night news hd 15

 

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് സിറ്റിംഗ് മണ്ഡലമായ കോലാറില്‍ സീറ്റില്ല. 43 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ബിജെപിയില്‍നിന്ന് രാജിവച്ച മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡിയ്ക്ക് അതാനി സീറ്റ് നല്‍കി.

ബിഹാറിലെ മോതിഹാരിയില്‍ വിഷമദ്യം കഴിച്ച് 20 പേര്‍ മരിച്ചു. അമ്പതിലേറെപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരും. ടാങ്കില്‍ വിഷമദ്യം എത്തിച്ചു വിറ്റവരെന്നു സംശയിക്കുന്ന ഏഴു പേരെ അറസ്റ്റു ചെയ്തു. പാറ്റ്‌നയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് മോതിഹാരി.

പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം പുറത്തു പറയരുതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആവശ്യപ്പെട്ടെന്നും മുന്‍ ജമ്മു കാഷ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ദ് വയറിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ആരോപണം. 2500 ജവാന്‍മാരെ കൊണ്ടുപോകാന്‍ സിആര്‍പിഎഫ് അഞ്ചു വിമാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതു നിരസിച്ചു. വിമാനത്തില്‍ കൊണ്ടുപോയിരുന്നെങ്കില്‍ ആക്രമണം നടക്കില്ലായിരുന്നു. വീഴ്ച മറച്ചുവയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആവശ്യപ്പെട്ടതെന്നു മാലിക് പറഞ്ഞു.

ജപ്പാന്‍ പ്രധാനമന്ത്രി ഫുമോയ് കിഷിദയ്ക്കു നേരെ ബോംബാക്രമണം. പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞ ബോംബ് പൊട്ടിത്തെറിച്ചെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. വാകയാമയില്‍ തുറമുഖം സന്ദര്‍ശിക്കുമ്പോഴായിരുന്നു ആക്രമണം. അക്രമിയെ പിടികൂടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അരികൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ വന്യജീവി സംരക്ഷണ നിയമമനുസരിച്ചു നടപടിയെടുക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ആനയെ തളച്ചിടാതെ മറ്റൊരു വനത്തിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവു പ്രായോഗികമല്ലെന്നും സര്‍ക്കാര്‍. അരിക്കൊമ്പന്‍ കേസില്‍ സുപ്രീംകോടതിയില്‍ മൃഗസ്‌നേഹികളുടെ സംഘടന തടസഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

കേന്ദ്ര സേനകളിലേക്കുള്ള പ്രവേശന പരീക്ഷ മലയാളം അടക്കം പതിമൂന്ന് പ്രാദേശിക ഭാഷകളിലും നടത്തും. സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി ഉള്‍പ്പെട ഏഴ് പൊലീസ് വിഭാഗങ്ങളിലേക്കുള്ള കോണ്‍സ്റ്റബിള്‍ പരീക്ഷയാണ് മലയാളം ഉള്‍പ്പടെ പതിമൂന്ന് ഭാഷകളില്‍ നടത്തുക. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ മാത്രം പരീക്ഷ നടത്തുന്നതിനെതിരെ തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു.

ഡോക്ടറെ ഹണി ട്രാപ്പില്‍ കുടുക്കി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും സുഹൃത്തും കൊച്ചിയില്‍ അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ് അമീന്‍ എന്നിവരാണ് പിടിയിലായത്.

തൃശൂര്‍ കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ യുവാവിനെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് മര്‍ദ്ദനത്തിനിരയായത്. പുലര്‍ച്ചെ രണ്ടു മണിയോടെ മൊത്തവ്യാപാരിയുടെ വീട്ടില്‍നിന്ന് അടയ്ക്കാ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ ആക്രമിച്ചത്.

ട്രെയിന്‍ തീവയ്പു കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. ഡല്‍ഹിയില്‍ കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്തു. പ്രതി ഷാരൂഖുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അഞ്ചു പേരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് മൂന്ന് പേര്‍ക്കു കൂടി നോട്ടീസ് നല്‍കി.

ലോകമെങ്ങുമുള്ള മലയാളികള്‍ക്കു വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജീവിതത്തില്‍ വിജയവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കണികണ്ടും കൈനീട്ടം സമ്മാനിച്ചും മലയാളികള്‍ വിഷു ആഘോഷിച്ചു. ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ ക്ഷേത്രങ്ങളില്‍ വിഷുക്കണി കാണാന്‍ ഭക്തജനങ്ങളുടെ തിരക്കായിരുന്നു.

ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിനു വാക്‌സിന്‍ മാറി നല്‍കി. ഒരാഴ്ചയ്ക്കകം ചെയ്യേണ്ട ബിസിജി കുത്തിവയ്പ്പിനു പകരം ആറാഴ്ചയ്ക്കുശേഷം നല്‍കണ്ടേ കുത്തിവയ്പാണെന്നാണ് പരാതിയില്‍ പറയുന്നത്. വീഴ്ച തിരിച്ചറിഞ്ഞതോടെ കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു റഫര്‍ ചെയ്തു.

ക്രിസ്ത്യന്‍ മേഖലകളില്‍ സ്വാധീനമുണ്ടാക്കാനുള്ള ബിജെപി നീക്കത്തിനു തടയിടാന്‍ കോണ്‍ഗ്രസ്. ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സന്ദര്‍ശിക്കും. ഇന്നലെ വൈകീട്ട് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്‌ളാനിയെ സന്ദര്‍ശിച്ചു. അടുത്ത ആഴ്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയേലിനെയും കെ സുധാകരന്‍ കാണും.

ക്രൈസ്തവര്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്‌ളാനിയെ സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ക്കും ആരെയും കാണാം. വളച്ചൊടിച്ചത് സിപിഎം തന്ത്രമാണു. ബിജെപിയുടെ തന്ത്രങ്ങളില്‍ ക്രൈസ്തവര്‍ വീഴില്ലെന്നും സുധാകരന്‍.

ഓര്‍ത്തഡോക്‌സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍ ഹരിയുടെ വീട്ടിലെത്തി വിഷു സദ്യ കഴിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ ഹരി മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ആദ്ദേഹം നടത്തിയ മോദി, ആര്‍ എസ് എസ് അനുകൂല പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അനുവദിച്ചതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ നെഞ്ചില്‍ അടിച്ചുകയറ്റിയ മഞ്ഞക്കല്ലുകള്‍ തുലഞ്ഞുപോയെന്ന് സുരേഷ് ഗോപി. വന്ദേഭാരത് കേരളത്തിന്റെ ഐശ്വര്യമാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ആഴിമലയ്ക്കു സമീപം കരിക്കാത്തി ബീച്ചില്‍ തിരയോടു ചേര്‍ന്നു നടന്ന രണ്ടുപേര്‍ കടലില്‍ മുങ്ങി മരിച്ചു. തഞ്ചാവൂര്‍ സ്വദേശി രാജാത്തി (45), ബന്ധുവായി സായ് ഗോപിക (ഒമ്പത്) എന്നിവരാണു കടലില്‍ മുങ്ങിയത്.

തൃശൂര്‍ പൂരം വെടിക്കെട്ട് ആസ്വദിക്കാന്‍ സ്വരാജ് റൗണ്ടില്‍ കൂടുതല്‍ സുരക്ഷിത ഇടങ്ങള്‍ ഒരുക്കുമെന്ന് സര്‍ക്കാര്‍. 28 ന് നടക്കുന്ന സാമ്പിള്‍ വെടിക്കെട്ടിന് എം ജി റോഡ് മുതല്‍ കുറുപ്പം റോഡ് വരെയും ജോസ് തിയേറ്റര്‍ മുതല്‍ പാറമേക്കാവ് വരെയുമുള്ള ഭാഗത്ത് റോഡിലേക്കും പ്രവേശനം നല്‍കും. ഇത്തവണ സ്ത്രീ സൗഹൃദത്തിനൊപ്പം ഭിന്നശേഷി സൗഹൃദം കൂടി ആയിരിക്കും പൂരം. ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടം, ദേവസ്വം പ്രതിനിധികള്‍, പൊലീസ് അടക്കമുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

കോടനാട് കിണറ്റില്‍ വീണ് കാട്ടാന ചെരിഞ്ഞു. നെടുമ്പാറ താണിപ്പാറയില്‍ മുല്ലശ്ശേരി തങ്കന്‍ എന്നയാളുടെ പുരയിടത്തിലെ കിണറ്റിലാണു പിടിയാന വീണത്. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ഈ മേഖലയിലെ ആനശല്യം നേരിടാത്ത മലയാറ്റൂര്‍ ഡിഎഫ്ഓ വരാതെ ആനയെ കരയ്ക്കുകയറ്റാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ബെന്നി ബെഹനാന്‍ എംപി സംഭവ സ്ഥലത്തെത്തി.

പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന എ. ഗോപാലന്‍കുട്ടി മേനോന്‍ കോഴിക്കോട്ട് വെസ്റ്റ് ഹില്ലില്‍ അന്തരിച്ചു. 106 വയസായിരുന്നു.

ഇടുക്കി കുട്ടിക്കാനത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ടി പേര്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്കു പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉള്‍പ്പെടെ 24 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

മലപ്പുറം വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ ലോറിയില്‍ ബിസ്‌ക്കറ്റിനും മിട്ടായികള്‍ക്കും ഇടയില്‍ ഒളിപ്പിച്ചു കടത്തിയ 3000 കിലോ ഹാന്‍സ് എക്സൈസ് പിടികൂടി. പാലക്കാട് ജില്ലക്കാരായ അബ്ദുല്‍ ഷഫീഖ്, അബ്ദുല്‍ റഹിമാന്‍ എന്നിവരെ അറസ്റ്റു ചെയ്തു. ഇവരില്‍നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയും പിടിച്ചെടുത്തു.

മലപ്പുറം താനൂര്‍ സ്‌കൂള്‍പടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചു.

വടക്കാഞ്ചേരിയില്‍ വീണ്ടും പുലിയെ കണ്ടെന്നു നാട്ടുകാര്‍. മുണ്ടത്തിക്കോട് കോടശ്ശേരി മലയില്‍ മടത്തുംപടി കരുണാകരന്റെ വീടിനു സമീപത്ത് ഉച്ചക്കു രണ്ടോടെയാണ് പുലിയെ കണ്ടത്.

ടൂറിസ്റ്റ് ബസിലെത്തിയ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ അമരവിള ചെക്ക്‌പോസ്റ്റില്‍ എംഡിഎംഎയുമായി പിടികൂടി. കൊല്ലം സ്വദേശി സൂരത്താണ് എക്‌സൈസിന്റെ പിടിയിലായത്.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീഴ്ച സംഭവിച്ചെന്നു വെളിപ്പെടുത്തിയ മുന്‍ കാഷ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ വെളിപെടുത്തലിനു പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ്. സത്യപാല്‍ മാലിക്കിന്റെ അഭിമുഖ വീഡിയോ പങ്കുവച്ച കോണ്‍ഗ്രസ് ‘തുടര്‍ ഭരണത്തിനു വേണ്ടി പുല്‍വാമയില്‍ 40 സൈനികരെ ബലി കൊടുത്തെ’ന്നും ആരോപിച്ചു.

അഴിമതിയില്‍ മുങ്ങിയ നരേന്ദ്ര മോദി തന്നെ ജയിലില്‍ അടയ്ക്കാനുള്ള ഗൂഢാലോചനയിലാണെന്ന് അരവിന്ദ് കെജരിവാള്‍. സാക്ഷികളെയും പ്രതികളെയും മര്‍ദ്ദിച്ചും പീഡിപ്പിച്ചും തനിക്കെതിരെ മൊഴിയുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അറസ്റ്റിനുള്ള ബിജെപി നിര്‍ദേശമാണ് സിബിഐ നടപ്പാക്കുന്നത്. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കേജരിവാള്‍ പറഞ്ഞു. നാളെ രാവിലെ 11 നാണ് കെജരിവാള്‍ സിബിഐക്കു മുമ്പാകെ ഹാജരാകേണ്ടത്.

മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 12 പേര്‍ മരിച്ചു. റായ്ഗഡ് ജില്ലയിലെ ഖോപോളി മേഖലയിലാണ് അപകടമുണ്ടായത്. 25 പേര്‍ക്കു പരിക്കുണ്ട്. നാല്‍പതു യാത്രക്കാരുമായി പൂനെയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുമെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതു പാര്‍ട്ടികളുമായി സഖ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ക്രൈസ്തവര്‍ക്കെതിരെ അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അടങ്ങുന്ന സംഘം രാഷ്ട്രപതിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. അനില്‍ കൂട്ടോ, ബിഷപ്പുമാരായ സുബോധ് മൊണ്ടാല്‍, പോള്‍ സ്വരൂപ് എന്നിവരടങ്ങുന്ന സംഘമാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചത്.

യുക്രൈയ്‌നിന്റെ കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ ഷെല്ലാക്രമണം. സ്ലോവിയാന്‍സ്‌കിലെ ജനവാസ മേഖലയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുട്ടിയടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക് പരിക്കേറ്റു. അപ്പാര്‍ട്‌മെന്റുകള്‍ക്കു നേരെയായിരുന്നു റഷ്യയുടെ ഷെല്ലാക്രമണം.

കേരള ബ്ലാസ്റ്റേഴ്സ് ഹീറോ സൂപ്പര്‍ കപ്പില്‍ നാളെ ബെംഗളൂരു എഫ്സിയെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് എട്ടരയ്ക്കാണ് മത്സരം.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *