പുതുവത്സര ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി. ജാതിമതവർഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവർഷ രാവിന്റെ പ്രത്യേകതയെന്നും അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശമെന്നും ആശംസാക്കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചു.
എറണാകുളം മാറമ്പള്ളി എംഇഎസ് കോളേജിൽ വാഹനങ്ങളുടെ മുകളിൽ അഭ്യാസ പ്രകടനം നടത്തിയുള്ള ക്രിസ്മസ് ആഘോഷത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. മൂന്ന് ഡ്രൈവർമാരുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. കൂടുതൽ പേർക്കെതിരെ വരും ദിവസങ്ങളിൽ നടപടി ഉണ്ടാകും. പുതുവർഷാഘോഷത്തിനിടെ ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചാൽ കർശന നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.
എം ടി വാസുദേവൻ നായർ അനുസ്മരണ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മലയാള ഭാഷാ പ്രതിജ്ഞ നമുക്കായി തയ്യാറാക്കിത്തന്ന വ്യക്തിയും തുഞ്ചൻ പറമ്പിനെ ലോകത്തെങ്ങുമുള്ള സാഹിത്യകാരന്മാരുടെ തീർത്ഥാടന കേന്ദ്രമാക്കി വളർത്തിയ വ്യക്തിയുമാണ് എം ടിയെന്ന് പിണറായി വിജയൻ ഓർമിച്ചു. എല്ലാവരേയും പോലെ താനും ഏറെ വേദനയോടെയാണ് ഈ യോഗത്തിൽ പങ്കെടുക്കുന്നതെന്നും എം ടി ആരായിരുന്നു എന്നു ചിന്തിക്കാനുള്ള ഘട്ടമാണിതെന്നും മുഖ്യമന്ത്രി അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
ലോകമെമ്പാടുമുള്ള കേരളീയർക്ക് പുതുവത്സരാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . ഐക്യവും സുരക്ഷിതത്വബോധവും ശക്തിപ്പെടുത്തിയും ചിന്തയിലും പ്രവൃത്തിയിലുമുള്ള ഒരുമയിലൂടെയും നമ്മുടെ പ്രിയപ്പെട്ട സംസ്ഥാനം വർദ്ധിച്ച പുരോഗതിയും സമൃദ്ധിയും കൈവരിക്കുന്ന വർഷമാകട്ടെ 2025 എന്ന് ആശംസിക്കുന്നുവെന്ന് ഗവർണർ സന്ദേശത്തിൽ പറഞ്ഞു.
ഗുരുദേവൻ സനാതന ധർമ്മി അല്ലെന്നുള്ള പിണറായി വിജയന്റെ പ്രസ്താവന വിവരക്കേടാണെന്നും ശ്രീനാരായണ ഗുരുവിന്റെ സന്നിധിയില്‍ പോയി സനാതന ധര്‍മ്മത്തെ വിമര്‍ശിക്കുന്ന പിണറായി വിജയന്റെ നിലപാട് അപക്വവും മുതിര്‍ന്ന രാഷ്ട്രീയ നേതാവിനും മുഖ്യമന്ത്രി പദവിക്കും യോജിച്ചതല്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മറ്റ് യുക്തിവാദികള്‍ ചെയ്യുന്നതുപോലെ ഖൂര്‍ ആനെ വിമര്‍ശിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.
എംഎൽഎ ഉമാ തോമസിനുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് ആൻഡ് എൻവിയോൺമെന്‍റ് പ്രൊട്ടക്ഷൻ ഫോറം. അതിഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും തികഞ്ഞ ലാഘവത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും പ്രസിഡന്‍റ് ഡിജോ കാപ്പൻ പരാതിയിൽ ആരോപിക്കുന്നു. ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ ശിക്ഷ നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറിക്കുള്ള പരാതിയിൽ പറയുന്നു.
കലൂരിലെ നൃത്ത പരിപാടിക്കിടെയുണ്ടായ സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തെന്ന വകുപ്പാണ് കൂട്ടിച്ചേർത്തത്. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച ഉണ്ടായി എന്നാണ് സംയുക്ത പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളുമാണ് പരിശോധന റിപ്പോർട്ട് തയ്യാറാക്കിയത്. സ്റ്റേജ് നിർമിച്ചത് അപകടകടമായി തന്നെയാണെന്നും അധികമായി നിർമിച്ച ഭാഗത്തിന് ആവശ്യമായ ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കലൂർ സ്റ്റേഡിയത്തിലെപരിപാടിക്കിടെ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മെഗാ ഇവന്റ് സംഘടിപ്പിക്കുമ്പോൾ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഉദ്യോഗസ്ഥർക്കും ജിസിഡിഎക്കും ഉണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പരിപാടിയുടെ സംഘാടനത്തിൽ പിഴവ് ഉണ്ട് സമഗ്രമായ അന്വേഷണം വേണമെന്നും ഇനിയും ഇങ്ങനെയുള്ള സംഭവങ്ങൾ കേരളത്തിൽ ഉണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു.
തണ്ണീർത്തടം നികത്തലുമായി ബന്ധപ്പെട്ട പരാതികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ട്രേഡ് സെന്‍ററിലെ ന്യൂ ഇയർ ആഘോഷത്തിന് അനുമതിയില്ലെന്ന് മേയർ ബീന ഫിലിപ്പ്. ട്രേഡ് സെന്‍റർ കെട്ടിടം അനധികൃത നിർമ്മാണം എന്നാണ് കോർപറേഷന്‍റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.പരിപാടിക്ക് അനുമതി നിഷേധിച്ച കാര്യം പൊലീസിനെയും അറിയിച്ചിട്ടുണ്ട്.
പെരിയ ഇരട്ടകൊലപാതക കേസിൽ ശിക്ഷാവിധി വരാനിരിക്കെ കൊല്ലപ്പെട്ട ശരത് ലാലിനെയും കൃപേഷിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി ഉൾപ്പെടയുള്ളവർക്കെതിരെ പരാതിയുമായി കുടുംബങ്ങൾ. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാൽ, അഖിൽ പുലിക്കോടൻ എന്നിവർക്കെതിരെ ശരത് ലാലിൻ്റെ പിതാവ് സത്യനാരായണനും കൃപേഷിൻ്റെ പിതാവ് കൃഷ്ണനുമാണ് പരാതി നൽകിയത്.
നല്ല സംഭാഷണങ്ങൾ നടക്കുന്ന കുടുംബങ്ങൾ മാത്രമാണ് മാതൃകാ കുടുംബങ്ങളെന്നും മൊബൈൽ ഫോണുകൾ മാറ്റിവെച്ച് കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കണമെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ. ഭക്ഷണം കഴിക്കുമ്പോഴും മറ്റും ഫോണിൽ നോക്കിയിരിക്കാതെ കുടുംബാംഗങ്ങൾ തുറന്നു സംസാരിക്കണമെന്നും സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവെ മാർപ്പാപ്പ പറഞ്ഞു.
കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിനെക്കുറിച്ച് നടത്തിയ പരാമർശം നിഷേധിച്ച് എംഎം മണി. സാബുവിന് മാനസികാരോഗ്യ പ്രശ്നം ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എന്തെങ്കിലും പ്രശ്നങ്ങൾ അലട്ടിയിരുന്നോ എന്ന് പരിശോധിക്കണമെന്നും എം എം മണി പറഞ്ഞു. നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ എംഎം മണി വി ആർ സജിക്ക് തെറ്റ് പറ്റിയെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
ശബരിമല ദർശനത്തിനായി കാനന പാത വഴി വരുന്ന ഭക്തർക്ക് നൽകുന്ന പ്രത്യേക പാസ് നിർത്തലാക്കി. വർധിച്ചു വരുന്ന തിരക്ക് പരിഗണിച്ചാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം. ഇന്നലെ പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി ആളുകളാണ് കാനനപാത വഴി എത്തിയതെന്നും ഈ സാഹചര്യത്തിൽ പ്രത്യേക പാസ് താൽക്കാലികമായി മാത്രമാണ് നിർത്തലാക്കുന്നതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡി സി ബുക്സിന്‍റെ മുൻ പബ്ലിക്കേഷൻ മേധാവിക്കെതിരെ പൊലീസ് കേസെടുത്തു. ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 316, 318 വകുപ്പുകൾ, ഐ ടി ആക്ട് 79 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കൂടിക്കാഴ്ച തുടങ്ങും. 50 വീടുകളിൽ കൂടുതൽ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്തവരെയാണ് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി കാണുന്നത്. കര്‍ണാടക സര്‍ക്കാരിന്‍റെയും രാഹുൽ ഗാന്ധിയുടേയും പ്രതിനിധികൾ യോഗത്തിന് എത്തും. മുസ്ലീം ലീഗ് ഡിവൈഎഫ്ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പികെ ജയരാജിനെ സ്ഥലം മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. എക്സൈസ് കമ്മീഷണറുടെ സ്ഥലം മാറ്റം പ്രമോഷൻ ട്രാൻസ്ഫർ ആണെന്ന് എംബി രാജേഷ് പറഞ്ഞു. വാർത്ത വന്നത് ദുരുദ്ദേശത്തോടെയാണെന്നും എല്ലാറ്റിനും അതിരും പരിധിയുമുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.
വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്പെഷ്യല്‍ വയോജന മെഡിക്കല്‍ ക്യാമ്പുകളുടെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബു കൈമാറി. ഒക്‌ടോബര്‍ പകുതിയിലും നംവംബറിലുമാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.
ഉത്രവധക്കേസ് പ്രതി സൂരജിന്റെ അമ്മ രേണുകയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സൂരജിന് പരോള്‍ ലഭിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തിയെന്ന് ആരോപിച്ച് പൊലീസ് അമ്മക്കെതിരെ കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി നിർദേശിച്ചു.
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ അന്വേഷ ഉദ്യോഗസ്ഥർക്കെതിരെ പരോക്ഷ വിമർശനവുമായി കോടതി. ചോദ്യ പേപ്പര് ചോര്‍ച്ചാ കേസില്‍ ക്രിമിനല്‍ ഗൂഡാലോചനയുള്‍പ്പെടെയുള്ള വകുപ്പുകള്‍ എങ്ങനെ നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ചിനോട് കോടതി ചോദിച്ചു. എം എസ് സൊല്യൂഷന്‍സ് ഉടമ എം ഷുഹൈബിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോളായിരുന്നു കോടതിയുടെ ചോദ്യം.
വിവേകാനന്ദ പാറയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ച് നിര്‍മിച്ച പുതിയ ഗ്ലാസ് ബ്രിഡജ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. താഴെ കടലിന്റെ മനോഹാരിത ആസ്വദിക്കാൻ സാാധിക്കുന്ന തരത്തിൽ മികച്ച ദൃശ്യാനുഭവം നൽകുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മിതി. വില്ലിന്റെ രൂപത്തിൽ നിര്‍മിച്ച പാലത്തിന്റെ വീഡിയോ സ്റ്റാലിൻ തന്നെ എക്സിൽ പങ്കുവച്ചു. ഉദ്ഘാടനം ചെയ്ത ശേഷം സ്റ്റാലിൻ പാലത്തിലൂടെ കാൽനട യാത്രയും നടത്തി.
കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാർ അംഗീകാരം ലഭിക്കുന്നതുവരെ കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി.നല്‍കാമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. സര്‍ക്കാര്‍ അംഗീകാരം ആകുന്നതിന് മുമ്പ് എന്‍.ഒ.സി. നിഷേധിക്കേണ്ടതില്ലെന്നും ഇക്കാര്യത്തിൽ തീരുമാനം സര്‍ക്കാര്‍ തലത്തില്‍ കൈക്കൊണ്ട് അറിയിക്കുമെന്നും വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിൽ വിളിച്ച് ചേർത്ത യോഗത്തിൽ മന്ത്രി പറഞ്ഞു.
അണ്ണാ സർവകലാശാല ബലാത്സംഗക്കേസിൽ ചെന്നൈ പൊലീസിന്റെ വാദം പിന്തുണച്ച് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ (എൻഐസി). അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ അടങ്ങിയ എഫ്ഐആർ ചോർന്നതിന് കാരണം സാങ്കേതിക തകരാർ ആകാമെന്ന് എൻഐസി അറിയിച്ചു.
വിവേകാനന്ദ പാറയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ച് നിര്‍മിച്ച പുതിയ ഗ്ലാസ് ബ്രിഡജ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. താഴെ കടലിന്റെ മനോഹാരിത ആസ്വദിക്കാൻ സാാധിക്കുന്ന തരത്തിൽ മികച്ച ദൃശ്യാനുഭവം നൽകുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മിതി. വില്ലിന്റെ രൂപത്തിൽ നിര്‍മിച്ച പാലത്തിന്റെ വീഡിയോ സ്റ്റാലിൻ തന്നെ എക്സിൽ പങ്കുവച്ചു.