പ്രോവിഡന്റ് ഫണ്ടില്‍നിന്ന് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന് ഓപ്ഷന്‍ നല്‍കാനുള്ള വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് പ്രവര്‍ത്തനക്ഷമമായി. മെയ് മൂന്ന് വരെ സംയുക്ത ഓപ്ഷന്‍ നല്‍കാമെന്ന് ഇപിഎഫ്ഒ അറിയിച്ചു. ഉയര്‍ന്ന പിഎഫ് പെന്‍ഷന് അവസരമൊരുക്കണമെന്ന സുപ്രീംകോടതി ഉത്തരവിട്ട് മൂന്നു മാസത്തിനുശേഷമാണ് അധികൃതര്‍ ഇതിനുള്ള നടപടി തുടങ്ങിയത്. അയ്യായിരത്തിനു മുകളിലുള്ള ശമ്പളത്തിന് ആനുപാതികമായ വിഹിതം പിഎഫില്‍ അടച്ചവര്‍ക്കാണ് ആനുകൂല്യം. https://unifiedportal-mem.epfindia.gov.in/memberinterface/
മാര്‍ച്ച് ഒന്നു മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്കു വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ രണ്ടാം വര്‍ഷ പിജി ഡോക്ടര്‍മാരെ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലേക്കു നിയമിക്കുും. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിന്റെ ഭാഗമായി ജില്ലാ റെസിഡന്‍സി പ്രോഗ്രാം അനുസരിച്ചാണ് ഇവരെ ഇങ്ങെ വിന്യസിക്കുന്നത്.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ നിയന്ത്രിക്കാനുള്ള സിന്‍ഡിക്കറ്റ് തീരുമാനങ്ങള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തടഞ്ഞു. വിസിയെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രത്യേക അധികാരം ഉപയോഗിച്ച് സസ്‌പെന്‍ഡ് ചെയ്തത്.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റു ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിനെയും സംഘപരിവാറിനെയും സി ബിഐയെയും വിമര്‍ശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഏറ്റവും ഒടുവിലത്തെ അധ്യായമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റെന്നും പിണറായി അഭിപ്രായപ്പെട്ടു.
പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ടുമടുത്തതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. വീമ്പുകള്‍ക്ക് ഉചിതമായ മറുപടി നല്കിയപ്പോള്‍ പിണറായി ഓടിയ വഴിയില്‍ ഇതുവരെ പുല്ലു മുളച്ചിട്ടുമില്ല. ഇത്ര വീരശൂര പരാക്രമിയാണെങ്കില്‍ എന്തുകൊണ്ടാണ് രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റിനു മുന്നിലേക്കു വിട്ടുകൊടുക്കാത്തതെന്ന് സുധാകരന്‍ ചോദിച്ചു.
പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നജീബ് കാന്തപുരം എംഎല്‍എയുടെ സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി കെ പി എം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്. കേസിന്റെ പ്രാഥമിക ഘട്ടമായതിനാല്‍ ഇടപെടുന്നില്ലെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സോളാര്‍ കേസിലെ പ്രതി സരിത എസ് നായരെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സരിതയുടെ രക്ത സാമ്പിളും മുടിയും പരിശോധനക്കായി ഡല്‍ഹിയിലെ നാഷണല്‍ ഫൊറന്‍സിക് ലാബിലേക്ക് ക്രൈംബ്രാഞ്ച് അയച്ചു. ഡ്രൈവറും സഹായിയും ആയിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നാണു പരാതി.
സംസ്ഥാനത്തെ ബസുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്ന ഉത്തരവു നടപ്പാക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു. നിലവാരമുള്ള ക്യാമറകള്‍ കിട്ടാനില്ലാത്തതിനാലും സാവകാശം വേണമെന്ന ബസുഉടമകളുടെ അഭ്യര്‍ത്ഥന മാനിച്ചുമാണ് തീരുമാനം. മാര്‍ച്ച് ഒന്നു മുതല്‍ കാമറ നിര്‍ബന്ധമാക്കിയാല്‍ ബസ് സമരം നടത്തുമെന്ന് ബസുടമകളുടെ സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഭയമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഓണം ആഘോഷിക്കുന്ന മലയാളികളെയും, പാകിസ്ഥാനോട് ഉപമിച്ച് വയനാടിനെയും അപമാനിച്ച ആളാണ് അമിത് ഷായെന്നും കുമരകത്ത് റിയാസ് പറഞ്ഞു
അട്ടപ്പാടി മധുകൊലക്കേസില്‍ പ്രോസിക്യൂട്ടര്‍ ട്ടര്‍ രാജേഷ് എം മേനോനുള്ള ചെലവ് തുകയായി 1,41,000 രൂപ അനുവദിച്ചു. നേരത്തെ ചെലവുതക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഫീസ് മാത്രമേ നല്‍കൂ എന്നായിരുന്നു നിലപാട്. കേസിന്റെ സവിശേഷത മാനിച്ച് ചെലവു പണവും അനുവദിക്കുന്നു എന്നാണ് ഉത്തരവ്.
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പോലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനാണ് സംരക്ഷണം നല്‍കേണ്ടത്.
മുതലമട ഗ്രാമപഞ്ചായത്ത് ഭരണം സ്വതന്ത്രരെ വശത്താക്കി യുഡിഎഫ് പിടിച്ചെടുത്തു. സിപിഎം സ്ഥാനാര്‍ഥി ഒരു വോട്ടിനു പരാജയപ്പെട്ടു. എട്ടിനെതിരെ ഒമ്പത് വോട്ടുകള്‍ക്ക് സ്വതന്ത്ര അംഗം പി കല്‍പനാദേവി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ പ്രസിഡന്റും സി പി എം പ്രതിനിധിയുമായ ബേബി സുധയെയാണ് കല്‍പനാദേവി തോല്‍പ്പിച്ചത്.
മദ്യനയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ചു ദിവസത്തേക്കു സിബിഐ കസ്റ്റഡിയില്‍ വിട്ടു. മദ്യനയത്തിലെ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായാണെന്നു സിബിഐ വാദിച്ചു. എന്നാല്‍ തനിക്കെതിരേ തെളിവില്ലെന്നാണു മനീഷ് സിസോദിയയുടെ വാദം.
ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നടി ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമാക്കി. രണ്ട് വര്‍ഷം മുമ്പാണ് ഖുഷ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്.
ആലുവയില്‍ നടുറോഡില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. യാത്രക്കാര്‍ ബസ്സിലിരിക്കെ സംഘര്‍ഷത്തിലേര്‍പ്പെട്ട ജീവനക്കാരന്‍ മറ്റൊരു ബസ്സിന്റെ കണ്ണാടിച്ചില്ല് അടിച്ചു തകര്‍ത്തു.
ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകും. ത്രിപുരയില്‍ നിലവിലെ 36 സീറ്റുകളോ 45 സീറ്റ് വരെയോ ബിജെപി നേടുമെന്ന് ഇന്ത്യ ടുഡെയുടെയും ആക്‌സിസ് മൈ ഇന്ത്യയുടെയും എക്‌സിറ്റ് പോള്‍ ഫലം. സിപിഎം ആറ് മുതല്‍ 11 വരെയും തിപ്രമോദ പാര്‍ട്ടി 9 മുതല്‍ 16 വരെ സീറ്റുകളും നേടും. മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സീ ന്യൂസ് എക്‌സിറ്റ് പോള്‍ ഫലം. 21 മുതല്‍ 26 വരെ സീറ്റുകള്‍ എന്‍പിപി നേടും. എട്ടു മുതല്‍ 13 വരെ സീറ്റ് ടിഎംസിക്കു ലഭിക്കും. ആറ് മുതല്‍ 13 വരെ സീറ്റുമായി ബിജെപി മൂന്നാം സ്ഥാനത്താകും. നാഗാലാന്‍ഡില്‍ ബിജെപി സഖ്യം ഭരണത്തിലെത്തുമെന്ന് സീ ന്യൂസ് എക്‌സിറ്റ് പോള്‍ ഫലം. 35 മുതല്‍ 43 വരെ സീറ്റുകള്‍ ബിജെപി സഖ്യത്തിനു കിട്ടുമെന്നാണ് സീ ന്യൂസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. രണ്ട് മുതല്‍ അഞ്ച് സീറ്റ് വരെ എന്‍പിഫും ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റ് കോണ്‍ഗ്രസും നേടും.
ബിജെപി നേതാവ് ബി എസ് യെദിയൂരപ്പയുടെ എണ്‍പതാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്‌റെ നാടായ ശിവമൊഗയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളം ഉദ്ഘാടനം ചെയ്തു. 622.38 ഏക്കര്‍ സ്ഥലത്ത് താമരയുടെ ആകൃതിയില്‍ 384 കോടി രൂപ ചെലവിട്ടാണ് വിമാനത്താവളം നിര്‍മിച്ചത്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്റാണെങ്കിലും റിമോട്ട് കണ്‍ട്രോള്‍ ആരുടെ കൈയിലെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകയില്‍ നിന്നുള്ള നേതാവായ ഖര്‍ഗെയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും മോദി ആരോപിച്ചു.
തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതിനു 184 പേരെ അറസ്റ്റു ചെയ്തു. കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേട് ആരോപിച്ചാണ് അറസ്റ്റു ചെയ്തത്. ഇനിയും അന്വേഷണവും അറസ്റ്റും ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.