വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോട് വരെ നീട്ടി. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെയാണ് നേരത്തെ അനുവദിച്ചിരുന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസര്‍കോട് വരെ നീട്ടിയെന്നു പ്രഖ്യാപിച്ചത്. രാവിലെ 5.10 ന് പുറപ്പെട്ട് 12.30 ന് കണ്ണൂരെത്തും. കണ്ണൂരില്‍നിന്ന് ഉച്ചക്കു രണ്ടിന് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും. 78 സീറ്റ് വീതമുള്ള 12 ഇക്കോണമി ചെയര്‍കാര്‍ കോച്ചുകളാണുള്ളത്. 54 സീറ്റ് വീതമുള്ള രണ്ടു എക്‌സിക്യൂട്ടീവ് കോച്ചും ഉണ്ടാകും. 25 നു രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും.
തിരുവനന്തപുരത്തുനിന്ന് ഏഴര മണിക്കൂര്‍കൊണ്ട് കണ്ണൂരിലെത്തുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ എസി ചെയര്‍കാറിന് 950 രൂപ ടിക്കറ്റ് നിരക്ക്. എസി ചെയര്‍കാറിന് 1,400 രൂപയും എക്‌സിക്യൂട്ടീവ് കോച്ചില്‍ 2,400 രൂപയുമാണു ടിക്കറ്റ് നിരക്കെന്നു വാര്‍ത്ത പ്രചരിക്കുന്നുണ്ടെങ്കിലും റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ല. ജനശതാബ്ദി ചെയര്‍കാറില്‍ 755 രൂപക്ക് കണ്ണൂരെത്താം. മാവേലിയില്‍ ഫസ്റ്റ് എ സി 1855 രൂപയും സെക്കന്‍ഡ് എ സി 1105 രൂപയും തേര്‍ഡ് എ സി 775 രൂപയുമാണ്. രാജധാനിയില്‍ ഫസ്റ്റ് എ സി 2440 രൂപയാണു ടിക്കറ്റ് നിരക്ക്. രാജധാനിയില്‍ സെക്കന്‍ഡ് എ സി 1970 രൂപയും തേര്‍ഡ് എ സി 1460 രൂപയുമാണ്.
സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ച 726 കാമറക്കണ്ണുകള്‍ വ്യാഴാഴ്ച തുറക്കും. മോട്ടോര്‍ വാഹന, ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കു കൈയോടെ പിഴശിക്ഷ നല്‍കുന്ന കാമറാ സംവിധാനമാണു പ്രവര്‍ത്തനം ആരംഭിക്കുന്നത്. രാത്രിയിലും വാഹനത്തിനകത്തെ ദൃശ്യങ്ങള്‍ വ്യക്തതയോടെ ഒപ്പിയെടുക്കാന്‍ ശേഷിയുള്ള കാമറകളാണ് സംസ്ഥാന, ദേശീയ പാതകളില്‍ സ്ഥാപിച്ചിരിക്കുന്നത്. (ഇനി കാമറക്കണ്ണില്‍, പിഴയ്ക്കു പഞ്ഞമുണ്ടാകില്ല … https://dailynewslive.in/traffic-camaras-wiill-be-switched-on-by-thursday/ )
ഏകീകൃതൃ സിവില്‍ കോഡ് നടപ്പാക്കാന്‍ കളമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രി അമിത് ഷാ, കേന്ദ്ര നിയമമന്ത്രി, സോളിസിറ്റര്‍ ജനറല്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. നേരത്തെ ഈ വിഷയം കേന്ദ്രം നിയമകമ്മീഷനു വിട്ടിരുന്നു. പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഏക വ്യക്തിനിയമം നടപ്പാക്കാനാണ് നീക്കം.
ഓരോ പഞ്ചായത്തിലും ഒരു കളിസ്ഥലമെങ്കിലും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം. 450 തദ്ദേശ സ്ഥാപനങ്ങളില്‍ കളിക്കളം ഇല്ല. മൂന്നു വര്‍ഷത്തിനകം എല്ലാ പഞ്ചായത്തുകളിലും കളിക്കളം സജ്ജമാക്കും. ആദ്യ ഘട്ടത്തില്‍ 113 പഞ്ചായത്തുകളിലാണു കളിക്കളം ഒരുക്കുക. ഒരു കളിക്കളത്തിന് ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 50 ലക്ഷം കായികവകുപ്പ് നല്‍കും.
എന്‍ഐഎ ഏറ്റെടുത്ത ട്രെയിന്‍ തീവയ്പു കേസിന്റെ രേഖകളും തെളിവുകളും കേരള പോലീസ് അടുത്ത ദിവസം എന്‍ഐഎയ്ക്കു കൈമാറും. പ്രതി ഷാറൂഖ് സെയ്ഫിയെ കോടതി റിമാന്‍ഡു ചെയ്ത് ജയിലിലേക്കയച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിി അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരത് ട്രെയിനിന്റെ വിവരങ്ങള്‍ പ്രഖ്യാപിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി വൈകാതെ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
അരിക്കൊമ്പനെതിരെ പറമ്പിക്കുളം ഡിഎഫ്ഒ ഓഫീസിനു മുന്നില്‍ നാളെ സത്യഗ്രഹം ആരംഭിക്കും. നെന്‍മാറ എം എല്‍ എ. കെ ബാബുവിന്റെ നേതൃത്വത്തിലാണു സത്യഗ്രഹം.
ബിജെപിക്ക് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയില്‍ അംഗത്വം സ്വീകരിച്ചവര്‍ക്ക് കോട്ടയത്ത് നല്‍കിയ സ്വീകരണത്തിനുശേഷം സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.
ലോകായുക്തയെ നിയമിക്കുന്നതു മുഖ്യമന്ത്രിയല്ലെന്നും വിമര്‍ശിക്കുന്നവരോട് സഹതാപമെന്നും ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്. ഈയിടെ ഒരാള്‍ തന്റെ കരിയര്‍ ഗ്രാഫ് വിശദീകരിച്ചതുകണ്ടു. 12 വര്‍ഷം കേരള ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്നെന്നാണ് ഒരു വിശദീകരണം. വിവിധ മുഖ്യമന്ത്രിമാര്‍ ഭരിച്ചപ്പോഴാണ് ആ സ്ഥാനത്തു പ്രവര്‍ത്തിച്ചത്. കൊച്ചിയില്‍ അഡ്വ: ജോസ് വിതയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു സിറിയക് ജോസഫ്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജന്റെ കുടുബത്തിന്റെ നിയന്ത്രണത്തിലുള്ള വൈദേകം റിസോര്‍ട്ട് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനു കൈമാറി. ജൂപിറ്റര്‍ കാപിറ്റലിനു കീഴിലുള്ള നിരാമയ റിട്രീറ്റ്‌സ് എന്ന സ്ഥാപനമാണ് വൈദേകം ഏറ്റെടുത്തത്.
കൊട്ടിയത്ത് പൊലീസുകാര്‍ വീട്ടില്‍ കയറി സൈനികനെ അടിച്ചുവീഴ്ത്തിയും ബലപ്രയോഗത്തിലൂടേയും അറസ്റ്റു ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ച് നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദര്‍. ഒരു പ്രാദേശിക വിഷയത്തിന്റെ പേരില്‍ ഒരു സൈനികനോട് ഇത്രയും ക്രൂരത വേണോ പിണറായി വിജയന്‍ സര്‍ എന്നു കുറിച്ചുകൊണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ടുമാണ് ഖുഷ്ബുവിന്റെ ട്വീറ്റ്.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഇടുക്കി എ ആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനായ കോതമംഗലം സ്വദേശി അനസ് നാസറിനെ (39) യാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പുനര്‍ വിവാഹത്തിന് ഓണ്‍ലൈനില്‍ പരസ്യം നല്‍കിയ തൃശൂര്‍ പാവറട്ടി സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചെന്നാണു പരാതി.
ഇടുക്കി മുനിയറയില്‍ കൊലക്കേസ് പ്രതിയായ വീട്ടമ്മയെ സുഹൃത്ത് കൊലപ്പെടുത്തി. എളംബ്ലാശേരി ആദിവാസി കോളനിയിലെ അളകമ്മ (66 ) ആണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന കരിമല മുരിക്കുംകണ്ടത്തില്‍ സുരയുടെ ഭൂമിയുടെ പട്ടയ രേഖകള്‍ അളകമ്മ ഒളിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഇരുവരും മുനിയറ സ്വദേശി നാരായണനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളാണ്.
ട്വിറ്ററില്‍ പാര്‍ട്ടി പേരും ചിഹ്നവുമുള്ള കവര്‍ ഫോട്ടോ എന്‍സിപി നേതാവ് അജിത് പവാര്‍ നീക്കം ചെയ്തു. പാര്‍ട്ടി വിട്ട് ബിജെപി മുന്നണിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അജിത് പവാര്‍ ട്വിറ്ററില്‍ ഈ മാറ്റങ്ങള്‍ വരുത്തിയത്. ഇതേസമയം, താന്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങളെല്ലാം നുണയെന്ന് അജിത് പവാര്‍. എന്‍സിപിയില്‍ തന്നെ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ആതീഖ് അഹമ്മദിന്റെ അഭിഭാഷകന്റെ വീടിനു സമീപം നാടന്‍ ബോംബ് സ്‌ഫോടനം. അഭിഭാഷകനായ ദയ ശങ്കര്‍ മിശ്രയുടെ പ്രയാഗ്‌രാജിലെ വീടിന് സമീപമാണ് സ്‌ഫോടനം. മൂന്നു ബോംബുകള്‍ എറിഞ്ഞു. ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തന്നെ ഭയപ്പെടുത്താനാണ് ശ്രമമെന്നും ദയ ശങ്കര്‍ മിശ്ര പറഞ്ഞു.
ഗുജറാത്തിലെ ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ചതിനു ഗുജറാത്ത് സര്‍ക്കാര്‍ കാരണം ബോധിപ്പിക്കണമെന്നു സുപ്രീം കോടതി. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ല. പ്രതികള്‍ കുറ്റം ചെയ്ത രീതി ഭയാനകമാണ്. പ്രതികള്‍ക്ക് 1500 ദിവസം പരോള്‍ കിട്ടിയതെങ്ങനെയെന്നും ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചു.
സോണി വേള്‍ഡ് ഫോട്ടോഗ്രാഫി ‘ക്രിയേറ്റീവ് ഓപ്പണ്‍’ വിഭാഗത്തില്‍ പുരസ്‌കാരം നേടിയ തന്റെ ചിത്രം ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടിയായതിനാല്‍ പുരസ്‌കാരം നിരസിക്കുകയാണെന്ന് ജര്‍മ്മന്‍ കലാകാരനായ ബോറിസ് എല്‍ഡാഗ്സെന്‍. സരോജിനി നായിഡു സ്‌കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ഫൈന്‍ ആര്‍ട്ട് പൂര്‍വ വിദ്യാര്‍ത്ഥിയാണ് ബോറിസ് എല്‍ഡാഗ്സെന്‍. ‘സ്യൂഡോംനേഷ്യ: ദി ഇലക്ട്രീഷ്യന്‍’ എന്ന ചിത്രമാണു പുരസ്‌കാരം നേടിയത്.