സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ച വി.എസ്. അച്യുതാനന്ദനെതിരേ നല്‍കിയ മാനനഷ്ട കേസില്‍ പരാതിക്കാരനായ ഉമ്മന്‍ചാണ്ടി വി.എസ് അച്യുതാനന്ദനു കോടതി ചെലവ് നല്‍കണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി. അച്യുതാനന്ദന്‍ പത്തു ലക്ഷം രൂപ ഉമ്മന്‍ ചാണ്ടിക്കു നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതി വിധി റദ്ദാക്കിയാണ് ജില്ലാ കോടതിയുടെ വിധി. സബ് കോടതി വിധിക്കെതിരെ വിഎസ് ജില്ലാ കോടതിയില്‍ നല്‍കിയ അപ്പീലാണ് ഇങ്ങനെ തീര്‍പ്പാക്കിയത്.
ഫോര്‍ട്ട് കൊച്ചിയിലെ പുതുവല്‍സരാഘോഷത്തിനിടെ തിരക്കിലകപ്പെട്ട് അവശതയിലായ ഇരുന്നൂറോളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അഞ്ചു ലക്ഷത്തോളം പേര്‍ പുതുവല്‍സരാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയെന്നാണു റിപ്പോര്‍ട്ട്. കൊച്ചിന്‍ കാര്‍ണിവലില്‍ പാപ്പാഞ്ഞിയെ കത്തിച്ചശേഷം ജനം പിരിഞ്ഞുപോകവേയാണ് പോലീസുകാര്‍ ഉള്‍പെടെയുള്ളവര്‍ തിക്കിലും തിരക്കിലുംപെട്ടു വലഞ്ഞത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പിനു നാളെ കോഴിക്കോട് വരവേല്‍പ്. മുന്‍വര്‍ഷത്തെ ജേതാക്കളായ പാലക്കാടുനിന്ന് ഘോഷയാത്രയായാണ് സ്വര്‍ണക്കപ്പ് എത്തിക്കുക. ജില്ലാതിര്‍ത്തിയായ രാമനാട്ടുകരയില്‍ കപ്പ് ഏറ്റുവാങ്ങും.
ഒരു സമുദായത്തിന് ഒറ്റയ്ക്ക് ആര്‍എസ്എസിനെ ചെറുക്കാനാകുമെന്ന് കരുതരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെ ചെറുക്കാന്‍ മതേതര കക്ഷികള്‍ ഒന്നിക്കുകയാണ് വേണ്ടത്. മുജാഹിദ്ദീന്‍ വേദിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ചത് ശരിയായില്ലെന്നും തീവ്ര ചിന്താഗതി സമുദായത്തിന് തന്നെ അപകടമാകുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ളാഹയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്കു പരിക്ക്. പമ്പയില്‍നിന്ന് തിരുവനന്തപുരത്തേക്കു പോയ ബസാണ് മറിഞ്ഞത്. പരിക്കേറ്റവര്‍ക്കു പെരുനാട് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.
എംഎസ്എഫ് ഫണ്ട് സമാഹരണത്തില്‍ വീഴ്ച വരുത്തിയതിനു സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇഖ്ബാല്‍, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെ ചുമതലകളില്‍നിന്ന് നീക്കി. 10 ദിവസത്തിനകം ഫണ്ട് സമാഹരണം നടത്തണമെന്ന് സംസ്ഥാന കമ്മിറ്റി അന്ത്യശാസനവും നല്‍കിയിട്ടുണ്ട്.
പത്തനംതിട്ട മല്ലപ്പള്ളിയില്‍ മോമോദിസ ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച 74 പേര്‍ക്കു ഭക്ഷ്യവിഷബാധ ഏറ്റു. കീഴ് വായ്പൂര്‍ സ്വദേശി റോജിന്റെ മകളുടെ മാമോദിസ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് വയറിളക്കവും ഛര്‍ദിയും ഉണ്ടായത്.
കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിനു സമീപമുണ്ടായ ബസ് അപകടത്തില്‍ വീട്ടമ്മ മരിച്ചു. നെല്ലാടി വിയ്യൂര്‍ വളപ്പില്‍ ശ്യാമള(65) ആണ് മരിച്ചത്.
വയനാട് മീനങ്ങാടി ടൗണില്‍ പൊലീസുകാര്‍ യുവാവിനെ വളഞ്ഞിട്ട് മര്‍ദിച്ചെന്ന് പരാതി. മീനങ്ങാടി മലക്കാട് സ്വദേശി സിബി തോമസാണ് മുഖ്യമന്ത്രി പിണറായി വിജയനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. പന്നിഫാം നടത്തുന്നതിന്റെ വൈരാഗ്യത്തിനാണു മര്‍ദിച്ചതെന്നാണു സിബി തോമസ് പറയുന്നത്.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ തീപ്പൊരി പ്രഭാഷകയും നേതാവുമായ ഉമാ ഭാരതി. രാമന്റേയും ഹനുമാന്റേയും പേറ്റന്റ് ബിജെപിക്കല്ലെന്നും ബ്രിട്ടീഷുകാരുടെ കാലത്തും ജനങ്ങളുടെ മനസില്‍ രാമനും ഹനുമാനും ഉണ്ടായിരുന്നു. ഉമാഭാരതി പറഞ്ഞു.
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതു തടയാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തരായ എംഎല്‍എമാര്‍ സ്പീക്കര്‍ക്കു മൂന്നു മാസം മുമ്പു നല്‍കിയ രാജിക്കത്തുകള്‍ പിന്‍വലിച്ചു. രാജി സ്പീക്കര്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് രാജിക്കത്തെല്ലാം പിന്‍വലിച്ചത്.
ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനമായി ഉയര്‍ന്നു. 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നവംബറില്‍ എട്ടു ശതമാനമായിരുന്നു. നഗരങ്ങളിലെ തൊഴിലില്ലായ്മ 10.09 ശതമാനമാണ്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.
അമ്പതു ദിവസംകൊണ്ട് 27 നദികളിലൂടെ 3,200 കിലോമീറ്റര്‍ ആഡംബര നദീ സവാരി പദ്ധതിയുമായി ഇന്ത്യ. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബരര നദീജല സവാരി 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യും. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍നിന്ന് ആസാമിലെ ദിബ്രുഗഡ് വരയെള്ള യാത്രയില്‍ ബംഗ്ലാദേശിലെ റിവര്‍ ക്രൂസിലൂടേയും സഞ്ചരിക്കും. യാത്രാമധ്യേ, ചരിത്ര സ്മാരകങ്ങളിലും വിനോദ കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തും.
മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഫാക്ടറിയില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങി.
പുതുവല്‍സരാഘോഷത്തിനിടെ കൂട്ടത്തല്ല്. സ്ത്രീകളോടൊത്തു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച സംഘത്തെ സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ തടഞ്ഞതോടെയാണ് ഉന്തും തള്ളും കൂട്ടത്തല്ലുമായത്. ഉത്തര്‍പ്രദേശിലെ ഗ്രേയിറ്റര്‍ നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ പുതുവര്‍ഷാഘോഷത്തിനിടെയാണ് പുതുവല്‍സരത്തല്ല് നടന്നത്. കൂട്ടത്തല്ലിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.
ബുദ്ധമതത്തെ ഇല്ലാതാക്കാന്‍ ചൈന കഴിയാവുന്നതെല്ലാം ചെയ്‌തെങ്കിലും ബുദ്ധനിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചതേയുള്ളൂവെന്ന് ബുദ്ധമത ആത്മീയ നേതാവ് ദലൈലാമ. മാര്‍ച്ച് മാസത്തില്‍ പത്മസംഭവ പ്രതിമ ചൈനീസ് സര്‍ക്കാര്‍ തകര്‍ത്തതിനെ പരാമര്‍ശിച്ചാണ് ഈ വിമര്‍ശനം.