Screenshot 2024 02 27 20 21 14 990 com.android.chrome edit

 

 

സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾ തിങ്കൾ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ (13-01-2024) അടച്ചിടും. പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍റേതാണ് തീരുമാനം. പെട്രോളിയം ഡീലേഴ്സ് നേതാക്കളെ മർദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം.

 

നിര്‍ണായക പ്രഖ്യാപനത്തിനൊരുങ്ങി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തും. പ്രധാനപ്പെട്ട വിഷയം അറിയിക്കാനുണ്ടെന്നാണ് പി വി അന്‍വര്‍ അറിയിച്ചിരിക്കുന്നത്. എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിയും അൻവർ ആലോചിക്കുന്നതായി സൂചന. തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വാതന്ത്ര എംഎല്‍എ സ്ഥാനം തടസമാണെന്നാണ് വിവരം.

 

2011- 16 വരെ ഒരു ദുരന്തവും കേരളത്തിൽ ഉണ്ടായില്ല.എന്നാൽ യുഡി എഫ് ഭരണം എന്ന ദുരന്തമുണ്ടായെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇപ്പോൾ എല്ലാം ഭംഗിയായി നടക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പത്തനംതിട്ടയിലെ പീഡനക്കേസ് അന്വേഷണത്തിന് വനിത ഐ പി സ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള എസ് ഐ ടി രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തോളം പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, കുട്ടികളുടെ സുരക്ഷയില്‍ സര്‍ക്കാര്‍തലത്തില്‍ ജാഗരൂകമായ ഇടപെടല്‍ അനിവാര്യമെന്നും പറഞ്ഞു.

 

പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡിഐജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉൾപ്പെടെ 25 അംഗ ഉദ്യോഗസ്ഥ സംഘമാണ് കേസ് അന്വേഷിക്കുക. ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെ കർശന നടപടി ആവശ്യപ്പെട്ടതോടെയാണ് അന്വേഷണമേൽനോട്ടം ഡിഐജിക്ക് കൈമാറിയത്.

 

പത്തനംതിട്ടയിൽ അറുപതിലേറെപ്പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ നാലു പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മുപ്പതായി.ഞായറാഴ്ച രാവിലെയും ശനിയാഴ്ച രാത്രിയിലുമായി പതിമൂന്ന് പേരെ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തു. അതില്‍ പത്തുപേരുടെ അറസ്റ്റ് രണ്ടു ഘട്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള മറ്റു മൂന്നു പേരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

 

ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ അധിക്ഷേപം നടത്തിയ പി കെ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. സൈബർ ആക്രമണത്തിൽ നടപടി ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സൈബർ ക്രൈം പൊലീസ് നടപടി സ്വീകരിച്ചത്.

 

വാട്ടര്‍ മെട്രോ വിജയകരമായതോടെ കേന്ദ്ര ഗവണ്‍മെന്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ മെട്രോ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസുകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ഇതേ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാനുള്ള നടപടികൾക്കു തുടക്കമിടുന്നത്.

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 2023-24 അധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നടത്തിയ യൂത്ത് / മോഡൽ പാർലമെന്റ് മത്സരങ്ങളുടെ വിജയികൾ പങ്കെടുക്കുന്ന മോഡൽ പാർലമെന്റും സംസ്ഥാനതല ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പും 2025 ജനുവരി 13, 14, 15 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കും.

 

പിഎ അസീസ് എൻജിനീയറിങ് കോളജ് ഉടമ ഇ എം താഹയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് വിദ്യാർത്ഥികളും അധ്യാപകരും. ക്യാമ്പസിലെ പൊതുദർശനത്തിൽ മുൻ അധ്യാപകരും പൂർവ വിദ്യാർത്ഥികളും അടക്കം അന്തിമോപചാരം അർപ്പിക്കാനെത്തി. വൈകിട്ട് സ്വദേശമായ കൊല്ലം പള്ളിമുക്കിലെ കൊല്ലൂർവിള മുസ്‍ലിം ജമാഅത്ത് പള്ളിയിലാണ് കബറടക്കം.

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും. കായംകുളം എംഎൽഎ യു പ്രതിഭയെയും മാവേലിക്കര എംഎൽഎ എംഎസ് അരുണ്‍കുമാറിനെയും ഉൾപ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. അതേസമയം, ജില്ലാ കമ്മിറ്റിയിൽ നിന്ന് അഞ്ചുപേരെ ഒഴിവാക്കി. 46 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.

സിപിഎം ജില്ലാ കമ്മറ്റിയില്‍ എടുത്തതോടെ പാർട്ടി ഏല്‍പിച്ചത് വലിയ ഉത്തരവാദിത്തമെന്ന് യു പ്രതിഭ എംഎൽഎ പറഞ്ഞു.മൗനം വിദ്വാനുഭൂഷണം.പാർട്ടിക്ക് തന്നെ പ്പറ്റി വിവാദങ്ങൾ ഇല്ല.എന്നും ഏത് പ്രതിസന്ധിയിലും ആലപ്പുഴയിലെ പാർട്ടി ചേർത്ത് പിടിച്ചിട്ടുണ്ട്. വ്യക്തിപരമായാലും സംഘടന പരമായാലും പാർട്ടി ചേർത്ത് പിടിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

 

സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് രാഹുൽ ഈശ്വർ. കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി നാളെ പരിഗണിക്കും.

 

രാഹുൽ ഈശ്വറിനെതിരായ ഹണി റോസിന്‍റെ പരാതിയിൽ ഇതുവരെയും പൊലീസ് കേസെടുത്തില്ല. പരാതിയിൽ നേരിട്ട് കേസെടുക്കണോ എന്ന് നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. നിയമോപദേശം ലഭിച്ച ശേഷം മാത്രമാകും തുടർ നടപടിയെന്നാണ് പൊലീസ് പറയുന്നത്.

 

കുർബാന തർക്കത്തിന്റെ പേരിൽ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ അതിക്രമിച്ച്‌ കയറി സംഘർഷമുണ്ടാക്കിയതിൽ വൈദികർക്കെതിരെ 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് വൈദികർക്കെതിരെ പുതിയ കേസുകൾ.

സുൽത്താൻ ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാവും അര്‍ബന്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായ പ്രൊഫസര്‍ കെ.പി. തോമസ് എഴുതിയ പുസ്തകം വീണ്ടും ചര്‍ച്ചയാകുന്നു. ബാങ്ക് ചെയര്‍മാനായിരുന്ന തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിന് പിന്നില്‍ ഐ.സി. ബാലകൃഷ്ണനാണെന്ന് വെളിപ്പെടുത്തുന്ന തോമസ്, ബാങ്കിലെ 50ലേറെ നിയമനങ്ങളില്‍ കണ്ണുവച്ചായിരുന്നു ഈ നീക്കമെന്നും ആരോപിക്കുന്നു.

 

ആര്‍ജെഡി എൽഡിഎഫ് വിടുമെന്ന പ്രചാരണത്തിലും ചര്‍ച്ചകളിലും നിലപാട് വ്യക്തമാക്കി കെപി മോഹനൻ എംഎൽഎ. ആര്‍ജെഡി മുന്നണിയിൽ ഹാപ്പിയല്ലെന്നും എന്നാൽ എൽഡിഎഫ് വിടില്ലെന്നും കെപി മോഹനൻ പറഞ്ഞു.

 

കാസർകോട് കുഡ്‌ലു രാംദാസ് നഗർ സ്വദേശികളായ സനത്കുമാർ നായക്, സമ്പത്ത്കുമാർ ഷെട്ടി എന്നിവർ 223 ദിവസം കാൽനട യാത്രചെയ്ത് അയ്യപ്പസന്നിധിയിലെത്തി. ബദ്‌രിനാഥിൽനിന്നായിരുന്നു യാത്ര തുടങ്ങിയത്. യാത്രക്കിടെ വിവിധ തീർഥാടനകേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും സന്ദർശിച്ചു. സന്നിധാനത്ത് എത്തിയ ഇവരെ ചുക്കുവെള്ളം നൽകി സ്‌പെഷ്യൽ ഓഫീസർ പ്രവീൺ, അസി. സ്‌പെഷ്യൽ ഓഫീസർ ഗോപകുമാർ എന്നിവർ സ്വീകരിച്ചു.

 

മകരവിളക്ക് ദ൪ശിക്കാ൯ പാണ്ടിത്താവളത്തിലും സമീപ വ്യൂ പോയിന്റുകളിലും തമ്പടിക്കുന്ന അയ്യപ്പഭക്ത൪ക്കായി ദേവസ്വം ബോ൪ഡിന്റെ നേതൃത്വത്തിൽ അന്നദാന വിതരണം നടത്തും. പ്രധാന അന്നദാന മണ്ഡപത്തിൽ നിന്നുള്ള ഭക്ഷണം ഇവിടെയെത്തിച്ചാണ് വിതരണം ചെയ്യുക.

മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് സർക്കാരിന്‍റെ ആരോഗ്യസൗകര്യങ്ങൾ വഴി ഇതുവരെ വൈദ്യസഹായം നൽകിയത് 2.89 ലക്ഷത്തിലേറെ പേർക്ക്. ജനുവരി 10 വരെയുള്ള കണക്കനുസരിച്ച് 2,16,969 രോഗികൾ ആശുപത്രികളിലും 72,654 രോഗികൾ അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലുമായി ചികിത്സ തേടിയിട്ടുണ്ട്. 649 എമർജൻസി കേസുകൾക്ക് അടിയന്തര വൈദ്യസഹായകേന്ദ്രങ്ങളിൽ സേവനം നൽകി.

 

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അച്ഛനെ മക്കള്‍ ‘സമാധി’ ഇരുത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി കളക്ടറുടെ ഉത്തരവ് തേടുമെന്നും അനുമതി ലഭിച്ചാലുടന്‍ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഗുരുതരാവസ്ഥയിലുള്ള മൂന്ന് പെണ്‍കുട്ടികളുടെ നില മെച്ചപ്പെട്ടതായി റവന്യൂ മന്ത്രി കെ. രാജന്‍. ഒരു കുട്ടി പൂര്‍ണമായി അപകടനില തരണം ചെയ്തിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള മൂന്ന് കുട്ടികളേയും ആശുപത്രിയിലെത്തിച്ചപ്പോള്‍ പള്‍സ് ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ കുട്ടികളുടെ പള്‍സ് വീണ്ടെടുക്കാന്‍ കഴിഞ്ഞത് ശുഭപ്രതീക്ഷയാണെന്നും മന്ത്രി പറഞ്ഞു..

കുഴിച്ച് മൂടിയ ആയുധങ്ങളേക്കുറിച്ച് രഹസ്യവിവരം. കർണാടകയിലെ ചിക്കമംഗളൂരുവിൽ നിന്ന് പൊലീസ് കണ്ടെത്തിയത് എ കെ 56 റൈഫിൾ, 303 റൈഫിൾ, ബോർ ബാരൽ തോക്കുകൾ, നാടൻ തോക്കുകൾ, തിരകൾ. ജയപുര പൊലീസ് വെള്ളിയാഴ്ചയാണ് ചിക്കമംഗളൂരുവിലെ കാട്ടിൽ കുഴിച്ചിട്ട ആയുധങ്ങൾ കണ്ടെത്തിയത്. മറ്റ് ഭാഗങ്ങളിൽ ആയുധങ്ങൾ ഇത്തരത്തിൽ സൂക്ഷിച്ചിട്ടുണ്ടോയെന്ന അന്വേഷണം പുരോഗമിക്കുകയാണ്.

 

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയാൽ വിദ്യാസമ്പന്നരായ ഓരോ യുവാക്കൾക്കും ‘ യുവ ഉദാൻ യോജന ‘ പ്രകാരം ഒരു വർഷത്തേക്ക് 8,500 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. തൊഴിൽരഹിതരായ യുവാക്കൾക്കുള്ള സാമ്പത്തിക സഹായം മാത്രമല്ല, അവർ പരിശീലിച്ച മേഖലയിൽ തൊഴിൽ ലഭ്യമാക്കുമെന്നും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പത്രസമ്മേളനത്തിൽ പറഞ്ഞു.

 

പെൻ ദിനാചരണത്തിന്റെ ഭാഗമായി സഹപാഠികളുടെ ഷർട്ടിൽ ആശംസകൾ എഴുതിയുള്ള വിദ്യാർത്ഥികളുടെ ആഘോഷം ഇഷ്ടമായില്ല. പത്താം ക്ലാസിലെ 100ഓളം വിദ്യാർത്ഥികളോട് ഓവർകോട്ട് മാത്രം ധരിച്ച് വീടുകളിലേക്ക് മടങ്ങാൻ നിർദേശിച്ച് പ്രിൻസിപ്പാൾ. ജാർഖണ്ഡിലെ ധൻബാദിലുള്ള കാർമൽ സ്കൂളിലാണ് സംഭവം.സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ .

രാജ്യതലസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചൂടിന് ആക്കം കൂട്ടി സർവെ ഫലം പുറത്ത്. തലസ്ഥാനത്തെ തെരഞ്ഞെടുപ്പ് പോരിൽ ഹാട്രിക്ക് വിജയം നേടിയ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയെന്നാണ് ഫലോദി സത്ത ബസാറിന്‍റെ സർവെയിലെ പ്രവചനം. ലോക്സഭ തെരഞ്ഞെടുപ്പിൽ ദില്ലിയിൽ നേട്ടമുണ്ടാക്കിയ ബി ജെ പിക്ക് വലിയ പ്രതീക്ഷ നൽകുന്നതുമാണ് പ്രവചനം. കഴിഞ്ഞ തവണ പൂജ്യം സീറ്റിലേക്കൊതുങ്ങിയ കോൺഗ്രസിനാകട്ടെ ഇക്കുറി മെച്ചമുണ്ടാകുമെന്നും സർവെ പറയുന്നു.

ദേശീയ തലസ്ഥാനത്ത് ഞായറാഴ്ച രാവിലെയുണ്ടായ കനത്ത മൂടൽമഞ്ഞിനെത്തുടര്‍ന്ന് ഗതാഗത തടസം. ട്രെയിനുകളും വിമാന സര്‍വ്വീസുകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. ഇന്ത്യൻ റെയിൽവേയുടെ കണക്കനുസരിച്ച് ദില്ലിയിലെയും ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ട മൂടൽമഞ്ഞ് കാരണം ഡൽഹിയിലേക്കുള്ള 25 ട്രെയിനുകൾ വൈകിയോടുന്നു.

 

മഹാ കുംഭമേളയ്ക്കായി ഒരുങ്ങി ഉത്തർപ്രദേശിലെ പ്രയാ​ഗ്‍രാജ്. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകൾക്ക് നാളെ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ദില്ലിയിലെത്തി ക്ഷണിച്ചു. ആകെ 40 കോടി തീർത്ഥാടകർ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ.

 

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കെ ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍.ഡല്‍ഹിയിലെ ചേരി പൊളിച്ചുമാറ്റലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുകയും കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്താല്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാതിരിക്കാമെന്ന് കെജ്‌രിവാള്‍ അമിത് ഷയോടായി പറഞ്ഞു.

 

2025-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) മത്സരത്തിന് മാര്‍ച്ച് 21-ന് തുടക്കമാകുമെന്ന് ബി.സി.സി.ഐ. വൈസ് പ്രസഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഇന്ന് ബി.സി.സി.ഐ. ആസ്ഥാനത്ത് നടന്ന യോഗത്തിന് പിന്നാലെയാണ് ശുക്ല ഐ.പി.എല്‍. മത്സരങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

 

തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ നിന്ന്എഐഎഡിഎംകെയ്ക്ക്പിന്നാലെ ബിജെപിയും പിന്മാറി . മണ്ഡലത്തിൽ എൻഡിഎസ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ പറഞ്ഞു .ബിജെപിയും പിന്മാറിയതോടെ ഡിഎംകെ സ്ഥാനാർത്ഥിക്ക്അനായാസ ജയം ഉറപ്പായി.

 

സംക്രാന്തി ദിനത്തിൽ കോഴിപ്പോരിന് കുപ്രസിദ്ധമായ ഇടങ്ങളിൽ എഐ. ഡ്രോൺ പ്രയോഗിക്കാൻ ആന്ധ്ര പ്രദേശ് പൊലീസ്. പൊങ്കലും മകര സംക്രാന്തിയോടും അനുബന്ധിച്ച് കോഴിപ്പോര് നടത്തുന്നതിന് വിലക്കുണ്ടെങ്കിലും കൃഷ്ണ, എൻടിആർ, എലൂരു, ഗോദാവരി ജില്ലകളിൽ രഹസ്യമായി കോഴിപ്പോരുകൾ നടത്താറുണ്ട്. സംക്രാന്തി ആഘോഷങ്ങളുടെ പേരിലാണ് ഇവ സംഘടിപ്പിക്കുന്നത്.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *