മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂര്‍ണമായി തകര്‍ന്നെന്ന് സുപ്രീംകോടതി. ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാകും. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഏഴു പേരെ മാത്രം അറസ്റ്റു ചെയ്ത മണിപ്പൂര്‍ പൊലീസ് എങ്ങനെ കേസുകള്‍ അന്വേഷിക്കും. 6500 എഫ്‌ഐആറുകളില്‍ ഗുരുതര കേസുകള്‍ തരം തിരിക്കണം. ഇവയുടെ അന്വേഷണത്തിനും മേല്‍നോട്ടത്തിനും സംവിധാനം വേണം. പൊലീസിനെക്കൊണ്ട് അതിനു കഴിയില്ല. സിബിഐക്ക് എത്ര കേസുകള്‍ അന്വേഷിക്കാനാകുമെന്ന് അറിയിക്കണം. മണിപ്പൂര്‍ ഡിജിപി നേരിട്ട് ഹാജരാകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് കൂട്ടബലാല്‍സംഗത്തിന് ഇരയായവര്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരമാര്‍ശം.
കേരളത്തിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കും. ഓരോ സ്റ്റേഷന്‍ പരിധിയിലുമുള്ളവരുടെ കണക്കെടുക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത്കുമാര്‍ നിര്‍ദേശം നല്‍കി. ഇന്നലെ ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. വിവരശേഖരണത്തിനായി പ്രത്യേക പെര്‍ഫോമ തയ്യാറാക്കും. നേരത്തെ പല തവണ വിവരശേഖരണം നടത്തിയെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല.
ജലജീവന്‍ മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്തെ 50 ശതമാനം ഗ്രാമീണ വീടുകളില്‍ കുടിവെള്ളം എത്തിച്ചെന്നു സംസ്ഥാന സര്‍ക്കാര്‍. ആകെയുള്ള 69.92 ലക്ഷം ഗ്രാമീണ വീടുകളില്‍ പകുതിയിലും ജലജീവന്‍ മിഷനിലൂടെ ടാപ്പ് വഴി കുടിവെള്ളം ലഭ്യമാക്കി. 35.42 ലക്ഷം ഗ്രാമീണ വീടുകള്‍ക്കാണ് ജല്‍ജീവന്‍ മിഷനിലൂടെ കുടിവെള്ളം പൈപ്പു ലൈന്‍ എത്തിച്ചത്.
തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് കല്ലും മണലും കൊണ്ടുവരുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കല്ലും മണലും 10 ചക്രത്തിന് മുകളിലുള്ള ലോറികളില്‍ കൊണ്ടുപോകരുതെന്നും 28,000 കിലോയ്ക്കു മുകളില്‍ ഭാരം ലോറിയില്‍ കയറ്റരുതെന്നുമായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് ആവശ്യമായ കരിങ്കല്ലും മണലും കിട്ടാത്ത അവസ്ഥയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും പ്രധാന ആയുധ പരിശീലന കേന്ദ്രമായ മഞ്ചേരിയിലെ ഗ്രീന്‍വാലി എന്‍ഐഎ കണ്ടുകെട്ടിയത് സംസ്ഥാന സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിട്ടും സംസ്ഥാന സര്‍ക്കാരും പോലീസും ഗ്രീന്‍വാലിയെ സംരക്ഷിക്കുകയായിരുന്നു. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
നൗഷാദ് തിരോധാന കേസില്‍ കൊലപ്പുള്ളിയാക്കാന്‍ മര്‍ദിച്ചു കുറ്റം സമ്മതിപ്പിച്ചെന്ന ഭാര്യ അഫ്‌സാനയുടെ ആരോപണം കള്ളമെന്നു പ്രചരിപ്പിക്കാന്‍ പൊലീസ് തെളിവെടുപ്പു വീഡിയോ പുറത്തുവിട്ടു. ദൃശ്യങ്ങള്‍ വകുപ്പ് തല അന്വേഷണത്തിന് കൂടല്‍ പൊലീസ് സമര്‍പ്പിച്ചു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷം മുഖത്തടക്കം അടിയേറ്റ അടയാളങ്ങള്‍ അഫ്‌സാന കാണിച്ചെങ്കിലും എല്ലാം വ്യാജമെന്നാണ് പൊലീസ് വാദം.
ആലുവയില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തെ കോടതി 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി വേണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ആരോപണം ഗുരുതരമെന്ന് എഐവൈഎഫ്. അന്വേഷണം നടത്തണമെന്നും കുറ്റക്കാരനെന്നു കണ്ടാല്‍ സ്ഥാനത്തുനിന്നു നീക്കണമെന്നും എഐവൈഎ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ ആവശ്യപ്പെട്ടു. മാടമ്പി ശൈലിയാണ് രഞ്ജിത്തിന്റേതെന്നും ജിസ്‌മോന്‍ വിമര്‍ശിച്ചു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മന്ത്രി സജി ചെറിയാനല്ല, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്താണു മറുപടി പറയേണ്ടതെന്നു സംവിധായകന്‍ വിനയന്‍. അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെട്ടെന്ന ആരോപണം ഉന്നയിച്ചത് മന്ത്രിതന്നെ നിയമിച്ച ജൂറി അംഗം നേമം പുഷ്പരാജാണ്. മന്ത്രി മുന്‍വിധിയോടെ വിധി കല്‍പിക്കണമായിരുന്നോ എന്നും വിനയന്‍ ചോദിച്ചു.
പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അശ്ലീലം പറഞ്ഞ പ്രതിക്കു നാലു വര്‍ഷം തടവും പിഴയും. എറണാകുളം ടൗണ്‍ നോര്‍ത്ത് വനിത പൊലീസ് സ്റ്റേഷന്‍ ലാന്‍ഡ് ഫോണിലേക്കു വിളിച്ചു ശല്യം ചെയ്ത പ്രതി തിരുവനന്തപുരം തുമ്പ സ്വദേശി ജോസിനെയാണ് (38) എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് നാല് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. 15,000 രൂപ പിഴയും അടയ്ക്കണം.
പാലക്കാട് കൊപ്പത്ത് സ്പീക്കര്‍ എഎന്‍ ഷംസീറിനും മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും എതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചതിന് എട്ട് ബിജെപി – ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
ഓടിക്കൊണ്ടിരുന്ന ബസിനു പിന്നിലിടിച്ച് നിയന്ത്രണം വിട്ട ബൈക്കു മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. കറുകുറ്റി പാദുവാപുരം സ്വദേശി ഫാബിന്‍ മനോജും സുഹൃത്ത് കോക്കുന്ന് സ്വദേശി അലനുമാണ് മരിച്ചത്. രണ്ട് പേര്‍ക്കും 18 വയസാണ്. അങ്കമാലിക്കടുത്ത് തലകോട്ട് പറമ്പിലാണ് അപകടമുണ്ടായത്.
കൊല്ലം ശാസ്താംകോട്ടയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായത് പരിഭ്രാന്തി പരത്തി. കായംകുളം സ്വദേശിയായ ആരിഫ് മുഹമ്മദിനെയാണ് മതപഠനശാലയില്‍നിന്ന് കാണാതായത്. ഇന്റര്‍വെല്‍ സമയത്ത് പുറത്ത് പോയ ആരിഫ് തിരികെ വന്നില്ല. അധ്യാപകര്‍ അന്വേഷിച്ചിറങ്ങി. പരാതി നല്‍കിയതോടെ പോലീസും രംഗത്തിറങ്ങി. ഒടുവില്‍ കണ്ടുകിട്ടി. കായംകുളത്തെ വീട്ടിലേക്കു പോകുകയായിരുന്നെന്നാണ് കുട്ടി പറഞ്ഞത്.
അല്‍ഫാം നല്‍കാന്‍ വൈകിയതിന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് യുവാക്കളുടെ മര്‍ദ്ദനം. കോഴിക്കോട് തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാര്‍ എക്സ്പ്രസ് ഹോട്ടലിലെ മൂന്നു ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പൊലീസില്‍ പരാതി നല്‍കി. മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യവും പൊലീസിനു കൈമാറിയിട്ടുണ്ട്.
എം.ഡി.എം.എയുമായി മൂന്നു യുവാക്കള്‍ പൊലീസിന്റെ പിടിയില്‍. കായംകുളം സ്വദേശികളായ അജ്മല്‍ (31), സുമിത്ത് (31), അന്‍വര്‍ ഷാ (28) എന്നിവരാണ് പിടിയിലായത്.
ഹരിയാനയിലെ നൂഹില്‍ വീണ്ടും അക്രമങ്ങള്‍. ഹോട്ടലുകളും കടകളും കത്തിച്ചു. മതമുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇരുന്നൂറോളം പേരടങ്ങുന്ന അക്രമിസംഘം കടകള്‍ക്കു തീയിട്ടത്.
ആസാമില്‍ തീവ്രവാദ സംഘടനയായ രാഷ്ട്രീയ ബജ്റംഗ്ദള്‍ സംഘടിപ്പിച്ച ആയുധ പരിശീലന ക്യാമ്പിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പോലീസ് അന്വേഷണം ആരംഭിച്ചു. വിവിധയിനം തോക്കുകള്‍ ഉപയോഗിച്ചു വെടിവയ്ക്കാനുള്ള പരിശീലനം, ആയോധന, അതിജീവന പരിശീലനങ്ങള്‍ എന്നിവ നല്‍കുന്ന വീഡിയോയാണ് പ്രചരിച്ചത്. 350 യുവാക്കള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണു വീഡിയോയില്‍ പറയുന്നത്.
സുഖമില്ലാത്തതിനാല്‍ അവധി വേണമെന്ന ആവശ്യം മേലുദ്യോഗസ്ഥന്‍ നിഷേധിച്ചതാണ് മുബൈയില്‍ ട്രെയിനില്‍ റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിള്‍ യാത്രക്കാരെ കൂട്ടക്കൊല ചെയ്യാന്‍ പ്രകോപനമായതെന്നു റിപ്പോര്‍ട്ട്. മേലുദ്യോഗസ്ഥനുമായി ഫോണിലൂടെ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. ഇതിന്റെ അരിശം തീര്‍ക്കാന്‍ കയ്യിലെ എ കെ 47 തോക്ക് ഉപയോഗിച്ച് പ്രതി വെടിയുതിര്‍ക്കുകയായിരുന്നു.
ഗായകന്‍ സിദ്ധു മൂസേവാല വധക്കേസിലെ പ്രതികളിലൊരാളായ സച്ചിന്‍ ബിഷ്‌ണോയിയെ അസര്‍ബൈജാന്‍ ഇന്ത്യക്കു കൈമാറി. ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ബന്ധു കൂടിയായ സച്ചിനെ ഡല്‍ഹി പൊലീസ് സ്‌പേഷ്യല്‍ സെല്ലാണ് അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍നിന്ന് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം മെയ് 29 നാണു കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. ബിജെപി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചതിനു പിറകേയാണ് ആക്രമണമുണ്ടായത്.
ജൂലൈയില്‍ ഇന്ത്യയുടെ മൊത്ത ചരക്കുസേവന നികുതി വരുമാനം 1.65 ലക്ഷം കോടി രൂപ. മുന്‍വര്‍ഷത്തേക്കാള്‍ 11 ശതമാനം വര്‍ധന.
രാജ്യത്തു പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപയുടെ നോട്ടുകളില്‍ 88 ശതമാനവും ബാങ്കുകളിലേക്കു തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്. 2023 ജൂലൈ 31 വരെ 3.14 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തി.
മണിപ്പൂരിലേക്കു പത്തു കോടി രൂപയുടെ അവശ്യ സാധനങ്ങള്‍ നല്‍കാന്‍ തയാറാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പമണിപ്പൂര്‍ മുഖ്യമന്ത്രിക്ക് സ്റ്റാലിന്‍ അയച്ച കത്തിലാണ് ഈ വാഗ്ദാനം.
ഇരുചക്ര വാഹന നിര്‍മാണ കമ്പനിയായ ഹീറോ മോട്ടോര്‍ കോര്‍പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പവന്‍ മുന്‍ജാലിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള ഒരു അന്വേഷണത്തിന്റെ ഭാഗമായാണ് പവന്‍ മുന്‍ജാല്‍ ഉള്‍പ്പെടെയുള്ള ചിലരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ബഹിരാകാശ പേടകമായ വോയേജറുമായുള്ള ആശയവിനിമയ ബന്ധം താത്കാലികമായി നഷ്ടമായി. നാസയില്‍നിന്ന് വോയേജറിലേക്ക് അയച്ച സന്ദേശത്തിലെ പിഴവു കാരണം പേടകത്തിലെ ഡിഷ് ആന്റിന ഭൂമിയില്‍നിന്ന് അകലേക്കു തിരിഞ്ഞതാണു കാരണം. ഭൂമിയില്‍ നിന്ന് ഏകദേശം 1990 കോടി കിലോമീറ്റര്‍ അകലെയുള്ള വേയേജര്‍ പേടകമാണ് ബഹിരാകാശത്ത് ഭൂമിയില്‍നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ മനുഷ്യ നിര്‍മിത വസ്തു.
പാക് അധിനിവേശ കാഷ്മീരിലൂടെ ചൈന റോഡ് നിര്‍മിക്കുന്നു. ബലൂചിസ്ഥാനിലെ ഗ്വദര്‍ തുറമുഖത്തെ ചൈനയിലെ ഷിന്‍ജിയാംഗ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന വിവാദ ഇടനാഴി പദ്ധതി നടപ്പാക്കുമെന്നു ചൈന പ്രഖ്യാപിച്ചു. പദ്ധതി നടപ്പാക്കുന്നതില്‍ ഇന്ത്യ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു.