night news hd 9

◾വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ പിടികൂടാനുള്ള ദൗത്യം വിജയിച്ചില്ല. ആന ജനവാസ മേഖലയിലേക്കു വരാത്തതിനാലാണ് ദൗത്യസംഘം ശ്രമം താത്കാലികമായി അവസാനിപ്പിച്ചത്. സ്ഥലത്തുനിന്ന് മടങ്ങിപ്പോകാന്‍ തുടങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ആനയെ മയക്കുവെടി വച്ചു പിടകൂടിയശേഷം പോയാല്‍ മതിയെന്നു പറഞ്ഞാണ് തടഞ്ഞത്. മരിച്ച അജീഷിന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു.

◾മാനന്തവാടി പടമല പനച്ചയില്‍ അജീഷിനെ കൊന്ന കാട്ടാന ജനവാസ മേഖലയിലേക്കു വന്നാല്‍ മാത്രമേ മയക്കുവെടി വയ്ക്കൂവെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. കര്‍ണാടക അതിര്‍ത്തിയില്‍ ആനയെ വെടിവയ്ക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക വനംവകുപ്പ് വ്യക്തമാക്കി. അഞ്ചു ഡിഎഫ്ഒ മാരുടെ നേതൃത്വത്തില്‍ നൂറ്റമ്പതോളം വനപാലകരും നാലു കുങ്കിയാനകളും സ്ഥലത്തുണ്ട്.

◾ഡല്‍ഹിയിലേക്കു വമ്പന്‍ കര്‍ഷക മാര്‍ച്ച്. മാര്‍ച്ച് ഡല്‍ഹിയിലേക്കു പ്രവേശിക്കാതിരിക്കാന്‍ അതിര്‍ത്തികളില്‍ വന്‍ പോലീസ്, സൈനിക സന്നാഹം. ചൊവ്വാഴ്ച മാര്‍ച്ച് ഡല്‍ഹിയിലേക്കു പ്രവേശിക്കുമെന്നാണു കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. താങ്ങുവില വര്‍ധിപ്പിക്കണമെന്നും പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍ വേണമെന്ന് ആവശ്യപ്പെട്ടും ഇരുന്നൂറിലധികം സംഘടനകളാണ് ഛലോ ഡല്‍ഹി പദയാത്രയുമായി മുന്നേറുന്നത്. കര്‍ഷകരെ തടയാന്‍ ബിജെപി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍ സിമന്റ് ബാരിക്കേഡുകളും മുള്ളുവേലികളും മണല്‍ചാക്കുകളും സ്ഥാപിച്ചിട്ടുണ്ട്. ജലപീരങ്കികളും ഡ്രോണുകളുമായി പോലീസ് ജാഗ്രതയിലാണ്. 50 കമ്പനി അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. ഏഴു ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. മൊബൈല്‍ ഫോണുകളില്‍ വോയ്‌സ് കോളുകള്‍ മാത്രമേ അനുവദിക്കൂ. സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളുമായി നാളെ കേന്ദ്ര മന്ത്രിമാര്‍ ചര്‍ച്ച നടത്തുന്നുണ്ട്.

◾കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ അക്രമത്തിനെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. രാജ്യസഭാംഗം ജെബി മേത്തര്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രര്‍ യാദവിന് നല്‍കിയ നിവേദനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു നിര്‍ദ്ദേശം നല്‍കിയത്.

◾ജനങ്ങളുടെ ജീവനു സംരക്ഷണം നല്‍കാത്ത വനംമന്ത്രി എ.കെ. ശശീന്ദ്രനെ പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. നികുതിദായകരുടെ പണംകൊണ്ട് ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ല. കര്‍ണാടക സര്‍ക്കാര്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയായിട്ടും മുന്നറിയിപ്പ് നല്‍കാന്‍ വനംവകുപ്പിനു കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണ്. കേന്ദ്രമന്ത്രി പറഞ്ഞു.

◾കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മാനന്തവാടി രൂപത. വന്യമൃഗ ശല്യം പരിഹരിക്കുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെടുന്നു. മനുഷ്യ ജീവനുണ്ടാകുന്ന നഷ്ടം പണം നല്‍കി പരിഹരിക്കാനാകില്ലെന്നും മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം വിമര്‍ശിച്ചു.

◾ഡിഎ കുടിശിക വേണമെന്നാവശ്യപ്പെട്ട് ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷന്‍ ചീഫ് സെക്രട്ടറിക്കു കത്ത് നല്‍കി. മുഖ്യമന്ത്രിക്കും കത്തു നല്‍കിയിട്ടുണ്ട്. 2023 ജൂലൈയില്‍ കേന്ദ്ര ഡിഎ 42 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ധന കേരളത്തില്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ ഏഴു മാസത്തെ നാലു ശതമാനം കുടിശിക വേണമെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യപ്പെട്ടത്.

◾പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ സ്വീകരിക്കാനും തിരികേ പോകുമ്പോള്‍ യാത്രയാക്കാനും ലിസ്റ്റില്‍ ഇല്ലാതിരുന്നിട്ടും വിമാനത്താവളത്തില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ ആളുകളാണ് മോദിയുടെ വിരുന്നില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി പങ്കെടുത്തെന്ന് വിമര്‍ശിക്കുന്നതെന്ന് ആര്‍എസ്പി. പാര്‍ലമെന്റ് പിരിയുമ്പോള്‍ പ്രധാനമന്ത്രി നടത്തിയ യാത്രയയപ്പു വിരുന്നില്‍ പങ്കെടുത്തതില്‍ വലിയ പ്രധാന്യമില്ലെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍.

◾എന്‍.കെ. പ്രേമചന്ദ്രനെതിരേ എളമരം കരീം ആരോപണം ഉന്നയിച്ചത് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പിയെ പോലെ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട്ടു തട്ടാനുള്ള സി പി എമ്മിന്റെ കളി കൈയ്യില്‍ വച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

◾മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ആട്ടിന്‍തോലിട്ട ചെന്നായ്’ പ്രയോഗം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ എന്നിവരെ ഉദ്ദേശിച്ചാണെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാള്‍ ഒരാത്മീയ വേദിയില്‍ ഇങ്ങനെ പ്രയോഗിച്ചത് ഒട്ടും ഉചിതമായില്ലെന്ന് പലരും തന്നോടു പറഞ്ഞെന്ന് ശ്രീധരന്‍ പിള്ള. കുമ്പനാട് നടന്ന ഐപിസി നൂറാം വാര്‍ഷിക സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രയോഗം.

◾മറ്റുള്ളവരുടെ കുറ്റങ്ങള്‍ ഏറ്റെടുത്തു കുരിശിലേറുന്നതു മഹത് പ്രവര്‍ത്തിയാണെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കവിയുമായ കെ. സച്ചിദാനന്ദന്‍. ബാലചന്ദ്രന്‍ ചുള്ളിക്കാടും ശ്രീകുമാരന്‍ തമ്പിയും ഉയര്‍ത്തിയ ആരോപണങ്ങളില്‍ തനിക്കു പങ്കില്ലെങ്കിലും കുരിശ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

◾കേരള ഗാന വിവാദ പോരില്‍ കവി കെ. സച്ചിദാനന്ദനെ പരിഹസിച്ച് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു, ‘മഹത് പ്രവൃത്തി’കള്‍ക്ക് ഉത്തമമാതൃക എന്നു വിശേഷിപ്പിച്ചാണ് ശ്രീകുമാരന്‍ തമ്പിയുടെ പരിഹാസം. തല്‍ക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയില്‍ അധ്യക്ഷസ്ഥാനത്തിരുന്ന് ത്യാഗം തുടരുന്നുവെന്നും ശ്രീകുമാരന്‍ തമ്പി ഫേസ് ബുക്കില്‍ കുറിച്ചു. താന്‍ വെറും പാമരനാം പാട്ടുകാരനാണ്, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ക്ലീഷേ ആണ്. കിളിപ്പാട്ട് എഴുതിയ എഴുത്തച്ഛനും പാട്ടുകാരനായിരുന്നു എന്നും കുറിച്ചിട്ടുണ്ട്.

◾ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫേസ് ബുക്കില്‍ കമന്റിട്ട എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവനെ പൊലീസ് ചോദ്യം ചെയ്തു. അധ്യാപികയുടെ വീട്ടിലെത്തിയാണ് കുന്നമംഗലം പൊലീസ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തത്. എസ് എഫ് ഐ യുടെ പരാതിയില്‍ കലാപ ആഹ്വാനത്തിന് കേസെടുത്ത പോലീസ് ചൊവ്വാഴ്ച സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

◾കോതമംഗലത്തിനടുത്ത് മണികണ്ഠന്‍ ചാലിനടുത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വെള്ളാരംകുത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് ശാരദ രക്ഷപ്പെട്ടത്. മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകര്‍ത്തു. വനംവകുപ്പ് ഉദ്യോഗ്സഥര്‍ സ്ഥലത്തെത്തി.

◾ആലപ്പുഴ നൂറനാട് ചുനക്കര ഉല്‍സവത്തില്‍ കെട്ടുകാള എഴുന്നള്ളിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി തീപിടിച്ച് കെട്ടുകാളയ്ക്കു മുകളിലുണ്ടായിരുന്ന മൂന്നു പേര്‍ക്കു പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വര്‍ണത്തിടമ്പ് കത്തിനശിച്ചു.

◾കേന്ദ്രസര്‍ക്കാര്‍ ചെറുകിട സൂക്ഷ്മ വിഭാഗത്തിലെ സ്ഥാപനങ്ങളെ സഹായിക്കാനെന്ന പേരില്‍ കൊണ്ടുവന്ന നിയമഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ വസ്ത്രവ്യാപാരികള്‍ സമരത്തിലേക്ക്. എംഎസ്എംഇ സ്ഥാപനങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാല്‍ 15 ദിവസത്തിനുള്ളിലും പ്രത്യേക കരാര്‍ ഉണ്ടെങ്കില്‍ 45 ദിവസത്തിനുള്ളിലും സാമ്പത്തിക ഇടപാട് കൊടുത്തുതീര്‍ത്തില്ലെങ്കില്‍ ഈ തുകകള്‍ ഉല്‍പന്നം വാങ്ങിയ വ്യാപാരിയുടെ വരുമാനമായി കണക്കാക്കി 32 ശതമാനം ടാക്സ് ഈടാക്കുന്ന വ്യവസ്ഥയ്ക്കെതിരേയാണ് പ്രതിഷേധം.

◾കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍ കുര്‍ബാനക്കിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. നെല്ലാകുന്നില്‍ മിലന്‍ (17) ആണ് മരിച്ചത്. സെന്റ് ആന്റണീസ് പബ്ലിക്ക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

◾മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം. ബിജെപി നേതൃത്വവുമായി കമല്‍നാഥ് ചര്‍ച്ച നടത്തിയെന്നാണു വിവരം. കമല്‍നാഥിനു രാജ്യസഭാ സീറ്റും മകന്‍ നകുല്‍നാഥിനു ലോക്സഭാ സീറ്റും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു റിപ്പോര്‍ട്ട്.

◾മദ്രസ തകര്‍ത്തതിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ട ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും. കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടകമ്പോളങ്ങളും സ്‌കൂളുകളും കോളേജുകളും അടച്ചിരിക്കുകയാണ്. ആയിരത്തിലേറെ പൊലീസുകാരെ ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്.

◾തമിഴ്നാട് ധര്‍മ്മപുരിയില്‍ ദളിത് സ്ത്രീകള്‍ക്കു ചിരട്ടയില്‍ ചായ കൊടുത്ത രണ്ടു സത്രീകള്‍ അറസ്റ്റിലായി. ജാതി വിവേചനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഉയര്‍ന്ന ജാതിക്കാരായ ഗൗണ്ടര്‍ വിഭാഗത്തിലുള്ള അറുപതുകാരി ചിന്നത്തായി പുത്ര ഭാര്യയും 32 കാരിയുമായി ബി ധരണി എന്നിവരാണ് അറസ്റ്റിലായത്.

◾ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലെ ആര്‍എസ്എസ് നേതാവിനേയും ദത്തുപുത്രിയേയും കൊലപ്പെടുത്തിയതിനു മകന്‍ അറസ്റ്റില്‍. 42 കാരനായ ഇഷാങ്ക് അഗര്‍വാള്‍ ആണ് പിതാവ് യോഗേഷ് ചന്ദ് അഗര്‍വാളിനെയും ദത്തുപുത്രി സൃഷ്ടിയെയും കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. സ്വത്തിന്റെ പകുതി പിതാവ് സൃഷ്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം.

◾മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍ മോഷണം. ഗാംഗുലിയുടെ വ്യക്തിഗത വിവരങ്ങളും നിര്‍ണായക സന്ദേശങ്ങളുമടങ്ങിയ ഒന്നര ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ മോഷണം പോയി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

◾22 വര്‍ഷം മുമ്പ് നാടുവിട്ട 11 കാരന്‍ സന്ന്യാസിയായി വീട്ടില്‍ തിരിച്ചെത്തിയതിന്റെ ആഹ്ലാദവിശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായെങ്കിലും സംഭവത്തിനു പിറകിലെ തട്ടിപ്പു പോലീസ് കണ്ടെത്തി. മകന്‍ പിങ്കുവിനെ സന്യാസിവേഷത്തില്‍ ഡല്‍ഹി സ്വദേശിനിയായ ഭാനുമതിയും ഭര്‍ത്താവ് രതിപാല്‍ സിംഗും കണ്ടെത്തിയെന്നായിരുന്നു ആദ്യ വാര്‍ത്ത. മകന്‍ ഇരുവര്‍ക്കുമൊപ്പം ഇരുന്നു സാരംഗി വായിക്കുന്ന വീഡിയോയുമുണ്ടായിരുന്നു. ആശ്രമത്തിലേക്കു മടങ്ങിയ ‘മകന്’ 13 ക്വിന്റല്‍ ഭക്ഷ്യധാന്യങ്ങളും 11,000 രൂപയും മൊബൈല്‍ ഫോണും അടക്കം ധാരാളം സമ്മാനങ്ങളാണു വീട്ടുകാരും നാട്ടുകാരും സമ്മാനിച്ചത്. ദീക്ഷ ഉപേക്ഷിച്ചു വീട്ടിലേക്കു വരാന്‍ ജാര്‍ഖണ്ഡിലെ മഠാധിപതിക്കു പത്തു ലക്ഷം രൂപ കൊടുക്കണമെന്നും പണം തന്റെ കൈയില്‍ തരണമെന്നും അയാള്‍ ആവശ്യപ്പെട്ടു. വീട്ടുകാര്‍ കൃഷിസ്ഥലം വിറ്റു സമാഹരിച്ച പത്തു ലക്ഷം രൂപയുമായി മഠത്തിലേക്കു പോകാന്‍ ഒരുങ്ങിയപ്പോള്‍ ‘മകന്‍’ അവിശ്വസനീയമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് തടഞ്ഞു. ഇതോടെ സംശയംതോന്നി പോലീസില്‍ വിവരമറിയച്ചതോടെയാണ് ‘മകന്‍’ ചമഞ്ഞു തട്ടിപ്പു നടത്തിയാളെ പോലീസ് പിടികൂടിയത്. ഇയാള്‍ ഇത്തരത്തില്‍ വേറേയും തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ലക്നോ പോലീസ് പറഞ്ഞു.

◾കര്‍ണാടകയില്‍ ആശുപത്രിയില്‍ റീല്‍ ഷൂട്ട് ചെയ്ത 38 വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. ഗഡാഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ വിദ്യാര്‍ഥികളുടെ ഹൗസ് സര്‍ജന്‍സി കാലയളവ് പത്തു ദിവസം കൂടി ദീര്‍ഘിപ്പിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു.

◾യുകെയില്‍ രണ്ടു മക്കള്‍ക്കു വിഷം കുത്തിവച്ചു കൊല്ലാന്‍ ശ്രമിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച മലയാളി യുവതിയെ അറസ്റ്റു ചെയ്തു. ഈസ്റ്റ് സസെക്സിലെ അക്ഫീല്‍ഡില്‍ ഹണ്ടേഴ്സ് വേയിലെ 38 കാരിയായ ജിലുമോള്‍ ജോര്‍ജാണു പിടിയിലായത്. ഒന്‍പതും പതിമൂന്നും വയസായ സ്വന്തം മക്കളുടെ ശരീരത്തിലാണ് രാസവസ്തു കുത്തിവച്ച് ജിലുമോള്‍ കൊല്ലാന്‍ ശ്രമിച്ചത്.

◾യുഎഇയില്‍ കനത്ത മഴ. രാവിലെ മുതല്‍ ആറ് എമിറേറ്റുകളില്‍ മഴയുണ്ട്. അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമെ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു. ഉമ്മുല്‍ഖുവൈനില്‍ മാത്രമാണ് മഴ അല്‍പം കുറവുള്ളത്. യുഎഇയിലെ സ്വാകര്യ മേഖലാ ജീവനക്കാര്‍ക്ക് നാളെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *