സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ രണ്ടായിരം കോടി രൂപ കടമെടുക്കുന്നു. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കമ്പനി വഴി വായ്പയെടുത്ത് പെന്‍ഷന്‍ നല്‍കാനും ബാക്കി തുക നിത്യ ചെലവുകള്‍ക്കു വിനിയോഗിത്താനുമാണു പരിപാടി.
ഒപ്പിടാതെ മാറ്റിവച്ചിരിക്കുന്ന ബില്ലുകളില്‍ മാസങ്ങള്‍ക്കു മുമ്പേ സര്‍ക്കാരിന്റെ വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സര്‍ നിയമനവുമായി ബന്ധിപ്പെട്ട് ഹൈക്കോടതി ഉത്തരവു ലഭിച്ചിട്ടില്ല. അതിനാല്‍ നിയമോപദേശവും തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി നഷ്ടപരിഹാരം കേരളത്തിനു ലഭ്യമാക്കാന്‍ ലോക്‌സഭയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനോട് താന്‍ ഉന്നയിച്ച ചോദ്യം സിപിഎമ്മും ധനമന്ത്രി ബാലഗോപാലനും ബിജെപിക്ക് അനുകൂല രാഷ്ട്രീയമാക്കിയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. തന്റെ ഇടപെടല്‍കൊണ്ടുകൂടിയാണ് സംസ്ഥാനത്തിന് ഇപ്പോള്‍ കുടിശിക അനുവദിച്ചത്. പക്ഷേ സിപിമ്മുകാര്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുന്നിടത്തെല്ലാം കറുപ്പിനു വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത ഷര്‍ട്ടു ധരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ പരിപാടിയിലാണ് മന്ത്രി കറുത്ത ഷര്‍ട്ടു ധരിച്ച് എത്തിയത്. വിദ്യാര്‍ത്ഥികളോടു കറുത്ത വസ്ത്രമോ കറുത്ത മാസ്‌കോ ധരിക്കരുതെന്ന് കോളജ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള മാനേജ്മെന്റിന്റെ നീക്കത്തിനു പിന്നില്‍ നിഗൂഡ അജണ്ടയുണ്ടെന്ന് സിഐടിയു വൈസ് പ്രസിഡന്റ് എകെ ബാലന്‍. മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ഇടതുവിരുദ്ധമാണെന്നും ബാലന്‍ കുറ്റപ്പെടുത്തി.
കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിപഠനത്തിന് ഇസ്രായേലിലേക്കു പോയ കര്‍ഷകസംഘത്തിലെ ബിജു കുര്യന്‍ മുങ്ങിയ സംഭവത്തില്‍ നടപടിയെടുക്കുമെന്നു കൃഷിമന്ത്രി പി. പ്രസാദ്. വിശദമായ പരിശോധനക്കു ശേഷമാണ് സംഘത്തിലേക്കു കര്‍ഷകരെ തെരഞ്ഞെടുത്തത്. മുങ്ങിയ ബിജു കുര്യനെതിരേ നടപടിയെടുക്കുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. ഇതേസമയം, താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജു കുര്യന്‍ വീട്ടിലേക്കു വിളിച്ച് അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പു കേസില്‍ നജീബ് കാന്തപുരം എംഎല്‍എ സുപ്രീംകോടതിയിലേക്ക്. എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്.
വീട് പാട്ടത്തിനു നല്‍കാമെന്നു പരസ്യം നല്‍കി ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍. ശാസ്തമംഗലം പൈപ്പിന്‍മൂട് സ്വദേശി ശ്രീകുമാരന്‍ തമ്പിയെയാണു പേരൂര്‍ക്കട പൊലിസ് അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും കരുതല്‍ തടങ്കിലിലാക്കുന്നതിനെതിരെ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ കറുപ്പു പേടി കാരണം നാട്ടില്‍ മുസ്ലീം സ്ത്രീകള്‍ക്കു ഹിജാബ് ധരിക്കാന്‍ കഴിയുന്നില്ല. കറുത്ത വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന പുരുഷന്‍മാരെ പൊലീസ് ഓടിച്ചിട്ടു പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കിളിമാനൂരില്‍ 12 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് കേസിലെ പ്രതി ചടയമംഗലം സ്വദേശി സുരേഷ് കുമാറിനെ (56) പോലീസ് അറസ്റ്റു ചെയ്തു.
പാലക്കാട് കാഞ്ഞിരപ്പുഴയില്‍ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. വെള്ളത്തോട് ആദിവാസി കോളനിയിലെ ചന്ദ്രന്റെ ഭാര്യയാണ് ആശുപത്രിയിലേക്കു പോകവേ പ്രസവിച്ചത്.
പ്രണയ നൈരാശ്യത്തെകുറിച്ചു കളിയാക്കിയതിന് യുവാവ് സഹോദരങ്ങളെ ചുറ്റികകൊണ്ട് അടിച്ചു. ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുല്‍ ഹാഫിയാണ് ബന്ധുക്കളെ അടിച്ച് പരിക്കേല്‍പ്പിച്ചത്. സഹോദരന്മാരുടെ ഭാര്യമാര്‍, സഹോദരി എന്നിവരെയാണ് ആക്രമിച്ചത്.
പരിയാരം കോരന്‍പീടികയില്‍ അച്ഛന്റെ വെട്ടേറ്റ് മകനു ഗുരുതര പരുക്ക്. കോരന്‍പീടികയിലെ ഷിയാസ്(19) നാണു വെട്ടേറ്റത്. പിതാവ് അബ്ദുല്‍ നാസര്‍ മുഹമ്മദിനെ(51) പോലീസ് കസ്റ്റഡിയിലെടുത്തു.
ലോട്ടറി മാഫിയാത്തലവന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ എയറോസ്‌പേസ് രംഗത്തേക്ക്. മാര്‍ട്ടിന്‍ ഫെഡറേഷന്‍ നേതൃത്വം നല്‍കുന്ന സ്വകാര്യ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണം തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടന്നു. സ്‌പേസ് സ്റ്റാര്‍ട്ടപ്പായ സ്‌പേസ് സോണ്‍ ഇന്ത്യയുമായും ഡോ. എപിജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായും സഹകരിച്ചാണു വിക്ഷേപണം. 150 പേ ലോഡുകളായിരുന്നു റോക്കറ്റില്‍ ഉണ്ടായിരുന്നത്.
മൂന്നു വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ ടെലികോം ടെക്നോളജി കയറ്റുമതി രാജ്യമാകുമെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അശ്വിനി വൈഷ്ണവ്. ഫൈവ് ജി ടെക്നോളജികളിലൂടെ ഇന്ത്യ മികവു തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ സെക്രട്ടറിയും കര്‍ണാടകത്തിലെ നേതാവുമായ സി.ടി രവിയുടെ അടുത്ത അനുയായി എച്ച്.ഡി തിമ്മയ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ചിക്കമഗളുരുവിലെ ലിംഗായത്ത് നേതാവായ തിമ്മയ്യ പാര്‍ട്ടി വിട്ടത്. ബിജെപിയില്‍നിന്ന് ഇനിയും ചില നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു.
വിലക്ക് ലംഘിച്ചു റാലി നടത്തിയതിന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെതിരെ ആന്ധ്ര പോലീസ് കേസെടുത്തു. അനപാര്‍തിയില്‍ നായിഡുവിന്റെ വാഹനങ്ങള്‍ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് വന്‍സംഘര്‍ഷമുണ്ടായിരുന്നു. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് ടിഡിപി പ്രവര്‍ത്തകര്‍ റാലി നടത്തിയത്. അതേസമയം, വന്‍ റാലികളില്ലാതെ വീടുവീടാന്തരം കയറിയുള്ള പ്രചാരണപരിപാടിയാണ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ആസൂത്രണം ചെയ്തിരിക്കുന്നത്.
ക്രൈസ്തവര്‍ക്കെതിരെ അസഹിഷ്ണുതയും അക്രമങ്ങലും വര്‍ധിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ല. 79 ക്രിസ്ത്യന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കൊല്ലം ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ 1198 ആക്രണങ്ങള്‍ ഉണ്ടായെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആരോപിച്ചു.
തെലുങ്കാനയിലെ മെഹമൂദാബാദ് എംഎല്‍എ ശങ്കര്‍ നായികിനു ഭാര്യക്കും എതിരേ മോശം പരാമര്‍ശം നടത്തിയതിനു വൈഎസ്ആര്‍ടിപി നേതാവ് വൈ.എസ് ശര്‍മിള വീണ്ടും അറസ്റ്റിലായി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായ പ്രജാ പ്രസ്ഥാനം പദയാത്രയ്ക്കിടെയാണ് ശര്‍മിളയെ അറസ്റ്റു ചെയ്തത്.
മാധ്യമ പ്രവര്‍ത്തനത്തെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയെന്ന് ബിബിസി. ആദായ നികുതി വകുപ്പിന്റെ ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി നല്‍കി. പരിശധന നടന്ന ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മണിക്കൂറുകളോളം ജോലി ചെയ്യാനായില്ല. ഐടി ഉദ്യോഗസ്ഥരും പോലീസും പലരോടും മോശമായി പെരുമാറിയെന്നും ബിബിസിയുടെ ലേഖനത്തില്‍ കുറ്റപ്പെടുത്തി.
വിമത ശിവസേനയെ ഔദ്യോഗിക പാര്‍ട്ടിയായി അംഗീകരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം രണ്ടായിരം കോടി രൂപയുടെ ഇടപാടു നടത്തിയെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. താക്കറെ വിഭാഗം നേതാവായ സഞ്ജയ് റാവത്താണ് ആരോപണം ഉന്നയിച്ചത്.
അമേരിക്കയില്‍ കത്തോലിക്കാ ബിഷപ്പ് വെടിയേറ്റു കൊല്ലപ്പെട്ടു. ലോസ് ആഞ്ചലസില്‍ ബിഷപ്പ് ഡേവിഡ് ഒ കോണല്‍ ആണ് കൊല്ലപ്പെട്ടത്.