night news hd 13

 

ലോക്‌സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ബഹളം വച്ചതിനു കേരളത്തിലെ നാലു പേരടക്കം അഞ്ച് എംപിമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. ടി.എന്‍ പ്രതാപന്‍,.ഡീന്‍ കുര്യക്കോസ്, രമ്യ ഹരിദാസ്, ഹൈബി ഈഡന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള ജ്യോതിമണി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഈ സമ്മേളന കാലത്തേക്കാണ് സസ്‌പെന്‍ഷന്‍. രാജ്യസഭയില്‍ ചെയറിനു മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും ഈ സമ്മേളന കാലത്തേക്കു സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

കേരളത്തിലെ സാമ്പത്തിക സ്ഥിതി ദയനീയമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് പന്ത്രണ്ട് യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ടൂറിലാണ്.
സ്‌കൂളുകളില്‍ ഉച്ചഭക്ഷണം മുടങ്ങി. പെന്‍ഷനും തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കു കൂലിയും കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ക്ക് ശമ്പളവും നല്‍കാനാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കേന്ദ്ര നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കേയാണ് യുഡിഎഫ് എംപിമാര്‍ കേന്ദ്ര ധനമന്ത്രിയെ സന്ദര്‍ശിച്ചത്.

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ബലാല്‍സംഗവും കൊലപാതകം നടന്നിട്ടും പോലീസും പ്രോസിക്യൂഷനും തെളിവുകള്‍ ഹാജരാക്കിയില്ലെന്നു പോക്‌സോ കോടതി. പ്രതിയായ അര്‍ജിനനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച പറ്റി. കൊലപാതകം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് അന്വേഷണം ഉദ്യോഗസ്ഥന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമാണ്. വിരളടയാള വിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കുന്നതിലും വീഴ്ച പറ്റിയെന്നും വിധിയില്‍ പറയുന്നു. കോടതിവിധിക്കെതിരേ അപ്പീല്‍ പോകുമെന്ന് പൊലീസ് പ്രതികരിച്ചു.

ആറു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചതോടെ കോടതി പരിസരത്തുണ്ടായിരുന്ന ജനക്കൂട്ടം പ്രകോപിതരായി പ്രതി അര്‍ജുനനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ഓടിക്കൂടി. പോലീസ്അര്‍ജുനനെ ഓടിച്ചു കൊണ്ടുപോയി രക്ഷപ്പെടുത്തുകയായിരുന്നു.

വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസിലെ പ്രതി അര്‍ജുനന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്നും തെളിവു നശിപ്പിക്കാന്‍ സിപിഎം പോലീസുമായി ഗൂഡാലോചന നടത്തിയതിനാലാണു വെറുതെ വിട്ടതെന്നും ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്. സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിന് ഗൂഡാലോചനയില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ കൊലപ്പെടുത്തിയ പ്രതിയെ തെളിവില്ലാതെ വെറുതെ വിട്ടതു നാടിന് നാണക്കേടാണെന്നു ഇടുക്കിയിലെ സിപിഐ നേതാവ് കെ കെ ശിവരാമന്‍. കേസ് അന്വേഷണത്തെ ബാഹ്യ ഇടപെടല്‍ സ്വാധീനിച്ചിട്ടുണ്ടോയെന്നു സാധാരണ ജനങ്ങള്‍ സംശയിക്കുമെന്നും നീതി ലഭിക്കുവോളം നാടാകെ ഒരുമിക്കണമെന്നും സിപിഐ നേതാവ് ആവശ്യപ്പെട്ടു. തെളിവില്ലെന്ന കോടതിയുടെ വിലയിരുത്തലിന് ഉത്തരം നല്‍കാന്‍ സര്‍ക്കാരിന് പ്രതിബദ്ധതയുണ്ടെന്ന് സിപിഐ നേതാവ് ഇ.എസ്. ബിജിമോള്‍ പ്രതികരിച്ചു. നീതി കിട്ടുന്നതുവരെ കുടുംബത്തിനൊപ്പമെന്ന് ബിജിമോള്‍ പറഞ്ഞു.

വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയെ വെറുതെ വിട്ട സംഭവത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വാളയാറിന് സമാനമായ അവസ്ഥ വണ്ടിപ്പെരിയാര്‍ കേസിലും ഉണ്ടാകരുതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതാണ്. വാളയാറിലും പ്രതി പാര്‍ട്ടിക്കാരനായതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. സതീശന്‍ ആരോപിച്ചു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രിക്കും സാംസ്‌കാരിക സെക്രട്ടറിക്കും അക്കാദമി അംഗങ്ങള്‍ കത്തു നല്‍കി. അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കുടയില്‍ ചേര്‍ന്ന യോഗത്തില്‍ 15 അംഗങ്ങളില്‍ ഒമ്പതു പേര്‍ പങ്കെടുത്തു.

മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. തനിക്കെതിരെ പരാതി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പാളയത്ത് ഗവര്‍ണറുടെ കാറിനു മുന്നിലേക്കു ചാടിവീണ് കാറില്‍ അടിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കടയ്ക്കുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു ഡിജിപിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ആക്രമണം. പൊലിസിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നും പൊലിസ് സുരക്ഷ നല്‍കിയിരുന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്ഭവനില്‍നിന്നു വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ മൂന്നിടത്താണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചത്.

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടില്‍ സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷന്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്. ബാങ്കിലെ ഭരണസമിതി മാത്രമല്ല, പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദികളാണ്. കരുവന്നൂരിലെ തട്ടിപ്പു പണം സിപിഎം അക്കൗണ്ടില്‍ എത്തിയെന്നും അനധികൃത വായ്പകള്‍ക്കായി അരവിന്ദാക്ഷന്‍ ഭരണ സമിതിയെ ഭീഷണിപ്പെടുത്തിയെന്നും ഇഡി വെളിപ്പെടുത്തി.

മലപ്പുറം കുറ്റിപ്പുറത്ത് യുവാവ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ കാര്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറും കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയുമായ ഡോ. ബിജു ജോര്‍ജ്ജിന്റേതാണെന്ന് കണ്ടെത്തി. അപകട ശേഷം ആക്രിവിലയ്ക്ക് ഇയാള്‍ വിറ്റ കാര്‍ തൃശൂരില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിടിച്ച് കഴുത്തല്ലൂര്‍ സ്വദേശി സനാഹ് ആണു മരിച്ചത്. ഡോക്ടര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

കേരളത്തിലെ റബ്ബര്‍ കൃഷിയോട് കേന്ദ്രത്തിനു ശത്രുതാപരമായ സമീപനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. റബ്ബറിന്റെ താങ്ങു വില വര്‍ധിപ്പിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ലെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി ആറ് ആഴ്ചത്തേക്കു നീട്ടി. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സാവകാശം തേടിയതിനെ തുടര്‍ന്നാണ് നടപടി. കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തിനെതിരേയാണു പോലീസ് കേസെടുത്തത്.

കടം കയറി മുടിഞ്ഞു നില്‍ക്കുന്ന കേരളത്തെ വീണ്ടും കടമെടുക്കാന്‍ അനുവദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം വിചിത്രവും ബാലിശവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നിലവിലെ കടവും ബാധ്യതകളും കേരളത്തിന് താങ്ങാവുന്നതിലും അധികമാണ്. വീണ്ടും കടം വാങ്ങി ധൂര്‍ത്തടിക്കാനുള്ള നീക്കം അനുവദിക്കാനാകില്ല. സുരേന്ദ്രന്‍ പറഞ്ഞു.

വയോധികയായ അമ്മായിയമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപികയായ മരുമകള്‍ അറസ്റ്റിലായി. 80 വയസുള്ള ഏലിയാമ്മാ വര്‍ഗീസിനാണ് മര്‍ദനമേറ്റത്. മഞ്ജു മോള്‍ തോമസിനെയാണ് അറസ്റ്റു ചെയ്തത്. മഞ്ജുമോള്‍ വയോധികയെ മര്‍ദ്ദിക്കുന്ന വീഡിയോ പകര്‍ത്തിയത് സ്വന്തം മകനാണെന്നു പൊലീസ് പറഞ്ഞു.

ലക്ഷദ്വീപിലെ കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദ്യാഭ്യാസ മന്ത്രിയ്ക്ക് മന്ത്രി വി ശിവന്‍കുട്ടി കത്തയച്ചു. ലക്ഷദ്വീപിലെ കുട്ടികള്‍ സിബിഎസ്ഇ സിലബസ് മാത്രം പഠിക്കണമെന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവിനെതിരേയാണു കത്ത്.

ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുകയും എയര്‍ലൈന്‍ കമ്പനി ടിക്കറ്റോ വിമാനമോ റദ്ദാക്കുകയാണെങ്കില്‍ എയര്‍ലൈന്‍ കമ്പനി ബദല്‍ സര്‍വീസ് ഏര്‍പ്പെടുത്തുകയോ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരിച്ചു നല്‍കുകയോ വേണം. മാത്രമല്ല, യാത്രക്കാരന് അധിക നഷ്ടപരിഹാരവും നല്‍കണം. വ്യോമയാന സഹമന്ത്രി ജനറല്‍ വികെ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്.

വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി എന്ന ആശയത്തിനെതിരെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. ആര്‍ത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണ്. പ്രത്യേക അവധി ആവശ്യമുള്ള ഒരു ശാരീരിക പ്രശ്‌നമായി കണക്കാക്കരുതെന്നും ഇറാനി പറഞ്ഞു. രാജ്യസഭയില്‍ എംപി മനോജ് കുമാര്‍ ഝായുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *