ഇപി ജയരാജൻ കേസ് കൊടുത്താൽ തെളിവ് പുറത്തുവിടാമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം വിഡി സതീശന്‍ ആവർത്തിച്ചു. നിരാമയ റിസോർട്ട് ഉടമയുമായി ഉള്ള ചിത്രങ്ങൾ പോലും ഉണ്ടെന്നും, ഇപി വഴിവിട്ട് സ്വത്തു നേടി എന്ന് ആക്ഷേപം ഇല്ല. ബിസിനസ് പങ്കാളിത്തം ഉണ്ടെന്നാണ് താൻ പറഞ്ഞതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
ഇപി ജയരാജനെ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം തള്ളുന്നുവെന്നും ആരോപണങ്ങൾക്ക് പിന്നാലെ പോകാനില്ലെന്നും താൻ മുൻതൂക്കം നൽകുന്നത് വികസന അജണ്ടയിൽ മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
രാജീവ് ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ല പത്രത്തിൽ പടത്തിൽ കണ്ടത് മാത്രമാണെന്നും ഇ പി ജയരാജൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖറുമായി തനിക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് കൊടുക്കാൻ തയ്യാറാണെന്നും, മുദ്ര പേപ്പറുമായി വന്നാൽ സതീശന് എല്ലാം എഴുതിക്കൊടുക്കാം. ഭാര്യക്ക് വൈദേകം റിസോര്‍ട്ടില്‍ ഷെയറുണ്ട് എന്നാല്‍ ബിസിനസൊന്നുമില്ല തന്‍റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്‍റെ ഭാര്യയുടെ പേരിൽ എഴുതി കൊടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
2017-18 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് കിട്ടിയത് 500 ബോണ്ടുകളാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോർട്ട്. 2019 തെരഞ്ഞെടുപ്പിന് മുമ്പ് 1450 കോടിയുടെ ബോണ്ട് ബിജെപിക്ക് ലഭിച്ചു. ഇതേ കാലയളവിൽ കോൺഗ്രസിന് 383 കോടിയാണ് കിട്ടിയത്. ഡിഎംകെയ്ക്ക് 656.5 കോടിയുടെ ബോണ്ടും ലഭിച്ചു. ഇതിൽ 509 കോടിയും വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കമ്പനിയിൽ നിന്നായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് തന്നെ അറിയില്ലെന്ന് പറയാൻ കഴിയില്ലെന്നും ഇപിയുമായി തനിക്ക് നേരത്തെ പരിചയമുണ്ടെന്നും ദല്ലാൾ നന്ദകുമാർ. പത്മജയെ ഇപി എൽഡിഎഫിലേക്ക് ക്ഷണിച്ചത് തന്റെ ഫോണിലൂടെയാണെന്ന് വെളിപ്പെടുത്തിയ നന്ദകുമാർ ഇക്കാര്യം ജയരാജന് നിഷേധിക്കാൻ കഴിയില്ലെന്നും ആവർത്തിച്ചു. ദീപ്തി മേരി വർഗീസിനെയും തന്റെ സാന്നിദ്ധ്യത്തിൽ ഇ പി ജയരാജൻ കണ്ടിരുന്നു എന്നും നന്ദകുമാർ വെളിപ്പെടുത്തി.
മൂന്ന് മാസം മുമ്പ് കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ചരക്ക് കപ്പലും, കപ്പലിലെ 17 ജീവനക്കാരെയും ഇന്ത്യൻ നേവി സുരക്ഷിതമായി രക്ഷപ്പെടുത്തി. 2023 ഡിസംബർ 14നാണ് എംവി റൂവൻ എന്ന കപ്പൽ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. യെമൻ ദ്വീപായ സൊകോത്രയിൽ നിന്ന് 380 നോട്ടിക്കൽ മൈൽ കിഴക്ക് സൊമാലിയൻ കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത് മുതൽ ഇന്ത്യൻ നാവികസേന ഈ കപ്പലിനെ നിരീക്ഷിച്ചുവരികയായിരുന്നു.
24 ന്യൂസ് ചാനലിനെതിരെ സൈബർ, ക്രിമിനൽ കേസുകൾ നൽകുമെന്ന് ഇപി ജയരാജൻ. വിദേശത്തു കോടികളുടെ ബിസിനസ് ഉണ്ടെന്ന് ഇവർ വാർത്ത നൽകിയെന്നും, ഇത് പണം കൊടുത്ത് ചെയ്യിച്ച വാർത്തയാണ്. വിഷയത്തിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. അതിൽ നടപടി വരാൻ പോവുകയാണ്. കേരളത്തിലെ ഒരു മന്ത്രിക്കെതിരെയും അവർ ഗൂഢാലോചന നടത്തിയെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേർത്തു.
എല്ലാ മതവിഭാഗങ്ങളുടെയും സൗകര്യം നോക്കിയാൽ ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുമോയെന്ന് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍. സമസ്തയുടെയും മുസ്‌ലിം ലീഗിന്‍റേയും ലക്ഷ്യം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക എന്നതാണെന്നും, മതവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന സമസ്ത, ലീഗ് നേതാക്കൾക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്തുന്നത് വിശ്വാസികള്‍ക്ക് ആശങ്കയുണ്ടാക്കുമെന്ന മുസ്ലിം ലീഗിന്‍റേയും സമസ്തയുടയേും അഭിപ്രായത്തിനെതിരെ പ്രതികരിക്കുകയായിരുന്നു സന്ദീപ് വാര്യർ.
എന്‍ഡിഎ കാസര്‍കോട് മണ്ഡലം ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം പത്മജ വേണുഗോപാലിനെ ഏല്‍പ്പിച്ചതില്‍ നീരസം പ്രകടിപ്പിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ സികെ പത്മനാഭന്‍. ഉദ്ഘാടകനെന്ന് പറഞ്ഞ് സികെ പത്മനാഭനെയാണ് ആദ്യം ക്ഷണിച്ചിരുന്നതെന്നാണ് സൂചന.
തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള സൗത്ത് ഗ്രൂപ്പിന് മദ്യ വിതരണ സോണുകൾ ലഭിക്കാൻ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായും ഗൂഢാലോചന നടത്തിയത് കവിതയാണെന്ന് ഇഡി കോടതിയെ അറിയിച്ചു. 23 വരെ ഇഡി കസ്റ്റഡിയിൽ വിട്ട കവിതയെ കേസിലെ മറ്റ് പ്രതികൾക്കൊപ്പമിരുത്തി നാളെ മുതൽ ചോദ്യം ചെയ്യും.
ക്ഷേമ പെന്‍ഷൻ നേരിട്ട് ഗുണഭോക്താക്കൾക്ക് എത്തിക്കും. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി സർക്കാർ. ക്ഷേമ പെന്‍ഷൻ നേരിട്ട് എത്തിക്കുന്ന സംഘങ്ങൾക്കുള്ള ഇൻസെന്‍റീവായി 12.88 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 22.49 ലക്ഷം പെൻഷൻ ഗുണഭോക്താക്കൾക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട് പെൻഷൻ തുക എത്തിക്കുന്നുണ്ട്. ഇതിനുള്ള പ്രതിഫലമായാണ് ഇൻസെന്റീവ് നൽകുന്നത്.
വ്യാജ എൽഎൽബി സർട്ടിഫിക്കറ്റുമായ് എൻറോൾ ചെയ്ത അഭിഭാഷകൻ മനു ജി രാജിന്റെ എൻറോൾമെന്‍റ് ബാർ കൗൺസിൽ റദ്ദാക്കി. പ്രതിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കും.കേരളാ ഹൈക്കോടതി അഭിഭാഷകൻ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി മനു ജി രാജിനെതിരെ നേരത്തെ സെൻട്രൽ പൊലീസും കേസ് എടുത്തിരുന്നു. ബിഹാർ മഗധ് യൂണിവേഴ്സിറ്റിയുടെ പേരിൽ ഉണ്ടാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റുപയോഗിച്ച് 2013 ലാണ് എൻറോൾ ചെയ്തത്.
പാലക്കാട് പട്ടാമ്പിയിൽ വന്ദേഭാരത് ട്രെയിൻ ഇടിച്ച് മുതുതല അഴകത്തുമന ദാമോദരന്‍ നമ്പൂതിരി മരിച്ചു. ഇന്ന് രാവിലെ പത്തരയോടെ പട്ടാമ്പി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. പാളം മുറിച്ച് കടക്കുന്നതിനിടെ മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരത് ഇടിക്കുകയായിരുന്നു. മുതുതല എ.യു.പി. സ്‌കൂള്‍ റിട്ട. അധ്യാപകനാണ് ദാമോദരന്‍ നമ്പൂതിരി.
കോതമംഗലത്തെ കീരംപാറ ഗ്രാമപഞ്ചായത്തിലെ ചാരുപാറയിൽ ജനവാസ മേഖലകളിൽ നിന്ന് തുരത്തിയ കാട്ടാനകളിലൊന്ന് വീണ്ടും തിരിച്ചെത്തി നൂറുക്കണക്കിന് വാഴകൾ നശിപ്പിച്ചു. ഫെൻസിംഗിന് നടപടികൾ തുടങ്ങിയെന്നും നിരീക്ഷണം ശക്തമാക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
വിവാഹനിശ്ചയ ദിവസത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയിൽ അനീഷ് ആണ് മരിച്ചത്. ഇന്ന് വിവാഹ നിശ്ചയം നടക്കാനിരിക്കെ രാവിലെ അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് സ്വദേശിനി അനുവിന്‍റെ കൊലപാതകത്തില്‍ പ്രതി മുജീബിനെ സ്വർണം വിൽക്കാൻ സഹായിച്ച കൊണ്ടോട്ടി സ്വദേശി അബൂബക്കർ പോലീസ് പിടിയിൽ. ഇരുവരെയും പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കഴിഞ്ഞ ദിവസമാണ് അനുവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പിടിയിലായ പ്രതി മുജീബ് റഹ്മാൻ സ്ഥിരം കുറ്റവാളിയാണ്.
കോയമ്പത്തൂർ പേരൂർ നഗരത്തിൽ കാട്ടാനയുടെ പരാക്രമം. വനംവകുപ്പ് ജീവനക്കാര്‍ എത്തി ആനയെ തിരികെ കാട്ടിലേക്ക് കയറ്റാന്‍ ശ്രമം നടത്തിയതോടെ ആന ഓടാന്‍ തുടങ്ങി.ഓട്ടത്തിനിടെ മതിലിന് അപ്പുറത്ത് നില്‍ക്കുകയായിരുന്ന ഒരാളെ ആന ആക്രമിച്ചു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ നടക്കാനിരിക്കെയാണ് കോയമ്പത്തൂര്‍ നഗരത്തില്‍ കാട്ടാനയിറങ്ങിയത്.
ആത്മഹത്യ ചെയ്ത വില്ലേജ് ഓഫീസർ മനോജിന്റെ വീട്ടിൽ പത്തനംതിട്ട ജില്ലാ കളക്ടർ സന്ദർശനം നടത്തി. മനോജിന്റെ മരണത്തിൽ ആർഡിഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ മറ്റ് വില്ലേജ് ഓഫീസർമാർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ആർഡിഒയുടെ റിപ്പോർട്ടും വില്ലേജ് ഓഫീസറുടെ കുടുംബാംഗങ്ങൾ പറഞ്ഞ കാര്യങ്ങളും ചേർത്താവും ലാൻഡ് റവന്യൂ കമ്മീഷണർക്കും സർക്കാരിനും റിപ്പോർട്ട് കൈമാറുക.
ബി.ജെ.പിക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി ഈ മാസം 27 ന് ചായ്ബാസ കോടതിയിലെത്തണമെന്ന് ജാര്‍ഖണ്ഡ് കോടതി. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പല തവണ കോടതി നോട്ടിസയച്ചിരുന്നുവെങ്കിലും രാഹുല്‍ ഹാജരായിരുന്നില്ല. ഇതോടെയാണ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഏത് കൊലപാതകിക്കും ബിജെപിയില്‍ അധ്യക്ഷനാവാം എന്ന രാഹുലിന്‍റെ പരാമര്‍ശത്തിനെതിരെ പ്രതാപ് കടാരിയ 2018 ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
2019 ൽ ഇലക്ട്രൽ ബോണ്ടിൽ സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ നൽകിയ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു. രേഖകൾ ഇന്നലെ കോടതി കമ്മീഷന് മടക്കി നൽകി പ്രസിദ്ധീകരിക്കാൻ നിര്‍ദ്ദേശം നൽകി. 2017-18 സാമ്പത്തിക വർഷം മുതലുള്ള രേഖകൾ പിന്നീട് പുറത്തു വിട്ടു . 2019 ലെ തെരഞ്ഞെടുപ്പിന് മുമ്പ് 1450 കോടിയുടെ ബോണ്ട് ബിജെപിക്ക് ലഭിച്ചു. കോൺഗ്രസിന് 383 കോടിയാണ് കിട്ടിയത്, ഡിഎംകെയ്ക്ക് 656.5 കോടിയുടെ ബോണ്ട് ലഭിച്ചു എന്നും റിപ്പോർട്ടിലുണ്ട്.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഇവിടെ ഇപ്പോൾ ആരും പറയുന്നില്ലെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. മുന്നിൽ നരേന്ദ്ര മോദിയെന്ന സമാനതകളില്ലാത്ത നേതാവുണ്ടെന്നും, 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള കാഴ്ചപ്പാടുണ്ട്. സബ്കാ സാത്ത്, സബ്കാ വികാസ് എന്ന മുദ്രാവാക്യവുമായി നല്ല ഭരണം നടത്തി. മോദി സർക്കാർ തന്നെ മൂന്നാമതും വരുമെന്ന് എല്ലാ വോട്ടർമാർക്കും അറിയാമെന്നും, ഈ തെരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ എന്നന്നേക്കുമായി മാറ്റമുണ്ടാകാൻ പോവുകയാണെന്നും പ്രകാശ് ജാവ്ദേക്കർ കൂട്ടിച്ചേർത്തു.
കർണാടക ബിജെപിയിൽ മകൻ കെ ഇ കാന്തേഷിന് ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് യെദിയൂരപ്പയുടെ മകനെതിരെ ശിവമൊഗ്ഗയിൽ സ്വതന്ത്രനായി മത്സരിക്കാൻ മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ.
200 ടൺ ഭക്ഷ്യ വസ്തുക്കളുമായി അമേരിക്കയുടെ സന്നദ്ധ സംഘടനയുടെ കപ്പൽ ഗാസയിലെത്തി. ഗാസയിലെ ജനം പട്ടിണി മൂലം കൊല്ലപ്പെടുമെന്ന് യുഎൻ നേരത്തെ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. ഒക്ടോബർ 7ന് ശേഷമുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഏറെക്കുറെ പൂർണമായി തകർന്ന നിലയിലാണ് ഗാസ.
നിയമസഭാ തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ തീയതികളിൽ മാറ്റം.അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ജൂൺ രണ്ടിന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളുടെയും നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് അവസാനിക്കുന്നതുകൊണ്ട്, രണ്ട് ദിവസത്തെ അനിശ്ചിതത്വം ഒഴിവാക്കാനാണ് നടപടി. രണ്ട് സംസ്ഥാനങ്ങളിലെയും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മുൻ നിശ്ചയിച്ചത് പോലെ ജൂൺ നാലിന് തന്നെ നടക്കും.
തുടർഭരണം നേടുമെന്ന വിശ്വാസത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാം മോദി സർക്കാരിന്റെ 100 ദിവസ കർമ്മ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാൻ അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടതായാണ് സൂചന.