night news hd 9

ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ആറ് ഇടതു സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നിയമനത്തിന് അംഗീകാരമില്ല. നിയമന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ല. സിപിഎമ്മിന്റെ മുന്‍ എംപി പി.കെ ബിജു, ഐ സാജു, ബിഎസ് ജമുന, ഡോ വിനോദ് കുമാര്‍ ജേക്കബ്, എസ് വിനോദ് കുമാര്‍, ജി സഞ്ജീവ് എന്നിവരുടെ നിയമനമാണ് വിവാദത്തിലായത്. 2021 ഫെബ്രുവരി 20 ന് ഒന്നാം പിണറായി സര്‍ക്കാരാണ് ഇവരെ നിയമിച്ചത്. ഇവരടങ്ങിയ സിന്‍ഡിക്കറ്റിന്റെ തീരുമാനങ്ങള്‍ അസാധുവാകും. ആക്ടിംഗ് വൈസ് ചാന്‍സലറെ മാറ്റണമെന്ന് സിന്‍ഡിക്കറ്റ് ആവശ്യപ്പെട്ടതിനു പിറകേയാണ് അവരുടെ നിയമനത്തിന് അംഗീകാരമില്ലെന്ന വിവരം പുറത്തുവന്നത്. ഇവര്‍ വാങ്ങിയ ആനുകൂല്യങ്ങള്‍ തിരിച്ചു നല്‍കേണ്ടിവരും. ആറു പേര്‍ക്കെതിരേയും നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വ.ിഡി. സതീശന്‍ ആവശ്യപ്പെട്ടു.

ബജറ്റിലെ അവഗണനയ്ക്കും പീഡനങ്ങള്‍ക്കും എതിരേ സമരത്തിനിറങ്ങുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവരെല്ലാം ടൈഫോയിഡിനെതിരായ വാക്‌സിന്‍ എടുക്കണമെന്നതടക്കമുള്ള നിബന്ധന ചെറുകിട ഹോട്ടലുകാര്‍ക്കു താങ്ങാനാവില്ല. മരുന്ന് കമ്പനികളുടെ സ്വാധീനംമൂലമാണ് ഇതു നടപ്പാക്കുന്നത്. ഇപ്പോള്‍ മരുന്നു കിട്ടാനില്ല. മറ്റു സംസ്ഥാങ്ങളില്‍ ഇല്ലാത്ത പീഡനമാണിത്.  പെട്രോള്‍ ഡീസല്‍ സെസും പിന്‍വലിക്കണം. ഹരിത കര്‍മ സേനയുടെ പണപ്പിരിവ് അവസാനിപ്പിക്കണമെന്നും ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ആവശ്യപ്പെട്ടു.

വളപട്ടണം ഐ.എസ് കേസില്‍ ഏഴു വര്‍ഷത്തെ തടവു ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അപ്പീല്‍ ഹര്‍ജിയില്‍  വിധി വരുന്നതുവരെ എന്‍ഐഎ കോടതിയുടെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്നായിരുന്നു പ്രതികളുടെ ആവശ്യം.

റിസോര്‍ട്ട് വിവാദത്തില്‍ ഇ.പി ജയരാജനും ആരോപണം ഉന്നയിച്ച പി ജയരാജനും എതിരെ സിപിഎം അന്വേഷണം. പാര്‍ട്ടി അന്വേഷണ കമ്മീഷനാണ് ഇരുവര്‍ക്കും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത്. സംസ്ഥാന സമിതിയില്‍ ഇരു നേതാക്കളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു.

വിഴിഞ്ഞം തുറമുഖത്തിനു പാറ ഖനനം ചെയ്യാന്‍ പത്തനംതിട്ട കലഞ്ഞൂരില്‍ 11.5 ഏക്കര്‍ റവന്യു പുറംപോക്കിലെ പാറ പൊട്ടിക്കാന്‍ അദാനി ഗ്രൂപ്പിനു ക്വാറി ലൈസന്‍സ് നല്‍കിയതിനെതിരെ പ്രതിഷേധം. പഞ്ചായത്ത് ഭരണ സമിതി അറിയാതെയാണ് ലൈസന്‍സ് നല്‍കിയത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ലൈസന്‍സ് നല്‍കിയതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. ഇഞ്ചപ്പാറയിലെ രാക്ഷസന്‍ പാറയോടുചേര്‍ന്നുള്ള പ്രദേശമാണ് അദാനിക്കായി വിട്ടുകൊടുത്തത്.

കുംഭമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട 12 ന് വൈകുന്നേരം അഞ്ചിനു തുറക്കും. കുംഭം ഒന്നായ 13 ന് പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനട തുറക്കും. 17 ന് രാത്രി പത്തിനു ഹരിവരാസനം പാടി നടയടയ്ക്കും.

എറണാകുളം മരടില്‍ നിന്ന് പിടികൂടിയ പുഴുവരിച്ച മീന്‍ വളമാക്കാന്‍ കൊണ്ടുവന്നതാണെന്ന് കണ്ടെയ്‌നര്‍ ഉടമ. വണ്ടി ബ്രേക്ക്ഡൗണായതുമൂലം റോഡരികില്‍ നിര്‍ത്തിയിട്ടതാണ്. ഡ്രൈവര്‍മാരുടെ ഫോണ്‍ ഓഫായിപ്പോയിരുന്നു. പിഴയടച്ച് വാഹനം തിരിച്ചെടുക്കാന്‍ അനുവദിക്കണമെന്ന് ഉടമ മരട് നഗരസഭയ്ക്കു കത്തു നല്‍കി.

വയനാട് അമ്പുകുത്തിയില്‍ കടുവ ചത്തതിനു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനത്തിനിരയായി ഹരികുമാര്‍ മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോയെന്നു പരിശോധിക്കാന്‍ വനം വകുപ്പ് വിജിലന്‍സ് സി സി എഫ് വയനാട്ടിലെത്തി. ഹരികുമാര്‍ ആത്മഹത്യ ചെയ്തത് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്നാണെന്നാണ് വീട്ടുകാരുടേയും നാട്ടുകാരുടേയും പരാതി.

കൊച്ചിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് കേരള ഹൈക്കോടതി. ബസ് ഡ്രൈവറുടെ പിഴവെന്ന് കൊച്ചി ഡിസിപി കോടതിയില്‍ പറഞ്ഞു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തി താക്കീതു നല്‍കി.

കൊച്ചിയില്‍ അമിതവേഗതയില്‍ സഞ്ചരിച്ച സ്വകാര്യ ബസടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ ദീപു കുമാര്‍ അറസ്റ്റില്‍. മനപ്പൂര്‍വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് കേസെടുത്തത്.

പത്തനംതിട്ട ഡിസിസി മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജിനെ കെപിസിസി സസ്‌പെന്‍ഡു ചെയ്തു. ഡിസിസി ഓഫീസില്‍ ജില്ലാ പുനസംഘടനാ സമിതി ചേര്‍ന്നപ്പോള്‍ വാതില്‍ തുറക്കാതായപ്പോള്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് കെപിസിസിക്കു പരാതി നല്‍കുകയും ചെയ്തിരുന്നു.

പൊതുസ്ഥലത്തു മദ്യപിച്ചതു ചോദ്യം ചെയ്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കയ്യേറ്റം ചെയ്ത യുവാക്കളെ പൊലീസ് പിടികൂടി. ബോഡിനായ്ക്കന്നൂര്‍ ഒളുഗല്‍പട്ടി സ്വദേശി എ. ഗോപിനാഥ് (41), തേനി സ്വദേശി എസ്. ദേശീയന്‍ അരവിന്ദോ (23) എന്നിവരെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

കണ്ണൂര്‍ പെരളശേരിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി റിയ പ്രവീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ടീച്ചര്‍ക്കെതിരെ അന്വേഷണം. പെരളശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികക്കെതിരേ മരണകുറിപ്പ് എഴുതി വച്ചാണ് കുട്ടി ജീവനൊടുക്കിയത്. സ്‌കൂളിന്റെ ചുവരില്‍ മഷിയാക്കിയതിന് ശകാരിക്കുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തിരുന്നെന്നാണ് ആരോപണം.

മൈദ മാവ് അലര്‍ജിയുള്ള പതിനാറുകാരി പൊറോട്ട കഴിച്ച് മരിച്ചു. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് താന്നികണ്ടം  വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകള്‍ നയന്‍മരിയ സിജുവാണ് മരിച്ചത്. രോഗം മാറിയെന്ന് തോന്നിയാണ് പൊറോട്ട കഴിച്ചത്. പിറകേ, അസ്വസ്ഥതമൂലം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോന്നി താലൂക്ക് ഓഫീസിലെ റവന്യൂ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവം അന്വേഷിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ടു സമര്‍പ്പിക്കണം. ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ തഹസില്‍ദാരോട് വിശദീകരണം തേടി. 63 ജീവനക്കാരില്‍ 21 പേര്‍ മാത്രമാണ് ഓഫീസിലെത്തിയത്.

ആറാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് മുപ്പത്തേഴര വര്‍ഷം കഠിന തടവ്. മലപ്പുറം ജില്ലയിലെ മദ്രസ അധ്യാപകന്‍ മഞ്ചേരി എളങ്കൂര്‍ ചെറുകുളം കിഴക്കുപറമ്പില്‍ സുലൈമാനെ (56)യാണ്  തിരൂര്‍ ഫസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

തിരുവനന്തപുരം ഡിപിഐ ജംഗ്ഷനിലെ അക്വേറിയം വില്‍ക്കുന്ന കടയ്ക്കു തീ പിടിച്ചു. രണ്ടു നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. ഇവിടെനിന്ന് മൂന്ന് വീടുകളിലേക്കും തീ പടര്‍ന്നു. അഗ്‌നിശമന സേന തീയണച്ചു.

മാലിന്യക്കുഴിയില്‍ വീണു കുട്ടി മരിച്ച സംഭവത്തില്‍ പെരുമ്പാവൂരിലെ നോവ പ്ലൈവുഡ് കമ്പനി അടപ്പിച്ചു. വെങ്ങോല പഞ്ചായത്താണ് കമ്പനി അടപ്പിച്ചത്. മാലിന്യ കുഴി മൂടാതെ മരണമുണ്ടായതിനാലാണ് നടപടി.

പ്രണയ ദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാനുള്ള മണ്ടന്‍ ആഹ്വാനം കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു. ആഹ്വാനം ലോകമെങ്ങും വന്‍ വിവാദവും പരിഹാസവും ആയതിനു പിറകേയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ഉത്തരവു പിന്‍വലിച്ചത്. ആഹ്വാനം പിന്‍വലിക്കുകയാണെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് സെക്രട്ടറി എസ് കെ ദത്തയാണ് ഉത്തരവിട്ടത്.

നിക്ഷേപകരുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കുമെന്ന് സുപ്രീം കോടതി. അദാനി ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതി ഇങ്ങനെ കേന്ദ്രത്തോടും സെബിയോടും ചോദിച്ചത്. നിലവിലുള്ള രീതികള്‍ ശക്തിപ്പെടുത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം ആലോചിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചര്‍ച്ച ചെയ്ത് തിങ്കളാഴ്ച വിവരം അറിയിക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

ഇന്‍ഷ്വറന്‍സ് പോളിസി ഉടമകള്‍ പാന്‍ കാര്‍ഡ് പോളിസിയുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍. പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 ആണ്.

പാര്‍ലമെന്റില്‍ വായടപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. അദാനിക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍പോലും അന്വേഷണ ഏജന്‍സികള്‍ തയ്യാറാകുന്നില്ല. ഖര്‍ഗെയുടെ പരാമര്‍ശങ്ങള്‍ രേഖയില്‍നിന്ന് നീക്കിയതിനെതിരെ രാജ്യസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധിച്ചു. മോദി അദാനി വിരുദ്ധ പരാമര്‍ശങ്ങളാണ് രാജ്യസഭാ രേഖയില്‍നിന്ന് നീക്കിയത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ജെപിസി അന്വേഷണം വേണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു.

ഇന്ധനവില ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കുറച്ചപ്പോള്‍ ഹിമാചല്‍ പ്രദേശും കേരളവും പോലുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നിരക്കു കൂട്ടുകയാണു ചെയ്തതെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജസ്ഥാനില്‍ പഴയ ബജറ്റാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അവതരിപ്പിച്ചതെന്നും അവര്‍ പരിഹസിച്ചു.

രാജ്യത്തെ വികസനത്തിലേക്കു നയിക്കാന്‍ ഉത്തര്‍പ്രദേശ് വന്‍ സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈദ്യുതി, അടിസ്ഥാനസൗകര്യ വികസനം, വാണിജ്യം തുടങ്ങിയ എല്ലാ മേഖലകളിലും പുരോഗതിയുണ്ട്.  യുപി ആഗോള നിക്ഷേപക ഉച്ചകോടി  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ ഗൗതം അദാനി ഗ്രൂപ്പ് കമ്പനികള്‍ അമേരിക്കയില്‍ നിയമ നടപടി തുടങ്ങുന്നു. അമേരിക്കയില്‍ കേസ് നടത്താന്‍ വാച്ച്‌ടെല്‍ എന്ന നിയമ സ്ഥാപനവുമായി ധാരണയായെന്നാണ് റിപ്പോര്‍ട്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *