ഭൂമി തരംമാറ്റ ഫീസില്‍ സര്‍ക്കാരിനു തിരിച്ചടി. 25 സെന്റ് ഭൂമി വരെ തരംമാറ്റം സൗജന്യമാക്കണമെന്നു ഹൈക്കോടതി ഉത്തരവ്. അധിക ഭൂമിക്കു മാത്രമേ ഫീസ് ഈടാക്കാവൂ. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. 36.65 സെന്റ് ഭൂമി തരം മാറ്റിയപ്പോള്‍ മുഴുവന്‍ ഭൂമിക്കും ഫീസ് ഈടാക്കിയതിനെതിരെ തൊടുപുഴ സ്വദേശിയാണു ഹര്‍ജി നല്‍കിയിരുന്നത്. ചീഫ് ജസ്റ്റിസ് ആശിഷ്.ജെ. ദേശായി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവുമൂലം കോടികളുടെ വരുമാന നഷ്ടം സംസ്ഥാന സര്‍ക്കാരിനുണ്ടാകും.
രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനസ്ഥാപിക്കുന്നതു വൈകിപ്പിക്കാന്‍ ആസൂത്രിത ശ്രമമെന്ന് കോണ്‍ഗ്രസ്. ലോക്‌സഭാ സ്പീക്കര്‍ ഒഴിഞ്ഞുമാറുകയാണെന്നും രേഖകളുമായി എത്തിയപ്പോള്‍ സെക്രട്ടറി ജനറലിനെ കാണാന്‍ ആവശ്യപ്പെട്ടെന്നും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരികുറ്റപ്പെടുത്തി. ഓഫീസ് അവധിയാണെന്നു പറഞ്ഞ് സെക്രട്ടറി ജനറലും ഒഴിഞ്ഞുമാറി. കത്ത് സ്പീക്കര്‍ക്കു നല്‍കൂവെന്നാണ് സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടത്. കത്തയച്ചെങ്കിലും സീല്‍ ചെയ്യാതെ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ മൂന്നു മാസത്തേക്കു മരവിപ്പിച്ചു. ഒക്ടോബര്‍ 31 വരെയാണ് ഇറക്കുമതി നിയന്ത്രണ ഉത്തരവ് മരവിപ്പിച്ചത്.
ഒരു വര്‍ഗീയ വാദിയുടെയും വോട്ട് കോണ്‍ഗ്രസിനു വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വര്‍ഗീയ വാദികള്‍ ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാന്‍ കാത്തിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. അവര്‍ക്ക് ആയുധം കൊടുക്കരുത്. വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടികെട്ടരുത്. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉള്ള ശ്രമം കോണ്‍ഗ്രസ് തടയുമെന്നും സതീശന്‍ പറഞ്ഞു.
താത്കാലിക അധ്യാപകര്‍ക്ക് ഓണത്തിനു മുമ്പ് വേതനം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണെന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം മുടങ്ങിയ സാഹചര്യത്തില്‍ താത്കാലിക അധ്യാപകര്‍ പ്രതിഷേധത്തിലാണ്. സംസ്ഥാനത്ത് 11,200 താത്കാലിക അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്.
പ്രവാസി വ്യവസായിയില്‍നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസില്‍ മരുമകന്‍ ഹാഫിസ് കുദ്രോളിയെയും കൂട്ടാളി അക്ഷയ് വൈദ്യനേയും എറണാകുളം ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് എസ് പി സോജന്റെയും ഡി വൈ എസ് പി റെക്‌സ് ബോബിയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. പ്രതികളുടെ പാസ്‌പോര്‍ട്ടും സറണ്ടര്‍ ചെയ്യിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ അക്ഷയ സെന്ററുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. തെരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങളില്‍ രാവിലെ 11 മണി മുതല്‍ ഒരേസമയമായിരുന്നു വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കോതമംഗലം സ്വദേശി എന്‍ കെ അഷ്‌റഫിന്റെ റിസോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കണ്ടുകെട്ടി. രണ്ടര കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. ഇടുക്കിയില്‍ നാലു വില്ലകളും ഏഴേക്കറോളം ഭൂമിയും ഉള്‍പ്പെടുന്ന സ്വകാര്യ ടൂറിസം പദ്ധതിയാണിത്.
ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് കാറ്ററിംഗ് ജീവനക്കാരായ യുവാക്കള്‍ മരിച്ചു. പരിയാരം അങ്ങാടിയിലാണ് അപകടമുണ്ടായത്. കുറ്റിക്കാട് തുമ്പരത്കുടിയില്‍ വീട്ടില്‍ മോഹന്റെ മകന്‍ രാഹുല്‍ (24), മുണ്ടന്‍മാണി വീട്ടില്‍ സോജന്റെ മകന്‍ സനല്‍ (21) എന്നിവരാണ് മരിച്ചത്.
മലപ്പുറം വാഴക്കാട് ചാണകത്തൊഴുത്തില്‍ വീണ് രണ്ടര വയസുകാരന്‍ മരിച്ചു. നേപ്പാള്‍ സ്വദേശികളായ തൊഴിലാളി കുടുംബത്തിന്റെ മകന്‍ അന്മോലാ ആണ് മരിച്ചത്.
വിശ്വാസികളെ ഹനിക്കുന്ന പ്രസ്താവനകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍എസ്എസിന്റെ തുടര്‍പ്രതിഷേധം അവരുടെ സംഘടനയുടെ തീരുമാനമാണെന്നും ഈ കാര്യത്തില്‍ എസ്എന്‍ഡിപി യോഗത്തിന് അഭിപ്രായം ഇല്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
സിപിഐ പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവില്‍നിന്നും പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സീന്‍ രാജിവച്ചതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പാലക്കാട് സിപിഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ്. പാര്‍ട്ടി ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്നും സുരേഷ് രാജ് പറഞ്ഞു.
ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. കൊല്ലം നെടുമ്പന യു പി സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു പ്രതി സന്ദീപ്.
പ്രസവചികിത്സയില്‍ വീഴ്ചമൂലം കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടെന്ന പരാതിയില്‍ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. താമരശേരി സ്വദേശികളായ ലിന്റു – രമേഷ് രാജു ദമ്പതികളാണ് ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്.
യുവാവ് വഴിയില്‍ അപമാനിച്ചതില്‍ മനംനൊന്ത് കൊച്ചിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജീവനൊടുക്കിയ കേസില്‍ പ്രതിയായ യുവാവിന് 10 വര്‍ഷം കഠിന തടവു ശിക്ഷ. 1,20,000 രൂപ പിഴയൊടുക്കുകയും വേണം. കങ്ങരപ്പടി സ്വദേശി സിബിയെയാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. 2020 മാര്‍ച്ചിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്‍ജക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് 11 രോഗികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തില്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസറേയും ഗ്രേഡ്-2 അറ്റന്‍ഡറെയും സസ്‌പെന്‍ഡ് ചെയ്തു.
നായാട്ടുസംഘത്തെ ദേവീകുളത്തെ വനപാലകര്‍ പിടികൂടി. തോക്കും തിരകളും പിടിച്ചെടുത്തു. നാലു മാസം മുമ്പ് സംഘം നായാട്ടു നടത്തിയ ഭാഗത്ത് ഉപേക്ഷിച്ച കാട്ടുപോത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. ഇരുട്ടു കാനം സ്വദേശി അജിത്ത്, അമ്പഴച്ചാല്‍ സ്വദേശി അമല്‍, തോക്കുപാറ സ്വദേശി സണ്ണി എന്നിവരെയാണു പിടികൂടിയത്.
കോഴിക്കോട് നഗരത്തില്‍ ഗതാഗത തടസമുണ്ടാക്കിയതു ചോദ്യം ചെയ്ത ഡോക്ടറെ മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പേരാമ്പ്ര സ്വദേശി ജിദാത്താണ് പിടിയിലായത്. ഡോ. ഫാബിത്ത് മൊയ്തീനെയാണു പ്രതി പി ടി ഉഷ റോഡില്‍ മര്‍ദിച്ചത്.
ബസില്‍ യുവതികളോട് അപമര്യാദയായി പെരുമാറിയ യുവാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുകുന്ന് സ്വദേശി ആര്‍. അരുണ്‍ കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. മാട്ടൂല്‍ പയ്യന്നൂര്‍ റൂട്ടിലെ സ്വകാര്യ ബസില്‍ യുവാവ് മുന്‍സീറ്റിലിരുന്ന പെണ്‍കുട്ടികളെ സീറ്റിന് അടിയിലൂടെ കൈയ്യിട്ടു ശല്യപ്പെടുത്തിയത് മറ്റൊരു യുവതി മൊബൈലില്‍ ചിത്രീകരിച്ചശേഷം ബസ് ജീവനക്കാരെ വിവരമറിയിക്കുകയുമായിരുന്നു.
2011 ലെ ആക്രമണക്കേസില്‍ ബിജെപി എംപി രാം ശങ്കര്‍ കതേരിയയെ ആഗ്ര കോടതി രണ്ടു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചതോടെ കതേരിയയെ ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കും. മുന്‍ കേന്ദ്രമന്ത്രി കൂടിയായ കതേരിയയെ 2011 ല്‍ വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരനെ ആക്രമിച്ച കേസിലാണ് ശിക്ഷ. 2011 നവംബര്‍ 16 ന് മാളിലെ ടോറന്റ് പവര്‍ ഓഫീസ് തകര്‍ക്കുകയും ജീവനക്കാരനെ ആക്രമിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സഹോദരിമാര്‍ ക്ഷേത്ര ദര്‍ശനത്തിനിടെ യാദൃശ്ചികമായി കണ്ടുമുട്ടി. ഉത്തരാഖണ്ഡിലെ കോത്താരി ഗ്രാമത്തിലെ പാര്‍വതി ക്ഷേത്രം സന്ദര്‍ശിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരി വാസന്തിബെന്‍ സാവനും യോഗി ആദിത്യനാഥിന്റെ സഹോദരി ശശി ദേവിയും തമ്മില്‍ കണ്ടുമുട്ടിയത്.
ഗുജറാത്തിലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് സിന്‍ഹ് വഗേല സ്ഥാനം രാജിവച്ചു. ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ അഴിമതി നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഗ്രൂപ്പു വഴക്കിന്റെ ഭാഗമായാണു രാജി.
ഹരിയാനയിലെ നൂഹിലെ വര്‍ഗീയ സംഘര്‍ഷത്തിനു പിറകേ, ജില്ലാ ഭരണകൂടം ഒരു വിഭാഗം ആളുകളുടെ കെട്ടിടങ്ങളും വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളാണെന്ന പേരിലാണ് പൊളിച്ചത്. 25 മെഡിക്കല്‍ സ്റ്റോറുകളും മറ്റ് വ്യവസായ സ്ഥാപനങ്ങളും നശിപ്പിച്ചു. അക്രമം നടന്ന നുഹില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള തൗരുവില്‍ താമസിക്കുന്ന കുടിയേറ്റക്കാരുടെ കുടിലുകളും പൊളിച്ചുനീക്കി. അറസ്റ്റ് ഭയന്ന് പ്രദേശത്തെ നിരവധി പേര്‍ പലായനം ചെയ്തു.