്തിനിടെ കൊയിലാണ്ടി സ്വദേശിനി ജസ്‌ന സലിം തനിക്കു ഭഗവാന്‍ ശ്രീകൃഷ്ണന്റെ പെയിന്റിഗ് സമ്മാനിച്ച വിശേഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജസ്‌ന വരച്ച ഉണ്ണിക്കണ്ണന്റെ പെയിന്റിംഗ് സമ്മാനിച്ചതിന്റെ ചിത്രവും മോദി എക്‌സ് പ്‌ളാറ്റ്‌ഫോമില്‍ പങ്കുവച്ചു. സുരേഷ് ഗോപിയാണ് ചിത്രം കൈമാറാനുള്ള അവസരം ഒരുക്കിയത്.
കെടിയു മുന്‍ വൈസ് ചാന്‍സലര്‍ ഡോ സിസാ തോമസ് സുപ്രീം കോടതിയില്‍ തടസഹര്‍ജി നല്‍കി. സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയാല്‍ തന്റെ വാദം കേള്‍ക്കണമെന്ന് സിസ തോമസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഡോ. സിസയ്‌ക്കെതിരേ സര്‍ക്കാര്‍ സ്വീകരിച്ച അച്ചടക്ക നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് വ്യക്തമായതോടെയാണ് തടസഹര്‍ജി നല്‍കിയിരിക്കുന്നത്.
മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിമാറ്റിയ കേസിലെ മുഖ്യ പ്രതി സവാദിനെ പ്രൊഫ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് സവാദിനെ പ്രൊ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞത്. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ സവാദിനെ കഴിഞ്ഞ ആഴ്ച കണ്ണൂരില്‍ നിന്ന് എന്‍ഐഎ അറസ്റ്റു ചെയ്തിരുന്നു.
സെര്‍വര്‍ തകരാറിലായതോടെ കെഎസ്ഇബിയില്‍ ബില്‍ അടയ്ക്കാനാവാത്ത സ്ഥിതിയായി. വൈദ്യുതി ബോര്‍ഡിന്റെ ഒരുമ നെറ്റ് എന്ന സോഫ്റ്റ് വെയറിലാണ് തകരാറുണ്ടായത്. പണം അടക്കാനായില്ലെന്നു മാത്രമല്ല. സോഫ്റ്റ് വെയര്‍ വഴി അടിയന്തിര അറിയിപ്പുകളും നല്‍കാനായില്ല.
ഏഴു കോടിയോളം രൂപയുടെ തിമിംഗല ചര്‍ദ്ദി കള്ളക്കടത്തു നടത്തിയ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍. പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കോഴിക്കോട് പൊലീസിന്റെ പിടിയിലായത്. ഒറ്റപ്പാലം ചുനങ്ങാട് വാരിക്കോത്ത് മുഹമ്മദ് അഷ്ഫാഖിന്റെ നേതൃത്വത്തിലുള്ള ഏഴ് പേരാണ് അറസ്റ്റിലായത്.
തിരുവല്ല ഡയറ്റിലെ വിദ്യാര്‍ഥി ആത്മഹത്യക്കു ശ്രമിച്ച കേസില്‍ മലയാളം അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മലയാളം അധ്യാപിക മിലിന ജെയിംസിന് എതിരെയാണ് കേസടുത്തത്. അധ്യാപികക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ചു.
എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് തട്ടിപ്പിനു ശ്രമം നടത്തിയെന്നു പരാതി. തട്ടിപ്പുകാര്‍ പണം ആവശ്യപ്പെട്ട് പലര്‍ക്കും സന്ദേശങ്ങള്‍ അയച്ചെന്നും തട്ടപ്പിന് ഇരയാകരുതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളേജിലെ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവര്‍ത്തകനെയും കെഎസ്‌യു പ്രവര്‍ത്തകനെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ കയറി മര്‍ദിച്ചു. എറണാകുളം ജില്ലാ ആശുപത്രിക്ക് മുന്നില്‍ ആംബുലന്‍സില്‍ കയറി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ രാംലല്ല വി?ഗ്രഹം സ്ഥാപിച്ചു. 51 ഇഞ്ച് ഉയരമുള്ള അഞ്ച് വയസ്സുള്ള രാമന്റെ വിഗ്രഹം നാല് മണിക്കൂര്‍ നീണ്ട ആചാരാനുഷ്ടാനത്തോടെയാണു സ്ഥാപിച്ചത്.
രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടര വരെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ജനന തീയ്യതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയില്‍നിന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ആധാര്‍ ഒഴിവാക്കി. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ അടല്‍ സേതുവില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതും ഫോട്ടോ ഷൂട്ട് നടത്തുന്നതും നിയമലംഘനമാണെന്ന് മുംബൈ പൊലീസ്. ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും അടല്‍ സേതുവില്‍ പ്രവേശനമില്ല.
ഗുജറാത്തിലെ വഡോദരയില്‍ ഹര്‍ണി തടാകത്തില്‍ ബോട്ട് മറിഞ്ഞ് ഒമ്പതു വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും മരിച്ചു. സകൂളില്‍നിന്നു വിനോദയാത്രയ്ക്കു പോയ 27 അംഗസംഘം യാത്രചെയ്ത ബോട്ടാണു മറിഞ്ഞത്. കാണാതായ 16 പേരെ കണ്ടെത്താന്‍ രാത്രിയിലും തെരച്ചില്‍ തുടര്‍ന്നു.
പണമില്ലാത്തതുമൂലം സംസ്ഥാനത്തെ പ്രധാനപ്പെട്ട 370 പദ്ധതികള്‍ നിര്‍ത്തിവച്ചെന്നു മധ്യപ്രദേശ് സര്‍ക്കാര്‍. സ്‌കൂളുകള്‍, ഐടി വ്യവസായം, കാര്‍ഷിക വായ്പകള്‍, മെട്രോ റെയില്‍ തുടങ്ങി പ്രധാനമന്ത്രി സഡക് യോജന ഉള്‍പ്പെടെയുള്ള പദ്ധതികളാണ് നിര്‍ത്തിവച്ചത്.
ജമ്മു കാഷ്മീരിലെ രജൗരിയില്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ ജവാന് വീരമൃത്യു. രണ്ടു സൈനികര്‍ക്കു പരിക്കേറ്റു. അഗ്‌നിവീറായ ലുധിയാന സ്വദേശി അജയ് സിങ്ങാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്.
വിമാന ടിക്കറ്റെടുത്താല്‍ പ്രധാന വിനോദ കേന്ദ്രങ്ങളിലേക്കുള്ള പാസ് സൗജന്യമായി നല്‍കുമെന്ന് ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. മാര്‍ച്ച് 31 നു മുമ്പു യാത്ര ചെയ്യാന്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് മ്യൂസിയം ഓഫ് ഫ്യൂച്ചര്‍, അറ്റ്‌ലാന്റിസ് അക്വാവെഞ്ച്വര്‍ എന്നിവ സന്ദര്‍ശിക്കാനുള്ള സൗജന്യ പാസ് നല്‍കുന്നത്.
ദൈവത്തെ കാണാന്‍ ഉപവാസം അനുഷ്ഠിക്കണമെന്നു നിര്‍ദേശിച്ചതനുസരിച്ചു പട്ടിണി കിടന്ന് 429 പേര്‍ മരിച്ച സംഭവത്തില്‍ മതപുരോഹിതനുള്‍പ്പെടെ 95 പേര്‍ക്കെതിരെ കെനിയയില്‍ നിയമനടപടികള്‍ ആരംഭിച്ചു. കൊലപാതകം, നരഹത്യ, കുട്ടികളെ പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് നിയമനടപടികള്‍ ആരംഭിച്ചത്.