സംസ്ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം 28 നു മുമ്പ് ക്യാമറ ഘടിപ്പിക്കണമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. കൊച്ചിയില്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടേയും ബസുടമകളുടേയും യോഗത്തിലാണു നിര്‍ദേശം. ബസിന്റെ മുന്‍ഭാഗത്തെ റോഡും ബസിന്റെ ഉള്‍വശവും കാണാവുന്ന തരത്തില്‍ രണ്ടു കാമറകള്‍ ഘടിപ്പിക്കണം ചെലവിന്റെ പകുതി റോഡ് സുരക്ഷാ അതോറിറ്റി വഹിക്കുമെന്നും മന്ത്രി.
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂറാണ് ഹര്‍ജി നല്‍കിയത്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയതിന് എല്‍ഐസിക്കും എസ്ബിഐക്കും എതിരേയും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
കെഎസ്ആര്‍ടിസിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ വിരമിച്ച 198 ജീവനക്കാര്‍ക്ക് ഈമാസം 28 നു മുന്‍പ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കോടതിയെ സമീപിച്ചവര്‍ക്ക് അമ്പതു ശതമാനം ആനുകൂല്യം ഉടന്‍ നല്‍കണം. എന്നാല്‍ ഇത്രയും തുക ഇല്ലാത്തതിനാല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് വ്യക്തമാക്കി. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയില്‍ ജീവനക്കാര്‍ എന്തിനു ബുദ്ധിമുട്ടണമെന്നു കോടതി ചോദിച്ചു.
കെഎസ്ആര്‍ടിസിയില്‍ ശമ്പളത്തിനു വരുമാന ടാര്‍ജെറ്റ് നിശ്ചയിക്കണമെന്നു മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിര്‍ദേശം. ഡിപ്പോ അടിസ്ഥാനത്തിലാണ് ടാര്‍ഗറ്റ്. 100 ശതമാനം ടാര്‍ജെറ്റ് നേടുന്ന ഡിപ്പോകളിലെ എല്ലാ ജീവനക്കാര്‍ക്കും അഞ്ചാം തീയതിതന്നെ മുഴുവന്‍ ശമ്പളം കൊടുക്കും. 90 ശതമാനമാണെങ്കില്‍ ശമ്പളത്തിന്റെ 90 ശതമാനമേ നല്‍കൂ.
മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കാന്‍ കുഞ്ഞിനു മരുന്നു വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധനയിലൂടെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ രാജ്യത്തിനു നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള ബിബിസി ഡോക്യുമെന്ററിയില്‍ ബിജെപി ഭരണകൂടം പ്രകോപിതരായ പശ്ചാത്തലത്തിലാണ് റെയ്ഡ്.
സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഗാര്‍ഹിക പീഡന ആരോപണങ്ങളുമായി ഭാര്യ അമല. താന്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി അര്‍ജുന്‍ ആയങ്കിയും കുടുംബവുമായിരിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ അമല പറഞ്ഞു. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിച്ചു. വെളുത്ത നിറം കിട്ടാന്‍ ചികിത്സയ്ക്കു വിധേയയായി. അമല ആരോപിച്ചെങ്കിലും പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിതനായ പ്രഫ. കെ.വി തോമസിന് ഓണറേറിയം അനുവദിക്കുന്ന ഫയല്‍ ധനവകുപ്പ് പിടിച്ചുവച്ചു. ഇതേച്ചൊല്ലി പ്രതിപക്ഷം സമരം ശക്തമാക്കുമെന്നു ശങ്കിച്ചാണ് ധനമന്ത്രി തത്കാലം ഫയല്‍ മടക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അഭിപ്രായം ലഭിച്ചശേഷം പരിഗണിച്ചാല്‍ മതിയെന്നാണ് ധനമന്ത്രിയുടെ നിലപാട്.
ജഡ്ജി കോഴ ആരോപണത്തിന്റെ പേരില്‍ ഹൈക്കോടതി ജഡ്ജിയെ യുടൂബ് ചാനല്‍ വഴി അധിക്ഷേപിച്ച കെ എം ഷാജഹാനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിനു കേസെടുത്തു. അഡ്വ. സൈബി ജോസിനെതിരായ കൈക്കൂലി കേസിലാണ് ‘പ്രതിപക്ഷം’ എന്ന യുട്യൂബ് ചാനലിലൂടെ ഹൈക്കോടതി ജഡ്ജിയെ ഷാജഹാന്‍ അധിക്ഷേപിച്ചത്.
ബെംഗളുരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്കു വിധേയനാക്കും. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് ചികില്‍സ നിശ്ചയിച്ചത്.
കോഴിക്കോട് ചെറുവണ്ണൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വാഹനങ്ങള്‍ക്കു തീയിട്ടതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ചെറുവണ്ണൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി യു. സജിത്താണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി സുല്‍ത്താന്‍ നൂറുമായി സജിത്ത് ഗൂഢാലോചന നടത്തിയിരുന്നെന്നു പൊലീസ് പറയുന്നു.
കുറ്റിപ്പുറം പോലീസ് പിടികൂടി കൂട്ടിയിട്ടിരുന്ന തൊണ്ടി വാഹനങ്ങള്‍ കത്തിനശിച്ചു. ഇരുനൂറോളം തൊണ്ടിവാഹങ്ങളാണ് കത്തിനശിച്ചത്.
കേരളത്തിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രി ബാധ്യതയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കെഎസ്‌യു പ്രവര്‍ത്തക മിവ ജോളിയുടെ പരാതിയില്‍ കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്കു 16 വര്‍ഷം കഠിന തടവും
60,000 രൂപ പ്രതി പിഴയും ശിക്ഷ. കുന്നംകുളം സ്വദേശി ഫലാല്‍ മോനാണ് ശിക്ഷിക്കപ്പെട്ടത്.
ജനുവരിയില്‍ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.73 ശതമാനം. രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഡിസംബറില്‍ പണപ്പെരുപ്പം 4.95 ശതമാനവും നവംബറില്‍ 6.12 ശതമാനവുമായിരുന്നു.
ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ജമാ അത്തെ ഇസ്‌ളാമി. ആള്‍ക്കൂട്ട ആക്രമണം അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് ജമാ അത്തെ ഇസ്‌ളാമി ജനറല്‍ സെക്രട്ടറി ടി. ആരിഫ് അലി വെളിപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന സംഘടനയെന്ന നിലയിലാണ് ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതെന്നും ആരിഫ് അലി പറഞ്ഞു.
മദ്രാസ് ഐഐടി ഹോസ്റ്റല്‍ മുറിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി സ്റ്റീഫന്‍ സണ്ണിയാണ് മരിച്ചത്.
ബിബിസി ഓഫീസുകളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിനു ന്യായീകരണവുമായി ബിജെപി. ബിബിസി അഴിമതി കോര്‍പ്പറേഷനാണെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ കൂട്ടിലിട്ട തത്തകളെല്ലെന്നുമാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പ്രതികരിച്ചത്.
കേരള – കര്‍ണാടക അതിര്‍ത്തിയായ കുടക് കുട്ടയില്‍ ഒരു കുടുംബത്തിലെ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനം വകുപ്പ് മയക്കുവെടിവച്ചു പിടികൂടി.
തമിഴ്‌നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാലില്‍ കഞ്ചാവും മയക്കുമരുന്നു കൂണും വിറ്റ മലയാളി ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. 100 കിലോഗ്രാം കഞ്ചാവും 100 ഗ്രാം കൂണുമായി പാക്കിയപുരം സ്വദേശി വേളാങ്കണ്ണി ജന്നിഫര്‍, ആന്റണി രാഹുല്‍, മലയാളിയായ അല്‍ഹാസ് എന്നിവരാണ് പിടിയിലായത്.
തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണം 37,000 കടന്നു. ദുരന്തം നടന്ന് എട്ടാം ദിവസവും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ പ്രദേശങ്ങളില്‍ സഹായമെത്തിക്കാന്‍ അതിര്‍ത്തി തുറക്കാമെന്ന് സിറിയ വ്യക്തമാക്കി.