ചന്ദ്രനില്‍ ഇന്ത്യ. ചരിത്രവിജയവുമായി രാജ്യം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ചന്ദ്രോപരിതലത്തില്‍നിന്ന് 25 കിലോമീറ്റര്‍ ഉയരത്തിലാണ് ലാന്‍ഡിംഗ് പ്രക്രിയ ആരംഭിച്ചത്. സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ എന്ന വേഗത്തില്‍ നിന്ന് സെക്കന്‍ഡില്‍ 358 മീറ്റര്‍ എന്ന വേഗത്തിലേക്ക് 690 സെക്കന്‍ഡു കൊണ്ട് പേടകമെത്തി. ഒടുവില്‍ ചന്ദ്രയാന്‍ 3 ചാന്ദ്രോപരിതലം തൊട്ടപ്പോള്‍ ഇന്ത്യന്‍ ജനത ഹര്‍ഷാരവം മുഴക്കി.
ഭൂമിയിലെ സ്വപ്നം ചന്ദ്രനില്‍ നടപ്പാക്കിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ നിമിഷം ഐതിഹാസികമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ ബ്രിക്സ് ഉച്ചകോടിക്കിടയില്‍ ഐഎസ്ആര്‍ഒയുടെ ലൈവ് സ്ട്രീമിംഗില് പങ്കാളിയായ മോദി, ലാന്‍ഡര്‍ ചന്ദ്രോപരിതലം തൊട്ടതോടെ ചെറിയ ദേശീയപതാക ഉയര്‍ത്തി വീശിക്കാണിച്ചു. എന്റെ മനസ്സ് ചന്ദ്രയാനെ ഉറ്റുനോക്കുകയായിരുന്നു. ചരിത്ര നിമിഷം ഇന്ത്യയില്‍ പുതിയ ഊര്‍ജം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചരിത്ര നിമിഷത്തില്‍ ‘ഇന്ത്യ ഈസ് ഓണ്‍ ദ മൂണ്‍’ എന്നു പറഞ്ഞാണു ഐഎസ്ആര്‍ഒ ചെയര്മാന് മോദിയെ ക്ഷണിച്ചത്.
വൈദ്യുതി നിയന്ത്രണം ഉടനേ വേണ്ടിവരുമെന്ന് കെഎസ്ഇബി. വിവിധ കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍നിന്ന് സംസ്ഥാനത്തിനു ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയില്‍ അപ്രതീക്ഷിതമായി 300 മെഗാവാട്ടോളം കുറവുണ്ടായിട്ടുണ്ട്. ഇതുമൂലം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. കെഎസ്ഇബി അറിയിച്ചു.
സ്കൂള്‍ ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ക്ക് ജൂണ്‍, ജൂലൈ മാസങ്ങളിലെ ഓണറേറിയം ഓണത്തിനു മുമ്പു വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ 12,040 സ്കൂളുകളിലെ 13,611 പാചകത്തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് മാസത്തേതടക്കം മൂന്നു മാസത്തെ വേതനം ലഭിക്കും.
മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസിലെ ജാമ്യ ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ട മറുനാടന്‍ മലയാളി ചാനല്‍ ഉടമ ഷാജന് സ്കറിയയ്ക്ക് ഹൈക്കോടതി വിമര്‍ശനം. കേസിലെ ചോദ്യം ചെയ്യലിനു ഹാജരാകാത്തതിനാണ് വിമര്‍ശിച്ചത്. എന്നാല്‍ അമ്മയ്ക്ക് അസുഖംമൂലം ഹാജരാകാന്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ കല്ല് നിരത്തി വച്ച സംഭവത്തില്‍ രണ്ടു കുട്ടികളെ പൊലീസ് പിടികൂടി. കുട്ടികളുടെ രക്ഷിതാക്കളെ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു.
കോഴിക്കോടുനിന്ന് ദുബൈയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. രാവിലെ 8.30 ന് ദുബൈയിലേക്കപ പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച മലപ്പുറം ചേലമ്പ്ര സ്വദേശി അബ്ദുള്‍ റിയാസിന്റെ മകന് മുഹമ്മദ് റസാന്റെ കുടുംബത്തിന് ധനസഹായമായി അഞ്ചു ലക്ഷം രൂപ അനുവദിച്ചു.
തമിഴ്നാട് മധുരയില്‍ അമ്മയെ ശുശ്രൂഷിക്കണമെന്ന കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകനു മൂന്നു മാസം തടവുശിക്ഷ. അമ്മയ്ക്ക് മാസം അയ്യായിരം രൂപ നല്‍കണമെന്ന് ജൂലൈയില്‍ ഉത്തരവിട്ടിരുന്നു. വാഴവല്ലന് സ്വദേശിയായ ഇ മലൈയമ്മാളുടെ പരാതിയില്‍ തിരുച്ചെന്തൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എം ഗുരുചന്ദ്രനാണ് ശിക്ഷ വിധിച്ചത്.
ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ ഇനി രണ്ടു തവണ നടത്തുമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പാഠ്യപദ്ധതി ചട്ടക്കൂട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനാണു രേഖ പുറത്തിറക്കിയത്. പരീക്ഷകളില്‍ ലഭിക്കുന്ന ഉയര്‍ന്ന സ്കോറായിരിക്കും പരിഗണിക്കപ്പെടുക. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ രണ്ടു ഭാഷകള്‍ പഠിക്കണം. അതിലൊന്ന് ഇന്ത്യന്‍ ഭാഷയായിരിക്കണം.
ഡല്‍ഹി വിമാനത്താവളത്തില്‍ ഒരേ റണ്‍വേയില്‍ ലാന്‍ഡിംഗിനും ടേക്ക് ഓഫിനും അനുമതി നല്കിയതുമൂലം ഉണ്ടാകുമായിരുന്ന വന്‍ ദുരന്തം ഒഴിവായത് പൈലറ്റിന്റെ ജാഗ്രതമൂലം. വിസ്താര വിമാനങ്ങള്‍ക്ക് അനുമതി നല്കിയ എയര്‍ ട്രാഫിക് കണ്‍ട്രോളറെ സസ്പെന്‍ഡു ചെയ്തു.
ബഹിരാകാശ ഗവേഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മൂന്നു പ്രധാന മേഖലകളില്‍ ഒന്നിച്ചു നീങ്ങാന്‍ ബ്രിക്സ് രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ജൊഹന്നാസ്ബെര്ഗില് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഡിജിറ്റല്‍ മേഖല ദിനംപ്രതി വളരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 ന് ദക്ഷിണാഫ്രിക്കയിലെ ബ്രിക്സ് ഉച്ചകോടിയിലും അനുമോദനം. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയതിനു പിറകേ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിച്ചു.