സംസ്ഥാനത്ത് വെള്ളക്കരം കൂട്ടുന്നു. ലിറ്ററിന് ഒരു പൈസ നിരക്കില്‍ വര്‍ധിപ്പിക്കും. ഇടതുമുന്നണി യോഗത്തിലാണു തീരുമാനം. വെള്ളക്കരം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവവകുപ്പ് സര്‍ക്കാരിനെ സമീപിച്ചിരുന്നുവെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പറഞ്ഞു.
അനധികൃത ബാനറുകളും കൊടികളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നു ഹൈക്കോടതി. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ അറിയിക്കണം. ഉത്തരവ് നടപ്പാക്കാത്ത തദ്ദേശ സെക്രട്ടറിമാര്‍ക്കും ജീവനക്കാര്‍ക്കും പോലീസ് എസ്.എച്ച്.ഒമാര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
വഴിയില്‍ കിടന്ന കുപ്പിയിലെ മദ്യം കഴിച്ചു മരിച്ച സംഭവത്തില്‍ മദ്യത്തില്‍ സിറിഞ്ച് ഉപയോഗിച്ചു വിഷം കലര്‍ത്തിയതാണെന്നു കണ്ടെത്തി. അടിമാലി കീരിത്തോട് സ്വദേശി സുധീഷിനെ (24) അറസ്റ്റു ചെയ്തു. അമ്മാവനായ കുഞ്ഞുമോന്‍ (40) ആണ് മദ്യം കഴിച്ചു മരിച്ചത്. ലഹരി ഇടപാടുകേസില്‍ ശത്രുതയുണ്ടായിരുന്ന മനോജിനെ കൊല്ലാനാണ് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്.
കേന്ദ്രത്തിന്റെയും ആര്‍എസ്എസിന്റെയും വര്‍ഗീയ നിലപാടുകള്‍ക്കെതിരെ സിപിഎം ജനമുന്നേറ്റ ജാഥ നടത്തും. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെയാണ് എം വി ഗോവിന്ദന്‍ നയിക്കുന്ന ജനമുന്നേറ്റ ജാഥ. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തുള്ള ജാഥയില്‍ സി.എസ് സുജാത, പി.കെ ബിജു, എം. സ്വരാജ്, കെ.ടി ജലീല്‍ എന്നിവരാണ് സ്ഥിരാംഗങ്ങള്‍.
ശബരിമലയില്‍ നാളെ മകരവിളക്ക് മഹോല്‍സവം. ഉച്ചയ്ക്കു പന്ത്രണ്ടിനുശേഷം പമ്പയില്‍നിന്ന് ഭക്തരെ പ്രവേശിപ്പിക്കില്ല. ഇന്നലെ എത്തിയ ഭക്തരില്‍ പകുതിയും മലയിറങ്ങിയിട്ടില്ല. റെക്കോര്‍ഡ് വരുമാനമാണു ലഭിച്ചത്. 310.40 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. അപ്പം, അരവണ വില്‍പ്പനയിലൂടെ 141 കോടി രൂപയും ലഭിച്ചു. മകര വിളക്ക് ദര്‍ശനത്തിന് സന്നിധാനത്ത് 10000 ഭക്തരെയും പാണ്ടി താവളത്ത് 25000 പേരെയുമാണ് അനുവദിക്കുക.
തിരുവനന്തപുരം ആനാട് വേട്ടമ്പള്ളി തവലോട്ടുകോണം കോളനിയിലെ സുനിതയെ ചുട്ടുകൊന്ന കേസില്‍ ഭര്‍ത്താവ് ജോയ് ആന്റണി കുറ്റക്കാരനെന്ന് കോടതി. ശിക്ഷാ വിധി 17 ന് പ്രഖ്യാപിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കിയ കോടതി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. 2013 ഓഗസ്റ്റ് മൂന്നിനാണ് സുനിയുടെ ശരീര ഭാഗങ്ങള്‍ വീട്ടിലെ സെപ്റ്റിക്ക് ടാങ്കില്‍നിന്നു കണ്ടെത്തിയത്. മക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് മരിച്ചത് സുനിതയെന്ന് സ്ഥിരീകരിച്ചത്.
ജാതി പറഞ്ഞ് സമൂഹത്തില്‍ ഭിന്നിപ്പിനു ശ്രമിച്ചെന്ന് ആരോപിച്ച് കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ അധ്യാപകന്‍ ഡോ. അരുണ്‍കുമാറിനെതിരെ യുജിസിക്കു ലഭിച്ച പരാതിയില്‍ അന്വേഷണം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ പഴയിടം മോഹനന്‍ നമ്പൂതിരിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റിനെതിരേയാണ് പരാതികള്‍. അന്വേഷിച്ചു റിപ്പോര്‍ട്ടു തരാന്‍ യുജിസി ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു സിഗിനെചാണ് യുജിസി ചെയര്‍മാന്‍ ചുമതലപ്പെടുത്തിയത്.
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന്‍ തോമസിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കും. ആക്ഷന്‍ കമ്മറ്റി ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ എ ഗീത നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നഷ്ടപരിഹാരമായി 10 ലക്ഷം രൂപ ഇന്നും നാളെയുമായി നല്‍കും. കടുവയെ പിടിക്കാന്‍ കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കും. തോമസിന്റെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ സമ്മതിച്ചു.
ജീന്‍സില്‍ അരപ്പട്ട രൂപത്തിലാക്കി തുന്നിവച്ചു 14 ലക്ഷം രൂപയുടെ 281.88 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ നെടുമ്പാശേരി വിമാനത്തവാളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മലപ്പുറം സ്വദേശി മുഹമ്മദാണ് പിടിയിലായത്.
സംവിധായിക നയന സൂര്യന്റെ മരണ കാരണം കണ്ടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിശകലനം ചെയ്യാന്‍ ദേശീയ തലത്തിലുളള വിദഗ്ധരെ മെഡിക്കല്‍ ബോര്‍ഡ് ഉള്‍പ്പെടുത്താന്‍ ക്രൈംബ്രാഞ്ച് സര്‍ക്കാരിനു ശിപാര്‍ശ ചെയ്തു.
മഞ്ചേശ്വരം മിയപദവില്‍ സ്‌കൂട്ടറും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് രണ്ടു കോളജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മിയപദവ് സ്വദേശികളായ അബി, പ്രതിഷ് എന്നിവരാണ് മരിച്ചത്. മംഗളൂരു ശ്രീദേവി കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചവര്‍.
കരുനാഗപ്പള്ളിയിലെ ലഹരി കടത്തുകേസില്‍ സിപിഎം സര്‍പെന്റ് ചെയ്ത ഷാനവാസ് കുറ്റക്കാരനല്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഷാനവാസിനെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ സെറിബ്രല്‍ വിഷ്വല്‍ ഇംപയര്‍മെന്റ് ക്ലിനിക് ആരംഭിച്ചു. പീഡിയാട്രിക്‌സ് വിഭാഗം, ഒഫ്താല്‍മോളജി വിഭാഗം, ആര്‍.ഇ.ഐ.സി. & ഓട്ടിസം സെന്റര്‍ എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ഈ ക്ലിനിക് ആരംഭിച്ചത്.
എറണാകുളം എടവനക്കാട് ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസിലെ പ്രതി സജീവനെ കൊല നടത്തിയ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ഉച്ചയ്ക്കു ടെറസിനു മുകളില്‍വച്ച് ഒറ്റക്കാണ് ഭാര്യ രമ്യയെ കൊലപെടുത്തിയത്. കഴുത്തു മുറുക്കാന്‍ ഉപയോഗിച്ച കയര്‍ കത്തിച്ചു കളഞ്ഞു. രാത്രി വീട്ടുമുറ്റത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടെന്നും പോലീസ് പറഞ്ഞു.
തിരുവനന്തപുരം പാലോട് കൊല്ലായില്‍ കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കൊല്ലായി സെറ്റില്‍മെന്റില്‍ വസന്തയുടെ പുരയിടത്തിലെ കിണറ്റിലാണ് കാടുപോത്ത് വീണത്. ജെസിബി എത്തിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ചുമാറ്റിയ ശേഷമാണ് കാട്ടുപോത്തിനെ കര കയറ്റിയത്.
തിരുവനന്തപുരം കണിയാപുരത്ത് പൊലീസിനു നേരെ ബോംബേറ്. പണത്തിനു വേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടിക്കാനെത്തിയ പൊലീസിനുനേരെയാണ് ബോംബെറിഞ്ഞത്. അണ്ടൂര്‍ക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീര്‍, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം.
ഏകീകൃത വിവാഹ പ്രായം നടപ്പാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. രാജസ്ഥാന്‍ അടക്കം വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റും. വ്യക്തി നിയമങ്ങള്‍ പരിഗണിക്കാതെ ഏകീകൃത വിവാഹ പ്രായം നടപ്പാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുസ്ലിം വ്യക്തി നിയമം പ്രകാരം 15 വയസുള്ള പെണ്‍കുട്ടികളുടെ വിവാഹം സാധുവാണെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് മാതൃകയാക്കേണ്ടതില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം 31 ന് ആരംഭിക്കും. 66 ദിവസങ്ങളിലായി മൊത്തം 27 സിറ്റിംഗുകളാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. മുന്നോടിയായി സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 13,598 കോടി ഡോളറായി. ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി ആദ്യമായി 10,000 കോടി ഡോളര്‍ കടന്നു. 2022-ലെ ഇന്ത്യ-ചൈന വ്യാപാരം 135.98 ബില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം 125 ബില്യണ്‍ ഡോളറായിരുന്നു. 8.4 ശതമാനം വര്‍ദ്ധനയെന്നാണ് ചൈന പറയുന്നത്. ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി 21.7 ശതമാനം വര്‍ധിച്ച് 118.5 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
പുതുവത്സര ദിനത്തില്‍ ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി മരിച്ച സംഭവത്തില്‍ 11 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് കണ്‍ട്രോള്‍ റൂമുകളിലുള്ള പോലീസുകാരെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. യുവതി കാറിനടയില്‍ കുടുങ്ങിയ വിവരം അറിഞ്ഞിട്ടും അവഗണിച്ചതിനാണ് നടപടി.
എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും യാത്രക്കാരി സ്വയം സീറ്റില്‍ മൂത്രമൊഴിച്ചതാകുമെന്നും പ്രതി ശങ്കര്‍ മിശ്ര കോടതിയില്‍. പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ ഡല്‍ഹി പട്യാല കോടതിയിലാണു പ്രതി ശങ്കര്‍ മിശ്രയുടെ വിചിത്ര വാദം.
മഹാരാഷ്ട്രയില്‍ യുവതിയെ കബളിപ്പിച്ച് ഇരുപത്തിരണ്ടര ലക്ഷം രൂപ തട്ടിയെടുത്ത ഫേസ്ബുക്ക് സുഹൃത്തിനെതിരെ കേസെടുത്തു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവാണ് അമ്മയെ ചികില്‍സിക്കാന്‍ പണം ആവശ്യപ്പെട്ട് യുവതിയെ കബളിപ്പിച്ചത്.
ഒഡീഷ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വയിനിനെ(22) വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടക്ക് ജില്ലയിലെ ഗുരുദിജഹാതിയയിലെ വനത്തിനുള്ളിലെ മരത്തിലാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സമീപം രാജശ്രീയുടെ സ്‌കൂട്ടറും ഹെല്‍മെറ്റും ഉണ്ടായിരുന്നു.
നാളെ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ദിവിത റായിയുടെ വശ്യമാര്‍ന്ന ചിത്രങ്ങള്‍ പുറത്ത്. നിലവില്‍ മിസ് ദിവാ യൂണിവേഴ്സാണ് ദിവിതാ റായി. മുംബൈ സ്വദേശിയായ ദിവിത റായ് ജനിച്ചത് മംഗലാപുരത്താണ്. ദിവിത എന്ന 23 കാരി മോഡലും ആര്‍ക്കിടെക്റ്റും ആണ്. ലൂസിയാനയിലെ ന്യൂ ഓര്‍ലിയാന്‍സിലെ ഏണസ്റ്റ് എന്‍ മോറിയല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണു മല്‍സരം. ലോകമെങ്ങുംനിന്നും തെരഞ്ഞെടുക്കപ്പെട്ട 90 സുന്ദരികളാണു മല്‍സരത്തിനുള്ളത്.
ഓഫീസ് കെട്ടിടങ്ങള്‍ക്കു വാടക നല്‍കാന്‍പോലും പണമില്ലാതെ ട്വിറ്റര്‍. സിംഗപ്പൂരിലെ ട്വിറ്ററിന്റെ ഓഫീസ് കെട്ടിടത്തിന് വാടക നല്‍കാത്ത ഇലോണ്‍ മസ്‌ക് ജീവനക്കാരോടു വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനത്തിന്റെ വാടകയും നല്കിയിരുന്നില്ല. 136,250 ഡോളറായിരുന്നു വാടക കുടിശ്ശിക.