കായംകുളം പുത്തന്‍ റോഡില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പോലീസ് മര്‍ദനം. നവകേരള സദസിന്റെ ടീഷര്‍ട്ടു ധരിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തു. അതു പോലീസ് തടഞ്ഞു. ‘നിങ്ങളടിക്കണ്ട, ഞങ്ങള്‍ അടിച്ചോളാമെന്ന് പൊലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോടഴ പറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നവ കേരള സദസിനിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിന്റെയും എസ്‌കോര്‍ട്ടിലുള്ള പൊലീസുകാരന്‍ സന്ദീപിന്റെയും വീട്ടില്‍ പൊലീസ് കാവല്‍. പൊലീസുകാരന്‍ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെ പൊലീസ് ലാത്തി വീശി. സ്ഥലത്ത് സിപിഎം പ്രവര്‍ത്തകരും സംഘം ചേര്‍ന്നിട്ടുണ്ട്.
കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ ഗവര്‍ണര്‍ എത്തുംമുമ്പേ എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗസ്റ്റ് ഹൗസിനു മുന്നില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒടുവില്‍ പൊലീസ് അവരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തുനീക്കി.
കരുവന്നൂര്‍ സഹകരണ ബാങ്കിലെ കള്ളപ്പണക്കേസില്‍ പ്രതികളായ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാറിനേയും മുന്‍ മാനേജര്‍ ബിജു കരീമിനേയും എന്‍ഫോഴ്‌സ്‌മെന്റ് മാപ്പുസാക്ഷികളാക്കുന്നു. സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്ന് പ്രതികള്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇരുവരും കോടതിയില്‍ ഹാജരായി. കേസ് ഈ മാസം 21 ലേക്കു മാറ്റി.
സമനില തെറ്റിയ രീതിയില്‍ മര്‍ദിച്ച മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ക്കെതിരെ വധശ്രമത്തിനു കേസെടുക്കണമെന്നു
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു പ്രവര്‍ത്തകരെ ഭീകരമായി മര്‍ദിക്കുന്ന പൊലീസും സിപിഎം ഗുണ്ടകളും ബിജെപിക്കാരോട് കരുതലോടെ പെരുമാറുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് ചെന്നിത്തല പറഞ്ഞു.
സാമ്പത്തിക കാര്യങ്ങളില്‍ കേരളത്തോടു വിവേചനമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജലജീവന്‍ മിഷന്‍ വഴി കേരളത്തിലെ രണ്ടേകാല്‍ ലക്ഷം വീടുകളില്‍ വാട്ടര്‍ കണക്ഷന്‍ നല്‍കി. പി.എം. ആവാസ് യോജന വഴി 24,000 വീടുകള്‍ നിര്‍മിച്ചു. 20,000 ശുചിമുറി നിര്‍മിച്ചു. 76 ജന്‍ ഔഷധി കേന്ദ്രങ്ങള്‍, ഉജ്ജ്വല പദ്ധതിയിലൂടെ 63,500 കണക്ഷന്‍, 16 ലക്ഷം പേര്‍ക്ക് അന്ന യോജന സൗജന്യ റേഷന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നല്‍കി. എട്ടര ലക്ഷം പേര്‍ക്ക് ജന്‍ ധന്‍ അക്കൗണ്ട് നല്‍കി. കേന്ദ്ര ധനമന്ത്രി പറഞ്ഞു.
രണ്ടു ദിവസം ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപത്തുള്ള ചക്രവാതച്ചുഴിയാണ് മഴ സജീവമാകുന്നതിനു കാരണം.
ശബരിമലയിലെത്തുന്ന കുട്ടികള്‍ക്കു പ്രത്യേക ദര്‍ശന സൗകര്യം ഒരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. പതിനെട്ടാംപടി കടന്നെത്തുന്ന കുട്ടികളേയും രക്ഷിതാക്കളേയും ശ്രീകോവിലിനടുത്തുള്ള പ്രത്യേക ഗേറ്റിലൂടെ കടത്തിവിടുമെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിലെ സിപിഎം ഭരിക്കുന്ന കുടുംബശ്രീ ഫണ്ട് തട്ടിപ്പില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ വായ്പാ സഹായം, കിറ്റ് വിതരണം തുടങ്ങി വിവിധ പദ്ധതികളില്‍ 69 ലക്ഷം രൂപയുടെ തട്ടിപ്പാണ് നടന്നത്.
രക്തസമ്മര്‍ദത്തിലെ വ്യതിയാനംമൂലം വനംമന്ത്രി എ.കെ ശശീന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂരിലെ ഗാന്ധിനഗറില്‍ സിഎന്‍ജി ഓട്ടോറിക്ഷയ്ക്കു തീപിടിച്ച് ഒരാള്‍ മരിച്ചു. തൃശൂര്‍ പെരിങ്ങാവ് സ്വദേശിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു.
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ശീവേലിക്കു കൊണ്ടുവന്ന ആന ഇടഞ്ഞോടി. ഒളരി പിതൃക്കോവില്‍ പാര്‍ഥസാരഥിയെന്ന ആനയാണ് ഇടഞ്ഞത്. രണ്ടു കാറും ടെമ്പോ ട്രാവലറും ആന തകര്‍ത്തു. രണ്ട് ടെമ്പോട്രാവലറുകള്‍ ഭാഗികമായി തകര്‍ത്തിട്ടുണ്ട്.
കോളജില്‍ കയറി കൊടിമരം നശിപ്പിച്ച സംഭവത്തില്‍ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ആര്‍ വിഷ്ണു അടക്കം നാലു എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയില്‍ കോളേജിലെത്തിയ ഇവര്‍ കെഎസ്യു, എബിവിപി, എഐഎസ്എഫ് സംഘടനകളുടെ കൊടിമരങ്ങളാണ് നശിപ്പിച്ചത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്വയം തൊഴില്‍ വായ്പാ തുക തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതികളിലൊരാളായ ഗ്രേസിയെ പൊലീസ് അറസ്റ്റ് ചെയ്തു. 35 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്.
കോഴിക്കോട് ടാങ്കര്‍ ലോറിയിടിച്ച് കാര്‍ യാത്രക്കാരായ അച്ഛനും മകളും മരിച്ച കേസില്‍ 86,65,000 രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധി. കണ്ണൂര്‍ ചാലില്‍ സുബൈദാസില്‍ അബുവിന്റെ മകന്‍ വ്യവസായിയായ ആഷിക്(49), മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ ആയിഷ (19) എന്നിവര്‍ മരിച്ച കേസിലാണ് വടകര എംഎസിടി ജഡ്ജിയുടെ വിധി.
ദുബൈ കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശി ഷാനില്‍ (25) ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.
പാര്‍ലമെന്റ് അതിക്രമത്തിനു കാരണം രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. പാര്‍ലമെന്റ് അതിക്രമത്തില്‍ സുരക്ഷാ വീഴ്ചയുണ്ടെങ്കിലും തൊഴിലില്ലായ്മ പോലുള്ള പ്രതിസന്ധിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ബംഗളൂരുവില്‍ ദമ്പതികള്‍ അടക്കം നാലു പേരെ പിടികൂടി. ഖലീം, ഭാര്യ സഭ, ഒബേദ് റാക്കീം, അതീഖ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്.
ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് ഇന്ത്യയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹയില്‍ എത്തിയ ഒമാന്‍ സുല്‍ത്താനെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വീകരിച്ചു. പ്രതിരോധം, ഊര്‍ജ്ജം, ബഹിരാകാശം തുടങ്ങി ഒമ്പതു മേഖലകളിലെ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ഒമാനും തമ്മില്‍ ധാരണയായി.
കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍-ജാബിര്‍ അല്‍-സബ അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കുവൈത്തിന്റെ പതിനാറാം അമീര്‍ ആയിരുന്നു അമീര്‍ ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍-ജാബിര്‍ അല്‍-സബ. 2020 ലാണ് ഇദ്ദേഹം കുവൈത്തിന്റെ ചുമതല ഏറ്റെടുത്തത്.