ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാനുള്ള കാമറകള്‍ ഈ മാസം 20 നു പ്രവര്‍ത്തനം ആരംഭിക്കും. ഇതിനുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ അടക്കം രംഗത്തിറക്കിയുള്ള സേഫ് കേരള പദ്ധതിക്കു സര്‍ക്കാര്‍ അംഗീകാരം നല്കി. മോട്ടോര്‍ വാഹന വകുപ്പിന്റെ 726 ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ ഈ മാസം 20 മുതല്‍ പ്രവര്‍ത്തിക്കും.
മന്ത്രി ആര് ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എതിര് സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന് നല്കിയ ഹര്‍ജി തള്ളി. ഹര്‍ജിയില്‍ മതിയായ വസ്തുതകള്‍ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് ചൂണ്ടിക്കാട്ടി. പ്രൊഫസര്‍ അല്ലാത്ത ബിന്ദു പ്രൊഫസര്‍ എന്ന പദവി പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ചു വോട്ട് നേടിയെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
അരിക്കൊമ്പന് കാട്ടാനയെ കൂട്ടിലടയ്ക്കാനാവില്ലെന്നു ഹൈക്കോടതി. എവിടേയ്ക്കു മാറ്റണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം. സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റണം. പുല്‍മേടുകള്‍ കളഞ്ഞു യൂക്കാലിമരങ്ങള്‍ വച്ചുപിടിപ്പിച്ചതിനാലാണ് ആനകള്‍ തീറ്റ കിട്ടാതെ നാട്ടിലേക്കിറങ്ങുന്നതെന്നു കോടതി കുറ്റപ്പെടുത്തി. നെന്മാറ എംഎല്‍എ കെ ബാബുവിന്റെ ഹര്‍ജി പരിഗണിക്കവേയാണു കോടതി ഈ നിലപാടെടുത്തത്.
ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിച്ചതുപോലെ റംസാന് പെരുന്നാള്‍ ദിനത്തില്‍ മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം. വീടുകള്‍ പോയി ഈദ് ആശംസകള്‍ അറിയിക്കണം. വിഷുവിന് വീടുകളിലേക്കു ക്ഷണിച്ചു കൈനീട്ടം നല്‍കണമെന്നും ബിജെപി കേരള ഘടകത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ നിര്‍ദേശിച്ചു.
കേരളത്തില്‍ റിക്കാര്‍ഡ് താപനില. ഉച്ചയ്ക്കു 12 ന് പാലക്കാട് എരിമയൂരില്‍ 44.3 ഡിഗ്രി സെല്‍ഷ്യസ് ചൂടു രേഖപ്പെടുത്തി. ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷന് റിപ്പോര്‍ട്ടനുസരിച്ച് ഇടുക്കി തൊടുപുഴയില്‍ 41.7 ഡിഗ്രി സെല്‍ഷ്യസും കണ്ണൂര്‍ ചെമ്പേരിയില്‍ 41.3 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തി.
നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. സ്വര്‍ണ വ്യാപാരികളുടേയും ദുബായില്‍നിന്ന് സ്വര്‍ണം വാങ്ങാന്‍ പണം നല്കിയവരുടേയും വിവരങ്ങളാണു പരിശോധിക്കുന്നത്. വിദേശത്ത് നിന്നും സ്വര്‍ണം കടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ കെ ടി റമീസിനെ ഇഡി നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
പാലാരിവട്ടം പാലം അഴിമതിയില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിനെതിരേ എന്‍ഫോഴ്സ്മെന്റിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു.
കൂത്തുപറമ്പ് എംഎല്‍എ കെ.പി മോഹനന് ആര്‍ജെഡിയുടെ എംഎല്‍എ ആണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വെബ്സൈറ്റ്. ഈ സാഹചര്യത്തില്‍ അദ്ദേഹം ആര്‍ജെഡിയില്‍ യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി അനു ചാക്കോ രംഗത്ത്. നിയമനടപടിയെടുക്കുമെന്ന് അനു ചാക്കോ പറഞ്ഞു.
ട്രെയിന്‍ തീവയ്പു കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തെളിവെടുപ്പു നടത്തി. പ്രതി തീയിട്ട കോച്ചിലെത്തിച്ചാണ് പൊലീസിന്റെ തെളിവെടുപ്പ് നടത്തിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തെന്ന കേസ് ലോകായുക്ത ഫുള്‍ ബഞ്ച് ജൂണ്‍ അഞ്ചിലേക്കു മാറ്റി. കേസ് മാറ്റിവയ്ക്കണമെന്ന പരാതിക്കാരന്റെ ആവശ്യം പരിഗണിച്ചാണ് കേസ് ഒന്നര മാസത്തേക്കു മാറ്റിവച്ചത്.
ബ്രഹ്മപുരത്തേക്ക് ഇനി കൊച്ചി കോര്‍പറേഷനിലെ മാലിന്യങ്ങള്‍ മാത്രമേ കൊണ്ടുവരാവൂവന്നു മന്ത്രിതല യോഗത്തില്‍ തീരുമാനം. മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള ജൈവ മാലിന്യങ്ങള്‍ ഏപ്രില്‍ 30 വരെ മാത്രമേ അനുവദിക്കൂ. മാലിന്യ സംസ്കരണത്തിനു തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തമായി ബദല്‍ സംവിധാനം കണ്ടെത്തണം. തദ്ദേശ – വ്യവസായ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന നഗരസഭകളുടെ അവലോകന യോഗത്തിലാണ് തീരുമാനം.
ലോകായുക്ത ഉണ്ട വിരുന്നിനു നന്ദി കാട്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ലോകായുക്ത നടത്തിയ അട്ടിമറികള്‍ തുടക്കം മുതലേ പ്രകടമാണ്. കടിക്കുകയും കുരയ്ക്കുകയുമില്ലാത്ത ഒരു സംവിധാനമായി ലോകായുക്തയെ മാറ്റിയതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും സുധാകരന് പറഞ്ഞു.
താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച്ചതെന്നു കരുതുന്ന കാര്‍ കാസര്‍ഗോഡ് കണ്ടെത്തി. ചെര്‍ക്കളയിലെ കാര്‍ ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഹാജറ കൊല്ലരുക്കണ്ടി (50) കിണറ്റില്‍ വീണുമരിച്ചു.
കടന്നല് കുത്തേറ്റ് യുവാവ് മരിച്ചു. കാസര്‍ഗോഡ് ചിറ്റാരിക്കല്‍ കമ്പല്ലൂര്‍ സ്വദേശിയായ ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിലെ പെയിന്റിംഗ് ജോലിക്കിടെയാണ് കടന്നല് കുത്തേറ്റത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തി. ചര്‍ച്ച ഒന്നരമണിക്കൂറോളം നീണ്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നു ഖര്‍ഗെ പറഞ്ഞു. 2024 ല്‍ തെരഞ്ഞെടുപ്പിനെ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന പൊതു അഭിപ്രായമാണ് ചര്‍ച്ചയില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മോദി പരാമര്‍ശത്തിന്റെ പേരിലുള്ള മാനനഷ്ടക്കേസില്‍ പാറ്റന കോടതിയില്‍ ഹാജരാകാന്‍ സാവകാശം തേടി രാഹുല്‍ ഗാന്ധി അപേക്ഷ നല്കി. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയുടെ പരാതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്കാന് കോടതി ആവശ്യപ്പെട്ടിരിരുന്നു. ഹാജരാക്കാതിരുന്നതിന് രാഹുലിനെതിരേ അറസ്റ്റു വാറണ്ട് പുറപ്പെടുവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുശീല്‍ മോദി കോടതിയില്‍ അപേക്ഷ നല്കി.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിറകേ ബിജെപിയില്‍ പൊട്ടിത്തെറി. ലക്ഷ്മണ് സാവഡിയും ബിജെപി എംഎല്‍സി ആര് ശങ്കറും പാര്‍ട്ടി വിട്ടു. 2018 ല്‍ റാണെബെന്നൂരില്നിന്ന് സ്വതന്ത്രനായി വിജയിച്ചയാളായിരുന്നു ആര് ശങ്കര്‍. കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിനെ പിന്തുണച്ചു മന്ത്രിയായിരുന്ന ശങ്കര്‍ 2019-ല്‍ കൂറ് മാറി ബിജെപിയിലെത്തിയതാണ്.
ലോകത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ രാജ്യം വെനസ്വേല. രണ്ടാം സ്ഥാനത്ത് പാപുവ ന്യൂ ഗിനിയ, മൂന്നാം സ്ഥാനത്ത് താലിബാന് ഭരണമുള്ള അഫ്ഗാനിസ്ഥാന്യ വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടിലാണ് ഈ വിവരം. പട്ടികയില്‍ ഇന്ത്യ 77 -ാം സ്ഥാനത്താണ്. യുഎസ്എ 55-ാം സ്ഥാനത്തും യുകെ 65-ാം സ്ഥാനത്തുമാണ്.
മ്യാന്മറില് പട്ടാള ഭരണത്തിനെതിരേ പോരാടുന്ന വിമതര്‍ക്കെതിരേ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നൂറോളം പേര് കൊല്ലപ്പെട്ടു. മരിച്ചവരില്‍ 16 കുട്ടികളുമുണ്ട്. സജെയ്ങ് മേഖലയില്‍ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്സിന്റെ ഓഫീസ് തുറക്കുന്ന ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്.